July 12, 2025 |

ഗുരുവും സനാതനധര്‍മ്മ വിവാദവും

ഗുരുവിനേയും ഇതര നവോത്ഥാനനേതാക്കളായ അയ്യന്‍കാളിയേയും നിരന്തരം ഇകഴ്ത്തുകയും അപമാനിക്കുകയും ചെയ്യുകയാണിന്ന് മലയാളികുലീനത

ഹിന്ദുമതം എന്നൊരുമതംതന്നെയില്ലല്ലോ…

നാരായണ ഗുരു

2025 പുത്തനാണ്ടിന് തുടക്കമിട്ട വര്‍ക്കലക്കുന്നിലെ തീര്‍ത്ഥാടന സമ്മേളനത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ സനാതനധര്‍മ്മ സംവാദത്തെ വീണ്ടും സജീവമാക്കി. ജാതിവര്‍ണങ്ങളെ സനാതനമാക്കുന്ന സനാതനധര്‍മ്മത്തിനെതിരേ മാനവികതയ്ക്കും മതേതരചിന്തയ്ക്കും മനുഷ്യമോചനത്തിനും ജനായത്തത്തിനുമായി ജീവിതംമുഴുവന്‍ പോരാടിയ ഗുരുവിനെ സനാതനധര്‍മ്മമെന്ന ഹിന്ദുമതത്തിന്റെ ആളാക്കുന്നത് ശരിയാണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. കെ. സുധാകരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഈ സനാതനധര്‍മ്മ വിമര്‍ശം പങ്കിട്ടപ്പോള്‍ വി. ഡി. സതീശനെ പോലുള്ള ചിലര്‍ സനാതനധര്‍മ്മത്തെ ന്യായീകരിച്ച് പരിവാരപാദജശക്തികള്‍ക്ക് പരോക്ഷമായ പിന്തുണയും മൈലേജും കൊടുത്തുകണ്ടു. കേന്ദ്രമന്ത്രി മുരളീധരനടക്കം ഗുരുവിനെ ഹൈന്ദവസനാതനിയാക്കുന്ന തീവ്രവലതുപക്ഷ നിലപാടാണ് ഉയര്‍ത്തിക്കാട്ടിയത്. sree narayana guru and sanatana dharma controversy

യഥാര്‍ത്ഥത്തില്‍ 1888 ലെ അരുവിപ്പുറം പ്രതിഷ്ഠാലിഖിതം മുതല്‍ 1928 ലെ മഹാപരിനിബാണംവരെ വൈദിക സനാതന വര്‍ണാശ്രമധര്‍മ്മമെന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥയേയും ജാതിവ്യവസ്ഥയേയും ഇല്ലാതാക്കാനായി ഉറച്ച നിലപാടും ജീവിതസമരവും നടത്തിയ ഗുരുവാണ് കേരളത്തില്‍ ലോകഗുരുവും ആധുനികദാര്‍ശനികനുമായ നാരായണഗുരു എന്ന് അദ്ദേഹത്തിന്റെ ജീവിതവും രചനകളും സാക്ഷ്യപ്പെടുത്തുന്നു. എട്ടാം നൂറ്റാണ്ടോടെ കേരളത്തേയും തെന്നിന്ത്യയേയും വിഴുങ്ങിയ സനാതന വര്‍ണാശ്രമവ്യവസ്ഥയെ അതിന്‍ ജാതിവര്‍ണവ്യവസ്ഥയെ ഇരുപതാം നൂറ്റാണ്ടോടെ ചെറുത്ത് ആധുനിക മതേതര ജനായത്ത കേരളത്തെ നിര്‍മിച്ചത് ഗുരുവും ശിഷ്യഗണങ്ങളും കൂടിയാണ്.

