വയനാട്ടിലെ ആത്മഹത്യകള്‍; തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് ബാലികേറാമലയാകുമോ?

വയനാട്ടില്‍ അസ്വാരസ്യങ്ങള്‍ പുകയുമ്പോഴും നേതൃത്വം ഇടപെടൽ നടത്തിയില്ല

വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുമ്പോള്‍ കോൺ​ഗ്രസിന് ബാലികേറാ മലയാകുമോ വരുന്ന തിരഞ്ഞെടുപ്പുകള്‍? ‘കൈ’ വിട്ട് പോയ പ്രതാപം തിരികെ പിടിക്കാനുള്ള തത്രപ്പാടിലായ കോൺ​ഗ്രസിന്റെ എല്ലാ സാധ്യതകളും തള്ളിക്കളയുകയാണ് പുതിയ വിവാദങ്ങൾ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാരോപണങ്ങളും തുടർന്നുള്ള വെളിപ്പെടുത്തലുകളും കോൺ​ഗ്രസിനേറ്റ വലിയൊരു പ്രഹരമായിരുന്നു. അതിനെ തുടർന്ന് പാർട്ടിക്കുള്ളിലുണ്ടായ അസ്വാരസ്യങ്ങൾ വ്യക്തവുമായിരുന്നു. ആ ​​ക്ഷീണത്തിൽ നിന്ന് കരകയറും മുമ്പേ, അക്രമ രാഷ്ട്രീയത്തോട് വിമുഖത കാണിക്കുന്ന കോൺ​ഗ്രസിന്റെ കപടമുഖം വലിച്ചു കീറുന്ന സംഭവവികാസങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി വയനാട്ടിൽ ആത്മഹത്യ ചെയ്ത മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകള്‍ പത്മജ രം​ഗത്ത് വന്നതോടെ കോൺ​ഗ്രസ് നിലയില്ലാക്കയത്തിലായെന്ന് തന്നെ പറയാം.

പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലാണ് വയനാട് ഡിസിസി. വയനാട്ടില്‍ അസ്വാരസ്യങ്ങള്‍ പുകയുമ്പോഴും നേതൃത്വം ഇടപെടൽ നടത്തിയില്ല.  കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് വയനാട്ടിൽ 10 വർഷത്തിനിടെ അഞ്ച് നേതാക്കളാണ് മരിച്ചത്. കള്ളക്കേസും കൈയാങ്കളിയും അഴിമതിയാരോപണങ്ങളും പിന്നിട്ട് രണ്ടു പ്രധാനനേതാക്കള്‍ ജീവനൊടുക്കിയ ദാരുണാവസ്ഥയിലേക്ക് ഗ്രൂപ്പുകളി കൈവിട്ടിട്ടും നിയന്ത്രിക്കാനാകുന്നില്ല. വയനാട് മണ്ഡലവുമായി അടുത്ത ബന്ധമുള്ള രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രശ്നത്തെക്കുറിച്ച് വിവരങ്ങള്‍ തേടിയെങ്കിലും, കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ല.

വയനാട് മുൻ ഡിസിസി പ്രസിഡന്റെ് എൻഎം  വിജയൻ, മകൻ ജിജേഷ്, മുള്ളൻകൊല്ലി ​ഗ്രാമപഞ്ചായത്ത് മെമ്പറും കോൺ​ഗ്രസ് മെമ്പറുമായ ജോസ് നല്ലേടം എന്നിവരുടെ ആത്മഹത്യ കോൺ​ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുകയാണ്. പ്രാദേശിക ഗ്രൂപ്പുവഴക്കുകളും സാമ്പത്തികക്രമക്കേടുകളും ആരോപിച്ച് ഡിസിസി ട്രഷററായിരുന്ന എന്‍.എം. വിജയനും ഇപ്പോള്‍ ആരോപണവിധേയനായ ജോസ് നെല്ലേടവും ജീവനൊടുക്കുന്നതിലേക്ക് എത്തിച്ചത്. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയ്ക്കുവേണ്ടി രണ്ടേകാൽ കോടി രൂപയുടെ കടക്കാരനായി പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് എം എൻ വിജയൻ മകനൊപ്പം ആത്മഹത്യ ചെയ്തത്. നേതൃത്വവുമായി ഉണ്ടാക്കിയ ധാരണ ലംഘിക്കപ്പെട്ടതിനെ തുടർന്ന് വിജയന്റെ മകന്റെ ഭാര്യ പത്മജ ശനിയാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയിൽ വച്ചും പത്മജ കോൺ​ഗ്രസിനെതിരെ തുറന്നടിച്ചു.

