June 04, 2026 |
Share on

ആ യോര്‍ക്കറുകള്‍ പ്രതീക്ഷിച്ചവയായിരുന്നെങ്കിലും പ്രതിരോധിക്കാന്‍ കഴിയുമായിരുന്നില്ല

ഇന്ത്യക്കൊരു ജസ്പ്രീത് ബുംറ ഉണ്ടായിരുന്നു, അതായിരുന്നു ഇംഗ്ലണ്ടിന്റെ പരാജയത്തിന്റെ കാരണവും

‘എല്ലാ ക്രെഡിറ്റും ജസ്പ്രീത് ബുംറയ്ക്കാണ്. അദ്ദേഹമൊരു ലോകോത്തര ബൗളറാണ്, ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ബൗളര്‍- അതാണ് അദ്ദേഹം ഇന്ന് കാഴ്ചവെച്ചത്. ഈ അവാര്‍ഡ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ടതാണ്. ഡെത്ത് ഓവറുകളില്‍ അദ്ദേഹം അങ്ങനെ പന്തെറിഞ്ഞില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കില്ലായിരുന്നു’: സെമി ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം വാങ്ങിക്കൊണ്ട് സഞ്ജു പറഞ്ഞ വാക്കുകള്‍. അതേ, ഇന്ത്യക്കൊരു ജസ്പ്രീത് ബുംറ ഉണ്ടായിരുന്നു, അതായിരുന്നു ഇംഗ്ലണ്ടിന്റെ പരാജയത്തിന്റെ കാരണവും.

ബുംറ 18മത്തെ ഓവര്‍ എറിയാന്‍ വരുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 18 പന്തില്‍ 45 റണ്‍സ് ആയിരുന്നു. ആ അറു ബോളുകള്‍ അതീവ നിര്‍ണായകമായിരുന്നു. സര്‍വ്വവും സംഹരിക്കാനെന്ന വണ്ണം ജേക്കബ് ബഥേല്‍ ക്രിസിലുണ്ട്. അയാളുടെ ആ ഫോമില്‍ അസാധ്യമായത് ഒന്നും തന്നെയുണ്ടാകില്ലായിരുന്നു. പക്ഷേ ബോള്‍ കൈയിലെടുത്തത് ബുംറയായിരുന്നു. ഈ ഓവറില്‍ ഒരൊറ്റ ബൗണ്ടറി പോലും പോകരുതെന്ന് സുര്യ ആഗ്രഹിച്ചിരുന്നിരിക്കണം, ഒരുതരത്തില്‍ അത്യാഗ്രഹം. എന്നാല്‍ ഈ മത്സരത്തില്‍ ക്യാപ്റ്റന്‍ എടുത്ത ഏറ്റവും ബുദ്ധിപരമായ തീരുമാനം ആ ആറ് പന്തുകള്‍ എറിയാന്‍ ജസ്പ്രീത് ബുംറയെ ഏല്‍പ്പിച്ചതായിരുന്നു.

ക്രിക്കറ്റ് അപ്രവചനീയതയുടെ കലയാണെന്ന് പറയുന്നു. എന്നാല്‍ വ്യാഴാഴ്ച്ച രാത്രിയില്‍ വാംഖഡെയില്‍ നടന്ന ടി20 ലോകകപ്പ് സെമിഫൈനലിലെ 18-ാം ഓവര്‍ ഏറെക്കുറെ പ്രവചനീയമായിരുന്നു. ഓരോ പന്തും ബുംറ എന്ത് ചെയ്യാന്‍ പോകുന്നു എന്ന് എല്ലാവര്‍ക്കും ഏകദേശ ധാരണയുണ്ടായിരിക്കണം. കാരണം, ലോക ക്രിക്കറ്റിലെ ഏത് പന്തും എറിയാന്‍ വൈദഗ്ധ്യമുള്ള ബൗളറാണ് അയാള്‍. വാംഖഡെയിലെ ബാറ്റിംഗ് പറുദീസയില്‍, കളി എങ്ങോട്ടും തിരിയാമെന്ന അവസാന ഘട്ടത്തില്‍ ബുംറ തന്റെ പ്രധാന ആയുധം തന്നെ പുറത്തെടുത്തു.

