അബോര്‍ഷന്‍ ഒരു സ്ത്രീയുടെ ചോയ്‌സ് ആവുന്നത് അവളുടെ ശരീരത്തിന്റെ പൂര്‍ണമായ അവകാശം ഉള്ളപ്പോഴാണ്. മൈ ബോഡി -മൈ റൈറ്റ് വാദം ശക്തമാണല്ലോ. ഒരു കുഞ്ഞുലോകം കാണാത്തതിന് പുറകില്‍ ഒരു കഥയുണ്ട്. ചിലപ്പോള്‍ ഒരാളോ അല്ലെങ്കില്‍ മറ്റു പലരും കഥാപാത്രങ്ങളാകുന്ന ഒരു സ്‌ക്രിപ്റ്റ്. നിങ്ങളുടെ ഉള്ളില്‍ ഒരു ‘unwanted child’ വളരുമ്പോള്‍ അതിന്റെ ജീവിക്കാനുള്ള അവകാശത്തിന് പ്രസക്തി നഷ്ടപ്പെടാം. വൈകല്യങ്ങള്‍ ഉള്ളതോ, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തിന് ഭീഷണിയാവുന്നതോ ന്യായമായ കാരണങ്ങള്‍. അവിവാഹിതയായ അമ്മയുടെ തൂങ്ങിനില്ക്കുന്ന ഭാവി ആ കുഞ്ഞിന്റെ തെറ്റല്ല. അമ്മയുടേത് മാത്രവും അല്ല. ഈ സ്‌ക്രിപ്റ്റിന്റെ ഭാഗമായ എല്ലാവരും പ്രതികള്‍ എന്ന് വിശ്വസിക്കുന്നു. പക്ഷെ, ഈ വര്‍ഷത്തെ ഒസ്‌കാര്‍ അവാര്‍ഡിന്റെ ‘ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം’ കാറ്റഗറിയില്‍ മത്സരിക്കുന്ന ഡാനിഷ് ഫിലിം ‘ദി ഗേള്‍ വിത്ത് ദി നീഡില്‍’ പ്രേക്ഷകരോട് പറയുന്നത് മറിച്ചാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അടക്കം അബോര്‍ഷന്‍ നിരോധിക്കുന്ന എല്ലാ രാജ്യങ്ങളോടും ഈ സിനിമ മുഖം തിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം എന്ന മനുഷ്യാവകാശം നിഷേധിക്കാന്‍ ഒരു ഭരണാധികാരിക്കും അവകാശമില്ല. ‘ദി ഗേള്‍ വിത്ത് ദി നീഡില്‍’ അതിന്റെ ക്രൂരമായ പ്രതിഫലനം ആണ്.
സംവിധായകന്‍ മാഗ്‌നസ് വോണ്‍ മോണോക്റോമിലാണ് ‘ദി ഗേള്‍ വിത്ത് ദി നീഡില്‍’ എടുത്തിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ സമയത്തെ കേപ്പന്‍ഹേഗ്. നല്ല കഷ്ടപ്പാടുകളില്‍ ആണ് നായിക കരോലിന്റെ (Vic Carmen Sonne) ജീവിതം. യുദ്ധത്തിന് പോയ ഭര്‍ത്താവിന് കത്തുകള്‍ എഴുതി മടുത്തു. ജീവിക്കുന്ന ഫ്‌ലാറ്റില്‍ നിന്നും പുറത്താക്കപ്പെടുന്നു. ഒരു ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയില്‍ തൊഴിലാളി ആവുന്നു. മുതലാളി സുന്ദരിയും ഗതിയില്ലാത്തവളുമായ പുതിയ കുട്ടിക്ക് ഒന്ന് ചായാന്‍ ഒരു തോള് കൊടുക്കുന്നു. അതില്‍ മതിമറന്ന കരോലിന്റെ തുടര്‍ന്നുള്ള ജീവിതം സംഭവബഹുലമാണ്.
ഹിച്ച്‌കോക്കിന്റെ ചില സിനിമകളില്‍ കോണിപ്പടികള്‍ കഥ നിയന്ത്രിക്കാറുണ്ട്. തുടക്കം മുതല്‍ ഈ സിനിമയില്‍ കോണിപ്പടികള്‍ കഥാപാത്രങ്ങളുടെ വികാരങ്ങളിലേക്ക് ഓടിക്കയറുകയും, കിതയ്ക്കുകയും, ഇറങ്ങുകയും, ചെയ്യുന്നുണ്ട്. അസാധ്യമായ വിഷ്വലുകള്‍ ആണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമാട്ടോഗ്രാഫി മനോഹരമായി ഉപയോഗിച്ചിരിക്കുന്ന ചിത്രം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേ ബില്‍ഡിങ്ങുകളും, വീടുകളും, തെരുവുകളും, മുറികളും, ആളുകളുടെ കോസ്റ്റിയൂമും, അവയിലെ ക്ലാസ് ഡിഫറന്‍സും, സംഭാഷണങ്ങളും അതീവ ശ്രദ്ധയോടെ സ്‌ക്രീനില്‍ കൊണ്ടുവന്നിരിക്കുന്നു.
