April 20, 2025 |

സുനിത വില്യംസിന്റെ മടങ്ങിവരവും ബഹിരാകാശത്തെ സ്ത്രീകളും

ബഹിരാകാശ യാത്രികരില്‍ മാത്രമല്ല അനുബന്ധ മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം കൂടണം

സോവിയറ്റ് യൂണിയന്‍ തകരുമ്പോള്‍ ബഹിരാകാശത്ത് അകപ്പെട്ടുപോകുന്ന ക്യാപ്റ്റന്‍ ഇഗോര്‍ ബക്കുനിനും ഗോവിന്ദന്‍ കുട്ടിയും അനുഭവിക്കുന്ന അസ്തിത്വപ്രതിസന്ധിയെ നാലാം ലോകം എന്ന പ്രശസ്തമായ കഥയിലൂടെ എന്‍ എസ് മാധവന്‍ മലയാളത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സമാന സാഹചര്യത്തിലല്ലെങ്കിലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ രണ്ടുപേരുടെ പ്രതിസന്ധിക്ക് അവസാനമാവുകയാണ്. ദിവസത്തില്‍ പതിനാറ് വട്ടം ഭൂമിയെ ചുറ്റുന്ന പേടകത്തില്‍ ഒരു ദിവസം തന്നെ പതിനാറ് ഉദയാസ്തമയങ്ങള്‍ കണ്ട്, സമയവും ദിശയുമെല്ലാം തകിടം മറിയുന്ന സാഹചര്യത്തില്‍ കഴിഞ്ഞുകൊണ്ട്, കുറഞ്ഞ ഗുരുത്വാകര്‍ഷണം കാരണം എവിടെയും ഉറച്ചുനില്‍ക്കാനാവാതെ ഒഴുകിയും നീന്തിയും ഒന്‍പത് മാസങ്ങള്‍ കഴിച്ചുകൂട്ടുന്നതെങ്ങനെയാവും? ഭൂമിയില്‍ ഉറച്ചു നില്‍ക്കുന്ന നമുക്ക് ഊഹിക്കാന്‍ പോലും കഴിയുന്ന സാഹചര്യമല്ല. അതിനൊപ്പം അപ്രതീക്ഷിതമായി തിരിച്ചുവരവ് നീണ്ട് ഒന്‍പത് ദിവസത്തിന് പകരം ഒന്‍പത് മാസം കഴിയുക കൂടി വേണ്ടിവന്നാലോ? ഏതായാലും ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് സുനിത വില്യംസും ബുച്ച് വില്‍മോറും നാളെ ഭൂമിയിലേക്ക് മടങ്ങുകയാണ്. ബോയിങ് എന്ന അമേരിക്കന്‍ കമ്പനി നാസക്ക് വേണ്ടി ഉണ്ടാക്കിയ സ്റ്റാര്‍ലൈനര്‍ എന്ന ബഹിരാകാശ പേടകത്തിലാണ് രണ്ടുപേരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. ബഹിരാകാശത്തെ ദീര്‍ഘകാല ജീവിതം സഞ്ചാരികളുടെ ശാരീരികാവസ്ഥയെ എങ്ങനെ ബാധിക്കും എന്നതുസംബന്ധിച്ച് സജീവമായ ചര്‍ച്ചകള്‍ ഈ പശ്ചാത്തലത്തില്‍ നടക്കുന്നുണ്ട്.

