June 16, 2026 |

നായകവേഷത്തിന്റെ കെട്ട് വിടാത്ത മാധ്യമവിദ്വേഷം

നടനില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തിയപ്പോള്‍ സുരേഷ് ഗോപിയില്‍ ഇല്ലാതെ പോയത് ജനാധിപത്യ ബോധത്തിന്റെ ആഴവും സാമൂഹിക പ്രതിജ്ഞാബദ്ധതയിലധിഷ്ഠിതമായ വിവേകവുമാണ്.

ജനാധിപത്യ വ്യവസ്ഥയെ ഉറപ്പിച്ചുനിര്‍ത്തുന്ന പ്രധാന തൂണുകളാണ് നിയമനിര്‍മാണം, ഭരണനിര്‍വഹണം, നിയമപരിപാലനം എന്നിവ. ഇവയ്ക്കൊപ്പം തന്നെ തുല്യപ്രാധാന്യമുള്ള പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന മാധ്യമങ്ങളെ ഫോര്‍ത്ത് എസ്റ്റേറ്റ് അഥവാ നാലാം തൂണായാണ് പരിഗണിച്ചുവരുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തില്‍ മാധ്യമസ്വാതന്ത്രവുമുണ്ട്.suresh gopi threatened journalist

ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളുടെ സ്ഥാനം എന്തെന്ന് കൃത്യമായി അറിയുന്ന ഒരു കേന്ദ്രമന്ത്രിയുടെ മാധ്യമങ്ങളോടുള്ള തുടര്‍ച്ചയായ അവഹേളനം ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്രത്തിനെ കൂടിയാണ് ഹനിക്കുന്നത്. മാധ്യമപ്രവര്‍ത്തകരോടുള്ള സുരേഷ് ഗോപിയുടെ ഭരത്ചന്ദ്രന്‍ ഷോ ഇതാദ്യമായല്ല. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്ന സൂപ്പര്‍ ഹീറോയുടെ പരിവേഷം ഒട്ടും ചോരാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയുമാണ് സുരേഷ് ഗോപി ഇപ്പോഴും തുടരുന്നത്. കേന്ദ്രമന്ത്രിയായെങ്കിലും കമ്മീഷണറും, ഭരത് ചന്ദ്രന്‍ ഐപിഎസും, ടൈഗറുമൊക്കെയാണ് സുരേഷ് ഗോപിയെ ഇപ്പോഴും ഭരിച്ച് കൊണ്ടിരിക്കുന്നത്.

നടനില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തിയപ്പോള്‍ സുരേഷ് ഗോപിയില്‍ ഇല്ലാതെ പോയത് ജനാധിപത്യ ബോധത്തിന്റെ ആഴവും സാമൂഹിക പ്രതിജ്ഞാബദ്ധതയിലധിഷ്ഠിതമായ വിവേകവുമാണ്. സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ കേവലം അധികാരവും പണവും ലക്ഷ്യമാക്കി വന്ന ആളായി മാത്രം ചുരുങ്ങുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് നന്മയുടെ നിറകുടമായിരുന്ന സുരേഷ് ഗോപി ഇപ്പോഴിതാ വീണ്ടും മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. ചോദ്യം ചോദിക്കുന്നവരെ നിശ്ശബ്ദരാക്കുക, കാര്യങ്ങള്‍ പറയുന്നവരെ വെല്ലുവിളിക്കുകയുമൊക്കെയാണ് സുരേഷ് ഗോപി ഇപ്പോള്‍ സമൂഹത്തോട് ചെയ്യുന്നത്. ഇക്കാലമത്രയും പ്രേക്ഷകര്‍ക്ക് മുന്നില്‍ കെട്ടിയാടിയ കഥാപാത്രങ്ങളെ ഊരിയെറിയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്നതിന്റെ തെളിവാണത്. ഒരു കേന്ദ്രമന്ത്രിയായിട്ടും തനിക്ക് ചുറ്റുമുള്ള ജനങ്ങള്‍ തിയേറ്ററിനകത്തല്ല എന്നത് അദ്ദേഹം ഇനിയെങ്കിലും തിരിച്ചറിയേണ്ട വസ്തുതയുമാണ്.

എംപി പദവി ലഭിക്കുന്നതിന് മുമ്പേ തന്നെ സുരേഷ് ഗോപിക്ക് മാധ്യമപ്രവര്‍ത്തകരോടുള്ള അതൃപ്തി വ്യക്തമാണ്. ഇപ്പോഴിതാ വഖഫ് വിഷയത്തിലെ വിവാദമായ ‘കിരാത’ പരാമര്‍ശത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിയുടെ സ്വരത്തില്‍ ആക്രോശിച്ചിരിക്കുന്നു. 24 ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ചോദ്യത്തിന് മറുപടി തരാന്‍ സൗകര്യമില്ലെന്നും പാര്‍ലമെന്റില്‍ കാണിച്ചുതരാമെന്നും പറഞ്ഞത്.

