July 14, 2026 |
Share on

ഒരു ദിവസം മുഴുവൻ അച്ഛന്റെ മൃതദേഹം വീടിന് പുറത്ത് കിടത്തി; അകത്ത് കയറ്റാതിരിക്കാൻ വീടുപൂട്ടി മകനും മരുമകളും

മകനോട് തിരിച്ചെത്തി അച്ഛന്റെ മൃതദേഹം അകത്തുകയറ്റാൻ ആവശ്യപ്പെട്ടിരുന്നു

അച്ഛന്റെ മൃതദേഹം വീട്ടിനുള്ളിൽ കയറ്റാതിരിക്കാൻ വീടുപൂട്ടി സ്ഥലംവിട്ട് മകനും മരുമകളും. തൃശൂർ സ്വദേശിയായ എൺപതുകാരൻ തോമസിന്റെ മൃതദേഹമാണ് അന്ത്യാഞ്ജലി അർപ്പിക്കുന്നതിന് വേണ്ടി മഴയത്ത് വീടിന് പുറത്ത് കിടത്തേണ്ടി വന്നത്.

ഇന്നലെ പുലർച്ചെയാണ് മണലൂർ സാൻജോസ് കെയർഹോമിൽ വെച്ച് പനി ബാധിച്ച് തോമസ് മരിച്ചത്. മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകാതെയാണ് എട്ടുമാസം മുൻപ് തോമസും ഭാര്യ റോസിലിയും വീട് ഉപേക്ഷിച്ചതെന്ന് മലയാള മനോരമ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് വ്യത്യസ്ത സ്ഥാപനങ്ങളിൽ അന്തേവാസികളായി കഴിയുകയായിരുന്നു ഇരുവരും. വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ച് ദമ്പതിമാർ അന്തിക്കാട് പൊലീസിനു പരാതി നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ രാവിലെ ഒൻപതരയോടെയാണ് മൃതദേഹം വീട്ടിലേക്കെത്തിച്ചത്. വീട്ടിൽ നാട്ടുകാർക്കും ബന്ധുക്കൾക്കും അന്തിമോപചാരം അർപ്പിക്കാനുള്ള അവസരം നൽകിയ ശേഷം ഇടവക പള്ളിയിൽ അടക്കാനാണ് തീരുമാനിച്ചിരുന്നത്. രാവിലെ കാരമുക്ക് കൃപാസദനത്തിൽ നിന്ന് റോസിലിയെയും കൊണ്ടുവന്നിരുന്നു. എന്നാൽ അച്ഛന്റെ മൃതദേഹം മുറ്റത്തെത്തിയതറിഞ്ഞ് മകൻ ജെയ്സനും മരുമകൾ റിൻസിയും വീടുപൂട്ടി പോകുകയായിരുന്നെന്ന് അയൽവാസികൾ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

മകനോട് തിരിച്ചെത്തി അച്ഛന്റെ മൃതദേഹം അകത്തുകയറ്റാൻ കുടുംബവുമായി അടുപ്പമുള്ള പലരും ആവശ്യപ്പെട്ടെങ്കിലും മകൻ അത് കാര്യമാക്കിയില്ല. ശേഷം പഞ്ചായത്ത് അധികൃതരും അന്തിക്കാട് പൊലീസും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല. പുറത്താക്കിയ വീട്ടിലേക്ക് തങ്ങൾക്ക് ഇനി കയറേണ്ടെന്ന് തോമസിന്റെ ഭാര്യ റോസിലി തീരുമാനിച്ചതോടെ മൃതദേഹം മഞ്ചയിൽ മുറ്റത്തു കിടത്തുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. തുടർന്ന് വൈകുന്നേരം എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിലാണ് തോമസിന്റെ മൃതദേഹം അടക്കം ചെയ്തത്.

Content Summary: Son and daughter-in-law locked the house, leaving the father’s body outside

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×