ഇന്ത്യ ഇപ്പോള്‍ നേരിടുന്നൊരു പ്രധാന പ്രശ്‌നം തെരുവ് നായ്ക്കളാണ്. കേരളത്തിലാണെങ്കിലും രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണെങ്കിലും എവിടെവച്ചു വേണമെങ്കിലും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ‘ കടി’ യേല്‍ക്കാം. പരമോനത കോടതി തന്നെ ഇടപെട്ടിട്ടും നായ പ്രശ്‌നം ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
ദേശീയ തലസ്ഥാനത്തെ തെരുവ് നായ്ക്കളുടെ എണ്ണം സംബന്ധിച്ച് ഓഗസ്റ്റില്‍ ഇന്ത്യന്‍ സുപ്രീം കോടതി രണ്ട് വ്യത്യസ്ത ഉത്തരവുകള്‍ നല്‍കിയിരുന്നതാണ്. ഇപ്പോഴിതാ, ഈ നായ പ്രശ്‌നം ഇന്ത്യയെ ലോകത്തിന് മുന്നില്‍ തല കുനിക്കാന്‍ കാരണമാക്കിയിരിക്കുകയാണ്.
പന്ത്രണ്ടാമത് ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനായി ന്യൂഡല്‍ഹിയിലെത്തിയ കെനിയന്‍ സ്പ്രിന്റ് പരിശീലകന്‍ ഡെന്നിസ് മവാന്‍സോയെയും ജാപ്പനീസ് അസിസ്റ്റന്റ് പരിശീലകന്‍ മീകോ ഒകുമാത്സുവിനെയും വെള്ളിയാഴ്ച രാവിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ വാം-അപ്പ് ട്രാക്കില്‍ വച്ച് തെരുവ് നായ്ക്കള്‍ കടിച്ചു.
2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനും 2036 ലെ ഒളിമ്പിക്‌സിനും വേദിയാകാന്‍ വേണ്ടി മത്സരിക്കുന്ന ഇന്ത്യ ആദ്യമായാണ് ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ നടക്കുന്ന ആഗോള മത്സരത്തില്‍ 104 രാജ്യങ്ങളില്‍ നിന്നുള്ള 1,200 ല്‍ അധികം അത്ലറ്റുകള്‍ പങ്കെടുക്കുന്നുണ്ട്.
രാവിലെ ഒമ്പതരയോടെയാണ് ഡെന്നിസിന് കടിയേല്‍ക്കുന്നത്. അദ്ദേഹത്തെ ഉടന്‍ തന്നെ സഫ്ദര്‍ജംഗ് ആശുപത്രയില്‍ പ്രവേശിപ്പിച്ച് റാബിസ് വാക്‌സിന്‍ നല്‍കി. 200 മീറ്റര്‍ സ്പ്രിന്റര്‍ സ്റ്റേസി ഒബോണിയോയെ രാവിലെ പരിശീലിപ്പിക്കുന്നതിനിടയിലാണ് കെനിയന്‍ പരിശീലകനു കടിയേല്‍ക്കുന്നത്. സ്റ്റാര്‍ട്ടിംഗ് ബ്ലോക്കുകള്‍ ശരിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഡെന്നിസിന്റെ കാല്‍വണ്ണയില്‍ ഒരു തെരുവ് നായ കടിച്ചത്.
ആദ്യം വിചാരിച്ചത് ആരോ എന്നെ പിടിച്ചു വലിക്കുന്നതായാണ്. തിരിഞ്ഞു നോക്കിയപ്പോഴാണ് കറുപ്പും വെളുപ്പും നിറമുള്ള ഒരു നായയാണെന്ന് കണ്ടത്. അതിന്റെ പിടിയില്‍ നിന്നും വിടാന്‍ വേണ്ടി ഞാനതിനെ അടിച്ചു. നായയ്ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടോ എന്നൊന്നും അറിയാത്തതിനാല്‍, ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് ഡെന്നിസ് പ്രതികരിച്ചത്.
ജപ്പാന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായ ഒകുമാത്സുവിനും രാവിലെ നടന്ന പരിശീലന സെഷനില്‍വച്ചാണ് കടിയേല്‍ക്കുന്നത്. രാവിലെ എന്നെ ഒരു നായ കടിച്ചു, പക്ഷേ ഭാഗ്യവശാല്‍ മെഡിക്കല്‍ സംഘത്തിന്റെ പരിചരണം കിട്ടിയതുകൊണ്ട് കുഴപ്പമില്ലെന്നാണ് ഒകുമാത്സു പറഞ്ഞത്.
അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പോലെ ഒരു ആഗോള മേള നടക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകും. തങ്ങളുടെ പരിശീലകന് നായയുടെ കടിയേറ്റതില്‍ പ്രതികരിച്ചുകൊണ്ട് കെനിയന്‍ ടീം ഡോക്ടര്‍ മൈക്കല്‍ ഒകാരോ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഡല്‍ഹിയില്‍ തെരുവ് നായകളുടെ കടിയേല്‍ക്കുന്നത് ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. 2023 ല്‍ 17847 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2024 ല്‍ അത് 25,210 ആയി. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 3,200 കേസുകള്‍ ഉണ്ടായി. ഡല്‍ഹിയില്‍ ഏകദേശം എട്ടുലക്ഷം തെരുവ് നായകള്‍ ഉണ്ടെന്നാണ് കണക്ക്.
ചാമ്പ്യന്‍ഷിപ്പ് വേദികള്‍ക്ക് അരികില്‍ ആളുകള്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും ഇത് പതിവായതുകൊണ്ടാണ് നായകള്‍ ഈ പരിസരത്ത് വരുന്നതെന്നും രണ്ടു പരിശീലകര്‍ക്ക് കടിയേറ്റതെന്നുമാണ് പാര അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സംഘടക സമിതി കുറ്റപ്പെടുത്തുന്നത്.
Content Summary; Stray Dog Bites Foreign Coaches at World Para Athletics Championships in delhi. Stray Dog Issue in national capital
This post was last modified on October 4, 2025 8:33 am
Leave a Comment