1925ല്‍ സ്വയംസേവകസങ്കികളുടെ പിറപ്പില്‍ തന്നെ ഹിന്ദുമതം എന്നൊരുമതം തന്നെയില്ലല്ലോ എന്നദ്ദേഹം ജാതിഹിന്ദുമതത്തെ നിരാകരിച്ചു. വേദത്തിലെ പുരുഷസൂക്തത്തേയും ഗീതയിലെ ചാതുര്‍വര്‍ണവാദത്തേയും ജാതിസ്ഥാപിക്കാന്‍ ബുദ്ധികൊണ്ടു പറന്ന പ്രച്ഛന്നബുദ്ധന്മാരേയും പരിപൂര്‍ണമായി വിമര്‍ശിച്ച് തിരസ്‌ക്കരിച്ചു ഗുരു. ജീവിതത്തില്‍ ഈ സനാതനപാഠങ്ങളേയെല്ലാം ആചാരതലത്തില്‍ തന്നെ ലംഘിച്ചു. 1927ലെ പള്ളാത്തുരുത്തി സന്ദേശത്തിലും ഒരുജാതിയൊരുമതമൊരുദൈവം മനുഷ്യനെന്ന തന്‍ അഭിപ്രായത്തെയാണ് ലോകമതം, മാനവധര്‍മ്മം എന്നീ പേരുകളിലുള്ള സ്ഥിരമായ അഭിപ്രായം എന്ന അര്‍ത്ഥത്തില്‍ തന്റെ സനാതനധര്‍മ്മം എന്നു വിശദീകരിച്ചത്. അതിനാല്‍ യോഗത്തിലേക്ക് ജാതിമതഭേദമില്ലാത്ത ജനങ്ങളെ അംഗമാക്കണമെന്നും പ്രായോഗികധര്‍മ്മം പറഞ്ഞു. ഈ വാക്കുകളെയാണ് ജാതിഹിന്ദുശക്തികളും അവരുടെ പാദജദാസരും കൂടി ഇന്നു ഭാഷാസമാനതയെ മുതലെടുത്ത് ദുരുപയോഗിക്കുന്നത്.

ധര്‍മ്മമെന്ന കവിതയില്‍ ഗുരുവിനനുമതിയോടെ സഹോദരന്‍ ഗുരുതത്വത്തെ കൂടുതല്‍ യുക്തിയുക്തമായി വിശദീകരിക്കുന്നു. ജാതിവേണ്ട മതംവേണ്ട ദൈവംവേണ്ട മനുഷ്യന്, വേണം ധര്‍മ്മം, വേണം ധര്‍മ്മം, വേണം ധര്‍മ്മം യഥോചിതം എന്ന രീതിയിലാണ് സത്യനീതിധാര്‍മികതയെ ധര്‍മ്മം എന്ന വാക്കിലൂടെ സഹോദരന്‍ അറിവടയാളപ്പെടുത്തിയത്. ബൗദ്ധമായ ധമ്മ എന്ന പാലി ആശയസംഹിതയെ ആണിതാഴത്തില്‍ സൂചിപ്പിക്കുന്നത്. 1920കളിലെ മാനകഭാഷയുടെ പരിമിതിയില്‍ ധര്‍മ്മം എന്ന സംസ്‌കൃതീകൃത രൂപമാണവിടെ സഹോദരനും പ്രയോഗിക്കേണ്ടി വന്നത്. ഇന്നത് മാറ്റി പാലി ധമ്മ തന്നെയാണ് സത്യനീതിധാര്‍മികതയെ സൂചിപ്പിക്കാന്‍ നാമൊക്കെ ഉപയോഗിക്കുന്നത്. കാരണം ധര്‍മ്മം സനാതനികള്‍ ദുരുപയോഗം ചെയ്ത് വര്‍ണാശ്രമധര്‍മ്മമെന്ന അധര്‍മ്മവുമായി സമ്മിശ്രമാക്കി പ്രചരിപ്പിച്ചുവരുന്നു. അംബേദ്കര്‍ തന്‍ ബുദ്ധ ആന്‍ഡ് ഹിസ് ധമ്മയില്‍ 1956ല്‍ ഉപയോഗിച്ചതും ധമ്മ എന്ന പാലി വാക്കാണ്. ലോകത്തിനാധാരമായ നൈതികനിയമങ്ങളെയാണ് ബുദ്ധന്‍ ധമ്മ എന്ന പാലിപദത്തിലൂടെ 2600 വര്‍ഷം മുമ്പ് നിര്‍വചിച്ചത്. വൈദികപൗരോഹിത്യ ആണ്‍കോയ്മയായ ബ്രാഹ്‌മണിസം ഏറെ ദുരുപയോഗം ചെയ്ത് വര്‍ണാശ്രമധര്‍മമാക്കി മാറ്റിയ വാക്കാണിന്ത്യയില്‍ ധര്‍മ്മമെന്നത്. ധമ്മയെ ധര്‍മ്മവും കമ്മയെ കര്‍മ്മവുമാക്കി സംസ്‌കൃതീകരിക്കുന്നതിലൂടെയാണീ വരേണ്യ സ്വാംശീകരണവും സൂചനാമാറ്റങ്ങളും വര്‍ണാശ്രമധര്‍മികള്‍ നടത്തുന്നത്. വെടക്കാക്കി തനിക്കാക്കുക എന്ന കൗടില്യകുതന്ത്രമാണ് ബ്രാഹ്‌മണിക ആണ്‍കോയ്മയേയും ക്ഷുദ്രയാണത്ത ചങ്ങാത്തങ്ങളേയും നയിക്കുന്നത്.