ബഹിരാകാശ നിലയവും യാത്രക്കാരും
താഴ്ന്ന ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റിസഞ്ചരിച്ച് വിവിധ പരീക്ഷണങ്ങള്‍ നടത്തുന്ന ബഹിരാകാശ പരീക്ഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്ക, റഷ്യ, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവരുടെ സംയുക്ത നിയന്ത്രണത്തിന്‍ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരേസമയം ആറുപേര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അവിടെയുണ്ട്. ഏഴുപേരെ അല്‍പ്പം പാടുപെട്ട് ഉള്‍ക്കൊള്ളിക്കുകയും ആവാം. ജ്യോതിശാസ്ത്രം, സ്‌പേസ്ബയോളജി, മൈക്രോഗ്രാവിറ്റി, മെറ്റീരിയല്‍ സയന്‍സ് തുടങ്ങി നിരവധി മേഖലകളില്‍ നിലയത്തിനുള്ളില്‍ ഗവേഷണം നടക്കുന്നുണ്ട്. ഐ എസ് എസിലെ പരീക്ഷണങ്ങള്‍ മനുഷ്യരുടെ അറിവിനേയും, അതിജീവനസാധ്യതകളേയും കുറേക്കൂടി മുന്നോട്ട് കൊണ്ടുപോകുന്നു മാത്രമല്ല ശാരീരിക ഘടകങ്ങളുടെ നിരന്തരമുള്ള വിലയിരുത്തലുകളിലൂടെയും, എംആര്‍ഐ സ്‌കാനിംഗിലൂടെയും മൈക്രോഗ്രാവിറ്റി മനുഷ്യനിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കാനുള്ള പരീക്ഷണവസ്തുക്കളായി നിലയത്തിലെത്തുന്ന സഞ്ചാരികള്‍ സ്വയം മാറുന്നു. ചൊവ്വയുള്‍പ്പടെയുള്ള മറ്റ് ഗ്രഹങ്ങളിലേക്കോ ആകാശഗോളങ്ങളിലേക്കോ പറക്കാനുള്ള ഇടത്താവളം എന്ന നിലയ്ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഉപയോഗിക്കാനാവുമോ എന്നും ആലോചനകളുണ്ട്. 2011 ലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇതിനകം 23 രാജ്യങ്ങളില്‍ നിന്നുള്ള 281 സഞ്ചാരികള്‍ ഐ എസ് എസിലെത്തി. ഇവരില്‍ പലരും ഒന്നിലേറെത്തവണ അവിടെയെത്തുകയും ചെയ്തു. അന്നുമുതല്‍ 2020 വരെ റഷ്യന്‍ വാഹനമായ സോയൂസ് ആയിരുന്നു അമേരിക്കന്‍ ബഹിരാകാശ യാത്രികരെ നിലയത്തിലെത്തിച്ചത്. സ്വന്തമായി പേടകമില്ലാതെ റഷ്യയെ ആശ്രയിക്കേണ്ട അവസ്ഥ മറികടക്കാനാണ് ബോയിങ്, സ്‌പേസ് എക്‌സ് എന്നീ രണ്ട് പ്രൈവറ്റ് കമ്പനികള്‍ക്ക് 2014 ല്‍ നാസ പേടകം നിര്‍മ്മിക്കാനുള്ള കരാര്‍ കൊടുത്തത്. 2020 മുതല്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം സഞ്ചാരികളെ നിലയത്തില്‍ എത്തിക്കുന്നുണ്ട്. ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ആദ്യ രണ്ട് പരീക്ഷണങ്ങളും പരാജയമായിരുന്നു. എന്നിട്ടും മൂന്നാം പരീക്ഷണത്തില്‍ സഞ്ചാരികളായി സുനിതയേയും വില്‍മോറിനെയും 2024 ജൂണ്‍ അഞ്ചിന് ബഹിരാകാശത്തേക്ക് അയക്കുകയായിരുന്നു. നിലയവുമായി പേടകത്തെ ബന്ധിപ്പിക്കുന്ന പ്രക്രിയയായ ഡോക്കിംഗിനിടെ ഹീലിയം ലീക്കിംഗ് ഉള്‍പ്പടെയുള്ള തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടെങ്കിലും വിജയകരമായി ഡോക്ക് ചെയ്യാന്‍ കഴിഞ്ഞു.തകരാറുള്ള അതേപേടകത്തില്‍ തിരിച്ച് വരുന്നതില്‍ അപകടസാധ്യതയുള്ളതുകൊണ്ടാണ് സുനിതയും വില്‍മോറും ഐ എസ് എസില്‍ തുടരേണ്ടി വന്നത്. രണ്ടു സീറ്റ് ഒഴിച്ചിട്ട് അവിടെയെത്തിയ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ Crew 9 വാഹനത്തിലാണ് മറ്റ് രണ്ടുപേരോടൊപ്പം സുനിതയും വില്‍മോറും മടങ്ങുക. നിലവില്‍ നാലുപേരുമായി എത്തിയിട്ടുള്ളത് Crew 10 ദൗത്യമാണ്. മുന്‍പേ തന്നെ റഷ്യന്‍ സഹായം തേടാമായിരുന്നുവെങ്കിലും റഷ്യയ്ക്ക് മുമ്പില്‍ തലകുനിക്കാന്‍ അമേരിക്കയുടെ ദേശാഭിമാനം സമ്മതിച്ചിരിക്കില്ല.

