June 06, 2026 |
Share on

താന്‍ പറഞ്ഞയത്രയൊന്നും മോദിക്കെതിരെ എംടി പറഞ്ഞിട്ടില്ലെന്ന് ടി പത്മനാഭന്‍

മോദിക്കെതിരായ എംടിയുടെ പ്രസ്താവന സംഭവിച്ചു പോയതാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ താന്‍ ഉന്നയിച്ചത്ര വിമര്‍ശനങ്ങളൊന്നും എംടി വാസുദേവന്‍ നായര്‍ ഉന്നയിച്ചിട്ടില്ലെന്ന് ടി പത്മനാഭന്‍. കേരള സാഹിത്യോത്സവത്തില്‍ എന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ നടന്ന മുഖാമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ അത്യാചാരങ്ങളെക്കുറിച്ച് ഏറ്റവുമധികം പ്രസംഗിച്ചു നടന്നയാളാണ് താന്‍. അതെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രസംഗങ്ങളാണ്. മോദി ഗാന്ധി മുക്ത ഭാരതം സൃഷ്ടിക്കുന്നതിന് എതിരായി കഴിഞ്ഞ ദിവസവും താന്‍ സംസാരിച്ചിരുന്നു. താന്‍ പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞിട്ടുണ്ട്. മഹാനായ വാസുദേവന്‍ നായര്‍ അത്രയ്‌ക്കൊന്നും പറഞ്ഞിട്ടില്ല. പാവപ്പെട്ട സിനിമ സംവിധായകന്‍ കമല്‍ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ കമലിന് നേരെയാണ് ആക്രമണം മുഴുവനും. എംടിക്ക് നേരെ ചെറിയ കിളുന്ത് മാത്രമേ ഉണ്ടായിട്ടുള്ളൂ.

മോദിക്കെതിരായ എംടിയുടെ പ്രസ്താവന സംഭവിച്ചു പോയതാണ്. അതിന്റെ കാരണക്കാരന്‍ നമ്മുടെ ധനകാര്യമന്ത്രി ആയ തോമസ് ഐസക് ആണ്. ഐസകിന്റെ പുസ്തക പ്രകാശനത്തില്‍ വച്ച് എംടി തുഗ്ലക്ക് എന്ന് പറഞ്ഞ് പോയതാണ്. അതിന് മുമ്പും പിമ്പും അത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ല. ഭക്തന്മാര്‍ അതിന് അമിത പ്രാധാന്യം നല്‍കി. സംവിധായകന്‍ പ്രിയദര്‍ശന്‍ എഴുതിയതാണ് ശരി. ‘എംടി ഒരു മോദി വിരുദ്ധനല്ല, സംഘ വിരുദ്ധനുമല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയോ അനുകൂലിയും അല്ല. ഇതാണ് സത്യം.’ എന്നാണ് പ്രിയദര്‍ശന്‍ എഴുതിയതെന്നും ടി പത്മനാഭന്‍ പറഞ്ഞു.

സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയും മുഖാമുഖത്തില്‍ പങ്കെടുത്തു. വിയോജിപ്പുള്ളവരെ കായികമായി നിഷ്‌കാസനം ചെയ്യുകയല്ല വേണ്ടത്. വാക്കുകള്‍ കൊണ്ട് പോലും ഹംസയരുതെന്നാണ് തന്റെ ചിന്താഗതിയെന്നും ബേബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×