July 09, 2025 |

ഇപിയുടെ ആത്മകഥാ വിവാദവും അഴിയാക്കുരുക്കും

ഡിസി ബുക്‌സ് അവരുടെ വെബ് സൈറ്റില്‍ പുസ്തകം ഉടന്‍ വരുന്നുവെന്ന പരസ്യം നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്

കഴിഞ്ഞ കുറേക്കാലമായി തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ തന്നെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെ പലവിധ ആരോപണങ്ങളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ് ദിവസത്തിലും അതിന് യാതൊരു മാറ്റവും ഉണ്ടായില്ല. ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് ദിവസം ഒരു ബോംബ് എന്നോണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയാണ് ഇപി ജയരാജന്റെ ആത്മകഥ ഭാഗങ്ങളുടേതെന്ന പിഡിഎഫ് പേജുകള്‍ ചര്‍ച്ചയായത്. കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കുന്ന തരത്തിലുള്ള വിവാദങ്ങളായിരുന്നു തുടര്‍ന്നിങ്ങോട്ട് നമ്മള്‍ കണ്ടത്.the autobiography of the EP will also unravel the controversy

‘കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്നത് ഇപി ജയരാജന്റെ ആത്മകഥയുടെ ചില ഭാഗങ്ങളാണെന്ന രീതിയിലായിരുന്നു പുറത്തുവന്നത്. എന്നാല്‍ വിവാദങ്ങളുടെ തുടക്കത്തില്‍ തന്നെ ഇത് താന്‍ എഴുതിയതല്ലെന്നും ഡിസി ബുക്സിന് പ്രസിദ്ധീകരണാവകാശം നല്‍കിയിട്ടില്ലെന്നും ഇപി വ്യക്തമാക്കിയിരുന്നു.

ആത്മകഥയുടെ ഭാഗങ്ങള്‍ എന്ന പേരില്‍ ചോര്‍ന്നത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇപി ഇപ്പോഴും പറയുന്നത്. തന്റെ ആത്മകഥയുടെ ഒരു വരിപോലും പ്രസിദ്ധീകരണത്തിനായി ആര്‍ക്കും കൊടുത്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അകത്തും പുറത്തും തനിക്ക് അവമതിപ്പ് ഉണ്ടാക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നുമാണ് ഇപിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകനായ ഒരാളോട് താന്‍ എഴുതിയത് എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ പൂര്‍ണവിശ്വാസം ഉണ്ട്. അല്ലാതെ പബ്ലിഷ് ചെയ്യാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്നാണ് ഇപി യുടെ വാദം.

Jayarajan

E P Jayarajan

ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കരാര്‍ ഉണ്ടായിരുന്നില്ലെന്നാണ് ഡിസി ബുക്സ് ഡയറക്ടറായ ഡിസി രവിയുടെ മൊഴി. സംഭവത്തില്‍ ഡിസി ബുക്സ് ജീവനക്കാരുടെ മൊഴിയും പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. പുസ്തകം വരുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റും പേജുകളുടെ പിഡിഎഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും ഡിസി രവി അന്വേഷണ സംഘത്തോട് പറഞ്ഞത്.

സംഭവങ്ങളുടെ ചുവടുപിടിച്ച് ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്സ് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പബ്ലിക്കേഷന്‍ വിഭാഗം മാനേജര്‍ എവി ശ്രീകുമാറിനെ സസ്‌പെന്‍ഡും ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്ന് പറഞ്ഞായിരുന്നു ആത്മകഥാ വിവാദം അഴിച്ചുവിട്ടത്. ആദ്യം വന്നത് ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു. പിന്നീട് എല്ലാ മാധ്യമങ്ങളും ഇത് വലിയ വാര്‍ത്ത തന്നെയാക്കി. പാര്‍ട്ടിക്കകത്തും പുറത്തും ജയരാജനെതിരെ വലിയ പടയൊരുക്കമാണ് ഉണ്ടായത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. കോട്ടയം എസ്പി ഷാഹുല്‍ ഹമീദാണ് റിപ്പോര്‍ട്ട് കൈമാറിയത്.

അതേസമയം, ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡിജിപിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡിസിയും ഇപിയും തമ്മില്‍ കരാറില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇത് ഗൗരവതരമെന്നാണ് സര്‍ക്കാര്‍ നിലപാട്.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ പുസ്തക വിവാദത്തിന് പിന്നില്‍ ഗൂഢലോചനയുണ്ടെന്ന വാദം നിരത്തി സിപിഎമ്മും പ്രതിരോധം തീര്‍ക്കും. പുസ്തക വിവാദം ഉപതിരഞ്ഞെടുപ്പിലും തിരിച്ചടിയായെന്ന് സിപിഎമ്മും ഇടത് മുന്നണിയും വിലയിരുത്തുന്നു. തുടരന്വേഷണം പ്രതിച്ഛായ വീണ്ടെടുക്കാന്‍ സഹായകരമാകുമെന്നുമാണ് നേതൃത്വം കരുതുന്നത്.

Book cover

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഡിസി ബുക്‌സ് അവരുടെ വെബ് സൈറ്റില്‍ പുസ്തകം ഉടന്‍ വരുന്നുവെന്ന പരസ്യം നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. കൂടാതെ ജയരാജന്റെ സമ്മതമില്ലാതെയാണ് പരസ്യം നല്‍കിയതെന്ന് പറയുമ്പോഴും വാക്കാല്‍ കരാര്‍ ഉണ്ടായതായി ഡിസി രവിയും പറയുന്നുണ്ട്. എന്നാല്‍ ഡിസി പറയുന്ന വാക്കാലുള്ള കരാറിനെ ഇപി അനുകൂലിച്ചിട്ടുമില്ല. ഇതും വലിയ സംശയനിഴലിലാണ് കാര്യങ്ങളെ നിര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍ വര്‍ഷങ്ങളായി പബ്ലിഷിങ് മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് ഡിസി ബുക്‌സ്. അതുകൊണ്ട് തന്നെ ഡിസിയുടെ ഭാഗത്ത് നിന്നും ഇപി പറയുന്നത് പോലുള്ള കാര്യങ്ങള്‍ നടന്നുവെന്നതും അവിശ്വസനീയമാണ്. the autobiography of the EP will also unravel the controversy

Content Summary: the autobiography of the EP will also unravel the controversy

Leave a Reply

Your email address will not be published. Required fields are marked *

×