sunita williams and butch wilmore

ബഹിരാകാശത്തെ പ്രതിസന്ധികള്‍
ബഹിരാകാശത്തെ ജീവിതം വാര്‍ത്തയില്‍ നിറയുന്ന കാലമാണിത്. സഞ്ചാരികളുടെ തിരിച്ചുവരവ് നീണ്ടത് മാത്രമല്ല ബുക്കര്‍ സമ്മാനം നേടിയ സാമന്ത ഹാര്‍വിയുടെ നോവല്‍ The Orbital അവതരിപ്പിക്കുന്നത് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെ ആറ് ബഹിരാകാശയാത്രികരുടെ ഒരു ദിവസത്തെ ജീവിതമാണ് എന്നതും ചര്‍ച്ചകള്‍ സജീവമാകാന്‍ മറ്റൊരു കാരണമാണ്. ബഹിരാകാശത്തെ താമസക്കാര്‍ അനിവാര്യമായും നേരിടേണ്ട ചില പ്രതിസന്ധികളുണ്ട്. പതിനാറ് സൂര്യോദയങ്ങളും അസ്തമയങ്ങളും കണ്ടാണ് ബഹിരാകാശ നിലയത്തിലെ ഒരു സഞ്ചാരിയുടെ ദിനം കടന്നുപോകുന്നത്. ഒരു ദിവസത്തില്‍ തന്നെ പതിനാറ് ദിവസങ്ങള്‍. സമയരാശിയുടെ ഈ കുഴമറിച്ചിലാണ് ബഹിരാകാശ സഞ്ചാരി അഭിമുഖീകരിക്കുന്ന ആദ്യത്തെ പ്രശ്‌നം. ഉയര്‍ന്ന അളവിലുള്ള കോസ്മിക് രശ്മികള്‍ ഉള്‍പ്പടെയുള്ള റേഡിയേഷനുമായി നിരന്തര സമ്പര്‍ക്കത്തിലാണ് എന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂട്ടുന്നു. ഭൂഗുരുത്വത്തിന്റെ താഴോട്ടുള്ള വലിക്കല്‍ കുറയുന്നതോടെ മുകളില്‍, താഴെ എന്നതും അപ്രസക്തമാകുന്നു. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലായ്മ കൊണ്ടുണ്ടാകുന്ന പലതരം പ്രതിസന്ധികളെ അവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. ശരീരത്തിലെ ജലാംശം മുഴുവന്‍ ശരീരത്തിന്റെ മുകള്‍ഭാഗത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. കണ്ണുകളില്‍ തിങ്ങിവിങ്ങുന്ന ദ്രാവകമര്‍ദ്ദം സാവധാനത്തില്‍ കാഴ്ചയെ ബാധിക്കുന്നു. അസ്ഥികള്‍ക്ക് നീളം കൂടുകയും അവ കൂടുതല്‍ ദുര്‍ബലമാവുകയും ചെയ്യുന്നു. ഭൂമിയുടെ ആകര്‍ഷണത്തോട് പൊരുതേണ്ടതില്ലാത്തതിനാല്‍ പേശികള്‍, വിശേഷിച്ചും കാലുകളിലേത് ശിഥിലമാകുന്നു. അതിനെ മറികടക്കാനാണ് നിത്യവുമുള്ള രണ്ട് മണിക്കൂര് നിര്‍ബന്ധിതവ്യായാമങ്ങള്‍. അവയവങ്ങള്‍ ഏതെന്ന്, നോക്കാതെ അറിയാന്‍ പറ്റാത്ത അവസ്ഥ വന്നുചേരുന്നു. ഉറക്കം എപ്പോഴും അസ്വസ്ഥവും അപൂര്‍ണ്ണവുമായ പ്രക്രിയയാകുന്നു. ഭാരം ഏറെ കുറയുന്നു, കാന്‍സര്‍ സാധ്യത ഏറുന്നു. ചെയ്യേണ്ട പരീക്ഷണങ്ങള്‍ അടക്കം ദൈനംദിന ക്രിയകളുടെ ചക്രത്തില്‍ ബഹിരാകാശവാസിയുടെ ജീവിതം കുടുങ്ങിക്കിടക്കുന്നു. പ്രിയപ്പെട്ടവരില്‍ നിന്നെല്ലാം അകന്ന് ഇടുങ്ങിയ ഇത്തിരി സ്ഥലത്ത് മതിയായ ഉറക്കം പോലുമില്ലാതെ നിരന്തരം ഉയര്‍ന്ന ശബ്ദം സഹിച്ച് കഴിയേണ്ടി വരുന്നത് മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഭൂമിയിലെ പ്രിയപ്പെട്ടവരുടെ ജനന മരണങ്ങളില്‍പ്പോലും പങ്കുകൊള്ളാന്‍ കഴിയാത്തതും സംഘര്‍ഷം സൃഷ്ടിക്കുന്നു. ബഹിരാകാശത്ത് മനുഷ്യന്‍ നിര്‍മ്മിച്ച ഒരു ലോഹ കുമിളയ്ക്കുള്ളിലെ ജീവിതം ഉയര്‍ന്ന അപകടസാധ്യതയുള്ളതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിലയത്തില്‍ വളരാനിടയുള്ള അണുക്കള്‍ മുതല്‍ അപ്രതീക്ഷിത സംഭവങ്ങള്‍ക്കുള്ള സാധ്യത വരെ പല പ്രശ്‌നങ്ങളുണ്ട്. തിരിച്ച് മടങ്ങുമ്പോഴും കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നേ അവര്‍ക്ക് ഭൂമിയിലേക്ക് തിരിച്ചെത്താനാവൂ. തിരിച്ചെത്തുമ്പോള്‍ വീണ്ടും ഭൂഗുരുത്വത്തിനോടും ഭൂമിയിലെ അന്തരീക്ഷത്തിനോടും പൊരുത്തപ്പെടാന്‍ സമയം ആവശ്യമുണ്ട്. അതേസമയം ചരക്കുകള്‍ കൊണ്ടുപോകാനുള്ള പേടകങ്ങള്‍ ഉപയോഗിച്ച് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഓക്‌സിജനും ആവശ്യമെങ്കില്‍ വസ്ത്രങ്ങള്‍ പോലും എത്തിക്കാനാവും. അതുകൊണ്ട് അവശ്യവസ്തുക്കളുടെ അഭാവം കൊണ്ട് പ്രതിസന്ധികള്‍ ഉണ്ടാകാറില്ല. ഏതായാലും ഏറ്റവും കൂടുതല്‍ സമയം സ്‌പേസ് വാക്ക് നടത്തിയ വനിതയായ, ബഹിരാകാശത്ത് മാരത്തോണ്‍ ഓടിയിട്ടുള്ള സുനിത വില്യംസ് മുന്നൂറിലേറെ ദിവസങ്ങള്‍ മുന്‍പും ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. അവരുടെ അനുഭവസമ്പത്ത് ഈ പ്രതിസന്ധിഘട്ടത്തിലും ആത്മവിശ്വാസം പകര്‍ന്നിരിക്കണം. ആറുമാസം നീളുന്ന ദൗത്യങ്ങള്‍ സാധാരണമായിരിക്കെ, ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും മറ്റും ഉണ്ടായിരിക്കെ അത്യന്തം അപകടകരമായ അവസ്ഥയൊന്നുമല്ല നിലവില്‍ ഉണ്ടായിരുന്നത്.