യുദ്ധം മുഖമെടുത്ത കരോലിന്റെ ഭര്‍ത്താവ് പീറ്റര്‍ (Besir Zeciri), ആ ട്രോമകളില്‍ സ്വയം നഷ്ടപ്പെടുന്നുണ്ട്. മാഗ്‌നസ് വോണ്‍, പീറ്ററെ ഒരു PTSD പ്രോപ്പര്‍ട്ടി ആയിട്ട് തന്നെയാണ് ‘ദി ഗേള്‍ വിത്ത് ദി നീഡിലില്‍’ ഉപയോഗിച്ചിട്ടുള്ളത്. ഒരു ക്ലൗണ്‍ ഷോയില്‍ ഇയാളെ ഉപയോഗിക്കുന്ന സീന്‍ ചില വാര്‍ സിനിമകളില്‍ മുന്‍പ് കണ്ടിട്ടുണ്ട്. യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് ജീവന്റെ വിലയറിയാം. ഒരു ഘട്ടത്തില്‍ കരോലിന്‍ ഭയപ്പെടുന്നതും പീറ്ററിന്റെ സ്‌നേഹവും മനുഷ്യത്വവും ആണ്.
കേന്ദ്രകഥാപാത്രങ്ങളായ രണ്ട് സ്ത്രീകളുടെ പെര്‍ഫോമന്‍സില്‍ തിളങ്ങുന്ന സിനിമ കൂടിയാണ് ‘ദി ഗേള്‍ വിത്ത് ദി നീഡില്‍’. വിദേശസിനിമകളില്‍ എത്ര അനായാസമായാണ് അഭിനേത്രികള്‍ അവരുടെ റോളുകള്‍ ചെയ്യുന്നത് എന്നോര്‍ത്ത് അസൂയ തോന്നാറുണ്ട്. അവരുടെ മുന്‍പില്‍ ആ കഥാപാത്രവും, ക്യാമറയും മാത്രമേയുള്ളൂ. ഈ ചിത്രത്തിന്റെ ടൈറ്റില്‍ എന്താണെന്ന് സിനിമ നമ്മളോട് പറയുന്ന സീനില്‍ Carmen Sonne ന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന ദാഗ്മര്‍ (Trine Dyrholm) ഓരോ ഫ്രെമിലും ഓരോന്നാണ്. നമ്മളെ അസ്വസ്ഥമാക്കുന്ന കൃത്യങ്ങള്‍ ചെയ്യുമ്പോഴും അവരുടെ കഥാപാത്രത്തിന് കുലുക്കമില്ല.
മെലോഡ്രാമ കുറച്ച് കഥ പറയുന്ന മാഗ്‌നസ് വോന്‍ കരോലിനയെയും അങ്ങനെയാണ് പാകപ്പെടുത്തുന്നത്. എല്ലാ അനുഭവങ്ങളോടും പെട്ടെന്ന് സമരസപ്പെടുന്നു. വലിയ കണ്ണുകളിലാണ് എല്ലാ വികാരപ്രപഞ്ചവും. അതിനനുസരിച്ച് ബോഡി ലാംഗ്വേജ് മാറും. കരോലിന മുലയൂട്ടുന്ന സീനുകളില്‍ മാതൃത്വം മാത്രമല്ല, ഫ്രോയിഡും ഉണ്ട്. സെക്‌സില്‍ സ്വന്തം സാതന്ത്ര്യം ഉപയോഗിക്കുന്ന സ്ത്രീകള്‍. എന്തെങ്കിലും അലമ്പുണ്ടായാല്‍ മോര്‍ഫിനെടുത്ത് സ്വസ്ഥമായി ഉറങ്ങും. നല്ല ഉറക്കവും ഒരു അവകാശമാണല്ലോ. പക്ഷെ തിടുക്കത്തില്‍ വന്ന് ചൂട് മാറാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് കഥകള്‍ ഇല്ലെങ്കിലും പകപ്പും പാപബോധവും പേറുന്ന മുഖങ്ങള്‍ ഉണ്ട്. യുദ്ധാനന്തരം ഒരു രാജ്യത്തിലെ സ്ത്രീകള്‍ പറയാതെ പറയുന്ന കഥകള്‍ പോലെ.
ഡാനിഷ് സീരിയല്‍ കില്ലര്‍ ആയ Dagmar Overbye മാഗ്‌നസ് വോണിന്റെ ‘ദി ഗേള്‍ വിത്ത് ദി നീഡിലി’നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ഈ സിനിമയ്ക്ക് മറ്റൊരു വ്യക്തിത്വം ആണുള്ളത്. ട്രോപുകള്‍ ഒഴിവാക്കിയുള്ള കഥപറച്ചില്‍. എന്‍ഡിലെ പോയറ്റിക്കല്‍ ജസ്റ്റിസ്. അവിസ്മരണീയമായ ഒരു ക്ലാസിക് ഫീല്‍.The Girl with the Needle’ portrays the brutal reality of disenfranchisement
Content Summary: The Girl with the Needle’ portrays the brutal reality of disenfranchisement