പ്രതിരോധ പ്രവർത്തനങ്ങളുടെയും സുരക്ഷാ സേനയുടെ നീക്കങ്ങളുടെയും തത്സമയ കവറേജിംഗിൽ നിന്ന് വിട്ടുനിൽക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം. കാഗിൽ യുദ്ധം, 26/11 ആക്രമണം, കാണ്ഡഹാർ ഹൈജാക്കിംഗ് തുടങ്ങിയ മുൻകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടി, ഇത്തരം സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്തുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും സൈനികരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
2021ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക്സ് ( ഭേദഗതി) നിയമത്തിലെ ക്ലോസ് 6(1)(p) അനുസരിച്ച്, ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമേ അപ്‌ഡേറ്റുകൾ നൽകാൻ കഴിയൂവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. ദേശീയ സുരക്ഷ സംബന്ധിച്ച് എല്ലാവരും ഉത്തരാവാദിത്തതോടെയും ശ്രദ്ധയോടെയും പ്രവർത്തിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ദേശീയ സുരക്ഷയുടെ താൽപ്പര്യാർത്ഥം, എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളും, വാർത്താ ഏജൻസികളും, സോഷ്യൽ മീഡിയ ഉപയോക്താക്കളും പ്രതിരോധവും മറ്റ് സുരക്ഷാ പ്രവർത്തനങ്ങളും സംബന്ധിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പരമാവധി ഉത്തരവാദിത്തം നിർവഹിക്കാനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കാനും നിർദ്ദേശിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളുമായോ നീക്കങ്ങളുമായോ ബന്ധപ്പെട്ട “ഉറവിടങ്ങളെ അടിസ്ഥാനമാക്കിയുള്ള” വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള തത്സമയ കവറേജ്, ദൃശ്യങ്ങളുടെ പ്രചരണം, റിപ്പോർട്ടിംഗ് എന്നിവ നടത്തരുത്. ഇത്തരത്തിലുള്ള സെൻസിറ്റീവ് വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പാകിസ്ഥാനെ പ്രത്യാക്രമണത്തിന് സഹായിക്കുകയും പ്രവർത്തന ഫലപ്രാപ്തിയും ഉദ്യോഗസ്ഥരുടെ സുരക്ഷയും അപകടത്തിലാക്കുകയും ചെയ്തേക്കാം, കാർഗിൽ യുദ്ധം, മുംബൈ ഭീകരാക്രമണം (26/11), കാണ്ഡഹാർ ഹൈജാക്കിംഗ് തുടങ്ങിയ സംഭവങ്ങളിൽ, അനിയന്ത്രിതമായ കവറേജ് ദേശീയ താൽപ്പര്യങ്ങളിൽ അപ്രതീക്ഷിതമായ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കി. വസ്തുതാപരമായ വാർത്തകൾ നൽകാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഇത്തരത്തിൽ രാജ്യ സുരക്ഷ മുൻനിർത്തിയിട്ടുള്ള എട്ടോളം നിർദ്ദേശങ്ങളാണ് സുരക്ഷാ മന്ത്രാലയം പങ്കു വച്ചിട്ടുള്ളത്.
വ്യാഴാഴ്ച പാകിസ്ഥാൻ നടത്തിയ ഡോൺ ആക്രമണത്തെ തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥിന്റെ അധ്യക്ഷതയിൽ രാജ്യ തലസ്ഥാനത്ത് നിലവിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. പ്രതിരോധ മന്ത്രിയ്ക്ക് പുറമേ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ ദിനേശ് കെ ത്രിപാഠി, ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്, പ്രതിരോധ സെക്രട്ടറി ആർ കെ സിംഗ് എന്നിവരും ഉന്നത സൈനിക ഉദ്യോഗസ്ഥരും മുതിർന്ന ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുത്തു. ബുധനാഴ്ച ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് പാകിസ്ഥാൻ തിരിച്ചടിക്കാൻ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് യോഗം നടന്നത്.
content summary: The Defence Ministry has urged the media not to broadcast live coverage of security operations