July 17, 2026 |
Share on

20 ദിവസം പിന്നിട്ട് സോനം വാങ്ചുക്കിന്റെ നിരാഹാരം: NEET പ്രതിഷേധം യുവാക്കളുടെ ദേശീയ പോരാട്ടമായി മാറിയതെങ്ങനെ?

ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി ആരംഭിച്ച പ്രതിഷേധമാണ് ഇന്ന് രാജ്യത്തെ യുവാക്കളുടെ പ്രക്ഷോഭമായി മാറിയത്. സോനം വാങ്ചുക്കിന്റെ പിന്തുണ സമരത്തെ കൂടുതൽ ശ്രദ്ധേയമാക്കുകയാണ്.

ഒരു പരീക്ഷാ ചോദ്യപേപ്പർ ചോർന്നാൽ അത് ഒരു വാർത്തയാണ്. ഒരു പരീക്ഷ റദ്ദായാൽ അത് ഒരു ഭരണപരമായ വീഴ്ചയാണ്. എന്നാൽ, ലക്ഷക്കണക്കിന് യുവാക്കൾക്ക് സ്വന്തം ഭാവി തന്നെ അനിശ്ചിതത്വത്തിലാണെന്ന് തോന്നുന്ന സാഹചര്യം വന്നാൽ അത് ഒരു ദേശീയ പ്രതിസന്ധിയായി മാറും. ഡൽഹിയിലെ ജന്തർ മന്തറിൽ കഴിഞ്ഞ 20 ദിവസമായി നിരാഹാരസമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്‌കർത്താവുമായ സോനം വാങ്ചുക്കിന്റെ പ്രതിഷേധം അത്തരമൊരു ചോദ്യമാണ് രാജ്യത്തിന് മുന്നിൽ ഉയർത്തുന്നത്. ഇത് ഒരു വ്യക്തിയുടെ ജീവൻ പണയം വെച്ച സമരം മാത്രമല്ല; ഇന്ത്യയിലെ പരീക്ഷാ സംവിധാനം, തൊഴിലില്ലായ്മ, സർക്കാരിന്റെ ഭരണപരമായ ഉത്തരവാദിത്തം, യുവാക്കളുടെ ഭാവി സംബന്ധിച്ച ആശങ്ക എന്നിവയുമായി ബന്ധപ്പെട്ട വലിയ ചർച്ചയുടെ പ്രതീകമാണ്.

എന്താണ് CJP സമരം?

ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധമാണ് ഇന്ന് ദേശീയ ശ്രദ്ധ നേടുന്നത്. ആദ്യഘട്ടത്തിൽ ഇത് NEET-UG പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധമായിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിടുന്തോറും ഒരു പരീക്ഷക്രമക്കേടിലെ പ്രതിഷേധം എന്നിതിനപ്പുറം ഇന്ത്യയിലെ യുവാക്കളുടെ പൊതുവായ അസ്വസ്ഥതയുടെ പ്രതീകമായി ആ സമരം മാറി. മത്സരപരീക്ഷകളുടെ വിശ്വാസ്യത, സർക്കാർ നിയമനങ്ങളിലെ കാലതാമസം, പരീക്ഷാ ക്രമക്കേടുകൾ, തൊഴിലില്ലായ്മ, യുവാക്കളുടെ ഭാവി, ഭരണപരമായ ഉത്തരവാദിത്തം എന്നിവയെല്ലാം ഇ്‌ന് സമരത്തിന്റെ കേന്ദ്രവിഷയങ്ങളായി മാറിയിരിക്കുകയാണ്.

സമരത്തിന്റെ തുടക്കം

2024-ലെ NEET-UG ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങൾ, UGC-NET പരീക്ഷ റദ്ദാക്കൽ, വിവിധ ദേശീയ പരീക്ഷകളിലെ ക്രമക്കേട് ആരോപണങ്ങൾ എന്നിവ രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. വർഷങ്ങളോളം പഠിച്ച വിദ്യാർഥികൾക്ക് പരീക്ഷകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് വിദ്യാർഥികൾ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു. പരീക്ഷകളെക്കുറിച്ചുള്ള ആശങ്ക തൊഴിലില്ലായ്മയുമായി ചേർന്നപ്പോൾ പ്രതിഷേധം ദേശീയ തലത്തിലേക്ക് വ്യാപിച്ചു.

