സ്‌പോയിലര്‍ അലര്‍ട്ട്….
ഒരിടത്തൊരിടത്ത് അഭ്യസ്തവിദ്യയായ ഒരു ചെറുപ്പക്കാരിയും അവളുടെ ഭര്‍ത്താവും മകളും ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നു. അയല്‍പക്ക ബന്ധങ്ങളൊക്കെ നല്ല നിലയിലുറച്ച ഒരു നാട്. അവരുടെ വീടിന്റെ തൊട്ടയലത്തുള്ള വലിയ പറമ്പിലെ വലിയ വീട്ടില്‍ അവിടെ മുമ്പ് താമസിച്ചിരുന്നവര്‍ വീണ്ടും താമസിക്കാനെത്തുന്നു. ഒരു ചെറുപ്പക്കാരനായ ബാച്ചിലറും അമ്മയും. പാവങ്ങള്‍. അയാള്‍ കാര്യപ്രാപ്തിയുള്ള ഒരു ചെറുപ്പക്കാരനാണ്. ചുറ്റുപാടുമുള്ളവര്‍ക്ക് സംസാരിക്കാന്‍ പുതിയ വിഷയമായി. അതെല്ലാം സ്വാഭാവികം. പാവം നാടാണ്. ക്രിമിനലുകള്‍ കരുതുന്നത് ആ നാട്ടിലെ ആണുങ്ങളൊക്കെ മണുങ്ങൂസുകളാണ് എന്നാണ്. പെണ്ണുങ്ങളെങ്ങനെ എന്ന് അവരന്വേഷിച്ചിട്ടില്ലല്ലോ. അതാണ്. അവര്‍ക്ക് പെണ്ണുങ്ങളെ അറിയില്ല. അവര്‍ക്കെന്നല്ല ആര്‍ക്കും. വണ്ടിയില്‍ ഇടിച്ചിട്ട് ഒരു സോറി പോലും പറയാതെ കടന്ന് കളയുന്ന ഊളകളോട് കലിപ്പുള്ള പെണ്ണുങ്ങളുണ്ട്. പക്ഷേ നമ്മുടെ നിത്യ ജീവിത പ്രാരാബ്ധത്തില്‍ അത്തരം ആലോചനകള്‍ക്കൊക്കെ എവിടെ നേരം?
അങ്ങനെ കുറേ മനുഷ്യരുടെ നിത്യജീവിതങ്ങളെ അവധാനതയോടെ അഥവാ സവിസ്തരം വിവരിച്ച് സിനിമ മുന്നേറുമ്പോള്‍ നമുക്ക് ചില പൊരുത്തക്കേടുകള്‍ തോന്നും. അതല്ലല്ലോ അത്? നമ്മള്‍ വിചാരിച്ചതല്ലല്ലോ ഇത്. അപ്പോളീ കഥ നമ്മള്‍ ആദ്യം മുതലേ ഓര്‍ക്കും. നമുക്കറിയാം എന്ന് നമ്മള്‍ ധരിച്ചതല്ല ശരി എന്ന് മനസിലാകും. ഒരു കൂട്ടര്‍ പ്രശ്നക്കാരാണ്. അവര്‍ എന്തോ പദ്ധതിയിടുന്നുണ്ട്. ആലോചിക്കുന്നുണ്ട്. അതോ അത് നമ്മള്‍ വെറുതെ ആലോചിച്ച് കൂട്ടുന്നതാണോ? അവര്‍ ശരിക്കും സാധാരണ മനുഷ്യരാണോ? കണ്ടാല്‍ തോന്നും. പേടിയും വിചാരവും ലോകബോധവും സുജനമര്യാദകളും ഉള്ളവരാണ്. പള്ളിയില്‍ പോകുന്ന, കുര്‍ബാന കൂടുന്ന സാധാരണക്കാരാണ്. നമ്മള്‍ അവരെ തെറ്റിദ്ധരിക്കുന്നതില്‍ തെറ്റില്ലേ? ഉണ്ട്. അപ്പോ കഥ വീണ്ടും കീഴ്മേല്‍ മറിഞ്ഞു.