ബഹിരാകാശത്തെ സ്ത്രീകള്‍
ആദ്യമായി ബഹിരാകാശത്ത് എത്തിയ വനിത റഷ്യക്കാരിയായ (അന്ന് സോവിയറ്റ് യൂണിയന്‍) വാലന്റീന തെരഷ്‌കോവയാണ്. 1963 ജൂണ്‍ 16 ന് വോസ്റ്റോക്ക് 6 വാഹനത്തില്‍ ബഹിരാകാശത്തെത്തിയ അവര്‍ മൂന്നുദിവസത്തോളം ബഹിരാകാശത്ത് തങ്ങി നാല്പത്തെട്ട് തവണ ഭൂമിയെ വലംവെച്ചു. ഇന്നോളം മറ്റൊരു സ്ത്രീയും ഒറ്റക്ക് ബഹിരാകാശ യാത്ര നടത്തിയിട്ടില്ല. ഇരുപത്താറാം വയസ്സിലെ ബഹിരാകാശ യാത്ര തെരഷ്‌കോവയെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികയുമാക്കി. ഒരു തുണിമില്‍ തൊഴിലാളിയായിരുന്ന അവരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി ബഹിരാകാശത്തേക്ക് അയക്കുകയായിരുന്നു. അമേരിക്കയ്ക്ക് മുമ്പ് ബഹിരാകാശത്ത് ഒരു സ്ത്രീയെ എത്തിക്കുക എന്നത് സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു. അഞ്ച് സ്ത്രീകളെ തെരഞ്ഞെടുത്ത് പുരുഷന്മാര്‍ക്ക് മുമ്പേ അവര്‍ക്ക് പരിശീലനം ആരംഭിച്ചിരുന്നു. 1984 ല്‍ സോവിയറ്റ് യൂണിയന്റെ തന്നെ സ്വെറ്റ്‌ലാന സവിത്സ്‌കായ ബഹിരാകാശത്ത് നടക്കുന്ന ആദ്യ വനിതയുമായി. 1983ല്‍ മാത്രമാണ് അമേരിക്ക ആദ്യമായി ഒരു സ്ത്രീയെ ബഹിരാകാശത്തെത്തിക്കുന്നത്. സാലി റൈഡ് ആയിരുന്നു അത്.

