രോഹിത് ശര്‍മയുടെ നിര്‍ഭാഗ്യകരമായ റണ്‍ ഔട്ടില്‍ ശ്രീലങ്കയ്ക്ക് ആശ്വസിക്കാം. ഇന്ത്യയെ 10 വിക്കറ്റിന്റെ വിജയാഘോഷത്തില്‍ തടയാന്‍ കഴിഞ്ഞു എന്നല്ലാതെ മറ്റൊന്നും തന്നെ ധാംബുള്ളയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഓര്‍ത്തിരിക്കാന്‍ ലങ്കയ്ക്കില്ല. തികച്ചും ഏകപക്ഷീയമെന്നു പറയാവുന്ന കളിയില്‍ ശിഖാര്‍ ധാവന്റെ മിന്നല്‍ സെഞ്ച്വറിയും ക്യാപ്റ്റന്‍ കോഹ്‌ലിയുടെ അര്‍ദ്ധ സെഞ്ച്വറിയും ഇന്ത്യക്ക് നേടിക്കൊടുത്തത് വമ്പന്‍ വിജയം. സ്‌കോര്‍. ശ്രീലങ്ക: 216. ഇന്ത്യ 220/1 (28.5)
ടോസ് നേടിയിട്ടും എതിരാളിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു കോഹ്ലി. ലങ്കന്‍ ഒപ്പണര്‍മാരായ ധിക് വെല്ലയും ഗുണതിലകയും ടീമിന് നല്‍കിയത് മാന്യമായ തുടക്കം. ഇന്ത്യക്ക് ആദ്യ വിക്കറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞത് ലങ്കന്‍ സ്‌കോര്‍ 74 ല്‍ എത്തുമ്പോള്‍. ഗുണരത്‌ന മടങ്ങി. പിന്നാലെ വന്ന മെന്‍ഡിസും കളിച്ചു മുന്നേറി. ലങ്ക നല്ല സ്‌കോറിലേക്ക് പോകുന്നുവെന്ന സൂചനകള്‍ വരുന്നു. എന്നാല്‍ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു കുതിച്ചു കൊണ്ടിരുന്ന ധിക് വെല്ലയെ കേദാര്‍ ജാദവ് വിക്കറ്റിനു മുന്നില്‍ കുടുക്കി. പിന്നെയങ്ങോട്ട് എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ കാര്യമായി ഒന്നും ചെയ്യിക്കാതെ നോക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായതോടെ ലങ്കയുടെ ഇന്നിംഗ്‌സ് 43.2 ഓവറില്‍ 216 ല്‍ അവസാനിച്ചു. അക്‌സര്‍ പട്ടേല്‍ മൂന്നു വിക്കറ്റ് നേടിയപ്പോള്‍, ജാദവും ചഹാലും ബുംമ്രയും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ നിര്‍ത്തിയതിന്റെ തുടര്‍ച്ചയാണെന്ന വിധത്തിലായിരുന്നു ധവാന്റെ കളി. പതുങ്ങി നില്‍ക്കുകയായിരുന്നു മറുവശത്ത് രോഹിത്. കത്തി കയറുമെന്ന പ്രതീക്ഷ നല്‍കി. പക്ഷേ തീര്‍ത്തും നിര്‍ഭാഗ്യകരമായി അദ്ദേഹം റണ്‍ ഔട്ടായി. പിന്നാലെ നായകന്‍ വന്നു. പിന്നെ രണ്ടു പേരും ചേര്‍ന്ന് എത്രയും വേഗം കളി തീര്‍ക്കണമെന്ന വാശിയോടെ അടി തുടങ്ങി. അങ്ങനെ തന്റെ കരിയറിലെ ഏറ്റവും വേഗമേറിയ ഏകദിന സെഞ്ച്വറിയും ധവാന്‍ കുറിച്ചു. 71 പന്തുകളില്‍ നിന്നായിരുന്നു അത്. ഇതിനു മുമ്പ് 2013 ല്‍ കാണ്‍പൂരില്‍ വെസ്റ്റന്‍ഡീസിനെതിരേ 73 പന്തില്‍ നേടിയ സെഞ്ച്വറിയെ പിന്നിലാക്കി. ഫോര്‍ അടിച്ച് കളി ജയിപ്പിച്ചു മടങ്ങുമ്പോള്‍ ധവാന്റെ സമ്പാദ്യം 90 പന്തില്‍ 132; 20 ഫോറും മൂന്നു സിക്‌സും സഹിതം. മറുവശത്ത് നിന്നിരുന്ന നായകന്‍ പത്തു ഫോറും ഒരു സിക്‌സും സഹിതം 70 പന്തില്‍ 82 റണ്‍സുമായി തന്റെ റോളും ഭംഗിയായി നിര്‍വഹിച്ചു.