പ്രിയദര്‍ശിനി എന്ന പ്രിയ ഒരു സൂക്ഷ്മ ദര്‍ശിനിയാണ്. കാണുന്നതില്‍ കണ്ണുമാത്രമല്ല, മനസും അവളുടെ ഉടക്കും. അവളുടെ കഥയാണ്. അവളുടെ കൂട്ടുകാരും അവളും ഒക്കെ ചേരുന്ന ഒരു ലോകത്തിന്റെ. പ്രിയയുടെ അയല്‍പക്കത്തുള്ള മാനുവേല്‍ ഉടുമ്പിനെ കൊന്ന് ബാര്‍ബിക്യൂ ചെയ്ത് പാര്‍ട്ടി നടത്തുന്ന ആളാണ്. ഒരു രസത്തിന് മറ്റുള്ളവരോട് അത് ബീഫാണെന്ന് പറയും. മാനുവേലാണ് ഉടുമ്പിനെ പിടിക്കുന്നതെങ്കിലും ഉടുമ്പ് പിടിക്കുന്നത് പോലെ പിടിക്കുന്നത് പ്രിയയാണ്. അവളുടെ ഭര്‍ത്താവിനും മോള്‍ക്കും ഒക്കെയറിയാം, അവളുടെ മനസൊരിടത്ത് കൊളുത്തിയാല്‍ പിന്നെ പാടാണ് എന്ന്.
സൂക്ഷ്മ ദര്‍ശിനി മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലുറുകളില്‍ ഒന്നായി മാറുന്നത് അതിന്റെ ഉജ്ജ്വലമായ നരേറ്റീവ് സ്‌കില്ലുകൊണ്ടാണ്. ആ കഥ മറ്റൊരു തരത്തില്‍ പറയാം. നമുക്കെല്ലാവര്‍ക്കും പരിചിതമായ ഒരു കുടുംബത്തിന്റെ കഥ. നമ്മുടെ അയല്‍പക്കത്തിലും അങ്ങനെയുള്ള മനുഷ്യരുണ്ട്. പക്ഷേ കഥ നാം അറിയുന്നത് മറ്റൊരു കാഴ്ചയിലാണ്. സൂക്ഷ്മ ദര്‍ശനി ആ അര്‍ത്ഥത്തില്‍ വൃത്തിയായി എഴുതിയ, അത് ഗംഭീരമായി അവതരിപ്പിച്ച സിനിമയാണ്. സിനിമയില്‍ മൂന്ന് പ്ലോട്ടുകളുണ്ട്. ഒന്ന് പ്രിയദര്‍ശനി എന്ന പ്രൊറ്റഗോണസ്റ്റിന്റെ കഥ. മൈക്രോബയോളജിയില്‍ പിജിയുണ്ട്. ദേശവിദേശങ്ങളിലെവിടെയായാലും ജോലിയോ ജീവിതോഷ്‌കേര്‍ഷയോ വേണമെന്ന് കരുതുന്ന, കുഞ്ഞുള്ള, താരതമ്യേന ഡീസന്റായ ഭര്‍ത്താവുള്ള, ചെറുപ്പക്കാരി. അവളുടെ പരിസരത്തുള്ള ചങ്ങാതിമാരും അവളുടെ ഭര്‍ത്താവും കുഞ്ഞും ഒക്കെ ചേരുന്ന ഒരു ലോകത്തിന്റെ കഥ നമുക്ക് വൈകാതെ വ്യക്തമാകും.
