‘വീടാകെ കുലുങ്ങുകയായിരുന്നു, ജനലും വാതിലുമെല്ലാം ശക്തിയായി അടിക്കുന്നുണ്ടായിരുന്നു. അതിനൊപ്പം തന്നെ വളരെ ഭീകരമായ ശബ്ദങ്ങളും’. ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിന്റെ ഭീകരതയെക്കുറിച്ച് കരിം ആയിനിപ്പിള്ളി
അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ഖത്തറിലെ ബൽദ്ന ഡയറി കമ്പനിയിൽ സെയിൽസിലാണ് മലയാളിയായ കരീം ജോലി ചെയ്യുന്നത്.
ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ചൊവ്വാഴ്ച രാത്രി ഏഴരയോട് കൂടിയാണ് ഇറാന്റെ ആക്രമണം നടന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഒന്നാണിത്. ഏകദേശം പതിനായിരം സൈനികരാണ് ഇവിടെയുള്ളത്. ആക്രമണത്തിന് ഒരു മണിക്കൂർ മുന്നേ എയർസ്പേസ് അടച്ചുവെന്ന് കാണിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നതായി കരീം പറഞ്ഞു.
‘ശബ്ദം കേട്ട് എന്റെ അഞ്ച് വയസുള്ള മകൻ ആകെ ഭയന്നു, എന്റടുത്തേക്ക് ഓടിയെത്തി. അവനേയും കൂട്ടി ബാൽക്കണിയിൽ നിന്ന് നോക്കുമ്പോഴാണ് മിസൈൽ പോവുന്നത് കാണുന്നത്’. ദോഹയിൽ ഫ്രീലാൻസ് ജേർണലിസ്റ്റായി ജോലി ചെയ്യുന്ന തിരൂർ സ്വദേശി ശ്രുതി അഴിമുഖത്തോട് പറഞ്ഞു.
ആ സമയത്ത് ഞാനും മോനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഹസ്ബൻഡ് ഗ്രോസറിയിൽ പോയതായിരുന്നു. അത് ഭീതി കൂട്ടി. എന്നാൽ ഉടൻ തന്നെ ഹസ്ബൻ്റിനെ കോൺടാക്ട് ചെയ്യാൻ സാധിച്ചിരുന്നു. ഹസ്ബൻഡ് അതിനുള്ളിൽ നിക്കുമ്പോ ആണ് സൌണ്ട് കേട്ടത് ഉടൻ വീട്ടിലേക്ക് എത്തുകയും ചെയ്തുവെന്ന് ശ്രുതി വ്യക്തമാക്കി.
‘ആക്രമണം നടന്ന വ്യോമതാവളത്തിൽ നിന്ന് 6,7 കിലോമീറ്റർ മാത്രം ദൂരെയാണ് ഞാനും കുടുംബവും താമസിക്കുന്നത്. ആ സമയത്ത് ഞങ്ങളെല്ലാവരും വീട്ടിലുണ്ടായിരുന്നു. ദൃശ്യങ്ങൾ കണ്ട് ഭയന്നിരുന്നു ഉടൻ തന്നെ ഫാമിലിയുമായി വീടിന് പുറത്തേക്കിറങ്ങി നോക്കുമ്പോൾ ഭയങ്കരമായി പൊട്ടിത്തെറിക്കുന്നതും ചിതറുന്നതും എല്ലാമാണ് കാണുന്നത്. ഇറാൻ മൂന്ന് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും അതിൽ 3 എണ്ണം കൃത്യമായി ലക്ഷ്യ സ്ഥാനത്ത് പതിച്ചുവെന്നും പിന്നീടാണ് അറിയുന്നത്’. ഭയപ്പാട് വിട്ടുമാറാത്ത ആ മൂന്ന് മണിക്കൂറുകളെക്കുറിച്ച് കരീം വീണ്ടും ഓർത്തെടുത്തു.
ദോഹയിലെ സംരക്ഷിത പ്രദേശമാണ് ഇറാൻ ആക്രമണം നടത്തിയ വ്യോമതാവളം. എന്താണ് അവിടുത്തെ സ്ഥിതിഗതികളെന്ന് ഔദ്യോഗിക വൃത്തം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് നിലവിൽ സൈന്യത്തെ വിന്യസിപ്പിച്ചിട്ടുള്ളതായാണ് വ്യക്തമാവുന്നത്. 5,10 മിനിറ്റ് വരെ ആക്രമണം നീണ്ടുനിന്നതായും. 4,5 തവണ സ്ഫോടനത്തിന്റെ ശബ്ദവും കേട്ടതായും പ്രദേശവാസികൾ വ്യക്തമാക്കുന്നത്.
‘ആക്രമണം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ അത് ദോഹയെ മുഴുവനായി ബാധിച്ചിരുന്നു. ആളുകൾ പെട്ടെന്ന് ഭീതിയിലായി. കൈയിൽ കിട്ടിയതെല്ലാം എടുത്തുക്കൊണ്ട് രക്ഷപ്പെടാനായിരുന്നു പിന്നീടുള്ള ശ്രമം. എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കാതെ ഏകദേശം രണ്ട് മണിക്കൂറോളം കടന്നുപോയി. കുംടുംബവുമായി താമസിക്കുന്നവർക്ക് കൂടെയുള്ളവർ എവിടെയാണെന്ന് അറിയാൻ പോലും സാധിച്ചിരുന്നില്ല’. ആശങ്കയുടെ നീണ്ട രണ്ട് മണിക്കൂറുകൾ എന്ന് തന്നെ അതിന് വിശേഷിപ്പിക്കാം.
രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഇറാൻ ആക്രമണം നടത്തിയതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുന്നത്. ആളപായങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അവശ്യ സാധനങ്ങൾ കരുതിയിരിക്കണമെന്നും ഔദ്യോഗിക വൃത്തം വ്യക്തമാക്കിയിരുന്നു. അതിനെ തുടർന്ന് സൂപ്പർമാർക്കറ്റുകളിലെല്ലാം നീണ്ട നിര തന്നെ അനുഭവപ്പെട്ടതായി കരീം പറയുന്നു. ജനവാസ പ്രദേശങ്ങളിലായി മിസൈലുകളുടെ കഷ്ണങ്ങൾ ചിതറി വീണതായി പലരും പങ്കുവച്ചിരുന്നു. ഇറാനും ഖത്തറും തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധം വളരെ ശക്തമായിരുന്നു. അതുകൊണ്ട് തന്നെ ഈ ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്നും കരീം കൂട്ടിച്ചേർത്തു.
ആക്രമണ ദൃശ്യങ്ങൾ നേരിട്ട് കണ്ടിരുന്നതായാണ് ദോഹയിൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്ന സുലേഖ അഴിമുഖത്തോട് വ്യക്തമാക്കിയത്. ‘ചെറിയ ശബ്ദം കേട്ട് ജനാല തുറന്നു നോക്കിയപ്പോഴാണ് മിസൈലുകൾ കാണുന്നത്. അയ്യോ മിസൈൽ എന്ന് പറയുമ്പോഴേക്കും പിന്നാലെ ഖത്തർ പ്രതിരോധ മിസൈലുകളും വന്നിരുന്നു. ഓടി ടെറസിലേക്ക് കേറി അപ്പോഴേക്കും ഇറാൻ സൈഡിൽ നിന്നും വരുന്നതും ഡിഫ്ഫ്യൂസിങ്ങും കണ്ടു തുടങ്ങി മിസൈൽ സഞ്ചാരപഥം ദോഹ, അൽവക്ര, ഐൻ ഖാലിദ്, ഇൻഡസ്ട്രിയൽ ഏരിയ വഴിയായിരുന്നു ഞങ്ങൾ താമസിക്കുന്നത് ഇതിൽ അൽവക്രയിലാണെന്നും സുലേഖ കൂട്ടിച്ചേർത്തു.
സ്ഥിതി ഗതികൾ എന്തോ മോശമാകുന്നു എന്നല്ലാതെ ഖത്തർ US ബേസ് ആദ്യമേ ആക്രമിക്കപെടുമെന്ന് യാതൊരു ധാരണയും ആർക്കും ഇല്ലായിരുന്നു. പൊടുന്നനെയാണ് മിസൈലുകൾ വന്നു തുടങ്ങിയത്. ഞങ്ങൾ എല്ലാവരും വാർത്തകൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. കുട്ടികൾ കരഞ്ഞു തുടങ്ങി. സത്യമായും ഇങ്ങനെ ഒരു ഒരു അവസ്ഥ വന്നു കഴിഞ്ഞാൽ ഒന്നും ചെയ്യാനില്ല. മിസൈൽ വർഷം കഴിഞ്ഞ ഉടനെ
ആളുകൾ പുറത്തേക്കോടി, ശേഷം ആളുകൾ കൂട്ടമായി അവശ്യ സാധനങ്ങൾ വാങ്ങി വെക്കാൻ സൂപ്പർ മാർക്കറ്റുകളിലേക്ക് പോയി, പെട്രോൾ പമ്പുകൾ, നിറഞ്ഞു. മിസൈൽ ആക്രമണത്തിന്റെ ഭീകരത സുലേഖയുടെ വാക്കുകൾ നിറഞ്ഞു നിന്നു.
ജനജീവിതം സാധാരണ ഗതിയിൽ ആയെങ്കിലും എല്ലാവരും ഒന്ന് കിടുങ്ങി പോയിട്ടുണ്ട്, സ്കൂളുകൾ അവധിയാണ്. ഷോപ്പുകൾ, ഓഫീസുകൾ സാധാരണ പോലെ പ്രവർത്തിക്കുന്നു. നമ്മൾ മലയാളികൾ ഇന്നേവരെ ഒരു യുദ്ധ സമാന ദൃശ്യങ്ങൾ നേരിട്ട് കണ്ടിട്ടില്ലല്ലോ ഈ പറയുന്നതെല്ലാം മറ്റെങ്ങോ സംഭവിക്കുന്നതും തനിക്കെന്ന പോലെ അനുഭവിക്കുന്നവരുമാണെങ്കിലും,അനുഭവത്തിൽ വരുമ്പോൾ മറ്റൊന്നാണെന്ന് സുലേഖയുടെ വാക്കുകൾ.
content summary: The houses suddenly shook, and we saw Iranian missiles falling on Qatar, said Malayali residents on Iran-Qatar attack
This post was last modified on June 24, 2025 2:19 pm
Leave a Comment