ഡല്‍ഹിയുടെ ഉപനഗരങ്ങളിലൊന്നായ ഗുരുഗ്രാം അഥവാ ഗുഡ്ഗാവിലെ രാധിക യാദവ് എന്ന ടെന്നീസ് താരത്തിന്റെ ഭാവി ശോഭനമായിരുന്നു. സമ്പന്നമായ കുടുംബം, സ്‌കോട്ടീഷ് ഹൈ ഇന്റര്‍ നാഷണല്‍ സ്‌ക്കൂളില്‍ പഠനം, ചെറുപ്പം മുതലേ ടെന്നീസ് കളിച്ച് തുടങ്ങിയ രാധിക പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴേ സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കുന്ന താരമായി. വൈകാതെ സ്വന്തം ടെന്നീസ് അക്കാദമി തുടങ്ങിയ രാധിക പ്രദേശത്തെ യുവതാരങ്ങളെ ടെന്നീസിന്റെ ലോകത്തേയ്ക്ക് ക്ഷണിച്ചു. അടുത്തിടെ തോളിനേറ്റ പരിക്ക് പോലും കാര്യമാക്കാതെ ഫിസിയോതെറാപ്പി കൃത്യമായി ചെയ്ത് തന്റെ അക്കാദമി രാധിക യാദവ് മുന്നോട്ട് കൊണ്ടുപോയി. ഒരു തടസമേ അവള്‍ക്കുണ്ടായുള്ളൂ, സ്വന്തമായി ഒരു സ്ഥാപനം നടത്തുന്ന ഹരിയാണക്കാരി യുവതിക്ക് സ്വന്തം നാട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന നിരന്തര നിരുത്സാഹപ്പെടുത്തല്‍. അതിനെ അതിജീവിച്ചുള്ള അവളുടെ യാത്രക്ക് വ്യാഴാഴ്ച രാവിലെ വരെയെ ആയുസുണ്ടായിരുന്നുള്ളൂ. എത്രയോ തവണ മകള്‍ കൊണ്ടുവരുന്ന ട്രോഫികള്‍ക്കൊപ്പം നിന്ന് നൃത്തം ചെയ്ത് സന്തോഷിച്ചിരുന്ന, അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് അഭിമാനം കൊണ്ടിരുന്ന, സ്വന്തം പിതാവ് ദീപക് യാദവ് ഗുരുഗ്രാം സെക്ടര്‍ 57-ലുള്ള അവരുടെ വീടിന്റെ അടുക്കളയില്‍ രാധികയെ വെടിവെച്ച് കൊന്നു.
അവരുടെ മൂന്ന് നില വീടിന്റെ അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരിക്കേ വെടിയേറ്റ് വീണ രാധികയ്ക്ക് 25 വയസുമാത്രമായിരുന്നു പ്രായം. പിതാവ് ദീപകിന് 51 വയസും. കെട്ടിട നിര്‍മ്മാണ രംഗത്തുള്ള ദീപക് യാദവ് സ്വന്തം നിലയില്‍ ധനവാനാണ്. എന്നാല്‍ വീടിന്നടുത്ത് തന്നെ ആരംഭിച്ച ടെന്നീസ് അക്കാദമിയുടെ വിജയകരമായ വളര്‍ച്ച രാധികയേയും സാമ്പത്തികമായി സ്വതന്ത്രയാക്കിരുന്നു. ഇതേതുടര്‍ന്ന് രാധികയുടെ ചെലവില്‍ ദീപക് ജിവിക്കുന്നത് കൊണ്ടാണ് സ്വന്തം ഇഷ്ടപ്രകാരം നടക്കാന്‍ അവളെ അനുവദിക്കുന്നത് എന്ന് പ്രദേശവാദികള്‍ കുറ്റപ്പെടുത്താറുണ്ടത്രേ, ഈ കളിയാക്കല്‍ സൃഷ്ടിച്ച ദുരഭിമാനമാണ് മകളെ കൊല്ലാല്‍ ദീപകിനെ പ്രേരിപ്പിച്ചത് എന്നാണ് പോലീസ് ഭാഷ്യം.
ഈയടുത്ത് പല തവണ ടെന്നീസ് അക്കാദമി അടച്ച് പൂട്ടാല്‍ ദീപക് മകളോട് ആവശ്യപ്പെട്ടിരുന്നതായി അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ യശ്വന്ത് യാദവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ റ്റൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”എന്നാല്‍ രാധിക അത് സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് ആ വീട്ടില്‍ പല തര്‍ക്കങ്ങളും നടന്നു. ഈ വഴക്കുകള്‍ക്ക് ഒടുവിലാണ് വെടിവെയ്പുണ്ടായത്’- പോലീസ് വിശദീകരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി, നാട്ടുകാരുടെ ഈ വിമര്‍ശനം സൃഷ്ടിച്ച മനോവിഷമത്തിലും വിഷാദത്തിലുമായിരുന്നു ദീപക് എന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ‘തന്റെ അഭിമാനത്തിന് ക്ഷമമേല്‍പ്പിക്കുന്ന ഈ അപമാനം സഹിക്കാന്‍ പറ്റാതെയാണ്’ ഈ കൊലപാതകം ചെയ്തതെന്ന് ദീപക് കുറ്റസമ്മതം നടത്തിയതായും പ്രാഥമിക വിവര റിപ്പോര്‍ട്ട് പറയുന്നു.
അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍മീഡീയയില്‍ രാധിക പോസ്റ്റ് ചെയ്ത ഒരു റീലിനെ ചൊല്ലിയും ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നുണ്ട്. എന്നാല്‍ കുറച്ച് കാലം മുമ്പ് വരെ രാധിക ടെന്നീസ് മത്സരങ്ങളില്‍ വിജയിച്ച് വീട്ടിലെത്തുമ്പോള്‍ ട്രോഫിയും പിടിച്ച് അച്ഛനും മകളും ചേര്‍ന്ന് നൃത്തം ചെയ്യുന്ന റീലുകള്‍ രാധിക പോസ്റ്റ് ചെയ്യുന്നത് ദീപകിന് വലിയ സന്തോഷമായിരുന്നു. വ്യാഴാഴ്ച രാവിലെ കിടപ്പ് മുറിയില്‍ നിന്ന് തോക്കുമായി അടുക്കളയില്‍ പോയി പാചകം ചെയ്തുകൊണ്ടിരുന്ന മകള്‍ക്ക് നേരെ മൂന്ന് വെടിയുതിര്‍ക്കുകയാണ് ദീപക് ചെയ്തതെന്ന് പോലീസ് പറയുന്നു. പനിയായി കിടക്കുകയായിരുന്ന അമ്മ മഞ്ജുയാദവ് പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചതാണെന്ന് കരുതിയാണ് മുകള്‍ നിലയിലുള്ള അടുക്കളയിലേയ്ക്ക് ഓടിക്കയറിയത്. അവിടെ ചോരയില്‍ കുളിച്ച് കിടക്കുന്ന മകളെ കണ്ട് സമീപത്തുള്ള സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. രാധികയുടെ ഇളയ സഹോദരനും ഒരു ബന്ധുവും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ബന്ധുവിന്റെ പരാതിയിലാണ് പോലീസ് കേസ് രേഖപ്പെടുത്തിയിട്ടുള്ളത്. Tennis player Radhika Yadav’s murder; villagers’ mockery and her father’s pride
Content Summary: Tennis player Radhika Yadav’s murder; villagers’ mockery and her father’s pride
This post was last modified on July 11, 2025 11:58 am
Leave a Comment