ജൂലൈയില്‍ മുള്ളന്‍കൊല്ലിയില്‍ നടന്ന വികസനസെമിനാറില്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനുനേരേ നടന്ന കൈയേറ്റത്തിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍തന്നെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാന്‍ പരസ്യതാക്കീത് നല്‍കിയിരുന്നു. എന്നാല്‍, അതൊന്നും വിലപ്പോയില്ല. കോണ്‍ഗ്രസ് നേതാവ് കാനാട്ടുമലയില്‍ തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കി 16 ദിവസം ജയിലിലടപ്പിച്ചതിന് പിന്നാലെ നടന്ന ആരോപണ-പ്രത്യാരോപണങ്ങളാണ് ജോസ് നെല്ലേടത്തിന്റെ മരണത്തിലേക്ക് നയിച്ചത്. നേതാക്കളുടെ മരണത്തിലേക്കെത്തിച്ച രണ്ടുവിഷയങ്ങളിലും ഡിസിസി പ്രസിഡന്റുതന്നെ ആരോപണവിധേയനാണ് എന്നതാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെയും വലയ്ക്കുന്നത്.

ജില്ലയിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലെല്ലാം പ്രാദേശികനേതാക്കളുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളി യുഡിഎഫിന് ഒന്നാകെ തലവേദനയായി മാറിയിരിക്കുകയാണ്‌. സംസ്ഥാന സമവാക്യമോ ഗ്രൂപ്പുകളോ അല്ല ഇതിനെ നിയന്ത്രിക്കുന്നത്. പ്രാദേശികതാത്പര്യങ്ങള്‍ മാത്രമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകൂടി അടുക്കാറായതോടെ ഗ്രൂപ്പുകള്‍ സജീവവുമാണ്. 15 ന്‌ ചേരുന്ന കെപിസിസി യോഗത്തില്‍ ഈ വിഷയവും ചര്‍ച്ചയാവുമെന്നും ആരോപണങ്ങളെല്ലാം അന്വേഷിക്കാന്‍ കമ്മിഷനെ നിയമിക്കുമെന്നുമാണ് നേതാക്കളും പ്രതീക്ഷിക്കുന്നത്.

വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും ജോസ് നല്ലേടത്തിന്റെയും ആത്മഹത്യയും അതിനോടനുബന്ധിച്ചുണ്ടായ വിവാദങ്ങളും വയനാട്ടിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. പണമിടപാടുകളും നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളും, വിജയന്റെ കുടുംബം നേരിട്ട ദുരിതങ്ങളും പാർട്ടിക്ക് വലിയ തിരിച്ചടിയാണ്. ഇത് കോൺഗ്രസ് പാർട്ടിക്കുള്ളിൽത്തന്നെ അസ്വാരസ്യങ്ങൾ ഉണ്ടാക്കാനും ചില പ്രവർത്തകരെ പാർട്ടിയിൽനിന്ന് അകറ്റാനും സാധ്യതയുണ്ട്. കാരണം വിഷയം  കോൺഗ്രസ് നേതാക്കളുടെ ധാർമ്മികതയെ കൂടി ചോദ്യം ചെയ്യുന്നതാണ്. മധ്യവർഗ്ഗത്തിലും സാധാരണക്കാരായ വോട്ടർമാരെയും ഇത് സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഈ വിഷയത്തിന്റെ ആഴം, മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും സ്വാധീനം, ഒപ്പം കോൺഗ്രസ് പാർട്ടി ഈ വിഷയത്തിൽ സ്വീകരിക്കുന്ന സമീപനം എന്നിവയനുസരിച്ച് തിരഞ്ഞെടുപ്പിൽ ഇതിന്റെ ആഘാതം കൂടുകയോ കുറയുകയോ ചെയ്യാം. കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ ഇതുവരെ ശക്തമായ നിലപാടുകളും നടപടികളും എടുത്തില്ല എന്നതും ശ്രദ്ധേയമാണ്‌.

വിവാദങ്ങൾ അവസാനിപ്പിക്കാനും, ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും, പാർട്ടിയിൽ സുതാര്യത ഉറപ്പുവരുത്താനും കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെങ്കിൽ, വയനാട്ടിൽ പാർട്ടിയുടെ നിലനിൽപ്പിനെത്തന്നെ ഇത് ദോഷകരമായി ബാധിക്കും.

content summary: Will the suicides of local Congress leaders in Wayanad impact the party in the upcoming election?

This post was last modified on September 30, 2025 4:57 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment