ബാര്‍സലോണയുടെ ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മറെ ടീമില്‍ എത്തിക്കാന്‍ സാധിക്കും എന്ന പൂര്‍ണ വിശ്വാസത്തിലാണ് പാരീസ് സെയ്ന്റ് ജര്‍മ്മന്‍. കരാര്‍ പ്രാവര്‍ത്തികമായാല്‍ ലോക റെക്കോഡായ 197 ദശലക്ഷം യൂറോയാവും നെയ്മര്‍ക്കായി ക്ലബീന് മുടക്കേണ്ടി വരിക. എന്നാല്‍ നെയ്മറെ ക്ലബിന്റെ ജേഴ്‌സിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുമായി മുന്നോട്ട് പോവുകയാണ് പാരീസ് സെന്റ് ജര്‍മ്മന്‍ അധികൃതര്‍.
അഞ്ച് വര്‍ഷത്തെ കരാര്‍ തയ്യാറായിട്ട് നിരവധി ദിവസങ്ങളായി ഇനി കരാര്‍ ഒപ്പിടേണ്ട ചടങ്ങ് മാത്രമേ ബാക്കിയുള്ളു എന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്. അഞ്ച് വര്‍ഷം മുമ്പ് പിഎസ്ജി സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിനെ വാങ്ങിയപ്പോള്‍ ഈഫല്‍ ടവറിന് ചുവട്ടിലുള്ള ട്രോകാഡെറോയില്‍ വന്‍ സ്വീകരണമാണ് ക്ലബ് അദ്ദേഹത്തിന് ഒരുക്കിയത്. ഇതിലും പ്രൗഢമായ ഒരു സ്വീകരണം നല്‍കാനാണ് സെന്റ് ജര്‍മന്‍ അധികൃതര്‍ പദ്ധതിയിടുന്നത്.
25-കാരനായ നെയ്മര്‍ തന്റെ സ്‌പോണ്‍സര്‍മാരുടെ ചില പരിപാടികളുമായി ബന്ദപ്പെട്ട തിങ്കളാഴ്ച ചൈനയിലായിരുന്നു. അവിടെ നിന്നും ദോഹയില്‍ എത്തുന്ന അദ്ദേഹം പിഎസ്ജി ഉടമകളെ കാണുകയും മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാവുകയും ചെയ്യുമെന്നാണ് സൂചനകള്‍. ബാര്‍സലോണ വിടാന്‍ നെയ്മര്‍ ആഗ്രഹിക്കുന്ന എന്ന വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ താരത്തെ കൈക്കലാക്കാന്‍ പിഎസ്ജി അധികൃതര്‍ അശ്രാന്ത പരിശ്രമം നടത്തുകയാണ്.
നെയ്മറിന് പ്രതിവര്‍ഷം 26 ദശലക്ഷം യൂറോയാവും ശമ്പളം എന്നാണ് സൂചനകളെങ്കിലും ഇക്കാര്യങ്ങളിലൊന്നും സ്ഥിതീകരണം വന്നിട്ടില്ല. സാമ്പത്തിക നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായി ചില കളിക്കാരെ മറ്റ് ക്ലബുകള്‍ക്ക് വിട്ടുകൊടുക്കാനും പിഎസ്ജി തയ്യാറാവും എന്നാണ് വാര്‍ത്തകള്‍.
വില്‍ക്കാന്‍ ക്ലബ് താല്‍പര്യപ്പെടുന്ന പ്രമുഖ താരങ്ങളില്‍ ഒരാള്‍ എയ്ഞ്ചല്‍ ഡി മരിയ ആണ്. ബ്ലെയ്‌സെ മത്യൂദി, സെര്‍ജി ഔറിയര്‍, ഹത്തേം ബെന്‍ അര്‍ഫ, ജെസെ തുടങ്ങിയവരും ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഉണ്ട്.