June 04, 2026 |

വീണ്ടും തോറ്റു, പരമ്പരയും പോയി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയം 135 റണ്‍സിന്

ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിലും ഇന്ത്യക്കു ദയനീയ പരാജയം. 287 റണ്‍സ് വിജയ ലക്ഷ്യത്തിന് മുന്നില്‍ 135 റണ്‍സിന് കീഴടങ്ങുകയായിരുന്നു ഇന്ത്യ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

ആറടി ഉയരമുളള പുതുമുഖ പേസ് ബൗളര്‍ ലംഗി എന്‍ഗീഡി തന്നെയായിരുന്നു ഇന്ത്യയുടെ മുന്‍നിര ബാറ്റസ്മാന്‍മരെ എറിഞ്ഞിട്ടത്. ആറ് വിക്കറ്റാണ് എന്‍ഗീഡി നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ രോഹിത് ശര്‍മ മാത്രമാണ് പിടിച്ചു നിന്നത്. രോഹിത്ത് 47ഉം മുഹമ്മദ് ഷമ്മി 28 റണ്‍സുമെടുത്തതല്ലാതെ മറ്റെല്ലാവരുടെയും പ്രകടനം ശരാശരിയിലും താഴെ ആയിരുന്നു. നാലു പേര്‍ മാത്രമാണ് രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍മാര്‍.

ദക്ഷണാഫ്രിക്കയ്ക്കു വേണ്ടി 12.2 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങിയാണ് എന്‍ഗീഡി ആറ് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ എന്‍ഗീഡി ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ വിരാട് കോലിയെയും കെഎല്‍ രാഹുലിനേയും ആണ് എങ്ടി തുടക്കത്തിലേ പവലിയനിലേക്ക് പറഞ്ഞയച്ചത്. സ്ഥിരമായി 140 വേഗത്തില്‍ പന്തെറിയുന്ന ഈ യുവതാരം അരങ്ങേറ്റ ടെസ്റ്റില്‍ പ്രവചിച്ചത് പോലെ തന്നെ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയായി മാറി. ബൗണ്‍സറാണ് ലംഗി എന്‍ഗീഡിയുടെ പ്രധാന ആയുധം. എന്‍ഗീഡിയെ കൂടാതെ കിസിഗോ റബാഡ മൂന്നു വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് 258 റണ്‍സില്‍ അവസാനിച്ചിരുന്നു. നാല് വിക്കറ്റ് പിഴുത മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂംറയുമാണ് ദക്ഷിണാഫ്രിക്കയെ 258ല്‍ ഒതുക്കിയത്. ഇശാന്ത് ശര്‍മ രണ്ടും രവിചന്ദ്ര അശ്വിന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ആതിഥേയര്‍ക്ക് വേണ്ടി ഡിവില്ലിയേഴ്‌സ് (80), ഫഫ് ഡുപ്ലെസിസ് (48) ഡീന്‍ എല്‍ഗര്‍ (61) എന്നിവര്‍ രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങി. കേപ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റ് 72 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

Leave a Reply

Your email address will not be published. Required fields are marked *

×