1963 ലെ റിപ്പബ്ലിക് ദിന പരേഡും ആര്‍എസ്എസ് പങ്കാളിത്തവും

ബിഎംഎസിനെ ക്ഷണിച്ച ഗ്യാപ്പില്‍ ആര്‍എസ്എസ് കയറിക്കൂടി

RSS 1963 Republic Day Parade

ആര്‍എസ്എസ് 1963 ലെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായതെങ്ങനെയെന്നും ഇന്ത്യന്‍ ചരിത്രത്തില്‍ ആര്‍എസ്എസിന്റെ ഇടപെടലുകളെ കുറിച്ചും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പിഎന്‍ ഗോപീകൃഷ്ണനുമായി സംസാരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്.

ഇന്ത്യ-ചൈന യുദ്ധം 1962 ഡിസംബറില്‍ അവസാനിച്ചതിനെ തുടര്‍ന്ന്, സൈന്യത്തിന് പൂര്‍ണ്ണമായും യുദ്ധരംഗത്തുനിന്ന് പിന്മാറാന്‍ കഴിയാത്തതിനാല്‍ 1963 ജനുവരിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഒഴിവാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എങ്കിലും, പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ഈ തീരുമാനത്തെ എതിര്‍ത്തു. സൈന്യത്തിന് പകരം പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ‘പൗരന്‍മാരുടെ റിപ്പബ്ലിക് ദിനാഘോഷം’ (Citizen’s Republic Day Parade) നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും അതനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്തു.

റിപ്പബ്ലിക് പരേഡിലെ ആര്‍എസ്എസ് തന്ത്രം

അതോടെ പൊതു ജനങ്ങളെ അണിനിരത്തിയുള്ള ഒരു റിപ്പബ്ലിക് ദിന പരേഡാക്കാന്‍ നിശ്ചയിച്ചു. ഇതിന്റെ ഭാഗമായി ആളുകളെ ക്ഷണിക്കാനുള്ള ചുമതല ഡല്‍ഹി മേയറായിരുന്ന നൂറുദീന്‍ അഹമ്മദിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഡല്‍ഹി മേയര്‍ എല്ലാ ട്രേഡ് യൂണിയന്‍ സംഘടനകളെയും ഔദ്യോഗികമായി ക്ഷണിച്ചു. അതില്‍ ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ് എന്നിവര്‍ ഉള്‍പ്പെട്ടു. എന്നാല്‍ ബിഎംഎസിനെ ക്ഷണിച്ച ഗ്യാപ്പില്‍ ആര്‍എസ്എസ് കയറിക്കൂടുകയായിരുന്നുവെന്ന് ‘Golwalkar the myth behind the man, the man behind the machine’ എന്ന പുസ്തകത്തില്‍ ധീരേന്ദ്ര കെ ഝാ വ്യക്തമാക്കുന്നു.

Also Read: ‘ഈ ഭാരതാംബ ആര്‍എസ്എസ് രാഷ്ട്രീയനേട്ടത്തിനുണ്ടാക്കിയ സങ്കല്‍പ്പം’

അങ്ങനെ 1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍എസ്എസ് അവരുടെ യൂണിഫോം അണിഞ്ഞ് പങ്കാളികളായി. അന്നത്തെ ആഘോഷത്തില്‍ മന്ത്രിമാരും പൊതുജനങ്ങളും വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളും പങ്കെടുത്തതായിരുന്നു. പങ്കെടുത്ത മറ്റെല്ലാവരും രാജ്യത്തിന്റെ പരിപാടി എന്ന നിലവില്‍ വന്നപ്പോള്‍ ആര്‍എസ്എസ് ആകട്ടെ കരുതിക്കൂട്ടി അവരുടെ യൂണിഫോമില്‍ വന്നു. പക്ഷേ, ആ പരേഡില്‍ അവര്‍ കാവിക്കൊടിയൊന്നുമല്ല പിടിച്ചിരുന്നത്. പകരം ദേശീയപതാക പിടിച്ച് തന്നെയാണ് പങ്കെടുത്തത്.

