വ്യവസായ ലോകത്തെ അതികായകനായ ഹിന്ദുജ കുടുംബാംഗങ്ങള്‍ ഇന്ത്യക്കാരായ വീട്ടുജോലിക്കാരെ തൊഴില്‍ ചൂഷണത്തിന് ഇരയാക്കിയെന്ന കേസില്‍ തടവ് ശിക്ഷ വിധിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ കോടതി. ഹിന്ദുജ ബിസിനസ് ഗ്രൂപ്പിന്റെ മേധാവികളിലൊരാളായ പ്രകാശ് ഹിന്ദുജയ്ക്കും ഭാര്യ കമല്‍ ഹിന്ദുജ, മകന്‍ അജയ്, മകന്റെ ഭാര്യ നമ്രത എന്നിവര്‍ക്കാണ് നാല് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്.
ഹിന്ദുജ ഗ്രൂപ്പ് സ്ഥാപകനായ പര്‍മാനന്ദ് ഹിന്ദുജയുടെ മകനാണ് പ്രകാശ് ഹിന്ദുജ. ഇന്ത്യയില്‍ നിന്നെത്തിച്ച വീട്ടുജോലിക്കാരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ളവ ഹിന്ദുജ കുടുംബം പിടിച്ച് വച്ചു, പിന്നാലെ ജോലിക്കാര്‍ വലിയ തൊഴില്‍ ചൂഷണത്തിന് ഇരയാക്കി. ജോലിക്കാരെ വീടിന് പുറത്തേക്ക് പോവാന്‍ അനുവദിച്ചിരുന്നില്ല, അവര്‍ക്ക് മാന്യമായ വേതനം നല്‍കിയില്ല, വേണ്ടത്ര വിദ്യാഭ്യാസമില്ലാത്ത തൊഴിലാളികള്‍ക്ക് സ്വിസ് ഫ്രാങ്കിന് പകരം ഇന്ത്യന്‍ കറന്‍സിയിലാണ് വേതനം നല്‍കിയത്. ഇത് സ്വിറ്റ്‌സര്‍ലന്റിലെ ലേബര്‍ നിയമം പറയുന്ന വേതനവ്യവസ്ഥ പ്രകാരം കുറഞ്ഞ തുകയാണെന്നും കോടതിയില്‍ പ്രതിഭാഗം വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി വിധി വന്നിരിക്കുന്നത്.
ചൂഷണം, മനുഷ്യക്കടത്ത്, സ്വിസ് തൊഴില്‍ നിയമങ്ങളുടെ ലംഘനം എന്നിവ പ്രകാരമായിരുന്നു കേസ് ഫയല്‍ ചെയ്തിരുന്നത്. ഹിന്ദുജ കുടുംബം പതിറ്റാണ്ടുകളായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിക്കുന്നവരാണ്. ഇതിന് മുന്‍പും സമാന കേസുകള്‍ ഇവര്‍ക്കെതിരേ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ശരിയായ രേഖകളില്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്നത് തുടരുകയാണ്, വീട്ടുജോലിക്കാര്‍ 18 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നതും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചിരുന്നു. ഇവര്‍ക്കെതിരായ മനുഷ്യകടത്ത് ആരോപണം വിചാരണ വേളയില്‍ കോടതി തള്ളികളഞ്ഞു. ഹിന്ദുജ കുടുംബത്തിലെ അതിഥി സല്‍ക്കാര വേളകളില്‍ ജോലിക്കാര്‍ ഉറങ്ങാതെ ജോലി ചെയ്യേണ്ടി വന്നതും ബേസ്‌മെന്റിലും നിലത്തുമെല്ലാം കിടന്ന് ഉറങ്ങേണ്ടി വന്നതും പ്രോസിക്യൂട്ടര്‍ കോടതിയില്‍ തുറന്ന് കാട്ടിയിരുന്നു.
അതേസമയം, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു. അനാരോഗ്യം കാരണം പ്രകാശ് ഹിന്ദുജയും ഭാര്യയും അനാരോഗ്യം വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ബിസിനസ്സ് മാനേജരായ നജീബ് സിയാസി ആണ് പകരം കോടതിയിലെത്തിയത്. തൊഴിലാളികള്‍ക്ക് മാന്യമായ ശമ്പളം നല്‍കിയിരുന്നുവെന്നും അവരെ തടങ്കലില്‍ വെച്ചിട്ടില്ലെന്നും അവര്‍ക്ക് പുറത്തുപോകാന്‍ അനുവാദമുണ്ടായിരുന്നെന്നും ഹിന്ദുജ കുടുംബത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. പരാതി നല്‍കിയ മൂന്ന് തൊഴിലാളികളുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
English summary: Billionaire Hinduja family members sentenced to jail for exploiting staff