മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ തിഹാര്‍ ജയില്‍ പാര്‍പ്പിച്ചിരിക്കുന്നത് അതീവ സുരക്ഷയില്‍. റാണയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറി കിട്ടിയത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് റാണയെ കഴിഞ്ഞാഴ്ച്ച പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ജൂണ്‍ ആറ് വരെ വീണ്ടും എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടിരിക്കുകയാണ് സ്‌പെഷ്യല്‍ എന്‍ ഐ എ ജഡ്ജി ചന്ദര്‍ ജിത് സിംഗ്.
അതീവ അപകടകാരികളായുള്ള തടവുകാരെ പാര്‍പ്പിക്കുന്ന പ്രത്യേക വാര്‍ഡിലാണ് റാണയെയും പാര്‍പ്പിച്ചിരിക്കുന്നത്. റാണയെ പാര്‍പ്പിച്ചിരിക്കുന്ന വാര്‍ഡില്‍ അയാളുടെ അയല്‍ക്കാരായുള്ളത് ആറ് പേരാണ്. ഗ്യാംഗ്സ്റ്റര്‍മാര്‍ ഉള്‍പ്പെടെ കൊടുംകുറ്റവാളികള്‍. എന്നാല്‍ ഇവരെയെല്ലാം പ്രത്യേകം പ്രത്യേകം സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നതിനാല്‍ പരസ്പരം കാണാനോ ആശയവിനിമയം നടത്താനോ സാധ്യമല്ല.
തിഹാറിലെ 1784-ാം നമ്പര്‍ തടവുകാരനാണ് തഹാവൂര്‍ റാണ. ജയില്‍ സമുച്ചയത്തിലെ മറ്റുള്ള ബ്ലോക്കുകളെ അപേക്ഷിച്ച് റാണയെ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്ക് തിരക്ക് കുറഞ്ഞിടമാണ്. ഇതൊരു പ്രത്യേക വാര്‍ഡാണ്. മറ്റ് വാര്‍ഡുകളില്‍ നിന്നുള്ള ഒരു തടവുകാരനെയും ഈ ബ്ലോക്കിലേക്ക് പ്രവേശിപ്പിക്കാറില്ല.
ജയിലില്‍ റാണ ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുന്നതെന്നാണ് തിഹാര്‍ ജയില്‍ വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്. രണ്ട് ആവശ്യങ്ങളായിരുന്നു റാണ തങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചിരുന്നതെന്നും ജയില്‍ വൃത്തങ്ങള്‍ പറയുന്നു; വെസ്‌റ്റേണ്‍ ടോയ്‌ലെറ്റും പുസ്തകങ്ങളും.
റാണയ്ക്ക് ആറ് പുതപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. അവയില്‍ മൂന്നെണ്ണം കട്ടിലില്‍ വിരിക്കാനാണ്. കൂടാതെ ഒരു ഫാനും നല്‍കിയിട്ടുണ്ട്. രാവിലെ 7 മണിയോടെ, അദ്ദേഹത്തിന് പ്രഭാതഭക്ഷണമായി ചായ, ബിസ്‌കറ്റ്, ബ്രെഡ്, ഡാലിയ (പൊടിച്ച ഗോതമ്പ്) എന്നിവ വിളമ്പും, ഉച്ചഭക്ഷണത്തിന് പരിപ്പ്, അരി, സബ്‌സിയും. വൈകുന്നേരം ചായയും ലഘുഭക്ഷണവും. അത്താഴത്തിന് അരിയും സബ്‌സിയും. എന്നാല്‍ റാണ അധികം കഴിക്കാറില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
റാണയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ അദ്ദേഹത്തിന്റെ സെല്ലില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും അദ്ദേഹം പൂര്‍ണ നിരീക്ഷണത്തിലാണ്. ആത്മഹത്യ ചെയ്യാനുള്ള പ്രവണത റാണ കാണിക്കുന്നുണ്ടോയെന്ന കാര്യത്തിലും ജയില്‍ അധികൃതര്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. റാണയെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ പ്രത്യേക പാചകക്കാരെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷണം തയ്യാറാക്കിയ ശേഷം, അത് റാണയ്ക്ക് വിളമ്പുന്നതിനു മുമ്പ് ജയില്‍ ജീവനക്കാര്‍ രുചിച്ചുനോക്കി പരിശോധിക്കാറുണ്ട്.
ഏപ്രില്‍ 10 നാണ് റാണയെ ഇന്ത്യക്ക് വിട്ടുകിട്ടുന്നത്. ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ അടുത്ത അനുയായിയാണ് റാണ. ഹെഡ്‌ലിക്ക് മുംബൈയില്‍ സഹായങ്ങള്‍ ചെയ്തു കൊടുത്തത് റാണയാണ്. റാണയില്‍ നിന്ന് ഇന്ത്യക്ക് അതീവ നിര്‍ണായക വിവരങ്ങള്‍ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ലഭിക്കാനുണ്ട്. മുംബൈ ഭീകരാക്രമണത്തില്‍ റാണയ്ക്ക് പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം കണക്കിലെടുത്ത് 2023 മെയ് 18ന് റാണയെ കൈമാറാന്‍ അമേരിക്ക തീരുമാനമെടുത്തു. ഇതിനെതിരെ യുഎസിലെ വിവിധ ഫെഡറല്‍ കോടതികളില്‍ റാണ നല്‍കിയ അപേക്ഷ തള്ളിയതോടെ കഴിഞ്ഞ നവംബര്‍ 13ന് റാണ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഫെഡറല്‍ കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിട്ട് അപ്പീല്‍ 21ന് സുപ്രീം കോടതിയും തള്ളി ഇന്ത്യയ്ക്ക് കൈമാറാന്‍ 2025 ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നല്‍കി. ഏപ്രിലില്‍ റാണയുടെ പുതിയ അപേക്ഷയും സുപ്രീം കോടതി തള്ളിയതോടെയാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറിയത്. Tahawwur Rana, Tihar inmate 1784. Mumbai Terror attack
Content Summary; Tahawwur Rana, Tihar inmate 1784. Mumbai Terror attack
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.