ലോകത്തിലെ ഏറ്റവും പണം വാരുന്ന കായിക സംഘടനകളിലൊന്നായ ബിസിസിഐ സാമ്പത്തിക ഞെരുക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആറുമാസത്തിലേറെയായി മാച്ച് ഫീ ലഭിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2016-17 സീസണില്‍ ഏപ്രിലിന് മുമ്പ് ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദ്ദേശ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ 13 ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീം കളിച്ചത്.
മത്സരത്തില്‍ കളത്തിലിറങ്ങുന്ന ഓരോരുത്തര്‍ക്കും 15 ലക്ഷവും ടീമിലുള്‍പ്പെട്ടവര്‍ക്ക് 7 ലക്ഷവുമാണ് മാച്ച് ഫീ. ടെസ്റ്റ് മാച്ച് പൂര്‍ത്തിയായി രണ്ടുമാസത്തിനുള്ളില്‍ താരങ്ങള്‍ക്ക് അവരുടെ ചെക്ക് കിട്ടേണ്ടതാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന് മാച്ച് ഫീ കിട്ടിയിട്ടില്ല. വനിതാ ക്രിക്കറ്റ് ടീമിനും അവരുടെ മാച്ച് ഫീ ലഭിച്ചിട്ടില്ല. ഒരു സിരീസിന് ഒരു ലക്ഷം രൂപയാണ് അവരുടെ മാച്ച് ഫീ. രണ്ടുമാസത്തെ സമയമുണ്ടെങ്കിലും 15 ദിവസം കൊണ്ടു തന്നെ ബിസിസിഐ മാച്ച് ഫീ താരങ്ങള്‍ക്ക് നല്‍കാറുണ്ടെന്നും ഇതിന് മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നുമാണ് ഒരു താരം ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തിയത്.
ബിസിസിഐയുടെ സാമ്പത്തിക കാര്യങ്ങള്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന കമ്മിറ്റിക്ക് കീഴിലാണ് ഇപ്പോള്‍ നടക്കുന്നത്. മാച്ച് ഫീ വൈകുന്നത് സെബന്ധിച്ച് പല കാര്യങ്ങളും വരുന്നുണ്ടെങ്കിലും, പ്രധാനമായും ബിസിസിഐ ഒഫിഷ്യലുകളുടെ ഇടയിലെ ആശയകുഴപ്പമാണ് ഇതിന് കാരണമെന്ന് വിവരം. ബോര്‍ഡിന്റെ ആക്ടിംഗ് സെക്രട്ടറിയായ അമിതാഭി ചൗധരി വേണം വേതനം നല്‍കുന്നതിന് അനുമതി നല്‍കാന്‍. വനിതാ ക്രിക്കറ്റ് ടീമിനുള്ള മാച്ച് ഫീക്കുള്ള എഗ്രിമെന്റ് സെക്രട്ടറി ഒപ്പുവെച്ചിട്ടുണ്ടെന്നും ഉടനെ അവരുടെ പണം നല്‍കുമെന്നും ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പണം ഇല്ലാത്തതല്ല ബിസിസിഐയുടെ പ്രശ്‌നം, പഴയതുപോലെ സ്വതന്ത്രമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കാത്തതാണ് ഈ ഞെരുക്കത്തിന് മറ്റൊരു കാരണം. കഴിഞ്ഞ മാസം കണ്‍ട്രോളര്‍ ഓഫ് ഓഡിറ്റര്‍ പുതിയ നയങ്ങളും ബിസിസിഐ-യില്‍ കൊണ്ടു വന്നിരുന്നു. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്കെല്ലാം, അവരുടെ മാച്ച് ഫീ നല്‍കുന്നത് ഓണ്‍ലൈന്‍ ഇടപാടിലേക്ക് മാറ്റിയിരുന്നു.