കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോളേജുകളിൽ നിന്ന് വലിയ രീതിയിലുള്ള വിദ്യാർത്ഥി കൊഴിഞ്ഞു പോക്കാണ്. സീറ്റുകൾ ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയതോടെ പല കോളേജുകളും അടച്ചു പൂട്ടി. സാമ്പത്തിക വെല്ലുവിളികൾ മൂലം അൺ എയ്ഡഡ് കോളേജുകൾക്ക് അതിജീവനം ബാധ്യതയാകുകയാണ്. എന്താണ് വിദ്യാഭ്യസ മേഖല നേരിടുന്ന ഈ അനിശ്ചിതാവസ്ഥക്ക് പിന്നിൽ ? Colleges shut down
ഉന്നതവിദ്യാഭ്യാസരംഗം ഒരു വലിയ ദുരന്തമാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്ന്, കോട്ടയം ഗുഡ് ഷെപ്പേർഡ് കോളേജ് മുൻ ഡയറക്ടർ തോമസ് ജോസ് പറയുന്നു. ബികോം, ബിബിഎ എന്നീ വിഷയങ്ങളിൽ റെഗുലർ, ഫുൾടൈം ഡിഗ്രി കോഴ്‌സുകളായിരുന്നു ഗുഡ് ഷെപ്പേർഡ് കോളേജിൽ ഉണ്ടായിരുന്നത്. കോവിഡ് മഹാമാരിക്ക് മുൻപ് കുട്ടികളുടെ എണ്ണം 200 ന് അടുത്തായിരുന്നു. എന്നാൽ കോവിഡ് കഴിഞ്ഞതോടെ പ്രവേശനത്തിന് എ ത്തുന്ന കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഉപരിപഠനത്തിനായി വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നതാണ് കൊഴിഞ്ഞു പോക്കിന് പിന്നിൽ. മധ്യതിരുവിതാം കൂറിൽ നിന്നാണ് കൂടുതൽ ആളുകളും പോകുന്നത്. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതികൂലമായാണ് ബാധിക്കുന്നത്.
ബിരുദ പഠനം അപ്രത്യക്ഷമാകുന്നുവോ ?
”60 ശതമാനം വിദ്യാർത്ഥികൾ പഠിച്ചിരുന്നിടത്ത് നിന്ന് 10 ശതമാനമായി താഴേക്ക് പോകുമ്പോൾ കേരളത്തിലെ യുവാക്കളുടെ വിദ്യാഭ്യാസ അഭിരുചിയിലുണ്ടായ മാറ്റമാണ് വ്യക്തമാകുന്നത്. വിദേശ പഠനത്തിന് വഴി ഒരുക്കുന്ന ഒരു സ്വകാര്യ ഏജൻസി ഒരൊറ്റ ദിവസം കൊണ്ട് 5000 ത്തിന് മുകളിൽ വിദ്യാർത്ഥികളെ ഉപരിപഠനത്തിന് എത്തിച്ചുവെന്നത് വാർത്തയായിരുന്നു. കേരളത്തിലെ യുവാക്കൾ എങ്ങോട്ട് പോകുന്നു എന്നതിന്റെ ഉദാഹരണമാണിത്. കോട്ടയം ലോക്സഭാ മണ്ഡലം പരിശോധിക്കുകയാണെങ്കിൽ ഈ ചിത്രം കുറച്ചു കൂടി വ്യക്തമാകും. 2021 ലെ തെരഞ്ഞെടുപ്പിൽ ഉണ്ടായതിനേക്കാൾ കുറഞ്ഞ പോളിംഗ് ആണ് യുവ വോട്ടർമാർക്കിടയിൽ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ നിന്ന് ബിരുദം പൂർത്തിയാക്കിയാൽ എന്ത് ജോലി ലഭിക്കും? എത്ര സാലറി ലഭിക്കുമെന്ന ചിന്തകൾ കൂടി ഇതിന് ആക്കം കൂട്ടുന്നുണ്ട്. എയ്ഡഡ് കോളേജുകളിൽ തന്നെ സീറ്റുകൾ ബാക്കിയാവുകയാണ്. 75 ശതമാനത്തിൽ താഴെ മാർക്ക് വാങ്ങിയിരുന്ന കുട്ടികൾക്ക് സർക്കാർ കോളേജുകളിൽ സീറ്റ് ലഭിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്, എന്നാൽ ഇന്ന് സ്ഥിതി അതല്ല. അത്തരമൊരു സാഹചര്യത്തിൽ അൺ എയ്ഡഡ് കോളേജുകൾ അടച്ചു പൂട്ടലിന്റെ വക്കിലാണ്” അദ്ദേഹം പറയുന്നു.
14 കോളേജുകളാണ് വിവിധ കോഴ്സുകളിൽ വിദ്യാർത്ഥികൾ ഇല്ലാത്തതു മൂലം അടച്ചു പൂട്ടേണ്ടി വന്നത്.
