July 12, 2025 |

ടിസ്സിലെ ദളിത് വിദ്യാർത്ഥിയുടെ സസ്പെൻഷൻ റദ്ദാക്കി സുപ്രീം കോടതി

ഇന്ത്യൻ വിദ്യാലയങ്ങൾ ജനാധിപത്യത്തെ കുഴിച്ചു മൂടുന്ന സ്ഥലങ്ങളെന്ന് എസ്എഫ്ഐ

ദേശവിരുദ്ധത പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് പുറത്താക്കിയ ദളിത് പിഎച്ച്ഡി വിദ്യാർത്ഥി രാംദാസ് പ്രീനി ശിവനന്ദനെ തിരിച്ചെടുക്കാൻ സുപ്രീം കോടതി ഉത്തരവ്. . ഒരു വർഷം നീണ്ട നിയമപോരാട്ടത്തിനുശേഷമാണ് രാംദാസിൻ്റെ രണ്ട് വർഷത്തെ സസ്പെൻഷൻ റദ്ദാക്കിയ വിധി വന്നത്. 2024 ഏപ്രിലിൽ ബിജെപി സർക്കാരിൻ്റെ വിദ്യാർഥി വിരുദ്ധ വിദ്യാഭ്യാസ നയത്തിനെതിരെ 15 വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് സ്റ്റുഡൻ്റ്സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പാർലമെൻ്റ് മാർച്ചിൽ പങ്കെടുത്തതിനാണ് രാംദാസിനെ സസ്പെൻഡ് ചെയ്‌തത്‌.

മൂന്ന് സംസ്ഥാനങ്ങളിലുടനീളമുള്ള ടിഐഎസ്എസ് കാമ്പസുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. ദേശീയ അവാർഡ് നേടിയ ‘രാം കെ നാം’ എന്ന ഡോക്യുമെൻ്ററി കാണാൻ ആളുകളോട് ആഹ്വാനം ചെയ്ത രാംദാസിന്റെ സോഷ്യൽ മീഡിയ പോസ്റ്റും ‘ദേശവിരുദ്ധ’ പ്രവർത്തനമായി ടിഐഎസ്എസ് ഭരണകൂടം കണക്കാക്കി. തുടർന്നാണ് സസ്പെൻഡ് ചെയ്തത്.

രാംദാസിന്റെ കേസിൽ ഏറ്റവും ഒടുവിലുണ്ടായ സുപ്രീം കോടതി വിധി ഒരു വർഷമായി നീണ്ട നിന്ന പോരാട്ടങ്ങളുടെ ഫലമാണെന്ന് എസ്എഫ്ഐ ആൾ ഇന്ത്യ വൈസ് പ്രസിഡന്റ് നീതിഷ് നാരായണൻ അഴിമുഖത്തോട് പറഞ്ഞു. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനാധിപത്യത്തെ കുഴിച്ചു മൂടുന്ന സ്ഥലമായി മാറി കഴിഞ്ഞു എന്നതാണ് രാംദാസിന്റെ ഇഷ്യൂ നമ്മളെ ബോധ്യപ്പെടുത്തുന്നത്. വയനാട്ടിൽ നിന്നുള്ള ഒരു ഒന്നാം തലമുറ ദളിത് വിദ്യാ‌‍‍‌ർത്ഥിയാണ് രാംദാസ്. അങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്നുള്ളയൊരാൾ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് പോലെയുള്ള ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനത്തിലെത്തി ചേർന്നത് ഒരുപാട് സമരങ്ങളിലൂടെ കടന്ന് പോയിട്ടാവാം. അങ്ങനെയൊരു വിദ്യാർത്ഥിക്കെതിരെയാണ് ക്യാമ്പസിൽ അഭിപ്രായ സ്വാതന്ത്ര്യം വിനിയോ​ഗപ്പെടുത്തിയെന്ന ഒറ്റക്കാരണത്താൽ നടപടിയെടുത്തിട്ടുള്ളതെന്ന് നീതിഷ് നാരായണൻ പറഞ്ഞു.

