June 26, 2026 |
Share on

ആയുധക്ഷാമത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍; പശ്ചിമേഷ്യയില്‍ ഇറാന്റെ കരുത്ത് വര്‍ധിക്കുന്നു

വന്‍തോതില്‍ ചിലവ് വരുന്നത് അമേരിക്കന്‍ ഖജനാവിന് വലിയ വെല്ലുവിളിയാകുകയാണ്

പശ്ചിമേഷ്യയില്‍ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം മുറുകുമ്പോള്‍, ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നത് പ്രതിരോധ മിസൈലുകളുടെ കടുത്ത ക്ഷാമമാണ്. ഇറാനിയന്‍ കാമികാസെ ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന അതിവേഗ മിസൈലുകളുടെ കടുത്ത ക്ഷാമം അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സൈനികാസൂത്രണത്തെ പ്രതിസന്ധിയിലാക്കുന്നു.

ഇറാന്‍ നിര്‍മിക്കുന്ന ഷാഹീദ് പോലുള്ള കാമികാസെ ഡ്രോണുകള്‍ക്ക് 20,000 മുതല്‍ 50,000 ഡോളര്‍ വരെയാണ് നിര്‍മാണച്ചെലവ്. എന്നാല്‍ ഇവയെ തകര്‍ക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്നതാണ്.

യുഎഇ മുകളിലൂടെ പറക്കുന്ന ഇറാനിയന്‍ ഡ്രോണുകളെ തടയാന്‍ ഫ്രഞ്ച് റാഫേല്‍ വിമാനങ്ങള്‍ നിരന്തരമായി ദൗത്യങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, ഇതിനായി ഉപയോഗിക്കുന്ന മൈക്ക മിസൈലുകള്‍ അതിവേഗം തീര്‍ന്നുപോകുന്നത് ചര്‍ച്ച ചെയ്യാന്‍ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച അടിയന്തര യോഗം ചേര്‍ന്നു. മൈക്ക മിസൈലുകള്‍ക്ക് ആറ് മുതല്‍ എട്ട് ലക്ഷം ഡോളര്‍ വരെയാണ് വില. അതായത് ഒരു ഡ്രോണ്‍ തകര്‍ക്കാന്‍ ഫ്രാന്‍സ് ചെലവാക്കുന്നത് നിര്‍മാണച്ചെലവിന്റെ പത്തിരട്ടിയിലധികമാണ്.

വില കുറഞ്ഞ പകരക്കാര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും, അവയുടെ ഫലപ്രാപ്തിയില്‍ ഫ്രഞ്ച് ഡിഫന്‍സ് മന്ത്രാലയത്തിന് സംശയമുണ്ട്. മിസൈല്‍ നിര്‍മ്മാതാക്കളായ ങആഉഅയുടെ ഉല്‍പ്പാദന ശേഷി പരിമിതമായതും വിതരണ തടസ്സം സൃഷ്ടിക്കുന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെന്റഗണിന്റെ ആയുധശേഖരം പരിധിയില്ലാത്തതാണ് എന്ന് അവകാശപ്പെടുമ്പോഴും വസ്തുതകള്‍ വിരല്‍ചൂണ്ടുന്നത് അമേരിക്ക നേരിടുന്ന കടുത്ത പ്രതിസന്ധിയിലേക്കാണ്. അറബ് രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രം 880 ലധികം ഇറാനിയന്‍ മിസൈലുകളെ തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിനായി 1,900-ഓളം പാട്രിയറ്റ് മിസൈലുകള്‍ വിക്ഷേപിച്ചതായാണ് കണക്കാക്കുന്നത്. ഓരോ ഇന്‍കമിംഗ് മിസൈലിനും രണ്ട് ഇന്റര്‍സെപ്റ്ററുകള്‍ വീതം തൊടുത്തുവിടുന്നതാണ് നിലവിലെ രീതി. ഒരു പാട്രിയറ്റ് മിസൈലിന് 3 മുതല്‍ 6 മില്യണ്‍ ഡോളര്‍ വരെയാണ് വില. ഇത്തരത്തില്‍ വന്‍തോതില്‍ ചിലവ് വരുന്നത് അമേരിക്കന്‍ ഖജനാവിന് വലിയ വെല്ലുവിളിയാകുകയാണ്.

