April 26, 2025 |
Share on

അണ്ടര്‍-17 വേള്‍ഡ് കപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുത്തിയത് ഇറ്റലിയുടെ ദേശീയ ടീമിനെയല്ല! എന്താണ് സത്യം?

ഇറ്റാലിയന്‍ ഫുഡ്‌ബോള്‍ ഫെഡറേഷന്റെ ഔദ്ധ്യോഗിക വെബ്‌സൈറ്റില്‍ ഇത്തരത്തിലുള്ള ഒരു മത്സരത്തെ കുറിച്ച് പറയുന്നതേയില്ല

ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ ടീം ഇറ്റലി അണ്ടര്‍-17 ടീമിനെ തോല്‍പിച്ചുവെന്ന വാര്‍ത്ത നമ്മുടെ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും എന്തിന് അഖിലേന്ത്യ ഫുഡ്‌ബോള്‍ ഫെഡറേഷന്‍ പോലും വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. നമ്മുടെ പല പ്രമുഖരും ട്വിറ്ററില്‍ വിജയത്തില്‍ ദേശാഭിമാനം കൊള്ളുകയും ചെയ്തിരുന്നു. കാല്‍പന്തുകളില്‍ വലിയ പാരമ്പര്യം അവകാശപ്പെടാനുള്ള ഒരു രാജ്യത്തെ ഫിഫിയുടെ റാങ്കിംഗില്‍ നൂറിന് പുറത്ത് നില്‍കുന്ന ഒരു രാജ്യം തോല്‍പിക്കുന്നത് ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ അണ്ടര്‍-17 വേള്‍ഡ് കപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത് ഇറ്റലിയുടെ ഔദ്യോഗിക ടീമിനെയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 2-0 തോല്‍പ്പിച്ച ടീം യഥാര്‍ത്ഥത്തില്‍ ഇറ്റലിയുടെ 17 വയസില്‍ താഴെയുള്ളവരുടെ ദേശീയ ടീം തന്നെയായിരുന്നോ? ഇവിടെയാണ് എല്ലാക്കാലത്തേയും പോലെ അഖിലേന്ത്യാ ഫുഡ്‌ബോള്‍ ഫെഡറേഷന്‍ ഇന്ത്യന്‍ ആരാധകരെ പറ്റിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇറ്റലിയുടെ ക്ലബ് ചാമ്പ്യന്‍ഷിപ്പായ ല ലീഗയിലെ മൂന്നാമത്തെയും നാലാമത്തെയും തട്ടായ ലീഗ പ്രോയിലേയും ലീഗ പ്രോ രണ്ടിലെയും ടീമുകളിലെ യുവനിരയാണ് ഇന്ത്യന്‍ ദേശീയ ടീമിനെ നേരിട്ടത്. നേരത്തെ ഒന്നാം ഡിവിഷനില്‍ നിന്നും തരത്താഴ്ത്തപ്പെട്ട് ഇപ്പോള്‍ മൂന്നാം ഡിവിഷനില്‍ കളിക്കുന്ന പാര്‍മയുടെയും അല്‍ബിനോലെഫെയുടെയും ലിഗ പ്രോയുടെയും വെബ്‌സൈറ്റുകളില്‍ ഇക്കാര്യം വ്യക്തമാണ്. എന്നാല്‍ ഇറ്റലിയുടെ ദേശീയ ടീമിനെ ഇന്ത്യ തോല്‍പ്പിച്ചു എന്ന വ്യാജ പ്രചാരണം നടത്തുന്നതിന് എഐഎഫ്എഫിന് ഇതൊരു തടസമേയല്ല.

ഇറ്റാലിയന്‍ ഫുഡ്‌ബോള്‍ ഫെഡറേഷന്റെ ഔദ്ധ്യോഗിക വെബ്‌സൈറ്റില്‍ ഇത്തരത്തിലുള്ള ഒരു മത്സരത്തെ കുറിച്ച് പറയുന്നതേയില്ല എന്നതാണ് രസകരം. ഇന്ത്യന്‍ യുവടീമിനെതിരെ മത്സരിച്ച ഇറ്റാലിയന്‍ നിരയെ പരിശീലിപ്പിച്ചത് ഡാനിയേല്‍ അരിഗോണിയാണ്. ഇറ്റലി അണ്ടര്‍-17 ദേശീയ ടീമിന്റെ പരിശീലകന്‍ എമിലിയാനോ ബിജീകയും. ഇത്തരം വ്യാജപ്രചാരണങ്ങള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് ഇറ്റലിയിലെ മാധ്യമ പ്രവര്‍ത്തകര്‍. ഒരൊറ്റ ഇറ്റാലിയന്‍ മാധ്യമം പോലും ഈ മത്സരത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×