‘കുട്ടിശങ്കരാ…’
ചാത്തോത്തെ പണിക്കരുടെ ആ വിളിയില്‍ ശങ്കര്‍ദാസ് എന്ന കുപ്പായം എന്നന്നേക്കുമായി അഴിഞ്ഞു വീഴുകയാണ്. അവിടുന്നങ്ങോട്ട് കുട്ടിശങ്കരന്‍ മാത്രമാണയാള്‍. അനുരാധയുടെ സ്നേഹം താന്‍ നേടിയിരിക്കുന്നു എന്നു തിരിച്ചറിയുന്ന നിമിഷത്തില്‍ അയാള്‍ തന്റെ യഥാര്‍ത്ഥ സ്വത്വത്തിന്റെ പൂര്‍ണതയില്‍ ലയിക്കുകയാണ്.
പ്രണയത്തോട് വീണ്ടും വീണ്ടും കൊതി തോന്നിപ്പിക്കുന്നതാണ് അഴകിയ രാവണന്‍ എന്ന സിനിമയുടെ ക്ലൈമാക്സ്.
മലയാള സിനിമയ്ക്കു നല്‍കിയ മികച്ച പ്രണയാനുഭവങ്ങള്‍ക്കു കൂടി ശ്രീനിവാസനോട് നന്ദി പറയണം. എഴുത്തുകാരനായും അഭിനേതാവായും അസൂയ തോന്നിപ്പിക്കും വിധം ശ്രീനിയൊരു ഹൃദയശുദ്ധിയുള്ള കാമുകനായിരുന്നു.
ഭര്‍ത്താവുമൊന്നിച്ചു പോകുന്ന സ്‌നേഹലതയ്ക്കായി വഴി മാറി കൊടുക്കുന്ന, പാര്‍വതി ടീച്ചര്‍ക്ക് കടന്നു വരാനായി ഇല്ലിക്കമ്പ് മാറ്റിക്കൊടുക്കുന്ന ഭാസ്‌കരന്‍ കാമുക ഹൃദയത്തിന്റെ രണ്ട് ഭാഗങ്ങളായി എന്നും മനസിലുണ്ട്. തട്ടാന്റെ ഒടുവിലത്തെ ചിരിക്ക് പ്രണയത്തിന്റെ പൊന്‍ തിളക്കം വരുന്നത്, അത് ശ്രീനിവാസന്റെ ചിരിയായതുകൊണ്ടു കൂടിയാണ്.
പ്രണയത്തിന്റെ മഴയത്തേക്ക് ഇറങ്ങി നില്‍ക്കാന്‍ തോന്നിപ്പിക്കും വിധം മോഹിപ്പിച്ചവരാണ് നന്ദനും ഉമയും. സ്‌നേഹം പിടിച്ചു വാങ്ങാന്‍ തോന്നുമ്പോഴെല്ലാം ശ്രുതിയുടെ തേങ്ങല്‍ ഉള്ളില്‍ തികട്ടും. ജീവിതത്തിന്റെ സത്ത രുചിക്കാനും അതിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടാനും പ്രണയം ഒരു മാര്‍ഗമാണ്.
ശ്രീനി സ്വയം അണിഞ്ഞതും അയാള്‍ എഴുതിയുണ്ടാക്കിയതുമായ കാമുകന്മാര്‍ ഗന്ധവര്‍മന്മാരോ, അമാനുഷികരോ ആയിരുന്നില്ല. അണിയുന്ന വേഷങ്ങളുടെ ഗൗരവത്തിനപ്പുറം വെറും സാധാരണക്കാരായിരുന്നു. ആത്മവിശ്വാസമില്ലായ്മയും അരക്ഷിതത്വവും അവരിലുണ്ടായിരുന്നു.
