February 19, 2025 |

പഠിക്കുന്നത് 11ാം ക്ലാസില്‍, കണ്ണുകളില്ലാത്തവരുടെ വെളിച്ചമാണ് ഈ സംരംഭകകർ

വന്ദന ശ്രീനിവാസന്‍, പ്രാര്‍ത്ഥന എ അനുപ്, എസ് നേത്ര എന്നീ മൂന്ന് വിദ്യാര്‍ത്ഥികള്‍ കാഴ്ചപരിമിതരുടെ ജീവിതത്തില്‍ വെളിച്ചം കൊണ്ടുവരാനുള്ള സാമൂഹിക ദൗത്യത്തിലാണ്

‘ ഒരു ലക്ഷത്തിലധികം ആളുകളെങ്കിലും നേത്രദാനത്തിന് മുന്നോട്ട് വരണം. ലോകത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകൾ അകക്കണ്ണിലൂടെ മാത്രം കാണുന്നവർക്ക്, അതിനുപുറത്തേക്കുള്ള അവസരം ഒരുക്കി നൽകേണ്ടത് ചുറ്റിനുമുള്ള നമ്മളാണ്.” ഉറച്ച ശബ്‌ദത്തിൽ ഒരു പതിനഞ്ചു വയസുകാരി പറഞ്ഞു നിർത്തി. ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറിൽ പതിനൊന്നാം തരം വിദ്യാർത്ഥിനിയാണ് വന്ദന. ലോക്ക് ഡൗൺ കാലത്ത് വന്ദന വിശേഷ ദിവസങ്ങളെ ആധാരമാക്കി ചിത്രങ്ങൾ വരച്ചിരുന്നു. social startup

ലോക ഹൃദയ ദിനത്തിവും, ലോക അർബുദ ദിനവും തുടങ്ങി സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ ഉൾകൊണ്ടതായിരുന്നു വന്ദനയുടെ ചിത്രങ്ങൾ. അതെ പ്രാധാന്യത്തിലാണ് ലോക ബ്രെയ്‌ലി ദിനത്തിൽ ചിത്രങ്ങൾ വരക്കുന്നതും, കൊച്ചി ഗിരിധർ ഐ ഹോസ്പിറ്റലിലേക്ക് ചിത്രങ്ങൾ സമ്മനിക്കാനായി പോകുന്നതും. ഇവിടെ വച്ചാണ് വന്ദന തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നത്. ഇരുട്ട് വീണ ജീവിതത്തിലേക്ക് വെളിച്ചം പകരാൻ, അവർ നേരിടേണ്ടി വരുന്ന പരാധീനതകളെ സമൂഹത്തിന് മുന്നിലെത്തിക്കാനുള്ള വലിയ പോരാട്ടത്തിലാണ് ഈ പെൺകുട്ടി. താൻ ഉൾപ്പെടുന്ന ഒരു വലിയ സമൂഹത്തെ കൂടി ഈ സാമൂഹ്യ പ്രവർത്തനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വന്ദനയും സുഹൃത്തുക്കളും.

”ചിത്രങ്ങൾ നൽകുന്നതിനിടെയാണ് ഹോസ്പിറ്റലിലെ ഡോക്ടർ നേത്ര ദാനത്തിന്റെ ആവശ്യകതയെ കുറിച്ച് എന്നോട് പറയുന്നത്. അവയവം ദാനം ചെയാൻ എത്തുന്ന ആളുകൾ വളരെ കുറവാണ്, അതെ സമയം ആവശ്യമായി വരുന്ന ആളുകൾ വളരെ കൂടുതലുമാണ്. പതിനാറ് ലക്ഷത്തിലധികം കാഴ്ച പരിമിതിയുളള ആളുകളാണ് അവയായവ ദാനത്തിന് വേണ്ടി കാത്തിരിക്കുന്നത്, അതിൽ ഇരുപത്തി ആറായിരത്തോളം ആളുകൾക്ക് മാത്രമാണ് നേത്ര ദാനത്തിലൂടെ കാഴ്ച ലഭിക്കുന്നത്. ഈ പരിമിതിയിലൂടെ കടന്നു പോകുന്ന ഒട്ടനവധി ആളുകളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നതും, അവർക്കു വേണ്ടി എനിക്ക് കഴിയുന്ന തരത്തിൽ സഹായങ്ങൾ നൽകാൻ പ്രേരണ ലഭിക്കുന്നതും ഇവിടെ നിന്നായിരുന്നു. ”വന്ദന പറയുന്നു. നേത്രദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഒരു കാമ്പെയ്ൻ മുന്നോട്ടു കൊണ്ടുപോവുകയാണ് വന്ദന.

രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അന്ധത. കേരളത്തിൽ പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കുക്കൾ 20,000 മുതൽ 30,000 വരെയാണ്. ആഴ്ചയിൽ രണ്ട് കണ്ണുകൾ നേത്രദാനത്തിലൂടെ ലഭിക്കുകയാണെങ്കിൽ നേത്രപടല അന്ധത ഉൾപ്പെടെ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയുമെന്ന് സംസ്ഥാന സർക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ എത്ര മാത്രം ഇത് മുന്നോട്ടുകൊണ്ടുപോകാൻ നമുക്ക് കഴിയുന്നുണ്ടെന്നത് ചോദ്യ ചിഹ്നമാണ്. ഈ ചോദ്യമാണ് ഒരു ജീവിതകാലം മുഴുവൻ ഇരുട്ടിനോട് സമരസപ്പെടേണ്ടി വരുന്നവർക്ക് വേണ്ടി പ്രയത്നിക്കാൻ വന്ദനക്ക് ഊർജം നൽകുന്നത്. തന്നാലാവും വിധം തനിക്കു ചുറ്റുമുള്ള ആളുകളിൽ നേത്ര ദാനത്തിന്റെ ആവശ്യകതയെ കുറിച്ച് അവബോധം നൽകുകയാണ് ആദ്യം ചെയ്തത്. ഈ പ്രവർത്തനങ്ങളിൽ പ്രചോദിരായ രണ്ടു സുഹൃത്തുക്കൾ പ്രാർത്ഥനയും, നേത്രയും കൂടി വന്ദനക്ക് ഒപ്പം ചേരുകയായിരുന്നു. “തുടക്കത്തിൽ, കേരള ഹൈക്കോടതിയിലും കൊച്ചിയിലെ ഒരു അപ്പാർട്ടുമെൻ്റിലും ഓൺ ഗ്രൗണ്ടായി ഞങ്ങൾ ആളുകളെ സമീപിച്ചു.”

