വിജയവഴിയില്‍ തിരിച്ചെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് അടുത്ത കളിയില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടുന്നത് സെമി പ്രതീക്ഷകളുമായി. നിലവില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് മൂന്നുജയം, രണ്ട് തോല്‍വി, അഞ്ച് സമനിലകളുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഈ മത്സരത്തില്‍ ജയിക്കാനായാല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി സെമി പ്രതീക്ഷകള്‍ സജീവമാക്കാം.
പരിശീലക സ്ഥാനത്തെത്തിയ ഡേവിഡ് ജെയിംസിന്റെ കീഴില്‍ വിജയതാളം കണ്ടെത്തുന്നുണ്ടെങ്കിലും പലപ്പോഴും ടീമിലെ മികവുള്ള താരങ്ങളുടെ പരുക്ക് പലപ്പോഴും വില്ലനാകുന്നുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശ താരങ്ങളായ ദിമിതര്‍ ബെര്‍ബറ്റോവും മാര്‍ക്ക് സിഫ്‌നിയോസും പരുക്കു മൂലം ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ കളിക്കാനാകില്ലെന്നാണ് വിവരം. പരിക്ക് കാരണം കഴിഞ്ഞ ദിവസം നടന്ന മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ബെര്‍ബറ്റോവ് കളിച്ചിരുന്നില്ല. പരിശീലനത്തിനിടെ സിഫിനിയോസിന് പരിക്കേറ്റത്. എന്നാല്‍ ഇരുതാരങ്ങളുടേയും പരിക്ക് ഗുരുതരമല്ലെന്ന സൂചനയാണ് ടീം ക്യാമ്പില്‍ നിന്ന് ലഭിക്കുന്നത്.
ബ്ലാസ്‌റ്റേഴ്‌സ് റൊട്ടേഷന്‍ പോളിസി നടപ്പിലാക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് മുഖ്യപരിശീലകനായ ഡേവിഡ് ജെയിംസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇടവേളകളില്ലാത്ത മത്സരങ്ങള്‍ കളിക്കാര്‍ക്ക് ദോഷം ചെയ്യുമെന്നും അതിനാലാണ് റൊട്ടേഷന്‍ പോളിസി ആലോചിക്കുന്നതെന്നുമാണ് ജയിംസ് വ്യക്തമാക്കിയത്. മൂന്നു മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന സികെ വിനീത് പരുക്കില്‍ നിന്ന് മോചിതനായി തിരിച്ചത്തിയത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം പകരുന്നുണ്ട്. പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്‌സിയുമായുള്ള പോരാട്ടം അത്ര കടുത്തതാകില്ലെന്നാണ് പ്രതീക്ഷ.