”നാളെ രാത്രിയെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്, അത് വളരെ വേഗത്തിലാണ്. അവര്‍ ചെയ്യേണ്ടത് ചെയ്തില്ലെങ്കില്‍ അവരുടെ പവര്‍ പ്ലാന്റുകള്‍ തകര്‍ക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അപ്പോഴാണ് അവര്‍ വളരെ വിനയപൂര്‍വം സമയം നീട്ടി ചോദിച്ചത്. അവര്‍ 7 ദിവസമാണ് ആവശ്യപ്പെട്ടത്, എന്നാല്‍ ഞാന്‍ അവര്‍ക്ക് 10 ദിവസം നല്‍കി,” ഇറാനെതിരായ ആക്രമണത്തില്‍ സമയപരിധി നീട്ടി നല്‍കിയതിനെ കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളാണിത്.
മിഡില്‍ ഈസ്റ്റില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ, ഇറാന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കുള്ള സമയപരിധി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീട്ടി. ഇറാന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടിയെന്നും ഏപ്രില്‍ 6 തിങ്കളാഴ്ച വരെ 10 ദിവസത്തേക്ക് ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും ട്രംപ് അറിയിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വിശദീകരിച്ചത്.
ഇറാന്റെ ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് സമീപിച്ചതായാണ് ട്രംപിന്റെ അവകാശവാദം. ഹോര്‍മുസ് കടലിടുക്കിലൂടെ തടസ്സമില്ലാതെ എട്ട് എണ്ണ ടാങ്കറുകള്‍ സുരക്ഷിതമായി കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചതിനെ ഒരു ‘സമ്മാന’മായാണ് ട്രംപ് വിശേഷിപ്പിച്ചത്. ഈ കപ്പലുകള്‍ പാകിസ്ഥാന്‍ പതാകയുള്ളതാകാന്‍ സാധ്യതയുണ്ടെന്നും ചര്‍ച്ചകളിലെ പുരോഗതിയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെ ഇറാന്റെ ഭാഗത്ത് നിന്നുള്ള ഒരു സൗഹൃദ നീക്കമായാണ് വൈറ്റ് ഹൗസ് കാണുന്നതെന്നും ട്രംപ് പറഞ്ഞു.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഔദ്യോഗികമായി, ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ സമയപരിധി നീട്ടിയത് സംബന്ധിച്ച് ഔദ്യോഗികമായി പങ്കുവച്ചു. ഇറാന്റെ എനര്‍ജി പ്ലാന്റുകള്‍ നശിപ്പിക്കുന്നതിനുള്ള സൈനിക നടപടി താല്ക്കാലികമായി നിര്‍ത്തിവെക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, ഇറാനുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ നല്‍കുന്ന തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ട്രംപ് കുറിച്ചു.
പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് നിലവില്‍ യുഎസും ഇറാനും ആശയവിനിമയം നടത്തുന്നത്. ഇസ്ലാമാബാദ് വഴിയാണ് പ്രധാനമായും സന്ദേശങ്ങള്‍ കൈമാറുന്നത്. എങ്കിലും ഇറാന്‍ തങ്ങളുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ലെന്നാണ് സൂചനകള്‍. ഭാവിയിലെ സൈനിക നടപടികളില്‍ നിന്ന് യുഎസ് ഉറപ്പ് നല്‍കണം, യുദ്ധം മൂലം ഉണ്ടായ ആള്‍നാശത്തിനും നാശനഷ്ടങ്ങള്‍ക്കും അമേരിക്ക നഷ്ടപരിഹാരം നല്‍കണം,
ഹോര്‍മുസ് കടലിടുക്കിന്റെ ഔദ്യോഗിക നിയന്ത്രണത്തില്‍ ഇറാന്റെ അവകാശം അംഗീകരിക്കണം, വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ലെബനനിലെ സാഹചര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇറാന്റെ കടുപ്പമേറിയ ഈ ആവശ്യങ്ങള്‍ യുഎസ് അംഗീകരിക്കുക എളുപ്പമല്ല.
നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് പറയുമ്പോഴും, മിഡില്‍ ഈസ്റ്റിലേക്ക് യുഎസ് ആയിരക്കണക്കിന് സൈനികരെ അയച്ചുകൊണ്ടിരിക്കുകയാണ്. ചില സൈനിക വിഭാഗങ്ങള്‍ ഇതിനകം തന്നെ യുദ്ധമേഖലയില്‍ എത്തിക്കഴിഞ്ഞു. ഇത് സമാധാന ശ്രമങ്ങള്‍ക്കൊപ്പം തന്നെ ഒരു ശക്തമായ കരസേനാ ആക്രമണത്തിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതേസമയം, ഇറാനിലെ ഏത് ഉദ്യോഗസ്ഥരുമായാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്ന് വൈറ്റ് ഹൗസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ആക്രമണങ്ങള്‍ക്കുള്ള സമയപരിധി നീട്ടിയത് മേഖലയില്‍ താല്‍ക്കാലിക ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, ഏപ്രില്‍ 6-ന് ശേഷം യുഎസ് എന്ത് നിലപാട് സ്വീകരിക്കുമെന്നും വരാനിരിക്കുന്നത് വലിയ യുദ്ധത്തിന്റെ നാളുകളാണോ അതോ ശാശ്വതമായ വെടിനിര്‍ത്തിലിലേക്കാണോ നയിക്കുക എന്ന് ലോകം ഉറ്റുനോക്കുകയാണ്.
Content Summary: The gift from Tehran: why Trump extended the Iran energy infrastructure deadline