ഒരു രാജ്യത്തിന്റെ ശാസ്ത്രീയ പരീക്ഷണങ്ങളെ ബഹുദൂരം മുന്നോട്ടുപോകുന്നതിന് ബഹിരാകാശ യാത്രകൾ വഹിക്കുന്ന പങ്ക് ചെറുതായിരിക്കില്ല. പക്ഷെ പേടകത്തിൽ ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്ന യാത്രികരെയും അവരുടെ ആരോഗ്യത്തെയും സംബന്ധിച്ച് വെല്ലുവിളികൾ ഏറെയാണ്. എല്ലുകളുടെ സാന്ദ്രത കുറയുന്നതിനോടൊപ്പം, പേശികൾ ക്ഷയിക്കുകയും, രോഗപ്രതിരോധ ശേഷി തകരാറിലാകാനും സാധ്യതയുണ്ട്. ബഹിരാകാശത്ത് കുറേകാലം തങ്ങുന്നവർക്ക് ഇതിനെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാറുമുണ്ട്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് വിഷയത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ നടന്നിരിക്കുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വയിലേക്കുള്ള ദീർഘ ബഹിരാകാശയാത്ര നടത്തുന്നതിൽ നിന്ന് മനുഷ്യരെ തടയുന്ന ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഗവേഷകർ പറയുന്നു. ”യാത്രകളെ ബാധിക്കുന്ന ഘടകങ്ങൾ ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല.” വെയിൽ കോർണൽ മെഡിസിനിലെ പ്രൊഫസറും പുതിയ ഗവേഷണത്തിൻ്റെ നേതാവുമായ ക്രിസ്റ്റഫർ മേസൺ പറയുന്നു. മാധ്യമപ്രവർത്തകരുമായുള്ള ഒരു കോൺഫറൻസ് കോളിനിടെ, ബഹിരാകാശ യാത്രയുടെ സമ്മർദ്ദം സ്ത്രീകൾക്ക് അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ടെന്നും മേസൺ കൂട്ടിച്ചേർത്തു. ഇതൊരു പ്രാഥമിക കണ്ടെത്തലാണെന്നും ഈ പഠനങ്ങളിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്താൻ ഗവേഷകർ ആഗ്രഹിക്കുന്നതായും ഗവേഷണത്തിൻ്റെ ഭാഗമായ കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബയോളജിക്കൽ സയൻ്റിസ്റ്റ് സൂസൻ ബെയ്‌ലി പറഞ്ഞു. സ്പേസ് റേഡിയേഷൻ ഏറ്റിട്ടുള്ള സ്ത്രീകളിൽ ക്യാൻസറുകൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് മുൻ കാലങ്ങളിലെ പഠനങ്ങൾ സൂചിപ്പിച്ചിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
സ്‌പേസ് ഒമിക്‌സ് ആൻഡ് മെഡിക്കൽ അറ്റ്‌ലസ് (സോമ) എന്ന് വിളിക്കപ്പെടുന്ന പുതിയ ഡാറ്റയുടെ വലിയ ശേഖരം പുറത്തുവിട്ടിരുന്നു. ഇതിൽ കൂടാതെ നേച്ചർ പോർട്ട്‌ഫോളിയോ ജേണലുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളിൽ വിശദമായി വിവരിക്കുന്നുണ്ട്. ബഹിരാകാശയാത്രികർ ഭൂമിക്ക് പുറത്തേക്ക് പോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് വ്യക്തമാക്കുന്ന ഏറ്റവും പുതിയ മെഡിക്കൽ ഡാറ്റാബേസാണിത്. സ്‌പേസ് എക്‌സ് 2021-ൽ ആരംഭിച്ച സിവിലിയൻ ദൗത്യമായ ഇൻസ്പിരേഷൻ 4-നെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനങ്ങൾ. നാലോളം സന്നദ്ധപ്രവർത്തകർ മൂന്ന് ദിവസം ബഹിരാകാശത്ത് ചെലവഴിക്കുകയും ദൗത്യത്തിന് മുമ്പും ശേഷവും ശേഷവും ബയോസ്‌പെസിമെൻ ശേഖരിക്കുകയും ചെയ്തിരുന്നു. നാസയിലെ 64 ബഹിരാകാശ സഞ്ചാരികളിൽ നിന്നുള്ള മെഡിക്കൽ, ബയോളജിക്കൽ ഡാറ്റയും ഗവേഷകർ പരിശോധിച്ചു.
കഴിഞ്ഞ 63 വർഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങൾ ബഹിരാകാശ യാത്ര നടത്തുന്നുണ്ട്. എന്നാൽ ഗുരുത്വാകർഷണവും, അന്തരീക്ഷത്തിനപ്പുറമുള്ള റേഡിയേഷൻ പരിതസ്ഥിതിയും പരിചിതമല്ലാത്ത മനുഷ്യശരീരത്തിനും മനസ്സിനും എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി കണ്ടെത്താൻ ശാസ്ത്രജ്ഞർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വാണിജ്യടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രകൾ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ ദേശീയ ബഹിരാകാശ ഏജൻസികൾ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ എത്തിക്കാൻ ലക്ഷ്യമിട്ടുകൊണ്ടിരിക്കുകയാണ്. ബഹിരാകാശത്ത് ദീർഘനേരം ചിലവഴിക്കുന്നത് കൊണ്ട് തന്നെ ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യാനായി പുതിയ മരുന്നുകളും ഉപകരണങ്ങളും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.
ബഹിരാകാശ ലക്ഷ്യങ്ങൾ സാങ്കേതികവിദ്യയുടെ പിൻബലത്തോടെ നിറവേറ്റാൻ കഴിയുന്നുണ്ടെങ്കിലും, ബഹിരാകാശത്ത് കൂടുതൽ കാലം ചിലവഴിക്കുന്നത് ആരോഗ്യപരമായി വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്. അത്തരം തീവ്രമായ ചുറ്റുപാടുകളിൽ അതിജീവിക്കാൻ മനുഷ്യർ പരിണമിച്ചിട്ടില്ല, അതിനാൽ ഈ വെല്ലുവിളികൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ചൊവ്വാ ദൗത്യം തടയുന്ന വലിയ പ്രശ്‌നങ്ങളൊന്നും താൻ കാണുന്നില്ലെന്ന് മേസൺ പറഞ്ഞു. എന്നിരുന്നാലും, ഗവേഷകനായ അഫ്ഷിൻ ബെഹെഷ്തി കിഡ്‌നി സ്റ്റോൺ പോലുള്ള അസുഖങ്ങളുടെ ആശങ്ക ചൂണ്ടികാണിക്കുന്നുണ്ട്. ചൊവ്വയിലേക്കുള്ള യാത്രയിൽ ഇത് കൂടുതൽ സാധ്യതയുണ്ട്. രോഗത്തെ എങ്ങനെ ചികിത്സിക്കുമെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ദീർഘകാല ബഹിരാകാശ യാത്രയുടെ ഏറ്റവും വലിയ അപകടം ശാരീരിക പ്രശ്നങ്ങൾ മാത്രമല്ലെന്ന് ഗവേഷകർ പറയുന്നു. എന്നാൽ സാമൂഹികമായി ഇടപെട്ടിരുന്ന മനുഷ്യർ ഐസൊലേറ്റ് ചെയ്യപ്പെടുമ്പോൾ നേരിടാനിടയുള്ള വെല്ലുവിളികളും ശ്രദ്ധിക്കേണ്ടതുണ്ട്.
Content summary; Spaceflight is hard on humans