ഫാസില്‍ റസാഖിന്റെ ‘തടവ്’ ഇപ്പോള്‍ തീയേറ്റര്‍ റിലീസ് ആയപ്പോഴാണ് ഗീത ടീച്ചറെ പറ്റി വീണ്ടും ആലോചിച്ചത്. കഴിഞ്ഞ ബാംഗ്ലൂര്‍ ഫിലിം ഫെസ്റ്റിവലില്‍ ഫാസിലിനെ കണ്ടിരുന്നു. വളരെ സിമ്പിള്‍ ആയാണ് തടവിനെ പറ്റി പറഞ്ഞത്. എന്നാല്‍, ‘തടവ്’ കണ്ടവര്‍ക്കറിയാം ഗീത ടീച്ചര്‍ അത്ര സിമ്പിള്‍ ഒന്നുമല്ല. ഒരുപാട് തലങ്ങളും അന്തഃസംഘര്‍ഷങ്ങളും ഉള്ള, മലയാള സിനിമ അത്രയ്‌ക്കൊന്നും കണ്ട് പരിചയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രമാണ്. ചെറിയ തീമുകള്‍ ഉള്ള, എന്നാല്‍ നല്ല ഇമ്പാക്ട് ഉണ്ടാക്കുന്ന ചില ഇറാനിയന്‍ സിനിമകളെ ഓര്‍മിപ്പിച്ചു തടവ്.Thadavu movie character Beena Chandran; woman who declares freedom by ‘imprisoning’ herself
തടവിന്റെ ഏറ്റവും വലിയ പിച്ചിങ് ഗീതയുടെ സാധാരണ ജീവിതപരിസരമാണ്. തനിച്ചു ജീവിക്കുന്ന സ്ത്രീകള്‍ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത് വലിയ അസ്ഥിത്വ പ്രശ്‌നങ്ങളോട് മല്ലടിച്ചാണല്ലോ. എടുത്താല്‍ പൊങ്ങാത്ത മാനസിക ഭാരങ്ങള്‍, ഫെമിനിസം, സമൂഹത്തോടുള്ള കലഹിക്കല്‍, കോര്‍പറേറ്റും, അര്‍ബന്‍ അപ്പാര്‍ട്‌മെന്റും, സെമി ഹിപ്പി ജീവിതരീതികളും ഒക്കെ ഉണ്ടെങ്കില്‍ മാത്രം പൂര്‍ണമാവുന്ന ഒരു കഥാപരിസരം. ഗീതയ്ക്ക് അത്തരം ജാഡകള്‍ ഒന്നുമില്ല. ഒരു സാധാരണ അംഗന്‍വാടി ടീച്ചര്‍. സ്വാഭാവികമായും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. കടുത്ത മൈഗ്രേന്‍ അലട്ടുമ്പോള്‍ ആ തലകൊണ്ട് ഇടിച്ചു തകര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. വീടിന്റെ കോലായില്‍ ഇരുന്നു തനിച്ചു ഊതിക്കുടിക്കുന്ന ഒരു കട്ടന്‍ചായയിലും സ്വാതന്ത്രത്തിന്റെ തെളിമ ഉണ്ട്. ചുരുക്കം സുഹൃത്തുക്കള്‍. അവരോടെല്ലാം സ്‌നേഹം, പക്ഷെ വാരിക്കോരി കൊടുക്കൊന്നുമില്ല. എപ്പോ അവര്‍ക്കെതിരെ വാതില്‍ കൊട്ടിയടക്കുമെന്നു ഗീതയ്ക്കു വല്യ നിശ്ചയം ഒന്നുമില്ല. അവര്‍ക്കുണ്ട് അതിലൊരു പരിഭവും ഇല്ല താനും.

ബീന ചന്ദ്രന്‍
താന്‍ എന്താണെന്ന് സ്വയം അറിയാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന ഒരു സ്ത്രീ ഗീത ടീച്ചറില്‍ ഉണ്ട്. തനിക്കു വേണ്ടത് എന്താണെന്നും അവര്‍ക്കറിയുമോ എന്ന സംശയം പോകെപ്പോകെ പ്രേക്ഷകരില്‍ തനിയെ ഉടലെടുക്കുന്നു. പക്ഷെ പ്രതിസന്ധികളില്‍ നിലപാടുകളുണ്ട്. സ്വന്തം ഇഷ്ടങ്ങളെ അതേപടി നില നിര്‍ത്തുന്നതിലും അതാഘോഷിക്കുന്നതിലും ഗീതയ്ക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ട. കുടിക്കാനും ആടാനും പാടാനും തോന്നിയാല്‍ അത് ചെയ്യും. പുഴ കണ്ടാല്‍ ചാടിയെന്നിരിക്കും, സ്വിമ്മിങ് വെയര്‍ സാരി തന്നെ. ഒരു സദ്യ കിട്ടിയാല്‍ ആസ്വദിച്ചു കഴിക്കും. ഇതുവഴി സ്വാധീനിക്കാന്‍ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല.
അംഗന്‍വാടിയിലെ കുഞ്ഞുങ്ങളോട് ഗീതയ്ക്ക് സ്‌നേഹമുണ്ട്. രണ്ടാമത്തെ കല്യാണത്തിലെ മകളോടും. കാരണം അവള്‍ കുഞ്ഞാണ്. ഇവര്‍ക്കിടയിലാണ് ഈ സിനിമയില്‍ നല്ല തെളിഞ്ഞ മുഖമുള്ള ടീച്ചറെ കാണുന്നത്. വീട്ടില്‍ നാടകം റിഹേഴ്‌സല്‍ ചെയ്യുന്ന കുട്ടികള്‍ക്ക് പലഹാരം ഉണ്ടാക്കുമ്പോഴും നല്ല മൂഡാണ്. അല്ലാത്തപ്പോഴൊക്കെ ഗീതയ്ക്ക് ഒരേ മുഖഭാവമാണ്. തികച്ചും വികാരരഹിതം. തന്റെ ഭൂതകാലം കോടതിയില്‍ വിഷയമാവുന്നതു പോലും അവര്‍ സ്വാഭാവികമായി എടുക്കുന്നു. മെലോഡ്രാമ ഒരു സംഭാഷണത്തിലും ഇല്ല.