ധർമേന്ദ്ര പ്രധാനെതിരായ ആരോപണങ്ങൾ:

  • NEET-UG ചോദ്യപേപ്പർ ചോർച്ച തടയാൻ കഴിഞ്ഞില്ല.
  • UGC-NET റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായി.
  • പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചു.
  • വിദ്യാർഥികളുടെ വിശ്വാസം നഷ്ടപ്പെട്ടു.
  • ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലായി.

ഇത്തരം സാഹചര്യത്തിൽ ഭരണപരമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് അവരുടെ ആവശ്യം.

ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന സി.ജെ.പി സമരം

സമരക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ:

  • കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക.
  • പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തുക.
  • ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക.
  • പരീക്ഷാ പ്രതിസന്ധി മൂലം നഷ്ടം നേരിട്ട വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കുക.
  • ഇന്ത്യയിലെ മത്സരപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കാരങ്ങൾ നടപ്പാക്കുക.

സോനം വാങ്ചുക്കിന്റെ പിന്തുണ

ജൂൺ 28-നാണ് സോനം വാങ്ചുക് നിരാഹാരസമരം ആരംഭിച്ചത്. CJPയുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം ജന്തർ മന്തറിലെ സമരവേദിയിലെത്തിയത്. അദ്ദേഹത്തോടൊപ്പം ജെ.എൻ.യു വിദ്യാർഥികളായ മൂന്ന് ഐസ (AISA) പ്രവർത്തകരും നിരാഹാര സമരം നടത്തുന്നുണ്ട്. നേഹ ബോറ, അമീൻ, മനീഷ് എന്നിവർ 19 ദിവസമായി നിരാഹാരത്തിലാണ്.

20 ദിവസം പിന്നിടുമ്പോൾ വാങ്ചുക്കിന്റെ ശരീരഭാരം ഏകദേശം ഒമ്പത് കിലോ കുറഞ്ഞതായി ഡോക്ടർമാർ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനോട് നിർദേശിക്കുകയും ചെയ്തു.

സമരവേദിയിൽ വാങ്ചുക് ആവർത്തിച്ച് പറയുന്ന സന്ദേശം വ്യക്തമാണ്. ‘ഇത് ഒരു രാഷ്ട്രീയ സമരമല്ല. ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാനുള്ള പോരാട്ടമാണ്.’ വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, ഹിമാലയ മേഖലയിലെ ജനങ്ങളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം സമരത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തു.

സോനം വാങ്ചുക്കും സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെയും സമരവേദിയിൽ

ഇത് വാങ്ചുക്കിന്റെ ആദ്യ നിരാഹാരസമരമല്ല. 2023-ൽ ഹിമാലയൻ പരിസ്ഥിതി സംരക്ഷണത്തിനായി അദ്ദേഹം അഞ്ച് ദിവസത്തെ നിരാഹാര സമരം നടത്തി. 2024 ൽ ലഡാക്കിന് ഭരണഘടനാപരമായ സംരക്ഷണം ആവശ്യപ്പെട്ട് 21 ദിവസമാണ് നിരാഹാരം നടത്തിയത്. ലഡാക്ക് മാർച്ചിനിടെ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തതും വലിയ വിവാദമായിരുന്നു.

ഉയരുന്ന പിന്തുണ

നിരവധിപേരാണ് സോനം വാങ്ചുക്കിന്റെ സമരത്തിന് പിന്തുണയുമായി രംഗത്തെത്തുന്നത്. ആം ആദ്മി പാർട്ടി സ്ഥാപകൻ അരവിന്ദ് കെജ്രിവാൾ, എ.എ.പി നേതാവ് അതിഷി, കോൺഗ്രസ് എം.പി ഡോ. ശശി തരൂർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എഴുത്തുകാരി അരുന്ധതി റോയ്, അഭിനേതാക്കളായ നസീറുദ്ദീൻ ഷാ, രത്ന പാഠക് ഷാ തുടങ്ങിയവർ ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സമരവേദിയിലെത്തിയ അരവിന്ദ് കെജ്രിവാൾ ധർമേന്ദ്ര പ്രധാനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നും വാങ്ചുക്കിനെ വിദ്യാഭ്യാസ മന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ടു.

എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ സോനം വാങ്ചുക്കിന് പിന്തുണയുമായെത്തിയപ്പോൾ

അതേസമയം, ഈ പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്നതാണെന്നാണ് ബിജെപിയുടെ ആരോപണം. പരീക്ഷാ ക്രമക്കേടുകളിലെ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ ആവർത്തിക്കുകയും ചെയ്യുന്നു.