Valentina Tereshkova, svetlana savitskaya, sally ride

വാലന്റീന തെരഷ്‌കോവ, സ്വെറ്റ്ലാന സവിത്സ്‌കായ, സാലി റൈഡ്

അമേരിക്കയുടെ അപ്പോളോ ചാന്ദ്ര ദൗത്യങ്ങളില്‍ ബഹിരാകാശ യാത്രികരായി സ്ത്രീകള്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും പേടകത്തിന്റെ പാത നിര്‍ണ്ണയിക്കുന്നത് ഉള്‍പ്പടെയുള്ള മര്‍മ്മപ്രധാനമായ കാര്യങ്ങളില്‍ അവരുടെ പങ്കാളിത്തമുണ്ടായിരുന്നു. നാല്‍പ്പതിനായിരത്തിലേറെപ്പേര്‍ പങ്കെടുത്ത അപ്പോളോ ദൗത്യത്തില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പിന്നണിയില്‍ ഉണ്ടായിരുന്നു. ദൗത്യത്തിന്റെ കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കിയ മാര്‍ഗരറ്റ് ഹാമില്‍ട്ടണ്‍, അപ്പോളോ 11 ന്റെ ഇന്‍സ്ട്രുമെന്റെഷന്‍ കണ്ട്രോളര്‍ ജോ ആന്‍ മോര്‍ഗന്‍, അമേരിക്കയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ അലന്‍ ഷെപ്പേഡിന്റെയും ചാന്ദ്രദൗത്യങ്ങളുടെയും യാത്രാപഥം കണക്കാക്കിയ കാതറീന്‍ ജോണ്‍സണ്‍, നാസയുടെ പ്രാഗ്രൂപമായിരുന്നു നാക്ക (National Advisory Committee for Aeronautics) യില്‍ സൂപ്പര്‍വൈസറാകുന്ന ആദ്യ ആഫ്രോ-അമേരിക്കന്‍ വംശജയായ ഡൊറോത്തി വോഗന്‍, നാസയില്‍ എഞ്ചിനീയറാകുന്ന ആദ്യ ആഫ്രോ-അമേരിക്കന്‍ വംശജ മേരി ജാക്‌സണ്‍ തുടങ്ങി നിരവധി വനിതകള്‍ ബഹിരാകാശയാത്രയുടെ സൂക്ഷ്മവശങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചവരാണ്. ലാംഗ്ലി റിസര്‍ച്ച് സെന്റര്‍ നാക്കയുടെ ഭാഗമായുള്ള ഗവേഷണ കേന്ദ്രമായിരുന്നു. നൂറുകണക്കിന് വനിതകള്‍ ഇവിടെ ജോലി ചെയ്തിരുന്നു. കമ്പ്യൂട്ടറുകള്‍ വ്യാപകമാകുന്നതിന് മുന്‍പുള്ള കാലത്ത് സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ പിഴവില്ലാതെ നിര്‍വ്വഹിക്കുകയായിരുന്നു ഇവരുടെ ജോലി. യുദ്ധവിമാനങ്ങളെയും റോക്കറ്റുകളെയുമൊക്കെ ആകാശത്തേക്ക് പറത്തിവിടാന്‍ ആ കണക്കുകള്‍ നിര്‍ണ്ണായകമായിരുന്നു. മനുഷ്യ കമ്പ്യൂട്ടറുകള്‍ എന്നറിയപ്പെട്ടിരുന്ന ഈ സ്ത്രീകളാണ് ചാന്ദ്രയാത്രയുമായി ബന്ധപ്പെട്ട കണക്കുകൂട്ടലുകളും നടത്തിയത്.