Sahodaran Ayyappan

സഹോദരന്‍ അയ്യപ്പന്‍

ബുദ്ധിസത്തിലെ ധമ്മത്തെ വൈദികവേദാന്തികള്‍ വര്‍ണധര്‍മ്മമാക്കിച്ചുരുക്കിയെന്ന് സഹോദരനയ്യപ്പന്‍ പരിവര്‍ത്തനം എന്ന കവിതയില്‍ വിശദീകരിക്കുന്നു. അങ്ങനെ വര്‍ണാശ്രമധര്‍മമെന്ന വൈദികസനാതനധര്‍മ്മം ജനവഞ്ചനാക്രമവും നരനിന്ദാനിയമവുമാക്കിയെന്ന് സഹോദരനോതുന്നു. സനാതനധര്‍മ്മത്തെ കുറിച്ച് വിമര്‍ശസംവാദങ്ങള്‍ നടക്കുന്ന വര്‍ത്തമാനകാലത്ത് 1927ല്‍ പളളാത്തുരുത്തിയില്‍ വച്ച് ഗുരുവരുളിയ അവസാന സന്ദേശം ഏറെ പ്രസക്തമാണ്. ബുദ്ധവചനം പോലെ ലോകാമലസ്വരമായതുമാറുന്നു.

ഒരുജാതിയൊരുമതമൊരുദൈവം മനുഷ്യര്‍ക്കെന്ന സാനാതന ധര്‍മമാണ് ഗുരുപറഞ്ഞ സനാതനധര്‍മ്മം. ഇതാണ് സാര്‍വലൗകികവും സാര്‍വത്രികവുമായ ഗുരുവിന്‍ മാനവധര്‍മം. ഇതാണ് യഥാര്‍ഥത്തില്‍ ശാശ്വതമായ സനാതനധര്‍മമെന്നാണ് ഗുരു വ്യക്തമാക്കിയത്. ഇതിനെ ധര്‍മ്മം എന്ന കവിതയിലൂടെ സഹോദരന്‍ ജാതിവേണ്ട, മതംവേണ്ട, ദൈവംവേണ്ട മനുഷ്യന്, വേണം ധര്‍മ്മം, വേണം, ധര്‍മ്മം, വേണം ധര്‍മ്മം യഥോചിതം എന്നു വ്യാഖ്യാനിച്ചപ്പോള്‍ ഗുരു അതിനേത്തുറന്നംഗീകരിച്ചു. അപരോന്മുഖവും ബഹുസ്വരവുമായിരുന്നു ഗുരുധര്‍മ്മം. ഏതെങ്കിലും വൈദിക സനാതന ഏകതയുടെ ഭാഷ്യമായിരുന്നില്ല അത്. ഗുരുവിനെ വേദാന്തിയും ശാങ്കരാദ്വൈതിയുമാക്കുന്നതും ഇത്തരം കുടിലമായ ചെറിയ മനസ്സുകളാണ്. 1918ല്‍ ഈളമെന്ന സംഘത്തിന്‍ സ്വന്തം നാടു സന്ദര്‍ശിച്ച് ഗുരു അമരസിംഹരുടെ അമരകോശമുദ്ധരിച്ചു വ്യക്തമാക്കി ആദിമ അദ്വയവാദിയും വിനായകനുമായ ബുദ്ധന്റെ മതമാണ് അഥവാ നൈതികാഭിപ്രായമാണ് തന്റെതെന്ന്. 1927ല്‍ തീര്‍ഥാടന സന്ദേശത്തിലും ബുദ്ധരുടെ പഞ്ചശീലത്തെയാണ് പഞ്ചധര്‍മ്മമായി ജനതയിലേക്ക് പകര്‍ന്നതും പുത്തരുടെ മഞ്ഞത്തുണിയെയാണതിന്‍ നിറവും ബോധാദയ അടയാളവുമാക്കി മാറ്റിയതും.

ജാതിഹിന്ദുമതത്തെയും വര്‍ണാശ്രമധര്‍മ്മത്തേയും നിരാകരിച്ച ഗുരു
സാഹോദര്യത്തിലും മാനവസമുദായ ഭാവനയിലുമടിയുറച്ച സമൂഹസൃഷ്ടിയെ വിഭാവനം ചെയ്ത് ലോകത്തിന് വിദ്യാഭ്യാസ, സംഘടനാ സന്ദേശങ്ങള്‍ നല്‍കിയ ഗുരു സംഘടനയിലേക്ക് ജാതിമതഭേദമില്ലാതെ എല്ലാ മനുഷ്യരേയും സ്വാഗതം ചെയ്യണമെന്നും വ്യക്തമാക്കി. അതു നടക്കുന്നില്ല എന്നു കണ്ടപ്പോള്‍ യോഗത്തിന് ജാത്യാഭിമാനം കൂടിവരുന്നതുകൊണ്ട് അതിനെ വിടുന്നതായി 1916ല്‍ തന്നെ ഡോക്ടര്‍ പല്‍പ്പുവിന് കത്തെഴുതി (ശ്രീനാരായണ ഗുരു വൈഖരി. സമ്പാദകന്‍, ഡോ. ടി. ഭാസ്‌കരന്‍, 2010, 264-65). 1927 ലെ അന്ത്യസന്ദേശത്തിലും ജാതിമതഭേദമില്ലാതെ എല്ലാവരേയും സംഘത്തിലേക്ക് സ്വാഗതം ചെയ്യണമെന്നാണ് 1888 ലെ അരുവിപ്പുറം പ്രതിഷ്ഠാലിഖിത കവിതപോലെ ഗുരുവരുളിയത്. മതമേതായാലും മതമില്ലെങ്കിലും മനുഷ്യരാവുകയും മനുഷ്യര്‍ നന്നാവുകയും ചെയ്യുക എന്നതാണ് ഗുരുചിന്ത. മതത്തിനായല്ലനരന്‍ നരനായാണുമതമെന്നു സഹോദരനും അംബേദ്കറുമെല്ലാം വിശദീകരിച്ചിട്ടുണ്ട്. പരമ്പരാഗതമായി സനാതനമെന്ന് ബ്രാഹ്‌മണ പൗരോഹിത്യവും പിണിയാളുകളും വാഴ്ത്തുന്ന വൈദികവര്‍ണാശ്രമ ധര്‍മമായി ഗുരുധര്‍മ്മത്തെ തെറ്റിദ്ധരിപ്പിക്കാനും ദുരുപയോഗം ചെയ്യാനുമാണ് ജാതിഹിന്ദുശക്തികള്‍ ശ്രമിക്കുന്നത്. ചരിത്രവും സംസ്‌കാരവും പഠിക്കാനവസരം കിട്ടാത്ത സാധാരണ ജനങ്ങള്‍ ഹിന്ദുവല്‍ക്കരണത്തിന്‍ ആന്ധ്യത്തില്‍ ഇതില്‍ വീണുപോകുന്നു. ഹിന്ദുമതമെന്ന ജാതിയുടെ മതത്തെ തന്നെയില്ലാത്തതായി പ്രഖ്യാപിച്ചയാളാണ് ഗുരു. ധമ്മോ സനന്തനോ എന്ന പാലിയിലുള്ള ബുദ്ധവചനത്തിനെ തിരിച്ചിട്ടാണ് വൈദികവര്‍ണാശ്രമ ചാതുര്‍വര്‍ണ്യ പൗരോഹിത്യ ശക്തികള്‍ സനാതനധര്‍മ്മം എന്ന പ്രയോഗം നാട്ടുനടപ്പാക്കിയത്. വെടക്കാക്കിത്തനിക്കാക്കുക എന്ന ഹൈന്ദവസാമ്രാജ്യതന്ത്രമാണിത്. ഗുരുവിന്‍വണ്ടിപോലും തടഞ്ഞ വൈക്കംപോരാട്ടഭൂമികയിലെഴുതിയ 1924ലെ സാഹോദര്യം എന്ന കവിതയില്‍ മൂലൂര്‍ ചോദിക്കുന്നത് ഇരുപതുലക്ഷത്തിന്‍ ആശാദീപമായ ഗുരുവിനെത്തടയുന്ന ഹൈന്ദവസാമ്രാജ്യവും മതവുമെന്തിനെന്നാണ്.

Sree narayana Guru

ശ്രീ നാരായണ ഗുരു

സനാതനമാക്കപ്പെട്ട വര്‍ണാശ്രമത്തെ സംരക്ഷിക്കാനായി മനുഷ്യക്കൊലപോലും നടക്കുന്ന രാമരാജ്യത്തിലെ ശൂദ്രാദികളുടെ ഗതിയെക്കുറിച്ചും ഗുരു വിശദമാക്കി. സ്മൃതികള്‍ നോക്കി ഭരിക്കുന്നവരാണ് ഹിന്ദുക്കള്‍ എന്നുമദ്ദേഹം നിര്‍വചിച്ചു. അതുകൊണ്ട് ബ്രിട്ടീഷുകാരാണ് അഥവാ പാശ്ചാത്യ ആധുനികതയാണ് നമ്മുടെ ഗുരുക്കന്മാരെന്നും നൈതികവിചാരം ചെയ്തു (നാരായണഗുരു. സമ്പാദകന്‍ പി. കെ. ബാലകൃഷ്ണന്‍ 2000, 164). സ്മൃതിനോക്കി ഭരിക്കുന്ന സനാതനികള്‍ക്ക് ഭരണംകിട്ടിയാല്‍ ശൂദ്രര്‍ക്കും ചണ്ടാളര്‍ക്കും നീതികിട്ടുമോ എന്നും ഗുരുചോദിച്ചു. 1912ലെ ചെറായി മഹാസന്ദേശത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും പ്രാഥമികത നല്‍കി. പുത്തകാലയങ്ങളും സാഹിത്യസമാജങ്ങളും സ്ഥാപിക്കാനനുശാസിച്ചു.