വയനാട്ടിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ വഖഫ് ബോര്‍ഡിന്റെ പേര് പറയാതെ സുരേഷ് ഗോപി വിമര്‍ശിക്കുകയായിരുന്നു. ‘ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്, അതിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. നാല് ആംഗലേയ ഭാഷയില്‍ ഒതുങ്ങുന്ന ഒരു ‘കിരാതമുണ്ട്” എന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. തങ്ങള്‍ക്ക് മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ട. അമിത് ഷാ അയച്ച ഒരു വീഡിയോ ഇവിടെ പ്രചരിപ്പിക്കുമെന്നുമായിരുന്നു സുരേഷ് ഗോപി വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസിന്റെ പ്രചരണവേളയില്‍ പറഞ്ഞത്.

ഈ വിവാദപരാമര്‍ശത്തെ അടിസ്ഥാനമാക്കിയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോട് പ്രതികരണം ആരാഞ്ഞത്. ‘തിരുവനന്തപുരം തൈക്കാടുള്ള അമൃത ഹെറിറ്റേജ് ഹോട്ടലിന്റെ ഉദ്ഘാടകനായാണ് സുരേഷ് ഗോപി എത്തിയത്. പല രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ ഉണ്ടായിരുന്നു. സുരേഷ് ഗോപി മുനമ്പം വഖഫ് വിഷയത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായി നില്‍ക്കുന്ന സമയമായിരുന്നു അത്. സമാനവിഷയത്തില്‍ തലേദിവസം കെ മുരളീധരനും, എകെ ബാലനും സുരേഷ് ഗോപിക്കെതിരെ പാലക്കാട് പ്രതികരിച്ചിരുന്നു. ഇതില്‍ എന്താണ് താങ്കളുടെ പ്രതികരണം എന്ന നിലയില്‍ രണ്ട് ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാല്‍ പോലീസ് പരിശോധിക്കട്ടെ എന്ന് പറഞ്ഞ് സ്റ്റെപ്പ് കയറി മുകളില്‍ ചെന്നശേഷം സുരേഷ് ഗോപി തന്നെ അടുത്തേക്ക് വിളിക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഗണ്‍മാനും, സുരക്ഷാ ഉദ്യോഗസ്ഥരും പരിപാടിയുടെ സംഘാടകരും ഉണ്ടായിരുന്നു. തുടര്‍ന്ന് എന്റെ തോളത്ത് കൈ വച്ചിട്ട് എന്റെ പ്രസംഗം നിങ്ങള്‍ കേട്ടോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു അങ്ങയുടെ വാക്കുകളെ കുറിച്ചല്ല അതിന്മേല്‍ കെ മുരളീധരനും, എകെ ബാലനും നടത്തിയ തുടര്‍പ്രതികരണങ്ങളെ കുറിച്ചാണ് ഞാന്‍ ചോദിച്ചതെന്ന് പറഞ്ഞു. എനിക്ക് അതിലൊന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നായിരുന്നു പിന്നീട് തന്ന മറുപടി. പിന്നെ പാര്‍ലമെന്റില്‍ കാണിച്ചു തരാം എന്ന് പറയുകയായിരുന്നു. ഇത് കാമറയ്ക്ക് മുന്നില്‍ പറഞ്ഞാല്‍ പോരായിരുന്നോ എന്ന് ഞാന്‍ ചോദിച്ചു. ഇതെല്ലാം സുരേഷ് ഗോപിയുടെ ഗണ്‍മാന്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. തുടര്‍ന്ന് 24 ന്യൂസിന്റെ കാമറാമാനെ അകത്തേക്ക് വിളിക്കുമെന്ന് ഞാന്‍ പറഞ്ഞതോടെ മൊബൈലില്‍ വീഡിയോ എടുക്കുന്നത് നിര്‍ത്തുകയായിരുന്നു’വെന്ന് 24 ന്യൂസ് റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദ് അഴിമുഖത്തോട് വിശദീകരിച്ചു.