ഗീത ആരോടും, ഒന്നിനോടും കടപ്പെടുന്നില്ല. കടമകളിലും ഇമേജുകളിലും ബന്ധിതയുമല്ല. കടുപ്പിച്ച നോട്ടങ്ങളും, കടുത്ത പ്രതികരണങ്ങളും ഗീത നിയന്ത്രിക്കാറില്ല. സ്വന്തം ഈഗോയെയും, ചിലപ്പോഴൊക്കെ തെന്നിമാറുന്ന മനസ്സിനെയും അവര്‍ ഭയപ്പെടുന്നില്ല. എല്ലാം കഷ്ടപ്പെട്ട് പൊതിഞ്ഞ് സൂക്ഷിച്ച് പുറമെ ഉണ്ടാക്കുന്ന ഒരു സംരക്ഷണവലയം അവര്‍ക്കാവശ്യമില്ലാത്ത പോലെ. അവര്‍ അവരില്‍ തന്നെ ഒരു തടവുകാരിയാണ്. കഥാപാത്രങ്ങളുടെ ഉത്തരവാദിത്തം അവര്‍ക്ക് വിട്ടുകൊടുക്കുന്ന മട്ടില്‍ സംവിധായകന്‍ ഒരു തരത്തിലും ഗീതയുടെ സ്‌ക്രീന്‍ സ്‌പേസില്‍ ഇടപെടുന്നുമില്ല. ക്യാമറക്ക് പുറകില്‍ ഇത് മറ്റൊന്നായിരിക്കാം.

ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ റസാക്കിനൊപ്പം ലേഖിക
ഫാസിലിന്റെ തിരക്കഥയ്ക്ക് നല്ല കെട്ടുറപ്പുണ്ട്. ആദ്യ സിനിമ ആണെങ്കിലും ‘തടവ്’ ഒരുത്തിലും പാളിയിട്ടില്ല. ഗീതയുടെ ചുറ്റുമുള്ള കഥാപാത്രങ്ങളും അവരര്‍ഹിക്കുന്ന കസേരകളില്‍ അന്തസ്സോടെ ഇരിക്കുന്നു. വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമപ്രദേശത്ത് ഇത്ര ശുദ്ധിയുള്ള, അല്ലെങ്കില്‍ അത്രയേറെ തുറന്ന മനസ്സുള്ള ഒരു സ്ത്രീ-പുരുഷ സൗഹൃദം അസാധാരണമായി തോന്നി. പി. സുബ്രമണ്യന്‍ ചെയ്ത ഹംസ എന്ന കഥാപാത്രം വളരെയധികം ഇഷ്ടപ്പെട്ടു. ഉമയായി വന്ന അനിലയും തിളങ്ങി. ഒരു ജന്‍ഡര്‍ ബയസുകളും ബാധിക്കാത്ത കറയറ്റ സൗഹൃദം. എടുത്തുപൊക്കി കാണിച്ച് ഇതിനെയും മഹത്വവത്കരിക്കുന്നില്ല സ്‌ക്രിപ്റ്റ്. എല്ലാത്തിലും ഒരു ജൈവികത ഉണ്ട്. പുറമെയുള്ള കലാപങ്ങള്‍ക്ക് ആകെ തടവ് കൊടുക്കുന്ന ഇടം ഒരു യഥാര്‍ത്ഥ സംഭവുമായി ബന്ധപ്പെട്ടാണ്. അതിനവിടെ പ്രസക്തി ഉണ്ട്.
ഗീത ടീച്ചറായി വന്ന ബീന ആര്‍ ചന്ദ്രന്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ആണ്. ഫാസിലിന്റെ ഷോര്‍ട് ഫിലിമായ ‘അതിരില്‍’ മുന്‍പ് അഭിനയിച്ചിട്ടുണ്ട്. വളരെ യൂണിക്ക് ആയ അഭിനയമാണ് തടവില്‍. തുടക്കം മുതല്‍ അവസാനം വരെ ഗീതയുടെ ബോഡി ലാഗ്വേജും, മുഖഭാവവും, സൂക്ഷ്മമായ വികാരങ്ങളും അതുപോലെ നിലനിര്‍ത്തിയിരിക്കുന്നു ബീന. ഭ്രാന്തമായ നിമിഷങ്ങളിലും അതിഭാവുകത്വം ഒട്ടുമില്ല, ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തിന്റെ ഉള്ളറകള്‍ പ്രേക്ഷകരിലെത്തിക്കുക ശ്രമകരമാണ്. സ്റ്റേറ്റ് അവാര്‍ഡിന് അപ്പുറത്തേക്ക് ബീനയെ മലയാള സിനിമ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. തടവ് ഒരു കൊമേര്‍ഷ്യല്‍ സിനിമ അല്ല, എന്നാല്‍ ഒരു ആര്‍ട്ട് സിനിമയുടെ ലേബലില്‍ കുരുങ്ങി കിടക്കുന്നുമില്ല.Thadavu movie character Beena Chandran; woman who declares freedom by ‘imprisoning’ herself
Content Summary: Thadav movie character Beena Chandran; woman who declares freedom by ‘imprisoning’ herself