ക്ഷാമം രൂക്ഷമായതോടെ, ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിരുന്ന THAAD മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പോലും മിഡില്‍ ഈസ്റ്റിലേക്ക് മാറ്റാന്‍ അമേരിക്ക നിര്‍ബന്ധിതരായിരിക്കുകയാണ്. ഇത് പസഫിക് മേഖലയിലെ പ്രതിരോധത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. 48 THAAD ഇന്റര്‍സെപ്റ്ററുകള്‍ വരെ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റുന്നത് വടക്കന്‍ കൊറിയയില്‍ നിന്നുള്ള ഭീഷണി നേരിടുന്ന സഖ്യകക്ഷികള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.

ഇസ്രയേലും സമാനമായ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്ററുകളുടെ കാര്യത്തില്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് വലിയ കുറവ് നേരിടുന്നതായി ‘സെമാഫോര്‍’ റിപ്പോര്‍ട്ട് ചെയ്തു. ബാലിസ്റ്റിക് മിസൈലുകളെ തടയുന്ന ഇന്റര്‍സെപ്റ്ററുകളുടെ സ്‌റ്റോക്ക് വളരെ താഴ്ന്ന നിലയിലാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ കരുതുന്നു.

എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഇത് നിഷേധിക്കുകയും ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, യുദ്ധത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ 650 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 12,000 ബോംബുകള്‍ ഇസ്രയേലിന് നല്‍കാന്‍ ട്രംപ് ഭരണകൂടം അടിയന്തര അധികാരം ഉപയോഗിച്ചു. ഇത് ഇസ്രയേലിന്റെ ആയുധക്ഷാമത്തെ വെളിപ്പെടുത്തുന്നു.

മറുഭാഗത്ത്, തങ്ങളുടെ മിസൈല്‍-ഡ്രോണ്‍ ശേഖരം രാജ്യത്തുടനീളം ഭൂമിക്കടിയില്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ഇത് ഇറാന് തന്ത്രപരമായ മുന്‍തൂക്കം നല്‍കുന്നു. ഇറാന്റെ മിസൈല്‍ ശേഖരത്തില്‍ ഹ്രസ്വദൂര മിസൈലുകള്‍ മുതല്‍ ഭൂഖണ്ഡാന്തര ശേഷിയുള്ളവ വരെ ഉള്‍പ്പെടുന്നു. 300 മുതല്‍ 700 കിലോമീറ്റര്‍ വരെ പരിധിയുള്ള ഷഹാബ്-1, ഫത്തേ-110 തുടങ്ങിയവ ഉള്‍പ്പെടുന്നു. 1,000 മുതല്‍ 2,500 കിലോമീറ്റര്‍ വരെ പരിധിയുള്ള ഷഷാബ്-3, ഖൈബര്‍ ഷെക്കാന്‍, സെജില്‍ എന്നിവ ഇസ്രയേലിനെയും യൂറോപ്പിന്റെ ചില ഭാഗങ്ങളെയും ലക്ഷ്യംവയ്ക്കാന്‍ ശേഷിയുള്ളവയാണ്.

ആധുനിക ഇറാനിയന്‍ മിസൈലുകള്‍ക്ക് അവയുടെ ലക്ഷ്യസ്ഥാനത്തുനിന്ന് വെറും 10 മുതല്‍ 50 മീറ്റര്‍ വരെ മാത്രം വ്യതിയാനമേ സംഭവിക്കാറുള്ളൂ. സഖ്യകക്ഷികളുടെ പ്രതിരോധ മിസൈലുകള്‍ തീരുന്ന മുറയ്ക്ക് ഇറാന്റെ ആക്രമണശേഷി കൂടുതല്‍ വിനാശകരമാകാന്‍ സാധ്യതയുണ്ടെന്ന് സൈനിക നിരീക്ഷകര്‍ വിലയിരുത്തുന്നു.

പാശ്ചാത്യരാജ്യങ്ങള്‍ നിലവില്‍ നേരിടുന്നത് വെറുമൊരു യുദ്ധമല്ല. മറിച്ച് നിര്‍മാണ ശേഷിയും സാമ്പത്തിക ലാഭവും തമ്മിലുള്ള മത്സരമാണ്. ആയുധങ്ങളുടെ എണ്ണത്തേക്കാള്‍ ഉപരിയായി, ഓരോ പ്രതിരോധ വിക്ഷേപണത്തിനും വരുന്ന ഭീമമായ ചെലവും നിര്‍മ്മാണത്തിലെ കാലതാമസവുമാണ് പാശ്ചാത്യ രാജ്യങ്ങളെ കുഴപ്പിക്കുന്നത്. ഇത് പ്രതിരോധ മേഖലയിലെ വലിയൊരു വീഴ്ചയാണ് തുറന്നുകാട്ടുന്നത്.

Content Summary: The growing missile shortage facing US and allied forces in the Middle East

Leave a Reply

Your email address will not be published. Required fields are marked *

×