ശ്രീനിയിലെ ഇഷ്ടപ്പെട്ട മറ്റൊരു കാമുകനാണ് അങ്ങനെയൊരു അവധിക്കാലത്തിലെ ബാലകൃഷ്ണന്‍. ഒരു മനുഷ്യന്റെ എല്ലാ ദൗര്‍ബല്യങ്ങളും പേറുന്ന, അതിന്റെ ഫലമായി സ്വന്തം ഇഷ്ടം പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്ന, ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് ഒളിച്ചോടാന്‍ ശ്രമിക്കുന്ന ഒരു ശരാശരിക്കാരന്‍. ‘ഞാന്‍ നിങ്ങളെപ്പോലൊരു വലിയ മനുഷ്യനൊന്നുമല്ലായെന്ന് അയാള്‍ മുകേഷ് അവതരിപ്പിച്ച നന്ദനോട് പറയുന്നിടത്താണ് യഥാര്‍ത്ഥത്തില്‍ ബാലകൃഷ്ണന്റെ ഹൃദയശുദ്ധി വെളിവാക്കപ്പെടുന്നത്. നിര്‍മലയോട് ബാലകൃഷ്ണനുള്ള സ്‌നേഹം അയാള്‍ പ്രകടിപ്പിക്കുന്നത്, അവളെ നന്ദനോടൊന്നിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ആ നിസ്സഹായതയിലാണ്.
വിട്ടുകൊടുക്കുന്നതിന്റെയോ പരാജയത്തിന്റെയോ വേദന ഒരു ചെറു ചിരികൊണ്ട് പൊതിഞ്ഞു പിടിക്കുന്ന ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ പലതുണ്ട്. ശ്രീനി ആ ചിരി ചിരിക്കുമ്പോള്‍ കണ്ടിരിക്കുന്നവരുടെ ഉള്ളു നോവും. ശിവനും രാധയ്ക്കും നന്മകള്‍ നേര്‍ന്ന് അവരുടെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന ഡോ. അനിരുദ്ധനും അങ്ങനെയാണ് ചിരിക്കുന്നത്.
ശ്രീനി സൃഷ്ടിച്ച ന്യൂജെന്‍ പ്രണയിതാക്കളായിരുന്നു അപരിചിതരായ രണ്ടു യാത്രക്കാരായി കണ്ടുമുട്ടിയ രാമനുജനും ജ്യോതിയും. നാട്ടുവഴികളില്‍ നിന്നും നഗരത്തിരക്കിലേക്ക് ശ്രീനി ആദ്യമായി കൊണ്ടുപോയി നിര്‍ത്തിയ പ്രണയം. ശ്രീനിയുടെ കാമുകന്മാരെ ശ്രദ്ധിച്ചിട്ടുണ്ടോ! അവരില്‍ ഭൂരിഭാഗവും തങ്ങളുടെ ഇഷ്ടം വിട്ടുകൊടുക്കാന്‍ തയ്യാറായവരാണ്. തങ്ങള്‍ സ്‌നേഹിച്ചവരോട് കാണിക്കുന്ന ബഹുമാനമാണ് അവരുടെ ത്യാഗം. നീയെനിക്ക് അനിവാര്യമാണെന്ന് അപ്പുറത്ത് നില്‍ക്കുന്ന ഒരാള്‍ക്ക് തോന്നിക്കും വിധം സ്‌നേഹം വിജയിക്കുന്നതുകൊണ്ടാണ് ജ്യോതിക്ക് റാം ഇല്ലാതെ പറ്റില്ലെന്ന് മനസിലാകുന്നത്.
പ്രണയം നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധിയാണ് സേതുമാധവന്റെയും സുലോചനയും ജീവിതം. വിവാഹത്തിന് മുമ്പും ശേഷവുമുള്ള പ്രണയത്തിന്റെ രൂപമാറ്റം അവിടെ കാണാം. ദൂരെ നില്‍ക്കുമ്പോള്‍ സുന്ദരവും അടുത്തറിയുമ്പോള്‍ കയ്പ്പും തോന്നിപ്പിക്കുന്നതാണ് പ്രണയമെന്നല്ല സേതുവും സുലുവും പറയുന്നത്. ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ പെടുമ്പോള്‍ പ്രണയത്തിന്റെ സ്വഭാവം മാറുമെങ്കിലും, പരസ്പരമുള്ള മനസിലാക്കല്‍ പ്രണയം രണ്ടുപേര്‍ക്കിടയില്‍ സ്ഥായിയായി നിലകൊള്ളുമെന്നാണ് അവര്‍ നമ്മളോട് പങ്കുവയ്ക്കുന്ന മനോഹരമായ ഫിലോസഫി.