ആധുനികതയേയും ജനായത്ത പ്രാതിനിധ്യത്തേയും പ്രമാണമാക്കിയ ഗുരു
ആധുനികതയെ സ്വന്തം ഗുരുവായിക്കണ്ടു നാണുഗുരു. സായിപ്പിന്‍ ഭരണം കൊണ്ട് വളരെ നേട്ടങ്ങളുണ്ട് എന്ന ഗുരുവരുള്‍ ആധുനികതയുടെ ഭാഷയായ ആംഗലത്തിനെതിരായ ദേശീയവിദ്യാഭ്യാസനയത്തിന്‍ അധീശപശ്ചാത്തലത്തില്‍ നിര്‍ണായകവും കര്‍ണാടക ചെയ്തപോലെ ദേശീയവിദ്യാഭ്യാസനയം റദ്ദാക്കി കേരളത്തിന്‍ പുതുനയത്തിലേക്ക് കടക്കാനുള്ള വഴിയുമാണ്. തല്‍ക്കാല സാമ്പത്തികലാഭേച്ഛയില്‍ ആയിരക്കണക്കിന് ഉന്നതാധ്യാപക പദവികളാണില്ലാതാക്കി ബിരുദാനന്തര വെയ്‌റ്റേജ് ഇല്ലാതാക്കി പുതുതലമുറയേയും ഉന്നതവിദ്യാഭ്യാസത്തേയും തകര്‍ക്കുന്നത്.

വൈദികവര്‍ണാശ്രമത്തെ വിമര്‍ശിച്ചുനിരാകരിക്കുന്ന ഗുരുവരുളുകളും സഹോദര, മൂലൂര്‍, കറുപ്പന്‍, ആശാന്‍ കവിതകളും സി. വി. കുഞ്ഞുരാമന്‍, സി. കേശവന്‍ ഗദ്യവും ആത്മകഥനങ്ങളും ജീവചരിത്രാഖ്യാനങ്ങളും വിദ്യാഭ്യാസമേഖലയിലാകെ എല്ലാത്തലത്തിലും വിഷയങ്ങളിലും പൊതുവായി വിന്യസിക്കപ്പെടണം. കേരളത്തിന്‍ അടിസ്ഥാന അശോകന്‍ ബൗദ്ധസംസ്‌കാരവും പള്ളിക്കൂടത്തിലേക്കും കലാശാലയിലേക്കും കടക്കണം. സി. വി. യും സഹോദരനുമായി ഗുരു നടത്തിയ സംവാദങ്ങളും മാനവധര്‍മ്മത്തിന്‍ വിശദീകരണങ്ങളും അടിസ്ഥാനപാഠ്യപദ്ധതികളിലെല്ലാം വരണം. വ്യാജഹൈന്ദവചരിതങ്ങളും ഗീതാഗിരികളും പുരാണപട്ടത്താനങ്ങളും അവസാനിപ്പിക്കണം. തികച്ചും ജാതിഹിന്ദു പാദജരും പരിവാരികളും സനാതന വൈദിക പുനരുത്ഥാനവാദികളെ നവനവോത്ഥാന നായകരായി കെട്ടിയെഴുന്നള്ളിച്ചു ക്ഷേത്രപ്രതിഷ്ഠയും ബഹുജനങ്ങളുടെ ചിലവില്‍ പൊതുവവധി കൊടുക്കുന്നതുമായ ക്ഷുദ്രപരിപാടി ഇടതുസര്‍ക്കാരുകള്‍ പുനപ്പരിശോധിക്കണം. സവര്‍ക്കര, ഗോളവള്‍ക്കറ പ്രഭൃതികളെ കേരളത്തില്‍ കൊണ്ടുവന്നു സ്വയംസേവകസങ്കികളെ മലയാളികുലീനരുടെ ആശാകേന്ദ്രമായി സ്ഥാപിച്ച സവര്‍ണജാഥാ കമാണ്ടരായ വിമോചനസമരനായകനെ നവോത്ഥാനനായകനാക്കുന്നത് ഇടതുപക്ഷമെന്നല്ല ആര്‍ക്കും ഭൂഷണമല്ല. വൈക്കം പോരാട്ടത്തിലെ ബഹുജനങ്ങളുടെ ശബ്ദനിര്‍വാഹകത്തങ്ങളെ ചുളുവില്‍ അടിച്ചുമാറ്റിയ സവര്‍ണജാഥയെന്ന തന്ത്രം പോലും ഗാന്ധിയുടെ ആശയമാണെന്ന് കമാണ്ടര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സിഖുകാരും ജോര്‍ജ് ജോസഫടക്കമുള്ള ന്യൂനപക്ഷ പോരാളികളേയും വൈക്കം പോരാട്ടത്തില്‍ നിന്നും തുരത്തിയതും ഗാന്ധിയുടേയും സര്‍ദാരപ്പണിക്കരുടേയും അജണ്ടയായിരുന്നു. ടി. കെ. മാധവന് കാക്കിനാഡയില്‍ വിഷയമവതരിപ്പിച്ചു പാസാക്കാനയത് മൗലാനാ മൊഹമ്മദാലിയുടെ വര്‍ണാശ്രമധര്‍മ്മത്തിനെതിരായ സാഹോദര്യത്തിലുമാണ്.