ആറ് പന്തുകളും അതിവേഗത്തില്‍, സ്റ്റമ്പുകളെ ലക്ഷ്യമാക്കി വരുന്ന യോര്‍ക്കറുകളായി രിക്കുമെന്ന് നമുക്ക് ഊഹിക്കാമായിരുന്നു. ചെറിയൊരു പിഴവ് വന്നാല്‍ പോലും അവ അടിച്ചുപറത്തുക അസാധ്യമാണെന്നും എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നു. കാരണം, ബുംറയുടെ ‘ഫുള്‍ടോസ് എക്കണോമി റേറ്റ്’ പോലും വര്‍ഷങ്ങളായി അത്ഭുതപ്പെടുത്തുന്നതാണ്. അഞ്ച് വിക്കറ്റുകള്‍ കൈവശമുണ്ടായിട്ടും, ജേക്കബ് ബെഥേല്‍ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുമായി (ആ സമയത്ത് 42 പന്തില്‍ 94 റണ്‍സ്) നില്‍ക്കുമ്പോള്‍ പോലും, പതിനെട്ടാം ഓവറില്‍ ഇംഗ്ലണ്ട് പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നില്ല എന്നത് തന്നെയാണ് ബുംറയുടെ പ്രസക്തി.

പതിനെട്ടാമത്തെ ഓവറില്‍ നിന്ന് വെറും ആറ് റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് കിട്ടിയത്. എങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ ആ ഓവര്‍ അതിജീവിച്ചാല്‍ അവസാന 12 പന്തില്‍ 39 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് എത്താം എന്ന് അവര്‍ കണക്കുകൂട്ടിയിരിക്കണം. ബാക്കിയുള്ള രണ്ടു ഓവറുകള്‍ ഹാര്‍ദിക് പാണ്ഡ്യയും അക്‌സറും വരുമെന്നും, അവരെ കൈകാര്യം ചെയ്യാനുമായിരുന്നു പദ്ധതി. ബുംറയുടെ ഓവര്‍ ദ വിക്കറ്റ് വന്ന് പന്തുകള്‍ സ്റ്റമ്പിന്റെ ചുവട്ടിലേക്ക് വന്നു കുത്തിക്കൊണ്ടിരുന്നു. ക്രീസിലുണ്ടായിരുന്ന രണ്ട് ഇടങ്കയ്യന്‍ ബാറ്റര്‍മാരും പന്ത് നിലംപറ്റെ അടിച്ച് സിംഗിളുകള്‍ ഓടിയെടുക്കാന്‍ മാത്രമാണ് ശ്രമിച്ചത്. ആറ് പന്തുകള്‍, ആറ് യോര്‍ക്കറുകള്‍, ആറ് റണ്‍സ്, വിക്കറ്റുകളില്ല. വാംഖഡെ സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചു. ബുംറ അതു തന്നെ ചെയ്യുമെന്ന് നമ്മള്‍ ഊഹിച്ചിരുന്നതാണെങ്കില്‍ തന്നെയും, അതിശയിപ്പിച്ച ആറ് പന്തുകള്‍.

18മത്തെ ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ സെമിയിലെ തന്റെ ജോലി അദ്ദേഹം ഭംഗിയായി പൂര്‍ത്തിയാക്കിയിരുന്നു. 4 ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ്. റണ്‍ റേറ്റ് 13-ന് മുകളില്‍ പോയ ഒരു മത്സരത്തില്‍ ബുംറയുടെ എക്കണോമി റേറ്റ് എട്ടിന് താഴെയായിരുന്നു. അതുകൊണ്ട് തന്നെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടും താനല്ല ബുംറയാണ് അതിന് അര്‍ഹനെന്ന് സഞ്ജു തുറന്നു പറഞ്ഞത്.