dorothy vaughan, Mary Jackson

ഡൊറോത്തി വോഗന്‍. മേരി ജാക്‌സണ്‍

ആഫ്രോ അമേരിക്കന്‍ വംശജരായ ധാരാളം സ്ത്രീകള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു ഈ സ്ത്രീതൊഴിലാളി സംഘം. അവരുടെ അനുഭവങ്ങളും അവര്‍ നേരിട്ടിരുന്ന ലിംഗ, വര്‍ണ്ണ വിവേചനങ്ങളും കൂടി ഉള്‍പ്പെട്ടതാണ് ബഹിരാകാശ യാത്രകളുടെ ചരിത്രം.

പരാജയപ്പെട്ട മെര്‍ക്കുറി 13
മെര്‍ക്കുറി 7 ബഹിരാകാശദൗത്യത്തിലേക്ക് പുരുഷന്മാരായ ആസ്‌ട്രോനട്ടുകളെ തെരഞ്ഞെടുക്കുന്ന സമയത്ത് ടെസ്റ്റിന്റെ ചുമതലയുള്ള റാന്‍ഡി ലവ്‌ലേസിന് സമാനമായ സാഹചര്യങ്ങളില്‍ സ്ത്രീ ശരീരം എങ്ങനെ പ്രതികരിക്കും എന്നറിയാന്‍ കൗതുകം തോന്നി. യുദ്ധവിമാനങ്ങളും ബോംബറുകളും പറത്തുന്നതില്‍ വിദഗ്ദ്ധയായ ജെറാള്‍ഡിന്‍ കോബിനെ പുരുഷന്മാരില്‍ നടത്തിയ അതേ മൂന്നുഘട്ട ശാരീരിക, മാനസിക പരിശോധനകള്‍ക്ക് വിധേയയാക്കി. അതിലെല്ലാം അവര്‍ വിജയിച്ചു എന്ന് മാത്രമല്ല പുരുഷന്മാരടക്കം ഏറ്റവും മികച്ച രണ്ട് ശതമാനത്തിനുള്ളില്‍ ഇടം പിടിക്കുകയും ചെയ്തു. പിന്നീട് പരിശോധന നടത്തിയ പത്തൊന്‍പത് സ്ത്രീകളില്‍ പതിമൂന്ന് പേരും വിജയിച്ചു. ഇവരില്‍ മിക്കവരും ദീര്‍ഘകാലം വിമാനം പറത്തിയ പൈലറ്റുമാരായിരുന്നു. നാസയുടെ ഔദ്യോഗിക അനുവാദമില്ലാതെ ഡോക്ടര്‍ ലവ്‌ലേസിന്റെ താല്പര്യത്തിലായിരുന്നു അത്. മെര്‍ക്കുറി 13 എന്നാണ് ഈ ശ്രമം അറിയപ്പെട്ടത്. പക്ഷേ പുരുഷ ബഹിരാകാശയാത്രികര്‍ അടക്കമുള്ളവരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