പ്രവേശനം നിഷേധിക്കപ്പെടുന്നിടത്തെല്ലാം മനുഷ്യരെന്ന നിലയില്‍ കടന്നുകയറണമെന്നും ഏതുപന്തിയിലും കടന്നിരിക്കണമെന്നും മനുഷ്യരെ തൊട്ടാലശുദ്ധിയാണെന്ന് കരുതുന്നവരെ ഒന്നും സ്വസ്ഥമായിയിരുന്നു ചെയ്യാനനുവദിക്കരുതെന്നും മൂടിവച്ചിരിക്കുന്ന പാല്‍പ്പായസം എടുത്ത് യഥേഷ്ടം കുടിക്കണമെന്നും പ്രവേശനവും സഞ്ചാരവും വിലക്കി വേലികെട്ടിയാല്‍ അതിനെ മറികടക്കണമെന്നും തല്ലിയാല്‍ തിരിച്ചുതല്ലരുതെന്നും വേണമെങ്കില്‍ പ്രവേശന പ്രാതിനിധ്യ അവകാശം സ്ഥാപിക്കാനായി മരിക്കാനും മടിക്കരുതെന്നും ഗുരുവരുളിയത് 1924ലെ വൈക്കം പോരാട്ടസന്ദര്‍ഭത്തിലാണ്. ഇത് വൈക്കത്ത് മാത്രം ചെയ്താല്‍പ്പോരെന്നും എല്ലായിടത്തും കയറണമെന്നും എന്നും എല്ലാവരും കയറണമെന്നും ഗുരു പറയുന്നു (ഗുരുവൈഖരി 271).

തീണ്ടലിനിരയായ ഗുരുവിനെ ഗാന്ധി തീയന്മാരുടെ ആത്മീയനേതാവാക്കി
തീയന്മാരുടെ ആത്മീയനേതാവ് കലാപത്തിനാഹ്വാനം ചെയ്യുന്നു എന്ന മട്ടില്‍ 1924 ജൂണില്‍ ഗാന്ധി യങ്ങിന്ത്യയില്‍ ഇതിനെതിരേയെഴുതിയപ്പോള്‍ അത് കലാപഹിംസാഹ്വാനമല്ലെന്നും സഞ്ചാരസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുളള പ്രസ്താവമാണെന്നും ഗുരു വിശദീകരിച്ചു. സത്യഗ്രഹികളുടെ കണ്ണില്‍ ഇണ്ടംതുരുത്തിയുടെ കാവലാളുകള്‍ ചുണ്ണാമ്പെഴുതുന്നു എന്നറിഞ്ഞപ്പോള്‍ വെടിവയ്ക്കും പറന്നുപോകരുത് എന്നാണ് ഗുരു മൊഴിഞ്ഞത് (ഗുരുവൈഖരി 267). നമുക്കൊരുവടിവേണം എന്നദ്ദേഹം പറഞ്ഞ മുഹൂര്‍ത്തമാണത്. തന്നെ തല്ലാന്‍വരുന്നവര്‍ വടിതേടിയലയരുതല്ലോ.

