ഐപിഎല്ലിന്റെ പതിനെട്ടാം സീസൺ കലാശപ്പോരിലേക്ക് കടക്കുകയാണ് ഇന്ന്. കന്നി കിരീടത്തിനായാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു- പഞ്ചാബ് കിംഗ്സ് മുഖാമുഖമെത്തുന്നത്. ഐപിഎൽ കലാശപ്പോരിന് ഇരു ടീമുകളും മുഖാമുഖം എത്തുമ്പോൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് ഇന്ത്യ ഒഴുകിയെത്തുന്നത് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനായിരിക്കും. പല തവണ കയ്യകലത്ത് കപ്പ് നഷ്ടപ്പെടുത്തിയ ടീമുകളാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്സും. ഇക്കുറി ആര് ജയിച്ചാലും ഫാൻ ഫൈറ്റിന് അപ്പുറത്ത് അത് ആഘോഷിക്കപ്പെടുമെന്ന് ഉറപ്പാണ്.
തീർത്തും അർഹരായ രണ്ട് ടീമുകളാണ് ഇക്കുറി ഐപിഎൽ ഫൈനലിൽ എത്തിയിട്ടുള്ളതെന്ന് മുൻ രഞ്ജി ടീം ക്യാപ്റ്റനായ സോണി ചെറുവത്തൂർ അഴിമുഖത്തോട് പറഞ്ഞു. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച വച്ച ഒന്നും രണ്ടും സ്ഥാനങ്ങളിലേക്കെത്തിയ രണ്ട് ടീമുകളാണ് ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. പഞ്ചാബിനെ സംബന്ധിച്ചിടത്തോളം ആറ് അൺക്യാപ്പ്ഡ് ഇന്ത്യൻ താരങ്ങളെയാണ് ഇക്കുറി കളിപ്പിക്കുന്നത്. പരിചയക്കുറവുള്ള ആറ് താരങ്ങൾ, ഇന്ത്യ കളിക്കാത്ത താരങ്ങൾ. അതിന്റെ സമ്മർദ്ദത്തിൽ അവർ ആദ്യം അടിപ്പെട്ട് പോയെങ്കിലും വീണ്ടും ശക്തരായി അവർക്ക് തിരിച്ചുവരാൻ സാധിച്ചു അതും കരുത്തരായ മുംബൈയെ തോല്പപ്പിച്ച് കൊണ്ട്. മാത്രമല്ല മൂന്ന് ടീമുകളെ പ്ലേ ഓഫിലേക്കും പിന്നീട് ഫൈനലിലേക്കും എത്തിക്കാൻ സാധിച്ചിട്ടുള്ള ഒരു ക്യാപ്റ്റനായി ശ്രേയസ് അയ്യർ മാറുകയും ചെയ്തു. തീർച്ചയായും ഈ ഘടകങ്ങളൊക്കെ വച്ച് നോക്കുമ്പോൾ പഞ്ചാബിന് ഒരു നേരിയ മുൻതൂക്കമുണ്ട്. പക്ഷേ അങ്ങനെ പറയുമ്പോഴും ആർസിബിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെ തകർത്തെറിഞ്ഞ ഒരു നേരിയ മുൻതൂക്കം ആർസിബിയ്ക്കും അവകാശപ്പെടാൻ സാധിക്കും. പഞ്ചാബിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ 200ന് മുകളിൽ റൺ ചേസ് ചെയ്തിട്ടാണ് ആർസിബി ജയിച്ചത്. ഒരു പ്ലേ ഓഫിൽ ആദ്യമായാണ് 200ന് മുകളിൽ ചേസ് ചെയ്യുന്നത്. അതിന് മുമ്പുള്ള റെക്കോർഡ് 200 ആയിരുന്നു. തീർച്ചയായും നല്ല ബാറ്റിംഗ് വിക്കറ്റ് ആയിരിക്കും, ടോസ് ഒരു നിർണായക ഘടകമാവാനുള്ള സാധ്യതയുമുണ്ട്. രണ്ട് ടീമുകളും ചേസ് ചെയ്യാൻ തന്നെയാവും ശ്രമിക്കുന്നതെന്ന് സോണി ചെറുവത്തൂർ കൂട്ടിച്ചേർത്തു.
ഐപിഎല്ലിന്റെ പതിനെട്ടാം വർഷമാണിത്. പതിനെട്ട് മത്സരങ്ങളിലും ഒറ്റ ടീമിൽ മാത്രം കളിച്ചിട്ടുള്ള താരമാണ് പതിനെട്ടാം നമ്പർ ജേഴ്സിയണിഞ്ഞ വിരാട് കോഹ്ലി. അദ്ദേഹം ഒരു കപ്പ് നേടുക എന്നുള്ളത് ഏതൊരു ആർസിബി ആരാധകന്റെയും സ്വപ്നമാണ്. പക്ഷേ അങ്ങനെ പറയുമ്പോഴും ശ്രേയസ് അയ്യർ കഴിഞ്ഞ സീസണിൽ കെകെആറിനെ കിരീടനേട്ടം വരെ എത്തിച്ച ക്യാപ്റ്റനാണ്. അങ്ങനെ നോക്കുമ്പോൾ ശ്രേയസ് അയ്യറിനെ സംബന്ധിച്ച് ഈ കിരീടനേട്ടം പ്രാധാന്യമർഹിക്കുന്നുണ്ട്. എന്നാൽ നേരിയ ഒരു ഇമോഷണൽ മുൻതൂക്കം ആർസിബിയ്ക്കുണ്ടെന്ന് സോണി ചെറുവത്തൂർ പറഞ്ഞു
ക്വാളിഫയറിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചില്ലെങ്കിലും പ്രഭ്സിമ്രാൻ സിംഗും പ്രിയാൻഷ് ആര്യയും ടീമിന്റെ കരുത്തരായ പ്ലെയേഴ്സ് ആണ്. ഇരുവരും ഏതെങ്കിലും ഒരു മത്സരത്തിൽ 45 എങ്കിലും സ്കോർ ചെയ്തിട്ടുണ്ടെങ്കിൽ ആ മത്സരം പഞ്ചാബ് ഇതുവരെ തോറ്റിട്ടില്ല എന്നാണ് എടുത്ത് പറയേണ്ടുന്ന കാര്യം. കഴിഞ്ഞ മത്സരത്തിൽ അവർക്ക് 45ന് മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ പോലും പഞ്ചാബിന് ജയിക്കാൻ സാധിച്ചു. അപ്പോ തീർച്ചയായും മത്സരത്തിൽ ഈ രണ്ട് ഓപ്പണേഴ്സിനും 45ന് മുകളിൽ നേടാൻ സാധിച്ചാൽ ഇവരുടെ വിജയശതമാനം നൂറാണ്. ഈ രണ്ട് താരങ്ങളുടെയും പ്രകടനം മത്സരത്തിൽ നിർണായകമായേക്കുമെന്ന് സോണി ചെറുവത്തൂർ വ്യക്തമാക്കി.
ഇതിന് മുമ്പ് കീരീടം നേടാത്ത രണ്ട് ടീമുകൾ ഫൈനലിലെത്തിയത് 2008ലാണ്. ആ വർഷം ഡെക്കൻ ചാർജേഴ്സ് ആയിരുന്നു ചാമ്പ്യൻമാർ. എന്നാൽ 18 വർഷങ്ങൾക്കിടയിൽ ചാമ്പ്യൻമാരാവാൻ സാധിക്കാത്ത രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ആവേശം തീർച്ചയായുമുണ്ട്. അഞ്ചെണ്മം വീതം ചെന്നൈ സൂപ്പർ കിംഗ്സിനും മുംബൈ ഇന്ത്യൻസിനും നേടാൻ സാധിച്ചിട്ടുണ്ട്. പുതിയ ഒരു ചാമ്പ്യനുണ്ടാവുമ്പോൾ ഇത്രത്തോളം ആവേശകമായ ഫൈനലുണ്ടായിട്ടില്ല. പതിനെട്ടാമത്തെ സീസൺ കളിക്കുന്ന വിരാട് കോഹ്ലി, വിരാട് കോഹ്ലിയ്ക്ക് വേണ്ടി ആർസിബി കിരീടം നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പഞ്ചാബിനെ പിന്തള്ളി അല്ല പറയുന്നത്. ഇമോഷണലി ഹൃദയത്തിൽ നിന്ന് വന്ന ആഗ്രഹമാണിതെന്ന് സോണി ചെറുവത്തൂർ പറഞ്ഞു.
content summary: Sony Cheruvathoor says, If neither Punjab nor RCB wins the IPL, it will be a historic moment—but I truly hope Virat lifts the trophy