ഡെത്ത് ഓവറിലെ മാന്ത്രികത മാത്രമല്ല ഈ മത്സരത്തില്‍ ബുംറയില്‍ നിന്നുണ്ടായത്. തന്റെ ആദ്യ ഓവറില്‍ ബുംറയില്‍ നിന്നും ഒരു അപ്രതീക്ഷിത നീക്കമുണ്ടായി. റയാന്‍ റിക്കല്‍ട്ടനെയും റോസ്റ്റണ്‍ ചേസിനെയും പുറത്താക്കിയ ബുംറയുടെ പ്രസിദ്ധമായ ‘ഡിപ്പിംഗ് ഓഫ് കട്ടര്‍’ സ്ലോവര്‍ ബോളുകളെക്കുറിച്ച് ഹാരി ബ്രൂക്കിന് അറിയാതെ വരാന്‍ വഴിയില്ല. എന്നാല്‍ ബുംറയുടെ സങ്കീര്‍ണ്ണമായ ആക്ഷനില്‍ നിന്ന് അത് തിരിച്ചറിയുക എന്നത് ഏതൊരു ബാറ്റര്‍ക്കുമെന്നപോലെ ബ്രൂക്കിനും പ്രയാസമായി.

ക്രീസിന് വെളിയിലിറങ്ങി കവറിന് മുകളിലൂടെ അടിക്കാനായിരുന്നു ബ്രൂക്ക് കണക്ക് കൂട്ടിയത്. എന്നാല്‍ ബുംറയുടെ സ്ലോവര്‍ ബോള്‍ അയാളെ കുടുക്കി. ഷോട്ട് കളിച്ച് തുടങ്ങിയ ശേഷമാണ് താന്‍ ചതിക്കപ്പെട്ടുവെന്ന് ബ്രൂക്ക് തിരിച്ചറിഞ്ഞത്. കയ്യില്‍ നിന്ന് നിയന്ത്രണം വിട്ട പന്ത് വായുവില്‍ ഉയര്‍ന്നു പൊങ്ങി. കവറില്‍ നിന്ന് ഏകദേശം 20 മീറ്റര്‍ ഓടിയെത്തിയ അക്‌സര്‍ പട്ടേല്‍ ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് എടുത്തതോടെ ബ്രൂക്കിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു. അക്‌സറിന്റെ ആ ക്യാച്ച് ടീം ഗെയിമിന്റെ ഉത്തമ ഉദാഹരണമായിരുന്നു. അത് അടയാളപ്പെടുത്താതെ ഈ സെമി ഫൈനല്‍ കഥ പൂര്‍ണമാവുകയുമില്ല.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ റിക്കല്‍ട്ടനെ ഇതേ രീതിയില്‍ തന്നെയാണ് ബുംറ പുറത്താക്കിയത്. റിക്കല്‍ട്ടന്റെ ബാറ്റിംഗ് ശൈലി കൃത്യമായി പഠിച്ച ബുംറ, ഓഫ് കട്ടറിലൂടെ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ട്വന്റി-20 ക്രിക്കറ്റിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും, ബുംറ പന്തെറിയുമ്പോള്‍ അവിടെ കൃത്യമായ ഒരു പദ്ധതിയുമുണ്ടാകും. അദ്ദേഹം നിങ്ങള്‍ പ്രതീക്ഷിക്കുന്ന ആറ് പന്തുകള്‍ തുടര്‍ച്ചയായി എറിഞ്ഞാലും, അല്ലെങ്കില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു മനോഹരമായ പന്തിലൂടെ ബാറ്ററെ ഞെട്ടിച്ചാലും അതിന് പിന്നില്‍ ബുംറ എന്ന പ്രതിഭയുടെ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. ബാറ്റര്‍മാര്‍ അത് മുന്‍കൂട്ടി കാണാന്‍ ശ്രമിച്ചാലും ബുംറയാണ് അവരുടെ എതിരാളി എന്നതുകൊണ്ട് കാര്യങ്ങള്‍ തീര്‍ത്തും അസാധ്യമായി മാറുന്നു.

Content Summary: T2 World Cup: Jasprit Bumrah’s Key Role in India’s Dramatic Semi-Final Win Over England.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×