ജര്‍മ്മന്‍ റീഷിന്റെ ഫ്യൂററായ അഡോള്‍ഫ് ഹിറ്റ്ലറോട് ഞാന്‍ നിരുപാധികമായ അനുസരണ കാണിക്കുമെന്നും, ഒരു ധീരനായ പട്ടാളക്കാരനെന്ന നിലയില്‍, എന്റെ ജീവന്‍ നല്‍കാന്‍ ഞാന്‍ എപ്പോഴും തയ്യാറാണെന്നു സത്യപ്രതിജ്ഞ ചെയ്യുന്നു– നാസി സൈനിക പരിശുദ്ധ പ്രതിജ്ഞ.
ഫ്യൂറര്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്കും ഒരു ബോംബിനുമിടയില്‍ ആറടി മാത്രം അകലമുണ്ടായ എക സന്ദര്‍ഭം. ഹിറ്റ്‌ലറെ വധിക്കാന്‍ നടത്തിയ ശ്രമത്തില്‍ നഷ്ടമായത് അനേകായിരം മനുഷ്യരുടെ ജീവന്‍. ആ രക്ത സാക്ഷികളുടെ ധീരചരിത്രമാണ് ഹിറ്റ്‌ലര്‍ എന്ന സ്വേച്ഛാധിപതിക്കു നേരെ നടന്ന അവസാന വധശ്രമമായ ജൂലൈ 20 പ്ലോട്ട്.
ക്ലോസ് വോൺ സ്റ്റാഫെൻബർഗ്
കുറെ പേര്‍ക്കെങ്കിലും അന്ന്, ചരിത്രത്തിലെ 1944 ജൂലൈ 20 വിധി നിര്‍ണായകമായ ദിവസമായിരുന്നു. ജര്‍മനിയിലെ കിഴക്കന്‍ പ്രഷ്യയിലെ നാസി ഹെഡ്ക്വാര്‍ട്ടേഴ്‌സായ വുള്‍ഫ് ലെയറിലെ വിശാലമായ കോമ്പൗണ്ടിലെ കോണ്‍ഫറന്‍സ് ഹാളില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഉന്നത സൈനിക യോഗം നടക്കുകയാണ്. സമയം ഉച്ചക്ക് 12.30യായപ്പോള്‍ കോണ്‍ഫറന്‍സ് ഹോളില്‍ നിന്ന് ഒരു ജര്‍മന്‍ ഉന്നത ഓഫീസറായ കേണല്‍ ക്ലോസ് വോണ്‍ സ്റ്റാഫെന്‍ബെര്‍ഗ് ആ മീറ്റിംഗില്‍ നിന്ന് ഇറങ്ങിപ്പോയി. അപ്പോള്‍ കോണ്‍ഫറന്‍സ് ഹാളില്‍ റഷ്യന്‍ ആക്രമണത്തില്‍ ജര്‍മനിക്കേറ്റ വന്‍ തിരിച്ചടിയും നാശനഷ്ടങ്ങളും സൈനിക മേധാവി ഹെസിങ്കറുടെ വിവരണം കേട്ട ഹിറ്റ്‌ലര്‍ അസ്വസ്ഥനായി. ക്രുദ്ധനായ തങ്ങളുടെ ഫ്യൂററെ തണുപ്പിക്കാന്‍. കോണ്‍ഫറന്‍സ് മുറിയില്‍ കൂടിയ നാസി സൈനിക നേതാക്കള്‍ അപ്പോള്‍ പാടുപെടുകയായിരുന്നു
വുള്‍ഫ് ലെയറിലെ കോണ്‍ഫറന്‍സ് ഹാളില്‍ നിന് പുറത്ത് കടന്ന ആ
യുവ സൈനിക ഓഫീസര്‍ കുറച്ച് ചുവടുകള്‍ മുന്നോട്ട് നടന്നപ്പോള്‍ പെട്ടെന്ന് പിറകില്‍ വലിയൊരു ശബ്ദത്തോടെ ഒരു പൊട്ടിത്തെറിയുണ്ടായി. രക്ഷപ്പെടാന്‍ കുനിഞ്ഞ സ്റ്റാഫെന്‍ബെര്‍ഗ് തിരിഞ്ഞ് നോക്കിയപ്പോള്‍ അല്‍പ്പം മുന്‍പ് താന്‍ നിന്നിരുന്ന കോണ്‍ഫ്രന്‍സ് മുറി വന്‍ സ്‌ഫോടത്തില്‍ തകര്‍ന്നു പോയത് അയാള്‍ കണ്ടു.