ആര്‍.എസ്.എസ്. പങ്കെടുത്തത് സംബന്ധിച്ച് പിറ്റേദിവസം കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. അന്ന് അതിന് നെഹ്‌റു പറഞ്ഞത്: നമ്മള്‍ പൊതുജനങ്ങളെ മുഴുവന്‍ ക്ഷണിച്ചല്ലോ, അക്കൂട്ടത്തില്‍ ആര്‍എസ്എസ് അവരുടെ യൂണിഫോമില്‍ വന്നാല്‍ പിടിച്ച് പുറത്താക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു.

യഥാര്‍ത്ഥത്തില്‍ സിവിലിയന്‍ റിപ്പബ്ലിക്ക് ഡേ പരേഡിനെ ആര്‍എസ്എസ് അവരുടെ രീതിയിലേക്ക് ഹൈജാക്ക് ചെയ്യുകയായിരുന്നു. കാരണം, ഗാന്ധി വധത്തിന് ശേഷം നിരോധിക്കപ്പെട്ട ആര്‍എസ്എസ് പൊതുസമൂഹത്തില്‍ നിന്നും അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട് നില്‍ക്കുന്ന സമയമായത് കൊണ്ടുതന്നെ തങ്ങളും ദേശീയ ചരിത്രത്തിന്റെ ഭാഗമാണെന്ന് കാണിക്കാനുള്ള ഒരവസരമായി 1963 ലെ റിപ്പബ്ലിക് ദിന പരേഡിനെ മാറ്റിയെടുക്കുകയായിരുന്നു.

ദേശീയതയെ മറയാക്കിയുള്ള തിരിച്ചുവരവ്

ഇന്ത്യന്‍ ഭരണഘടനയോ പതാകയോ ഒന്നും ഒരു ഘട്ടത്തില്‍ അംഗീകരിക്കാത്തവരായിരുന്നല്ലോ ആര്‍എസ്എസ്. ഗാന്ധിവധത്തിന് ശേഷം ആര്‍എസ്എസിനെ നിരോധിച്ചതിന് ശേഷമാണ് ഇവര്‍ ഇന്ത്യയുടെ ഭരണഘടനയും പതാകയും പോലും അംഗീകരിക്കാന്‍ തയ്യാറാണെന്ന് എഴുതിക്കൊടുത്തത്. ഇത് നിരോധനത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഇവരുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു. രാജ്യത്തിന്റെ ഭാഗമാണെന്ന് കാണിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പലതും അംഗീകരിച്ചത്. അതിന് കിട്ടുന്ന ഒരവസരവും പിന്നീട് വിനിയോഗിക്കാതിരുന്നതുമില്ല. ദേശവിരുദ്ധരാണെന്ന ധാരണ മാറ്റുന്നതിന് വേണ്ടിയാണ് ഇവര്‍ പിന്നീടുള്ള അവസരങ്ങള്‍ ഉപയോഗിച്ചത്.

Also Read : ക്രിസ്തീയ മുക്ത രാഷ്ട്രത്തിനായി ജാര്‍ഖണ്ഡ് ആര്‍എസ്എസ്

1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍എസ്എസിനെ ഔദ്യോഗികമായി ക്ഷണിച്ച് പങ്കെടുപ്പിക്കുകയല്ല ചെയ്തത്. അന്ന് സേനയെ ഉപയോഗിച്ചുള്ള സിവിലിയന്‍ പരേഡല്ല നടന്നത്. മറിച്ച് പൊതുജനങ്ങളെ പങ്കാളികളാക്കിക്കൊണ്ടുള്ള റിപ്പബ്ലിക്ക് ദിനാഘോഷമാണ് നടന്നത്. അതിനെ വളച്ചൊടിച്ച് രാഷ്ട്ര ചരിത്രത്തിന്റെ ഭാഗമായിരുന്നു എന്ന് കാണിക്കുന്ന നടപടികളാണ് നിലവില്‍ ബിജെപിയും ആര്‍എസ്എസും ചെയ്യുന്നത്.

Content Summary: The 1963 Republic Day Parade and the RSS Participation

This post was last modified on October 4, 2025 2:49 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment