ഐപിഎല്ലില്‍ കൊച്ചി ടസ്‌ക്കേഴ്‌സ് തിരിച്ചുവന്നേക്കും. ആര്‍ബിട്രേറ്റര്‍ വിധി പ്രകാരം ബിസിസിഐ കൊച്ചി ടസ്‌ക്കേഴ്സിന് 1080 കോടി രൂപ നല്‍കേണ്ടി വരുമെന്നതുകൊണ്ട്, പ്രശ്‌നം ഒത്തുതീര്‍പ്പാക്കുവാനായി ബോര്‍ഡ് കൊച്ചി കൊമ്പന്മാര്‍ക്ക് അടുത്ത സീസണ്‍ മുതല്‍ അവസരം നല്‍കിയേകും. വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ച് 2011-ലാണ് കൊച്ചി ടസ്‌ക്കേഴ്സിനെ ബിസിസിഐ കാരാറില്‍ നിന്നും പുറത്താക്കിയത്.
കൊച്ചി ടസ്‌ക്കേഴ്സ് അധികൃതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പകരം ആര്‍ബിട്രേറ്റര്‍ വിധിക്കെതിരെ അപ്പീലിന് പോകുകയോ, കോടതിയ്ക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയോ ആണ് ബിസിസിഐയ്ക്ക് മുന്നിലുളള വഴികള്‍. ബിസിസിഐ, അപ്പീലിന് പോകുവാന്‍ സാധ്യത കുറവാണ്. ഇനിയും കേസിന് പോയാല്‍ പരാജയപ്പെടാനും നഷ്ടപരിഹാര തുക ഇതിലും കൂടുതല്‍ കൊടുക്കേണ്ടി വരുകയും ചെയ്യേണ്ട സാഹചര്യമുണ്ടാകാം.
കോടതിയ്ക്ക് പുറത്ത് പ്രശ്നം പരിഹരിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെങ്കില്‍ ടസ്‌ക്കേഴ്സ് ഐപിഎല്ലില്‍ തിരിച്ചുഎത്താന്‍ സാധ്യതയുണ്ട്. 2011 ഐപിഎല്‍ ഒരു സീസണ്‍ മാത്രമാണ് കൊച്ചി ടസ്‌ക്കേഴ്സ്് കളത്തിലിറങ്ങിയത്. മൊത്തം ഫീസിന്റെ 10% ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതാണ് ടസ്‌ക്കേഴ്സിനെ ബിസിസിഐ കരാറില്‍ നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് ഇതിനെതിരെ കൊച്ചി ടസ്‌ക്കേഴ്സ് ആര്‍ബിട്രേറ്ററിനെ സമീപിക്കുകയായിരുന്നു.
റെന്‍ഡെവ്യൂ സ്പോര്‍ട്സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികളുടെ കണ്‍സോര്‍ഷ്യമായാണ് കൊച്ചി ടസ്‌ക്കേഴ്സ് രൂപീകരിച്ചത്. 1560 രൂപയായിരുന്നു ലേലത്തുക. ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയായിരുന്നു ഇത്.