പ്രണയത്തിന്റെ ശുദ്ധി പ്രകടിപ്പിക്കാനാണ്, അതിനെ ഗ്ലാമറൈസ് ചെയ്യുന്നതിനേക്കാള്‍ ശ്രീനിവാസന്‍ ശ്രമിച്ചിരിക്കുന്നത്. ഒരു തടസവുമില്ലാതെ സഞ്ചരിക്കുന്ന പ്രണയം ശ്രീനിവാസന്‍ സിനിമകളിലോ കഥാപാത്രങ്ങളിലോ കാണാനാകില്ല. പ്രണയത്തെ അമിതമായി മഹത്വവത്കരിക്കുന്നുമില്ല. ജീവിതത്തിലെ ഒരു രംഗം മാത്രം. ശ്രിനീവാസന്‍ പ്രണയങ്ങള്‍ക്ക് സ്ഥിരം ബിംബങ്ങളില്ല. മഞ്ഞുമൂടി കിടക്കുന്ന പൂന്തോട്ടങ്ങളോ, വയലിന്‍ പശ്ചാത്തലമോ ഇല്ല. അതൊരിക്കലുമൊരു ഗ്ലാമര്‍ ലോകമല്ല. പലപ്പോഴും ഏറ്റവും പ്രതിസന്ധനിറഞ്ഞൊരു ഘട്ടമായാണ് ശ്രീനിയുടെ പ്രണയങ്ങള്‍ തോന്നിയിട്ടുള്ളത്. അതിന് ജീവിതത്തിന്റെതായ എല്ലാ ദൗര്‍ബല്യങ്ങളും കാണും.
ഭാവനയ്ക്ക് അപ്പുറം വിധി സഞ്ചരിക്കും. സത്യസന്ധയുണ്ടെങ്കില്‍ ഇന്ന് വിഡ്ഡി വേഷം കെട്ടേണ്ടി വരുന്നവര്‍ക്ക് നാളെ അവരുടെ പ്രണയം വിജയത്തിന്റെതായി മാറും. ഗോപാലകൃഷ്ണന്‍ മാഷിന്റെ ‘ പ്രതികാരം’ പോലെ പ്രണയം നിങ്ങളെ ഒരു യഥാര്‍ത്ഥ ഹീറോയാക്കും. അതീവ സുന്ദരന്മാരായ നായകന്മാര്‍ക്ക് മാത്രം അവകാശപ്പെട്ട ഒന്നാണ് പ്രണയം എന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഗോപാലകൃഷ്ണന്‍ മാഷ്.
പ്രണയിക്കാന്‍ വേണ്ടത് മനോഹരമായൊരു രൂപമല്ല. സ്‌നേഹിക്കുക എന്നതുമാത്രമാണ് സ്‌നേഹിക്കപ്പെടാനുള്ള തന്ത്രം. കണ്ണാടിയില്‍ നോക്കി സ്വന്തം മുഖം ശരിയല്ലെന്ന് പരിതപിക്കുന്ന തളത്തില്‍ ദിനേശനെ ശ്രീനി കാണിച്ചു തന്നത്, നമ്മളില്‍ തന്നെയുള്ള അപകര്‍ഷതബോധം എടുത്തുകളയാനാണ്. പ്രണയം ഒരു കവിതയല്ല, മറിച്ച് പലപ്പോഴും ജീവിതത്തോടുള്ള ഒരു സമരമാണെന്നാണ് ശ്രീനിവാസന്‍ ഓര്‍മിപ്പിക്കുന്നത്. പ്രണയപരാജയങ്ങളിലെ ഓരോ ചിരിയിലും ഒരു ശരാശരി മലയാളിയുടെ സ്വപ്നഭംഗങ്ങളുടെ നനവുണ്ടായിരുന്നു. അതുകൊണ്ട് ചിരിപ്പിച്ച ശ്രീനിവാസനേക്കാള്‍ ഒരുതരി ഇഷ്ടം കൂടുതല്‍ ചിന്തിപ്പിക്കുകയും നോവിക്കുകയും ചെയ്തിട്ടുള്ള ആ ചെറിയ വലിയ മനുഷ്യഷനെയാണ്.
Content Summary; The romantic characters and their love stories created and presented by Sreenivasan
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.