താൽപര്യം വിദേശ പഠനമോ
വിദേശ പഠനത്തിനപ്പുറം വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടുന്ന മറ്റൊരു വസ്തുത വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന കോഴ്സുകളാണ്. ഒരുകാലത്ത് ഗ്ലാമർ കോഴ്സുകൾ എന്നറിയപ്പെട്ടിരുന്ന ഇംഗ്ലീഷ്, ബിസിഎ പോലുള്ളവയിൽ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുത്തിരുന്നത്. ഇന്ന് ഈ കോഴ്സുകൾ പഠിക്കാൻ വിദ്യാർത്ഥികൾ ഇല്ലെന്ന് മാത്രമല്ല, ഈ വിഷയങ്ങളിൽ ബിരുദം ചെയ്തവർ പോലും പാരാമെഡിക്കൽ കോഴ്സുകൾ വീണ്ടും ചെയ്യുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അഫിലിയേറ്റ് ചെയ്ത അത്തരം സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് കൂടുതൽ വിദ്യാർത്ഥികളും ശ്രദ്ധ തിരിച്ചിരിക്കുന്നത്. മറ്റു വിഷയങ്ങളെ അപേക്ഷിച്ച് പഠിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ജോലി സാധ്യതയുണ്ടെന്ന ഘടകമാണ് ഇവരെ ആകർഷിക്കുന്നത്. ഈ വിഷയങ്ങൾ നിലനിൽക്കെ 4 വർഷത്തെ ഡിഗ്രി കോഴ്സും ഇതിന് ആക്കം കൂടുന്നതായി അക്കാദമിക രംഗത്തെ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
3 വർഷത്തെ ഡിഗ്രി കോഴ്സുകൾക്ക് ചേരാൻ പോലും വിദ്യാർത്ഥികൾ മടി കാണിക്കുന്നിടത്താണ് 4 വർഷ ബിരുദം ബാലികേറാ മലയാകുന്നത്. ബിസിഎ പോലുള്ള കോഴ്സുകൾ 4 വർഷം പഠിക്കുന്നതിന് പകരമായി ആർക്കിടെക്ച്ചർ പോലുള്ള വിഷയങ്ങളിൽ ബിരുദം ചെയ്യാനാണ് വിദ്യാർത്ഥികൾ താൽപര്യപ്പെടുന്നത്. നാലാം വർഷം റിസർച് ആയതു കൊണ്ട് തന്നെ അക്കാദമിക് മേഖലിയിൽ തലപര്യമുള്ളവർക്ക് മാത്രമേ അത് ഗുണം ചെയ്യുകയുള്ളൂ. ഇത്തരത്തിലുള്ള പല ഘടകങ്ങൾ ബിരുദ കോഴ്സുകളിലുള്ള വിശ്വാസം നഷ്ട്ടപെടാൻ ഇടയാക്കിയതായി ആക്ഷേപമുണ്ട്. നാല് വർഷത്തെ ബിരുദ പ്രോഗ്രാമുകളിൽ (FYUP) രണ്ട് വർഷം ഡിപ്ലോമ എന്ന നിലയിലും, മൂന്ന് വർഷം ഡിഗ്രിയും, നാലാം വർഷം റിസർച്ചിൽ ബിരുദവുമാണ്. എന്നാൽ ഇക്കാര്യങ്ങളിൽ ഇനിയും ആശങ്കകൾ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് അക്കാദമിസ്റ്റുകൾ പറയുന്നു. ഇതോടു കൂടി ബിരുദാനന്ത ബിരുദം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ ഇനിയും കുറയുമെന്ന ആശങ്കയുണ്ട്.
മാറണം കോഴ്സുകൾ ? Colleges shut down
ഇത് കൂടാതെ 18 അധ്യാപകരും, 9 നോൺ ടീച്ചിങ് സ്റ്റാഫുകളും ജോലി നോക്കുന്ന ചെറിയ കോളേജുകൾ പോലും അടച്ചു പൂട്ടിയാൽ യൂണിവേഴ്‌സിറ്റിയെ അത് പ്രതികൂലമായി ബാധിക്കും. തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കടക്കം ഇന്റർ സ്റ്റേറ്റ് മൈഗ്രേഷൻ എങ്കിലും തടയാനായുള്ള മാർഗങ്ങൾ അവലംബിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ഇന്ന് 14 കോളേജുകൾ എന്നിടത്ത് അടുത്ത വർഷം 28 എന്ന നിലയിലേക്ക് അടച്ചു പൂട്ടലിന്റെ വേഗത കൂടിയേക്കാമെന്ന് പേര് വെളുപ്പെടുത്താൻ തയാറല്ലാത്ത ഒരു അധ്യാപകൻ പറയുന്നു. ചെറിയ രീതിയിൽ നടത്തി കൊണ്ട് പോകുന്ന കോളേജുകൾ അടച്ചു പൂട്ടുന്നതിനെ സാമ്പത്തിക ശേഷിയുടെ പരിധിയിൽ നിർത്താനാകുമെങ്കിലും, പ്രശസ്തമായ മാനേജ്മെന്റുകളുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജുകളുടെ സമാന അവസ്ഥയെ എങ്ങനെ വിലയിരുത്തണമെന്ന് അദ്ദേഹം ചോദിക്കുന്നു. Colleges shut down
Content summary; Colleges in Kerala have shut down due to financial difficulties.