വിവേചനങ്ങളുടെ കാരണങ്ങള്‍
ആര്‍മി ടെസ്റ്റ് പൈലറ്റുകളും എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ളവരും ആയിരിക്കുക എന്നതായിരുന്നു ബഹിരാകാശയാത്രികര്‍ക്കായി 1960 കളില്‍ നിര്‍ദ്ദേശിക്കപ്പെട്ട യോഗ്യതകള്‍. പലയിടങ്ങളിലും എഞ്ചിനീയറിംഗ് പഠനത്തിന് സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചു തുടങ്ങിയത് 1970 ന് ശേഷം മാത്രമാണ്. ആര്‍മിയില്‍ ടെസ്റ്റ് പൈലറ്റുകളായി അവര്‍ നിയമിക്കപ്പെട്ടിരുന്നുമില്ല. പില്‍ക്കാലത്ത് ഇത്തരം നിബന്ധനകളില്‍ അയവ് വരുത്തി. അതിനുശേഷമാണ് 1983 ല്‍, ബഹിരാകാശത്തെത്തുന്ന ആദ്യ അമേരിക്കന്‍ വനിതയായ സാലി റൈഡ് ആ നേട്ടം കൈവരിക്കുന്നത്. ജെറി കോബിനെപ്പോലെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ബോംബര്‍ പൈലറ്റിന് പോലും അന്നത്തെ പുരുഷാധിപത്യത്തെ മറികടക്കാനായില്ല.

kalpana chawla

കല്‍പ്പന ചൗള

സ്ത്രീ ശരീരത്തേയും അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിന്റെ പരിധിയേയും പറ്റിയുള്ള പൊതുബോധമാണ് സ്ത്രീകളുടെ ചാന്ദ്രയാത്രക്ക് വിഘാതമായത്. സാങ്കേതികമായ ജോലികള്‍ ചെയ്യാന്‍ സ്ത്രീകള്‍ അനുയോജ്യരല്ലെന്നും ബഹിരാകാശത്തെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളെ നേരിടാന്‍ അവര്‍ക്കാവില്ലെന്നും ആയിരുന്നു പൊതുവേയുള്ള ധാരണ. പുരുഷന്മാരുടെ ആധിപത്യമുള്ള മേഖലയിലേക്ക് സ്ത്രീകള്‍ കടന്നു വരുന്നതിലെ താല്‍പര്യക്കുറവും സ്ത്രീകളുടെ ഗാര്‍ഹിക ചുമതലകളെപ്പറ്റിയുള്ള സാമൂഹ്യബോധവുമെല്ലാം ആദ്യകാലത്ത് സ്ത്രീകളെ ഒഴിവാക്കുന്നതിലേക്ക് നയിച്ചു. ആര്‍ത്തവമടക്കമുള്ള പ്രശ്‌നങ്ങള്‍ സ്ത്രീകളെ തെരഞ്ഞെടുക്കുന്നതിന് എതിരായി ഉന്നയിക്കപ്പെട്ടു. എന്നാല്‍ കുറഞ്ഞ ഗുരുത്വാകര്‍ഷണം എല്ലുകള്‍, പേശികള്‍, രക്തചംക്രമണ വ്യവസ്ഥ, സന്തുലനം എന്നിവയെ ബാധിക്കുമെങ്കിലും ആര്‍ത്തവത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല എന്ന് പില്‍ക്കാല അനുഭവങ്ങള്‍ തെളിയിക്കുന്നു. പരിമിതമായി മാത്രം വെള്ളം ഉപയോഗിക്കാവുന്ന സാഹചര്യത്തില്‍ ശുചിത്വം ഉറപ്പുവരുത്തുന്നതിലെ ബുദ്ധിമുട്ട് കാരണം പല ബഹിരാകാശ യാത്രികരും യാത്രാസമയത്ത് ആര്‍ത്തവം നീട്ടിവെക്കുന്നതിനുള്ള മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്, അതേസമയം സ്വാഭാവിക പ്രക്രിയ എന്ന നിലക്ക് ആര്‍ത്തവത്തെ സ്വീകരിക്കുന്നവരുമുണ്ട്. സാധാരണ ഉപയോഗിക്കുന്ന പാഡുകള്‍, കപ്പുകള്‍, ടാമ്പൂണുകള്‍ എന്നിവയെല്ലാം ബഹിരാകാശത്തും ഉപയോഗിക്കാം. തൊലിക്കടിയില്‍ സ്ഥാപിക്കാവുന്ന ഇമ്പ്‌ലാന്റുകള്‍ വഴി ആര്‍ത്തവം നീട്ടിവെക്കാനുള്ള ഗവേഷണങ്ങളും നടക്കുന്നു. ചൊവ്വായാത്ര പോലെ കൂടുതല്‍ ദൈര്‍ഘ്യമേറിയ ബഹിരാകാശ യാത്രകളില്‍ അത് ആവശ്യമായി വന്നേക്കും എന്നതാണ് കാരണം. ബഹിരാകാശത്ത് നിന്ന് മടങ്ങിയ ശേഷം വാലന്റീന തെരഷ്‌കോവ ഉള്‍പ്പടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. അമ്മയായ ശേഷം ബഹിരാകാശത്ത് പോയ വനിതയുമുണ്ട്. എലികളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഗര്‍ഭധാരണവും മൂലയൂട്ടലും ബഹിരാകാശത്തും സ്വാഭാവികമായി നടക്കുന്നുണ്ട് എന്നാണ്. സ്തനാര്‍ബുദത്തിനും അണ്ഡാശയ കാന്‍സറിനും ഉള്ള കൂടിയ സാധ്യതയാണ് ഇതുവരെ കണ്ടിട്ടുള്ള ഏക റിസ്‌ക്. കോസ്മിക് രശ്മികള്‍ ഉള്‍പ്പടെയുള്ള വികിരണങ്ങള്‍ പുരുഷന്മാരിലും കാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ട്.