നിരാഹാര സമരങ്ങളുടെ ചരിത്രം

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ നിരാഹാരസമരങ്ങളിലൊന്നാണ് പൊട്ടി ശ്രീരാമലുവിന്റേത്. തെലുങ്ക് സംസാരിക്കുന്ന ജനങ്ങൾക്കായി പ്രത്യേക ആന്ധ്രപ്രദേശ് സംസ്ഥാനം ആവശ്യപ്പെട്ട് അദ്ദേഹം 58 ദിവസം നിരാഹാരം നടത്തി. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് ഉണ്ടായ പ്രക്ഷോഭത്തിനൊടുവിലാണ് ഭാഷാ അടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാനമായി ആന്ധ്രപ്രദേശ് രൂപീകരിക്കപ്പെട്ടത്.

അഴിമതി തടയുന്നതിനായി ജൻ ലോക്പാൽ ബിൽ പാർലമെന്റിൽ പാസാക്കുക എന്ന ആവശ്യവുമായി അണ്ണ ഹസാരെ നടത്തിയ സമരമാണ് മറ്റൊന്ന്. ഡൽഹിയിലെ രാംലീല മൈതാനിൽ അദ്ദേഹം നടത്തിയ സമരം രാജ്യവ്യാപകമായ ജനകീയ മുന്നേറ്റമായി മാറി. ഒടുവിൽ കേന്ദ്ര സർക്കാർ ആവശ്യങ്ങൾ തത്വത്തിൽ അംഗീകരിക്കുകയും പിന്നീട് ലോക്പാൽ നിയമം നിലവിൽ വരികയും ചെയ്തു.

ഇറോം ശർമിള

‘മണിപ്പൂരിലെ ഉരുക്കുവനിത’ എന്നറിയപ്പെടുന്ന ഇറോം ശർമിള നടത്തിയ നിരാഹാര സമരം ചരിത്രത്തിൽ ഇടംപിടിച്ചതായിരുന്നു. ലോകചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിരാഹര സമരമായിരുന്നു ശർമിളയുടേത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ (AFSPA) പിൻവലിക്കുക എന്നതായിരുന്ന സമരത്തിന്റെ പ്രധാന ആവശ്യം. 16 വർഷത്തോളമാണ് അവർ നിരാഹാര സമരം തുടർന്നത്. അധികൃതർ അവരെ കസ്റ്റഡിയിലെടുത്ത് മൂക്കിലൂടെ ട്യൂബ് വഴി നിർബന്ധപൂർവം ആഹാരം നൽകിയാണ് ജീവൻ നിലനിർത്തിയത്. 2016ൽ അവർ സമരം അവസാനിപ്പിച്ചു. സമരത്തിന്റെ ഫലം നിരാശയായിരുന്നെങ്കിലും മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമാക്കാൻ ഇറോം ശർമിളയുടെ സമരത്തിന് കഴിഞ്ഞു.

ഗംഗാ നദിയുടെ സംരക്ഷണത്തിനായി ഐ.ഐ.ടി പ്രൊഫസറും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ജി.ഡി അഗർവാൾ നടത്തിയ സമരം ശ്രദ്ധേയമായിരുന്നു. 2018-ൽ 100 ദിവസത്തിലധികം നീണ്ട നിരാഹാര സമരത്തിനൊടുവിൽ അദ്ദേഹം മരിച്ചു.

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ നിരാഹാരസമരങ്ങൾ വെറും പ്രതിഷേധമല്ല; പലപ്പോഴും ഭരണകൂടത്തെ തീരുമാനമെടുക്കാൻ നിർബന്ധിതമാക്കിയ സമ്മർദ മാർഗം കൂടിയാണ്.

സമരം ശക്തമാക്കാൻ സി.ജെ.പി

ജൂലൈ 20-ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. ആ മാർച്ചിൽ പങ്കെടുക്കുമെന്നാണ് വാങ്ചുക്ക് അറിയിച്ചിരിക്കുന്നത്. അതിനാൽ ഈ സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകും.

Content Summary: Sonam Wangchuk’s hunger strike has transformed the NEET protest into a nationwide youth movement demanding exam reforms, accountability, and justice.

Leave a Reply

Your email address will not be published. Required fields are marked *

×