മാനുവേലിന്റെ പ്ലോട്ടാണ് രണ്ടാമത്തേത്. ബാച്ചിലറാണ്. അമ്മക്ക് അല്‍സൈമേഴ്സ് ആണ്. സഹോദരി ഒരാളുള്ളത് ന്യൂസിലാന്‍ഡിലാണ്. അങ്കിളും കസിനും എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് സഹായിക്കാന്‍ വരും. അവരെ എല്ലാവര്‍ക്കും അറിയാം. ആ നാട്ടിലെ ടീച്ചറുടെ ശിഷ്യനാണ് മാനുവേല്‍. അവന്റെ പൊട്ടന്‍ഷ്യല്‍ ചെറുപ്പത്തിലേ അറിയായിരുന്നുവെന്നാണ് ടീച്ചര്‍ പറയുന്നത്. നല്ല വിദ്യാഭ്യാസമൊക്കെ ഉണ്ടെങ്കിലും കുടുംബത്തിന്റെ പാരമ്പര്യ ബിസിനസായ ബേക്കറി നടത്തുന്നയാള്‍. നിഷ്‌കളങ്കമായി ചിരിക്കുന്നവന്‍. പക്ഷേ മതിലില്‍ കേറിയ പൂച്ചയെ അവന്‍ കല്ലെറിയുന്നത് കണ്ടതുകൊണ്ടാണോ, പറമ്പിലെ കറിവേപ്പില മരം മുറിച്ചു കളഞ്ഞത് കൊണ്ടാണോ എന്നറിയില്ല, പ്രിയദര്‍ശിനിക്ക് അവനെ അത്ര പിടിച്ചിട്ടില്ല. പക്ഷേ നാട്ടിലെല്ലാവര്‍ക്കും അയാളെ ഇഷ്ടമാണ്. സിംഗിള്‍ മദറായ സ്റ്റെഫിക്ക്, പ്രിയദര്‍ശനിയുടെ ഭര്‍ത്താവ് ആന്റണിക്ക്, അവളുടെ കൂട്ടുകാരായ സുലുവിനും അസ്മക്കും, നൈസാണ് മാനുവേല്‍.
മൂന്നാമത്തേത് മറവി രോഗത്തിന്റേതായ പ്ലോട്ടാണ്. അത്ഭുതകരമായി തോന്നിയത്, മലയാളത്തില്‍ ഈ വര്‍ഷം മൂന്ന് ത്രില്ലറുകള്‍ അടുപ്പിച്ച് മറവിയെ ചുറ്റിപ്പറ്റി ഉണ്ടായിരിക്കുന്നുവെന്നാണ്. അല്‍സൈമേഴ്സ് ബാധിച്ച അമ്മയുടെ നിസഹായവസ്ഥയില്‍, അവരുടെ മക്കളുടേയും ബന്ധുക്കളുടേയും ആ പ്രതിസന്ധിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരുടേയുമായ ഒരു പ്ലോട്ട്. ഇതിങ്ങനെ പരസ്പരം ബന്ധപ്പെട്ടും ഇടകലര്‍ന്നും ഇരിക്കും. പ്രിയദര്‍ശനിയും ആന്റണിയും സുലുവും അസ്മയും സ്റ്റെഫിയും പോലെ തന്നെ പ്രധാനമാണ് സുലുവിന്റെ വീട്ടിലെ അടുക്കളയും. പ്രിയയുടെ ദര്‍ശനം അടുക്കളയുടെ പുറത്തേയ്ക്ക് കൂടി നീളുന്നതാണ്. അടുക്കളയുടെ കാഴ്ച, ഡ്രോയിങ് റൂമിലെ കളര്‍ ചില്ലിന് നടുവിലൂടെയുള്ള കാഴ്ച, സുലുവിന്റേയും അസ്മയുടേയും ജനാലകളിലൂടെയുള്ള കാഴ്ച, എന്നിങ്ങനെ പല ആംഗിളുകളില്‍ നിന്നുള്ള പോയിന്റ് ഓഫ് വ്യൂകളുണ്ട് ഈ മൂന്ന് പ്ലോട്ടുകളേയും നോക്കി കാണാന്‍.