തെളിയുന്ന പ്രതീക്ഷകള്‍
ഇതുവരെ 102 വനിതകളാണ് ബഹിരാകാശയാത്ര നടത്തിയിട്ടുള്ളത്. സുനിത വില്യംസ് തന്നെ മൂന്നുതവണ യാത്ര നടത്തിയിട്ടുണ്ട്. ഇറാനിയന്‍ വംശജയായ അനൗഷേ അന്‍സാരി ബഹിരാകാശ ടൂറിസ്റ്റായ ആദ്യ വനിതയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള രണ്ടാം ദൗത്യത്തില്‍ (2001) തന്നെ സൂസന്‍ ഹെംസ് എന്ന വനിത ഉള്‍പ്പെട്ടിരുന്നു. 2007 ല്‍ പെഗ്ഗി വിറ്റ്‌സണ്‍ ഐ എസ് എസില്‍ കമാന്ററായി ചരിത്രം കുറിച്ചു. ലോകമാകെയുള്ള ബഹിരാകാശ സഞ്ചാരികളില്‍ പതിനൊന്ന് ശതമാനം മാത്രമാണ് ഇപ്പോഴും സ്ത്രീകളുള്ളത്. ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗള ഉള്‍പ്പടെ നാല് വനിതകള്‍ക്ക് ബഹിരാകാശ ദൗത്യത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ ആര്‍ട്ടമീസ് ചാന്ദ്രദൗത്യങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനെട്ട് പേരില്‍ പകുതിയും സ്ത്രീകളാണ്. ആര്‍ട്ടമീസ് II ദൗത്യത്തിനായി ദീര്‍ഘകാല ബഹിരാകാശ പരിചയമുള്ള ക്രിസ്റ്റീന കോച്ച് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

anousheh ansari, Christina Koch, susan hems

അനൗഷേ അന്‍സാരി, ക്രിസ്റ്റീന കോച്ച്‌, സൂസന്‍ ഹെംസ്

എങ്കിലും യാത്രികരില്‍ മാത്രമല്ല അനുബന്ധ മേഖലകളിലും സ്ത്രീപ്രാതിനിധ്യം ഇനിയും കൂടേണ്ടതുണ്ട്. അതിന് നമ്മുടെ മുന്‍വിധികളുടെ മാറാപ്പുകള്‍ വലിച്ചെറിയേണ്ടി വരുമെന്ന് മാത്രം.  Sunita Williams return and women in space

Content Summary;  Sunita Williams return and women in space

ഡോ. സംഗീത ചേനംപുല്ലി

ഡോ. സംഗീത ചേനംപുല്ലി

പട്ടാമ്പി ഗവ. കോളേജ് അസി. പ്രൊഫസര്‍. കവയത്രി, വിവര്‍ത്തക, ആനുകാലികങ്ങളില്‍ ശാസ്ത്രസംബന്ധിയായ ലേഖനങ്ങള്‍ എഴുതാറുണ്ട്. സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, വൈലോപ്പിള്ളി സ്മാരക കവിത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

More Posts

Follow Author:
Facebook

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×