നിലവിൽ വന്ദന ശ്രീനിവാസൻ, പ്രാർത്ഥന എ അനുപ്, എസ് നേത്ര എന്നി മൂന്ന് വിദ്യാർത്ഥികൾ രാജ്യത്തെ ലക്ഷകണക്കിന് കാഴ്ചപരിമിതരുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരാനുള്ള സാമൂഹിക ദൗത്യത്തിന് ചുക്കാൻ പിടിക്കുകയാണ്. ഇവർ ആരംഭിച്ച ഡിജിറ്റൽ ഇൻ്റർഫേസ്, എസ്എംഎസ് പ്ലാറ്റഫോം വഴി അവയവ ദാനം നടത്താൻ സാധിക്കും.

ഐ ബാങ്ക് അസോസിയേഷൻ വാരണാസിയിൽ സംഘടിപ്പിച്ച നാഷണൽ ഡോക്ടർസ് കോൺഫെർസെൻസിൽ നേത്രദാനത്തിൽ ഇന്ത്യയെ എങ്ങനെ ഒന്നാമതെത്തിക്കാമെന്ന വിഷയത്തിൽ വന്ദന നടത്തിയ പ്രസംഗവും ശ്രദ്ധ നേടിയിരുന്നു. ഒരു ഡിജിറ്റൽ സംഭരംഭം ആരംഭിക്കാനുള്ള പ്രചോദനം ലഭിക്കുന്നത് ഈ വേദിയിൽ നിന്നാണ്. ഗ്രൗണ്ട് കാമ്പെയ്നിനിപ്പുറം മറ്റെന്തെങ്കിലും കൂടി ചെയ്യണമെന്ന ശ്രമത്തിന്റെ ഫലമായാണ് വന്ദനയും, പ്രാർത്ഥനയും, നേത്രയും ചേർന്ന് ഒരു ബ്ലോഗ് (Chasindreams) ആരംഭിക്കുന്നത്. ഇതിനു പിന്നാലെയാണ് ഒരു എസ്എംഎസ് പ്ലാറ്റഫോം കൂടി ലോഞ്ച് ചെയ്യുന്നത്. മാധ്യമപ്രവർത്തകൻ കൂടിയായ വന്ദനയുടെ പിതാവ് ശ്രീനിവാസനാണ് സാമൂഹിക പ്രവർത്തനങ്ങൾ പിന്തുണ നൽകി കൂടെ നിൽക്കുന്നതെന്ന് വന്ദന പറയുന്നു. ”എനിക്ക് ചെയ്യാൻ സാധിച്ച കാര്യങ്ങളുടെ എല്ലാ ക്രെഡിറ്റും അച്ഛനുള്ളതാണ്” വന്ദന പറയുന്നു. കമ്പ്യൂട്ടർ സയൻസ് അധ്യാപികയായ ആണ്ടാൾ ശ്രീനിവാസനും മകൾക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്ന് വന്ദന കൂട്ടിച്ചേർത്തു.

ഒരു ലക്ഷത്തിലധികം ആളുകളെ നേത്ര ദാനത്തിന് വേണ്ടി സജ്ജമാക്കണമെന്ന ലക്ഷ്യമാണ് ഇനി വന്ദനക്ക് നിറവേറ്റാനുള്ളത്. ഇതിനുവേണ്ടി പ്രധാന മന്ത്രിയെയും, സുപ്രിം കോടതി ചീഫ് ജസ്റ്റിസിനേയും സമീപിക്കാനായി ഒരുങ്ങുകയാണ് വന്ദന.

കോളേജ്, സ്കൂൾ തലങ്ങളിൽ നേത്രദാനത്തിന്റെ ബോധവൽക്കരണം ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ നേത്ര ദാനം വർധിപ്പിക്കാനായി ആശുപത്രികളെ പ്രോത്സാഹിപ്പിക്കനും, ആരോഗ്യപരമായ മത്സരം വളർത്തുന്നതിന് സഹായിക്കണമെന്നും വന്ദന പറയുന്നു. നേത്രദാനത്തിന് കൂടുതൽ ദൂരം മുന്നോട്ട് പോകാൻ ഇതിലൂടെ കഴിയുമെന്ന് വന്ദന ഓർമിപ്പിക്കുന്നു.

നേത്ര ദാനം ചെയ്യാൻ താല്പര്യപെടുന്നവർ 7039670396 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. നിമിഷങ്ങൾക്കുള്ളിൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനായി ഒരു ലിങ്ക് മൊബൈൽ ഫോണിൽ എത്തും. എസ്എംഎസ് വിഷൻ (സ്പേസ്) പേര് (സ്പേസ്) ലൊക്കേഷൻ ഫോർമാറ്റിലായിരിക്കണം നൽകേണ്ടത്.

Content summary; Three Kerala students have started a social startup for blind people social startup

×