നാല് യുവതികളുണ്ട് സൂക്ഷ്മ ദര്‍ശിനിയില്‍. ചെറുപ്പക്കാരികള്‍, അഭ്യസ്തവിദ്യര്‍, തൊഴില്‍ അന്വേഷകര്‍. കാറോടിക്കാനും ജോലി നോക്കാനും ഉത്സാഹമുള്ളവര്‍. ഗ്രാമങ്ങള്‍ നഗരങ്ങളായി വികസിക്കുന്നത് കാണാമിവിടെ. അതേസമയം ചില ഗ്രാമീണയുക്തികള്‍ അവരില്‍ നിലനില്‍ക്കുന്നുമുണ്ട്. ബന്ധങ്ങളും അടുപ്പവും പരസ്പരം ഉണ്ട്. മറ്റുള്ളവരുടെ ജീവിതങ്ങളെ കുറിച്ച് ആകാംക്ഷയും താത്പര്യവും ഉണ്ട്. ഒത്തുചേരലുകളുണ്ട്. പ്രയാസങ്ങളുള്ളപ്പോള്‍ ഓടിയെത്തലുമുണ്ട്. എന്താണ് സംഭവിക്കുന്നത്? എന്താണ് അവരുടെ പ്ലാന്‍? ഇതില്‍ നമുക്ക് നാല് അമ്മമാരെ കാണാന്‍ പറ്റും. പ്രിയദര്‍ശിനി എന്ന അമ്മ, അല്‍സൈമേഴ്സ് ബാധിച്ച അമ്മ, കുഞ്ഞിനെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന അമ്മ, ജീവിതത്തില്‍ പുതു പ്രതീക്ഷകള്‍ വിരിയുന്നത് കാണുന്ന ഒരു സിംഗിള്‍ മദര്‍. അതുകൊണ്ടായിരിക്കും സൂക്ഷ്മ ദര്‍ശിനിയുടെ ടൈറ്റിലില്‍ ഒരു വട്ടത്തില്‍ നമുക്ക് ‘മദര്‍’ എന്ന വായിക്കാന്‍ പറ്റുന്ന ഒരു ഹിന്റ് ഇട്ടിരിക്കുന്നത്. അമ്മമാര് അത്ഭുതമാണെന്നാണ് ലോകം പറയുന്നത്. ലോകത്തിലേറ്റവും വലുത് അമ്മയാണ് എന്ന് പറയുന്ന ഒരു മകനേയും നമുക്ക് കാണാം. എന്താണ് അവര്‍ക്കെല്ലാം ഇടയില്‍ സംഭവിക്കുന്നത്? ആകാംക്ഷയാണ് ‘സൂക്ഷ്മദര്‍ശിനി’യുടെ കാതല്‍.
അധ്യാപകനും എഴുത്തുകാരനുമായ യാക്കോബ് തോമസ് സൂക്ഷ്മ ദര്‍ശിനിയെ കുറിച്ചെഴുതിയ ഒരു നോട്ടില്‍ മലയാളികളുടെ മാറിയ തൊഴിലവസരങ്ങളും ബിസിനസുകളും നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള ദൂരം കുറയുന്നതും എങ്ങനെയാണ് ഈ സിനിമയില്‍ പ്രതിഫലിക്കുന്നത് എന്ന് പറയുന്നുണ്ട്. സര്‍ക്കാര്‍ ജോലികള്‍ മാത്രമല്ല, ഇപ്പോള്‍ സ്വകാര്യ കമ്പിനികളിലെ ജോലികളും ആകര്‍ഷകമാണ്. സ്വകാര്യ സംരംഭങ്ങള്‍ക്ക് സാധ്യതകളും നല്ല റോഡുകളും എല്ലാം ചേര്‍ന്ന് നമ്മുടെ നാട് എങ്ങനെ മാറിയെന്നത് സിനിമയില്‍ തെളിയുന്നുണ്ട്. ന്യൂസിലാന്‍ഡില്‍ സ്റ്റാര്‍ട്ട് അപ് നടത്തുന്ന സഹോദരിയും ലണ്ടനില്‍ പഠിച്ച ശേഷം നാട്ടില്‍ വന്ന് ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന കസിനും ഒക്കെ ഈ കഥയുടെ ഭാഗമാകുന്നത് ആ പശ്ചാത്തലത്തില്‍ കൂടി വേണം കാണാന്‍. ഇതില്‍ തെളിഞ്ഞ് വരുന്ന കേരളം ഇന്നത്തെ കേരളമാണ്. നമ്മുടെ യഥാര്‍ത്ഥ്യങ്ങളാണ്.
