അനധികൃത കുടിയേറ്റത്തിനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾ ട്രംപിന്റെ നടപടിയുടെ ഭാഗമായി 104 ഇന്ത്യക്കാരെയാണ് അമേരിക്ക നാടുകടത്തിയത്. നിരവധി രാജ്യങ്ങളിലൂടെ ആണ് യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം നടക്കുന്നത്. ഇതിനായി അപകടകരമായ പല വഴികളും തിരഞ്ഞെടുക്കുന്നുണ്ട്. കൊളംബിയയെയും പനാമയെയും ബന്ധിപ്പിക്കുന്ന ഡാരിയൻ ഗ്യാപ് അടക്കമുള്ള അപകടകരമായ പാതകളാണ് ഇവർ യാത്രകൾക്കായി തിരഞ്ഞെടുക്കുന്നത്.
ഇടതൂർന്ന മഴക്കാടുകൾ, ചതുപ്പുകൾ, പർവതങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് 97 കിലോമീറ്റർ നീളമുള്ള ഡാരിയൻ ഗ്യാപ്പ്. അലാസ്ക മുതൽ അർജൻ്റീന വരെ നീളുന്ന ഒരു റോഡ് സംവിധാനമായ പാൻ-അമേരിക്കൻ ഹൈവേയുടെ ഒരേയൊരു വിഭജനമാണ് ഡാരിയൻ ഗ്യാപ്പ്. അതിരൂക്ഷമായ ഭൂപ്രകൃതി, കഠിനമായ കാലാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ മൂലം ഈ പ്രദേശം വളരെക്കാലമായി ഒഴിവാക്കപ്പെട്ടിരിക്കയാണ്. എന്നാൽ യുഎസിലേക്ക് എത്താൻ കുടിയേറ്റക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഈ പാതയാണ്.
ഡാരിയൻ ഗ്യാപ്പിലൂടെ കടന്ന് പോകുന്നവർക്ക് കുത്തനെയുള്ള മലകളും ചെളി നിറഞ്ഞ ചതുപ്പുനിലങ്ങളും അതിവേഗം ഒഴുകുന്ന നദികളും അപകടകരമായ വന്യജീവികളും ഉൾപ്പെടെ നിരവധി പ്രതിബന്ധങ്ങളാണ് തരണം ചെയ്യേണ്ടി വരുന്നത്. വിഷപ്പാമ്പുകൾ, ജാഗ്വർ, മാരക പ്രാണികൾ എന്നിവയുടെ ആവാസകേന്ദ്രമാണ് ഈ കാട്. ഏറ്റവും പ്രധാനപ്പെട്ട ഭീഷണി റൂട്ട് നിയന്ത്രിക്കുന്ന ക്രിമിനൽ സംഘടനകളാണ്. കള്ളക്കടത്ത് ശൃംഖലകളും സായുധ സംഘങ്ങളും പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിച്ചാൽ കുടിയേറ്റക്കാരെ കൊള്ളയടിക്കുകയും അക്രമത്തിന് വിധേയമാക്കുകയും ചെയ്യുന്നു. അനധികൃതമായി യുഎസിലേക്ക് കടക്കുന്ന നിരവധി ഇന്ത്യക്കാരാണ് യാത്രക്കായി ഡാരിയൻ ഗ്യാപ്പ് തിരഞ്ഞെടുക്കുന്നത്. എളുപ്പത്തിൽ വിസ ലഭിക്കാൻ സാധ്യതയുള്ള മധ്യ അമേരിക്കൻ രാജ്യങ്ങളായ പനാമ, കോസ്റ്ററിക്ക, എൽ സാൽവഡോർ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവർ ഡാരിയൻ ഗ്യാപ്പ് വഴി യാത്ര ചെയ്യുന്നത്. അവിടെ നിന്ന് മെക്സിക്കോയിലേക്കും തുടർന്ന് യുഎസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ ആയിരക്കണക്കിന് ഡോളർ ഈടാക്കിയാണ് ഇവരുടെ ഈ യാത്ര. യുഎസിലേക്കുള്ള വിസ നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ അമേരിക്കയിലേക്കുള്ള യാത്രകൾക്ക് കൂടുതലും തിരഞ്ഞെടുക്കുന്നത് ഈ മാർഗമാണ്. കള്ളക്കടത്തുകാരും മാഫിയസംഘടനകളും കുടിയേറ്റകാർക്ക് സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്നു എന്നാൽ അപകടകരമായ സാഹചര്യത്തിൽ ഇവരെ ഉപേക്ഷിച്ച് പോകുന്നു.
ഈയടുത്ത വർഷങ്ങളിലായി ഡാരിയൻ ഗ്യാപ്പ് വഴി അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചിരിക്കയാണ്. 2023ൽ 5.2 ദശലക്ഷം ജനങ്ങളാണ് ഡരിയൻ ഗ്യാപ്പ് ഉപയോഗിച്ച് യാത്ര ചെയ്തതായി പറയുന്നത്. 7 മുതൽ 14 ദിവസം വരെ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യം നേരിട്ട് കൊണ്ടാണ് ഇവർക്ക് യാത്ര ചെയ്യേണ്ടി വരുന്നത്. ഡാരിയൻ ഗ്യാപ്പ് ഒരു മാനുഷിക ദുരന്തമായി തുടരുകയാണ്. 2015-2022 കാലഘട്ടത്തിൽ 312 കുടിയേറ്റ മരണങ്ങളും തിരോധാനങ്ങളും 2021-നും 2023-നും ഇടയിൽ 229 മരണങ്ങളും തിരോധൈനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കുടിയേറ്റക്കാർ ഈ പാത കൂടുതലായി ഉപയോഗിക്കുന്നതിനാൽ, പ്രാദേശിക സമൂഹങ്ങളിലും പരിസ്ഥിതിയിലും വിനാശകരമായ ആഘാതമുണ്ടാക്കുന്നുണ്ട്.
content summary:The illegal journey into the US often involves dangerous crossings through multiple countries including the treacherous Darien gap