Sree Narayana Guru with Mahatma Gandhi

മഹാത്മ ഗാന്ധി, ശ്രീ നാരായണ ഗുരു

1925ല്‍ ഗാന്ധി വര്‍ക്കല വന്നു കണ്ടപ്പോഴും ഗുരു ആവര്‍ത്തിച്ചത് സഞ്ചാരസ്വാതന്ത്ര്യ മിശ്രഭോജനസമരങ്ങളില്‍ തികഞ്ഞ അഹിംസാമാര്‍ഗം പലപ്പോഴും അപ്രായോഗികമാകാമെന്നാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങളേയും പൗരാവകാശങ്ങളെയും ജനായത്ത പ്രാതിനിധ്യ വ്യവസ്ഥയേയും കേരളമണ്ണില്‍ സ്ഥാപിക്കുകയായിരുന്നു 1924-25 കാലത്തെ വൈക്കം പോരാട്ടഭൂമികയില്‍ ഗുരു. 1930കളിലെ വട്ടമേശ സമ്മേളനത്തിനായി അംബേദ്കര്‍ രൂപീകരിച്ച കരടുഭരണഘടനയിലാണ് എല്ലാ സമുദായങ്ങളുടേയും മതിയായ പര്യാപ്തമായ പ്രാതിനിധ്യത്തെ കുറിച്ചുളള വാദം വരുന്നത്. സാമുദായിക പ്രാതിനിധ്യമെന്ന സാമൂഹ്യജനായത്തമാണ് തന്റെ രാഷ്ട്രീയസുവിശേഷം എന്നു ഗുരുശിഷ്യനായ സഹോദരനും പ്രഖ്യാപിച്ചു ഈ കാലത്ത്. അംബേദ്കറുടെ അനുയായികളായ ഗായിക്കുവാദും സംഘവും സന്ദര്‍ശിച്ചപ്പോഴും ജാതിയെ നശിപ്പിക്കാനായി സഹോദരന്‍ പറഞ്ഞത് ഹിന്ദുമതത്തെ അഴിക്കുക എന്നായിരുന്നു. സനാതനികളുടെ വര്‍ണാശ്രമവാഴ്ച്ചയില്‍ ശൂദ്രര്‍ക്കും ചണ്ടാളര്‍ക്കും നീതികിട്ടില്ല എന്ന ഗുരുവരുളാണിവിടെയും മുഴങ്ങുന്നത്.

ജാതിലക്ഷണം, ജാതിനിര്‍ണയം എന്നീ രചനകളിലൂടെ ഹിന്ദുമതത്തിനാധാരമായ ജാതിയെ പരിപൂര്‍ണമായി നിരാകരിച്ചു തള്ളുകയാണ് ഗുരു. ജാതിയെ വിധിക്കുകയും സ്ഥാപിക്കുകയും ജാതിയാല്‍ നില്‍ക്കുകയും ചെയ്യുന്ന ജാതിതന്നെയാണ് ഹിന്ദുമതമെന്ന് സഹോദരന്‍ വിശദീകരിച്ചു. ജാതിയെ സനാതനമാക്കുന്ന സ്മൃതിശ്രുതിപുരാണപാഠങ്ങളുടെ ഹിന്ദുമതം സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും ഭീഷണിയായതിനാല്‍ ഡൈനമൈറ്റ് വച്ചു തകര്‍ക്കണമെന്നാണ് ഭരണഘടനാശില്പിയായ ഡോ. അംബേദ്കര്‍ ഇന്ത്യയുടേയും ലോകത്തിന്റേയും ഭാവിയേക്കരുതിപ്പറഞ്ഞത്. സനാതനധര്‍മമെന്ന് മേനിപറയുന്ന വര്‍ണാശ്രമധര്‍മം ഒരു മഹാമാരിയാണെന്നും അതിനെ ഉന്‍മൂലനം ചെയ്യണമെന്നും പറഞ്ഞ ആദ്യവ്യക്തിയല്ല ഉദയനിധി സ്റ്റാലിന്‍.

Udhayanidhi stalin

ഉദയനിധി സ്റ്റാലിന്‍

ജനായത്തവും പ്രാതിനിധ്യവും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും മാനിക്കുന്നവരെല്ലാം ഇതേ അഭിപ്രായക്കാരാണ്. കേരളമുഖ്യനായ, ജാതിത്തെറി കേട്ട് ദേവസംഓഡിനന്‍സ് പാസാക്കി ഭരണഘടനയുടെ പ്രാതിനിധ്യജനായത്ത അടിത്തറ തകര്‍ക്കാനറിഞ്ഞോ അറിയാതെയോ ഇടയായ അവര്‍ണനായ പിണറായി വിജയനും വര്‍ണാശ്രമധര്‍മ്മത്തെ തള്ളിപ്പറയേണ്ടി വന്നിരിക്കുന്നു. മണിപ്പിള്ളയുടെ മാനവരാശിക്കെതിരായ ഭരണഘടനാപരമായ കുറ്റകൃത്യത്തിന് നിയമമനുശാസിക്കുന്ന ശിക്ഷയും ഇനി കൊടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കെ. രാധാകൃഷ്ണനെ പോലുള്ള ദലിത മന്ത്രിമാരും ജനപ്രതിനിധികളും പോലും നിരന്തരം പൊതുവേദികളില്‍ സാനതനികളുടെ ജാത്യാധിക്ഷേപം നേരിടേണ്ടി വരുന്നതും നാം കണ്ടു. വിളക്ക് പോലും കൈയ്യില്‍ കൊടുക്കാതെ പൂജാരിമാരും പാദജരുമത് നിലത്തുവയ്ക്കുന്നു. കേരളമാകെ ദേവസംബോഡുപോലെ സവര്‍ണ സാമ്പത്തിക സംവരണീയരുടെ നൂറുശതമാനത്തോളം ജാതിസംവരണം കൈയ്യാളുന്ന ഒറ്റ ജാതിയുടെ ദൈവത്തിന്‍ സ്വന്തം നാടുമാക്കിമാറ്റിയിരിക്കുന്നു. ജാതിസെന്‍സസ് എന്ന സാമൂഹ്യസര്‍വേ അനിവാര്യമാണ്. പെരുന്നനായന്‍ എന്ന നവനാമജപഘോഷയാത്രാ കമാണ്ടര്‍ പറയുമ്പോള്‍ അതെങ്ങനെ മുടങ്ങിപ്പോകുന്നു എന്നതാണ് കാലികമായ ചോദ്യം.