പ്രിയദര്‍ശനിയായുള്ള നസ്രിയയുടെ പ്രകടനമാണ് സിനിമയുടെ അടിത്തറകളിലൊന്ന്. തിരിച്ച് വരവ് നസ്രിയ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിച്ചു. മാനുവേല്‍ ബേസിലിന്റെ കയ്യില്‍ ഭദ്രമാണ്. രണ്ട് അറ്റങ്ങള്‍ക്കിടയിലൂടെ ഉള്ള സഞ്ചാരമാണ് മാനുവേല്‍. പ്രിയദര്‍ശിനി-മാനുവേല്‍ കോമ്പോ സീനികളിലൊക്കെ ക്യാരക്ടര്‍ മനസിലായിട്ടുള്ള നല്ല ആര്‍ട്ടിസ്റ്റുകളുടെ സാന്നിധ്യം സിനിമയ്ക്ക് നല്‍കുന്ന ബലം നമുക്ക് കാണാം. അഖില ഭാര്‍ഗവന്റെ സുലുവും പൂജ മോഹന്‍രാജിന്റെ അസ്മയും അത്യുഗ്രന്‍ കോമ്പിനേഷനാണ്. സിദ്ധാര്‍ത്ഥ് ഭരതന്റെ ഡോ.ജോണും ആന്റണിയായെത്തുന്ന ദീപക് പറമ്പോലും കൃത്യം. എങ്ങനെയാണ് സ്ലോ ബര്‍ണര്‍ ത്രില്ലറുകള്‍ ഒരുക്കേണ്ടത് എന്നതിന്റെ പാഠപുസ്തകമായി ഈ ചിത്രമിവിടെ കാണും. വൃത്തിയുള്ള ഡയലോഗുകളും ഉജ്ജ്വലമായ ബി.ജി.എമ്മും സൗണ്ടും ഴോണറിന് ഏറ്റവും ബലം നല്‍കുന്ന എഡിറ്റിങ്ങും ഒരു കാഴ്ചയുടെ വിവിധ ആംഗിളുകളിലേയ്ക്ക് നമ്മളെ അതിശയപൂര്‍വ്വം കൊണ്ട് പോകുന്ന സിനിമാറ്റോഗ്രാഫിയും ചേരുമ്പോള്‍ മലയാളത്തില്‍ നാം കണ്ട അത്യുഗ്രന്‍ ത്രില്ലറുകളുടെ ഗണത്തിലേയ്ക്ക് ‘സൂക്ഷ്മദര്‍ശിനി’ എത്തുന്നു. അതിന്റെ അന്തര്‍ധാരയായില്‍ വലിയൊരു സാമൂഹ്യപ്രശ്നവും പ്രവര്‍ത്തിക്കുന്നു.
അപ്പോള്‍ നാം അതിലേയ്ക്ക് എത്തും. നാം പ്രതീക്ഷിച്ചതല്ല യാഥാര്‍ത്ഥ്യം. യഥാര്‍ത്ഥ്യങ്ങള്‍ ഭാവനയേക്കാള്‍ വിചിത്രമാണ് എന്നാണല്ലോ? ക്രൂരവുമാകാം. Sookshma Darshini, Nazriya Nazim, Basil Joseph movie
Content Summary; Sookshma Darshini, Nazriya Nazim, Basil Joseph movie