July 17, 2026 |
Share on

‘ലഡാക്കിന്റെ ഭാവി അപകടത്തിൽ’; 2024 ലെ സോനം വാങ്ചുക്കിന്റെ മുന്നറിയിപ്പ് യാഥാർത്ഥ്യമാകുന്നു

2025-ൽ നാല് മരണം, 80 പേർക്ക് പരിക്ക്

ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള പ്രത്യേക സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് നാല് പേർ മരിക്കുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്കിടെ ലഡാക്ക് കണ്ട ഏറ്റവും വലിയ അക്രമസംഭവങ്ങൾക്കാണ് കഴിഞ്ഞ ദിവസം ഈ പ്രദേശം സാക്ഷ്യം വഹിച്ചത്. സംഘർഷത്തെ തുടർന്ന് ലേയിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.

വാങ്ചുക്കിന്റെ മുന്നറിയിപ്പ് യാഥാർത്ഥ്യമാകുന്നു

ഒരു വർഷം മുൻപ്, പ്രശസ്ത കാലാവസ്ഥാ പ്രവർത്തകനായ സോനം വാങ്ചുക് ലഡാക്കിലെ ജനാധിപത്യപരമായ അവകാശങ്ങളുടെ അഭാവവും തൊഴിലില്ലായ്മയും ഈ അതിർത്തി പ്രദേശത്തെ അസ്ഥിരമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. 2024-ൽ ഡൽഹിയിലേക്ക് കാൽനടയായി പോകുന്നതിനിടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്ന് ലഡാക്കിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെടുത്തി ചർച്ചയാകുകയാണ്.

“ലഡാക്കിനെ ഒരു കേന്ദ്രഭരണ പ്രദേശമാക്കിയതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്, പക്ഷേ ഞങ്ങളുടെ യഥാർത്ഥ ആവശ്യം ഒരു നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാണ്. ഇപ്പോൾ ഉദ്യോഗസ്ഥ മേധാവിത്വമാണ് ലഡാക്ക് ഭരിക്കുന്നത്. ഇത് ജനങ്ങളെ ഭരണത്തിൽ നിന്ന് അകറ്റുന്നു,” വാങ്ചുക്ക് അന്ന് പറഞ്ഞിരുന്നു. തൊഴിലില്ലായ്മയും ജനാധിപത്യപരമായ പങ്കാളിത്തമില്ലായ്മയും ലഡാക്കിൽ സ്ഥിതിഗതികൾ പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ആ മുന്നറിയിപ്പുകൾ ഇപ്പോൾ യാഥാർത്ഥ്യമാവുകയാണോ എന്ന ചോദ്യമുയരുന്നുണ്ട്.

പ്രതിഷേധവും അക്രമവും

സംസ്ഥാന പദവിക്കും ഭരണഘടനയുടെ ആറാം ഷെഡ്യൂളിനുമായി ലഡാക്ക് അപ്പെക്സ് ബോഡിയുടെയും (LAB) കാർഗിൽ ഡെമോക്രാറ്റിക് അലയൻസിൻ്റെയും (KDA) നേതൃത്വത്തിൽ സമാധാനപരമായ പ്രതിഷേധങ്ങളാണ് ലേയിൽ നടന്നു വന്നിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഇതിൽ പ്രകോപിതരായ ജനക്കൂട്ടം സുരക്ഷാ സേനയ്ക്ക് നേരെ തിരിയുകയും തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു.

സംഘർഷത്തിനിടെ വാഹനങ്ങൾ അഗ്നിക്കിരയാക്കി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ചു. ചിലയിടങ്ങളിൽ വെടിവെപ്പും നടന്നതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരിൽ പോലീസുകാരും ഉൾപ്പെടുന്നു.

കേന്ദ്രസർക്കാരിന്റെ പ്രതികരണം

ലഡാക്കിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് ശേഷം വൈകുന്നേരം നാല് മണിയോടെ സ്ഥിതി ശാന്തമായതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പ്രകോപനപരമായ പഴയ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ, ലഡാക്കിലെ ജനങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഭരണഘടനാപരമായ സംരക്ഷണം നൽകുമെന്നും മന്ത്രാലയം ആവർത്തിച്ചു.

content summary: Sonam Wangchuk’s 2024 Warning Becomes A Grim Reality in 2025

 

 

 

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×