ഗുരുവിനേയും ഇതര നവോത്ഥാനനേതാക്കളായ അയ്യന്‍കാളിയേയും നിരന്തരം ഇകഴ്ത്തുകയും അപമാനിക്കുകയും ചെയ്യുകയാണിന്ന് മലയാളികുലീനത. കുലീനകുത്തകച്ചൂത്തിരന്മാരെന്നുമറിയപ്പെടുന്ന കുകുച്ചകളടക്കം സാമൂഹ്യമാധ്യമങ്ങളിലും സൈബറിടങ്ങളിലും നിരന്തരമായി അയ്യനേയും മറ്റും പ്രതിനിധാനഹിംസ നടത്തുന്നു. അവരുടെ പേരുവിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടും അവര്‍ നിര്‍ബാധം വര്‍ഷങ്ങളായി മേയുകയാണ്. കാരണം അവരെല്ലാം വിശ്വാസിലഹളകള്‍ നടത്തി അമിതാധികാര കുത്തകകൈയ്യാളുന്ന കേരളത്തെ ദേവസംബോഡാക്കുന്ന കുലീനകുത്തക ഒളിഗാര്‍ക്കിയുടെ ആളുകളാണ്.

ഗുരുവിനു മാതൃകയും പ്രചോദനവുമായി, കേരളനവോത്ഥാനത്തെ ചേര്‍ത്തലനങ്ങേലിക്കും വൈക്കംദളവാക്കുളംരക്തസാക്ഷികള്‍ക്കും ശേഷം പത്തൊമ്പതാംനൂറ്റാണ്ടില്‍നയിച്ച, ആറാട്ടുപുഴയെ കുറിച്ചുളള പുതിയ ആഖ്യാനങ്ങളും പാഠങ്ങളും അദ്ദേഹത്തിന്‍ 200-ാം ജന്മവാര്‍ഷികവും 150-ാം രക്തസാക്ഷിത്തവും ഒരുമിച്ചുവരുന്ന 2024-25 കാലത്ത് കേരളസര്‍ക്കാര്‍ തന്നെ വ്യാപകമായി നടത്തേണ്ടതുണ്ട്. അമിതപ്രാതിനിധ്യക്കാരുടെ കുലീനകുത്തകഭരണം അവസാനിപ്പിച്ച് സാമൂഹ്യപ്രാതിനിധ്യവും ജനായത്തവും നീതിയും കേരളത്തിലുറപ്പാക്കാന്‍ വൈദികസനാതനവര്‍ണാശ്രധര്‍മ്മത്തിന്‍ ജാതിവര്‍ണവെറിയുടെ സങ്കടങ്ങളെ അവസാനിപ്പിച്ച് വാഴണംസുഖമെന്ന ഗുരുചിന്ത വെളിച്ചമാകട്ടെ. സത്യവും നീതിയും പ്രകാശിക്കട്ടെ.sree narayana guru and sanatana dharma controversy 

Content Summary: sree narayana guru and sanatana dharma controversy
Sree narayana guru sanathana dharma dr s ajay sekhar latest news pinarayi vijayan 
ഡോ. അജയ് എസ്. ശേഖര്‍

ഡോ. അജയ് എസ്. ശേഖര്‍

അസോസിയേറ്റ് പ്രൊഫസര്‍, ഇംഗ്ലീഷ് വിഭാഗം, കാലടി സര്‍വകലാശാല, Mob: 9895797798. Email ID; [email protected]

More Posts

Leave a Reply

Your email address will not be published. Required fields are marked *

×