അതേസമയം, സുരേഷ് ഗോപിയുടെ ‘കിരാത’ പ്രസംഗത്തില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി സിപിഐ നേതൃത്വത്തിലുള്ള ജനയുഗം പത്രം രംഗത്തെത്തിയിരുന്നു. വഖഫ് ബോര്‍ഡിന്റെ പേര് പോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന് വിളിപ്പേരിട്ടുവെന്നും സുരേഷ് ഗോപിയുടെ മുസ്ലിം വിദ്വേഷ വിഷത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നുവെന്നും ജനയുഗത്തിലെ ‘കിരാതന്‍ ഗോപിയും വാവരു സ്വാമിയും’ എന്ന ലേഖനത്തില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം മുസ്ലിം ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ശശി തരൂര്‍ നടത്തിയ ഒരു പ്രസ്താവനയെ കുറിച്ച് മീഡിയ വണ്ണിലെ ഷിദ ജഗത് സുരേഷ് ഗോപിയോട് പ്രതികരണം തേടിയിരുന്നു. ചോദ്യങ്ങള്‍ക്കിടെ മറുപടി നല്‍കിയ സുരേഷ് ഗോപി ഷിദയെ മോളേ എന്ന് വിളിക്കുകയും തോളില്‍ തഴുകുകയുമായിരുന്നു. ദേഹത്ത് സ്പര്‍ശിച്ചപ്പോള്‍ ഒരുവട്ടം ഒഴിഞ്ഞുമാറിയിട്ടും വീണ്ടും അതുപോലെ തന്നെ പെരുമാറിയപ്പോള്‍ രണ്ടാമതും അവര്‍ക്ക് കൈ തട്ടി മാറ്റേണ്ടി വരികയായിരുന്നു. ഈ വിഷയത്തിന്റെ ചുവട് പിടിച്ചായിരുന്നു മറ്റൊരു മാധ്യമപ്രവര്‍ത്തകയായ സൂര്യ സുജിയോടുള്ള സുരേഷ് ഗോപിയുടെ പരിഹാസരൂപേണയുള്ള പെരുമാറ്റവും ‘ആളാകാന്‍ വരല്ലേ’ എന്ന ആക്രോശവും.

ഇതിനൊക്കെ പുറമെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ തൃശൂരില്‍ വച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടും സുരേഷ് ഗോപി ക്ഷുഭിതനായി അവരെ തള്ളിമാറ്റിയത്. ‘എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു തൃശൂര്‍ എംപി കൂടിയായ സുരേഷ് ഗോപിയുടെ അന്നത്തെ പ്രകടനം. ഒരു സുപ്രധാന വിഷയത്തില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ജനപ്രതിനിധി ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന ചോദ്യത്തിന് ‘ഉത്തരം പറയാന്‍ സൗകര്യമില്ല’ എന്ന മറുപടിയാണ് അന്നും സുരേഷ് ഗോപി നല്‍കിയത്.

വളഷത്തരത്തിന്റെയും അടങ്ങാത്ത അഹങ്കാരത്തിന്റെയും രാഷ്ട്രീയം കൂടി ആണ് സുരേഷ് ഗോപി ഇതിലൂടെയെല്ലാം തുറന്നുകാണിക്കുന്നതെന്ന് നാം ഓര്‍ക്കുതന്നെ വേണം. ഒരു പൊതുപ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ ഒരാളുടെ മാധ്യമങ്ങളോടുള്ള ഇത്തരത്തിലുള്ള സമീപനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന സുരേഷ് ഗോപിയുടെ അവഹേളനത്തില്‍ പത്രപ്രവര്‍ത്തക യൂണിയനായ കെയുഡബ്ല്യുജെ യും ഇതിനോടകം തന്നെ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു.

‘കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരിച്ചു. കേന്ദ്രമന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നത്. 24 ന്യൂസ് റിപ്പോര്‍ട്ടര്‍ അലക്സ് റാം മുഹമ്മദിനോട് അപമര്യാദയായി പെരുമാറിയതാണ് ഒടുവിലത്തെ സംഭവം. മുനമ്പം വിഷയത്തില്‍ പ്രതികരണം ചോദിച്ചപ്പോള്‍ ഒറ്റക്ക് വിളിച്ച് ശകാരിക്കാനും ഗണ്‍മാനെ കൊണ്ട് അതു ചിത്രീകരിച്ച് പ്രചരിപ്പിക്കാനുമായിരുന്നു ശ്രമം. മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്പമെങ്കിലും ബാക്കി നില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ പൊതു സമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണം. സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി കേന്ദ്ര നേതൃത്വവും തയാറാവണം. അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ മാധ്യമ മാനേജ്മെന്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരോട് തുടര്‍ച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിലും പുലര്‍ത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്. കടുത്ത അവജ്ഞയും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ ശരീര ഭാഷയിലും ശബ്ദത്തിലും പ്രകടമാവുന്നത്. ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയര്‍ക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്. തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റം കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീര്‍ത്തും വിരുദ്ധമാണെന്നും യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപിയില്‍ നിന്നും അടിക്കടി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടുന്ന മോശം പെരുമാറ്റം സംബന്ധിച്ച് ബിജെപി പ്രതിനിധികളാരും തന്നെ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബിജെപിക്ക് അകത്തുതന്നെ സുരേഷ് ഗോപിയുടെ ഇത്തരം പ്രവണതകളോട് എതിര്‍പ്പുള്ളവരാണ് ഏറെയും എന്ന വസ്തുതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.suresh gopi threatened journalist

content summary; suresh gopi threatened journalist

Leave a Reply

Your email address will not be published. Required fields are marked *

×