രാംദാസിനെ പുറത്താക്കാൻ ക്യാമ്പസ് അധികാരികൾ പറഞ്ഞ കാരണങ്ങളെല്ലാം തന്നെ നമ്മളൊരു ജനാധിപത്യ സമൂഹത്തിലാണോ ജീവിക്കുന്നതെന്ന് സംശയം തോന്നുന്ന തരത്തിലുള്ളതാണ്. ‘രാം കെ നാം’ എന്ന ഡോക്യൂമെന്ററി കാണാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു എന്നുള്ളതാണ് ഒന്നാമത്തെ കാരണം. രാജ്യത്തെ ഔദ്യോ​ഗിക സംവിധാനങ്ങൾ പോലും അം​ഗീകരിച്ചിട്ടുള്ള ഡോക്യുമെന്ററിയാണ് രാം കെ നാം. മതനിരപേക്ഷയുടെ ശബ്ദമാകുന്ന ഒരു ഡോക്യൂമെന്ററിയാണിത്. അതിനെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടുവെന്നതാണ് രാം ​ദാസിനെതിരായ ആദ്യം വിമർശനം. വിദ്യാഭ്യാസ സംരക്ഷിക്കാനും രാജ്യത്തെ സംരക്ഷിക്കാനും ആഹ്വാനം ചെയ്ത് കൊണ്ട് വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് നടന്ന സമരത്തിൽ പങ്കു ചേർന്നുവെന്നതാണ് മറ്റൊരു കാരണം. ​ഗവൺമെന്റിന്റെ ഫെല്ലോഷിപ്പ് വാങ്ങുന്നയാൾ ​ഗവൺമെന്റിനെ വിമർശിക്കരുതെന്ന് പറയുന്നു. അതിന്റെ അർത്ഥമെന്താണ്. ഫെല്ലോഷിപ്പ് വിദ്യാർത്ഥികൾക്ക് കൊടുക്കുന്നത് അവരെ നിശബ്ദരാക്കാൻ വേണ്ടിയുള്ളതാണെന്നാണ് അതിന്റെ അർത്ഥമെന്ന് നീതിഷ് വ്യക്തമാക്കി.

വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നതാണ്. ചോദ്യം ചെയ്യുന്ന ആളുകളായിട്ട്, പൗരബോധമുള്ള ആളുകളായി വിദ്യാർത്ഥികളെ രൂപപ്പെടുത്തുകയെന്നതിന് കൂടിയാണ് വിദ്യാഭ്യാസം നിലകൊള്ളുന്നത്. പുതിയ കാലത്തെ ഇന്ത്യ വിദ്യാർത്ഥികളെ അടിമകളാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ആ ശ്രമത്തിനെയാണ് രാംദാസ് ചെറുക്കുന്നത്. രാംദാസിന്റെ വിഷയം മാത്രമല്ല ഇത്. അംബേദ്കർ യൂണിവേഴ്സിറ്റിയിലെ എട്ട് വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ 11 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഭൂമി കൊള്ളയ്ക്കെതിരെ ശബ്ദമുയർത്തിയതിന് എസ്ഐഫ്ഐ നേതാവിനെതിരെ ഉൾപ്പെടെ നടപടി സ്വീകരിച്ചത്. ക്യാമ്പസുകൾ ജനാധിപത്യ ബോധമുള്ള പൗരബോധമുള്ള വിമർശന ബോധമുള്ള വിദ്യാർത്ഥികളെ വിധേയത്വമുള്ളവരാക്കി മാറ്റുന്ന നടപടിയ്ക്കെതിരെ നടത്തിയ പോരാട്ടമാണ് വിജയം കണ്ടതെന്ന് നിതീഷ് പറഞ്ഞു.

content summary: Supreme Court Directs TISS to Reinstate Dalit PhD Scholar Suspended for Alleged ‘Anti-National Activities’

Leave a Reply

Your email address will not be published. Required fields are marked *

×