തന്റെ ദൗത്യം വിജയിച്ചു. അഡോള്‍ഫ് ഹിറ്റലര്‍ എന്ന ക്രൂരനായ, സ്വേഛാധിപതിയായ ഭരണാധികാരിയില്‍ നിന്ന് ജര്‍മ്മനി എന്നെന്നേയ്ക്കുമായി മോചിക്കപ്പെട്ടിരിക്കുന്നു എന്ന് അയാള്‍ അപ്പോള്‍ കരുതി. ആരും ഏറ്റെടുക്കാന്‍ മടിക്കുന്ന, ദൗത്യം ഹിറ്റ്‌ലറെ വധിക്കുക’ എന്ന അതിസാഹസികമായത് ഏറ്റെടുത്ത് ജീവന്‍ പണയപ്പെടുത്തി
വുള്‍ഫ് ലെയറിലെ കോണ്‍ഫറന്‍സ് ഹാളില്‍ അല്‍പ്പം മുന്‍പ് ബോംബ് വെച്ച് സ്‌ഫോടനം സൃഷടിച്ചത് കേണല്‍ ക്ലോസ് വോണ്‍ സ്റ്റാഫെന്‍ബെര്‍ഗായിരുന്നു.
അതൊരു ആസൂത്രണം ചെയ്ത ബോംബ് സ്‌ഫോടനമായിരുന്നു. ഒരു വലിയ രഹസ്യ ഗൂഡാലോചനയാല്‍ ഏറെ നാളെടുത്ത് തയാറാക്കിയ സൂഷ്മമായി രൂപം കൊണ്ട ‘ജൂലൈ 20 പ്ലോട്ട്’ എന്നറിയപ്പെട്ട ഹിറ്റ്‌ലറുടെ വധശ്രമം.
ഉന്മൂലനം ചെയ്യേണ്ട വ്യക്തി ലോകത്തേറ്റവും അറിയപ്പെട്ടയാളായിരുന്നു എന്നതാണ് ജൂലൈ പ്ലോട്ടിനെ ഏറെ ശ്രദ്ധേയമാക്കിയത്. നാസികളുടെ സമാരാധ്യനായ ഫ്യൂറര്‍ കൊലപ്പെട്ടു എന്ന് സ്റ്റാഫെന്‍ബെര്‍ഗ് ഉറപ്പാക്കി. ജൂലൈ 20 ലെ പ്ലോട്ട് അല്ലെങ്കില്‍ റാസ്റ്റെന്‍ ബര്‍ഗ് അസാസിനേഷന്‍ പ്ലോട്ട് എന്ന് ചരിത്രത്തിലറിയപ്പെട്ട ഈ സംഭവത്തിലെ അടുത്ത പദ്ധതിയായ ‘ഓപ്പറേഷന്‍ വാല്‍ക്കിറി’ നടക്കുന്ന ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിലേക്ക് സ്റ്റാഫെന്‍ബെര്‍ഗ് വേഗത്തില്‍ യാത്രയായി.
‘അഡോള്‍ഫ് ഹിറ്റ്‌ലര്‍’ക്ക് നേരെ നടന്നഏറ്റവും പ്രശസ്തമായ ഈ വധശ്രമം ജര്‍മന്‍ ജനതയുടെ ഭാവിയെകുറിച്ച് ആശങ്കാകുലരായ നാസികള്‍ തന്നെ നടപ്പിലാക്കി എന്നതായിരുന്നു എറെ ശ്രദ്ധേയം. പക്ഷേ അത് പരാജയപ്പെട്ടു. എങ്കിലും അഡോള്‍ഫ് ഹിറ്റ്‌ലറെ വധിക്കാന്‍ നടന്ന 42 ശ്രമങ്ങളില്‍ വിജയത്തിനേറ്റവും അടുത്തെത്തിയ ജൂലൈ പ്ലോട്ട് അസാധാരണ സംഭവമായി ചരിത്രത്തില്‍ ഇടം നേടി. അത് ആ സൂത്രണം ചെയത് ജീവന്‍ വെടിഞ്ഞ ജര്‍മന്‍ ദേശീയ വാദികളും ചരിത്രത്തില്‍ ഉന്നത സ്ഥാനം നേടി.
അഡോള്‍ഫ് ഹിറ്റ്‌ലര്‍, ജര്‍മനിയുടെ ഫ്യൂറര്‍, നാസികളുടെ പടത്തലവന്‍, ചരിത്രത്തത്തിന്റെ ഭൂപടം ചോര കൊണ്ട് മാറ്റിവരച്ച പരാജിതനായ ചിത്രകാരന്‍… വാക്കുകള്‍ കൊണ്ട് ആള്‍ക്കൂട്ടങ്ങളെ അമ്മാനമാടിയ പ്രാസംഗികന്‍. ലോകചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിയായ രണ്ടാം ലോകമഹായുദ്ധത്തിന്റെ കാരണക്കാരന്‍.
എതിര്‍ക്കാനുയര്‍ന്നവരുടെ കൈകള്‍ അറുത്തു മാറ്റി, നുണയന്മാരുടെ തുണയോടെ, കുതന്ത്രങ്ങളുടെ കരുനീക്കി ഹിറ്റ്‌ലര്‍ ജര്‍മനി അടക്കി വാണു. അയല്‍രാജ്യങ്ങള്‍ മാത്രമല്ല ലോകമാകെ ആ കാലൊച്ച കേട്ടു പേടിച്ചുവിറച്ചു.
ജനിക്കണമെങ്കില്‍ ആര്യനായി ജനിക്കണം. അല്ലാത്തവന് ആര്യന്റെ അടിമയായി ജീവിക്കാം അതുമല്ലെങ്കില്‍ മരിക്കാം. ഒറ്റ നിമിഷം കൊണ്ട് പൊട്ടിച്ചിതറിയോ തടങ്കല്‍പ്പാളയത്തില്‍ പട്ടിണികിടന്നോ എന്ന തത്വസംഹിത നടപ്പിലാക്കിയ ഫ്യൂറര്‍, മനുഷ്യത്വം, ധാര്‍മികത തുടങ്ങിയ മൂല്യങ്ങളൊക്കെ ചവിട്ടിമെതിച്ച് ഈ ലോകത്തെ കിടുകിടാ വിറപ്പിപ്പിച്ചു.
ജര്‍മനിയില്‍ അധികാരത്തില്‍ വന്ന നാസികളുടെ പരമാധികാരിയായി ആരംഭിച്ച് സ്വേച്ഛാധിപതിയായി മാറിയ ഹിറ്റ്ലറുടെ വര്‍ദ്ധിച്ചുവരുന്ന യുക്തിരഹിതമായ യുദ്ധ ഭ്രാന്ത് മൂലമുണ്ടാകാന്‍ പോകുന്ന വിനാശകരമായ പരാജയത്തില്‍ നിന്ന് ജര്‍മനിയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നാസി വിരുദ്ധ ഗ്രൂപ്പുകള്‍ രഹസ്യമായി ജര്‍മനിയില്‍ ഇതിനകം രൂപം കൊണ്ടിരുന്നു.
നാസി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളും, നാസി ജര്‍മനിയിലെ പ്രധാന സൈനിക കമാന്‍ഡര്‍മാരില്‍ ഒരാളുമായിരുന്ന ഹെന്ററിച്ച് ഹിംലറുടെ നേതൃത്വത്തിലുള്ള രഹസ്യ പോലീസായ ഗസ്റ്റപ്പോയുടെ കണ്ണു വെട്ടിച്ച് വിമതര്‍ ജര്‍മനിയില്‍ പലയിടത്തും രഹസ്യമായി യോഗം ചേര്‍ന്നു.
ബ്ലു പ്രിൻ്റ്.
ജൂലൈ പ്ലോട്ട് അഥവാ 20 ലെ ഗൂഢാലോചനയിലെ പ്രധാന ഗൂഢാലോചനക്കാര്‍ സിവിലിയന്മാരും സജീവ സൈനിക ഉദ്യോഗസ്ഥരുമായിരുന്നു. ഗൂഢാലോചനക്കാരില്‍ മിക്കവാറും എല്ലാവരും യാഥാസ്ഥിതിക, ജര്‍മന്‍ ദേശീയവാദവീക്ഷണകോണും പ്രഭുക്കന്മാരുടെ പശ്ചാത്തലവും പങ്കിട്ടിരുന്നു.
സിവിലിയന്മാര്‍ പ്രധാനമായും 1930 കളില്‍ നാസി ഭരണകൂടത്തില്‍ നിന്ന് ഹിറ്റ്‌ലേറിയന്‍ നയങ്ങളെ എതിര്‍ത്ത് രാജിവച്ച വ്യക്തികളായിരുന്നു. അട്ടിമറി വിജയിച്ചാല്‍ ജര്‍മന്‍ ചാന്‍സലറാകാനുള്ള വി. കാള്‍ ഫ്രെഡറിക് ഗോര്‍ഡെലര്‍ 1930 മുതല്‍ 1937 വരെ ലിംപ്‌സിംഗിന്റെ മേയറായിരുന്നു, അയാള്‍ നാസി നയങ്ങളെ എതിര്‍ത്ത് തന്റെ സ്ഥാനം രാജിവച്ചു. മറ്റൊരു പ്രധാന സിവിലിയനായ ലുഡ്വിഗ് ബെക്ക്, 1938 ല്‍ ഹിറ്റ്ലറുടെ ആക്രമണാത്മക യുദ്ധ പദ്ധതികളെ എതിര്‍ത്ത് രാജിവച്ച മുന്‍ സൈനിക ജനറലായിരുന്നു.
ഗൂഢാലോചനയിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റു ചിലര്‍ ജനറല്‍ ഫ്രെഡറിക് ഓള്‍ബ്രിച്ച്, മേജര്‍ ജനറല്‍ ഹെന്നിംഗ് വോണ്‍ ട്രെസ്‌കോ, കേണല്‍ ക്ലോസ് വോണ്‍ സ്റ്റാഫെന്‍ബെര്‍ഗ് എന്നിവരായിരുന്നു. ഗോര്‍ഡെലറെപ്പോലുള്ളവര്‍ നാസി ജൂത വിരുദ്ധ നയത്തെയും ജര്‍മനിയെ നാശത്തിലേക്ക് നയിച്ച യുദ്ധത്തിന്റെ പൊതുവായ ദുര്‍ഭരണത്തെയും എതിര്‍ത്തു. നാസികളുടെ സെമിറ്റിക് വിരുദ്ധ നയങ്ങളില്‍ ജനറല്‍ ട്രെസ്‌കോയും വളരെയധികം എതിര്‍പ്പുള്ളയാളായിരുന്നു. ഇവരൊക്കെ ഒരു ലക്ഷ്യത്തിന് വേണ്ടി ഒത്തുചേര്‍ന്നു. ട്രെസ്‌കോവ് ഗ്രൂപ്പ് എന്നറിയപ്പെട്ട ഗൂഢാലോചനക്കാരുടെ ലക്ഷ്യം ഒന്നായിരുന്നു. ജര്‍മനിയെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന ഫ്യൂറര്‍ എന്നറിയപ്പെട്ട അഡോള്‍ഫ് ഹിറ്റ്‌ലറെ വധിക്കുക.
1907 ല്‍ ജനിച്ച 36 കാരനായ കേണല്‍ ക്ലോസ് വോണ്‍ സ്റ്റാഫെന്‍ബെര്‍ഗ് ഒരു ഉത്തമ പ്രൊഫഷണല്‍ ജര്‍മന്‍ ആര്‍മി ഓഫീസറായിരുന്നു. ഒരു പുരാതന ദക്ഷിണ ജര്‍മന്‍ കുടുംബത്തില്‍ ജനിച്ച സ്റ്റാഫെന്‍ബെര്‍ഗ്, നെപ്പോളിയനെതിരായ വിമോചന യുദ്ധത്തിലെ സൈനിക വീരന്മാരില്‍ ഒരാളുടെ കൊച്ചുമകനായിരുന്നു. സൗഹാര്‍ദ്ദപരവും ഭക്തിയുള്ള റോമന്‍ കത്തോലിക്കാ വിശ്വാസിയുമായ സ്റ്റാഫെന്‍ബര്‍ഗ് വളരെ നല്ല പശ്ചാത്തലത്തിലും അന്തരീക്ഷത്തിലും വളര്‍ന്നു. ഉറച്ച ശരീരഘടനയും, സൗന്ദര്യവും വ്യക്തിത്വവുമുള്ള അദ്ദേഹം, ബുദ്ധിമാനും സമതുലിതവുമായ ഒരു മനസ്സിനുടമയായിരുന്നു. കുതിരകളോടും കായിക വിനോദങ്ങളോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന സ്റ്റാഫെന്‍ബെര്‍ഗ്, 1926-ല്‍, പത്തൊന്‍പതാം വയസ്സില്‍, പ്രശസ്ത ബാംബര്‍ഗര്‍ റീറ്ററിന്റെ 17-ാമത് ബാംബര്‍ഗ് കാവല്‍റി പ്രതിനിധിയായി അദ്ദേഹം ജര്‍മന്‍ സൈന്യത്തില്‍ ചേര്‍ന്നു.
1936-ല്‍ അദ്ദേഹത്തെ ബെര്‍ലിനിലെ യുദ്ധ അക്കാദമിയില്‍ നിയമിച്ചു, അവിടെ അദ്ദേഹത്തിന്റെ ബഹുമുഖ കഴിവുകള്‍ അധ്യാപകരുടെയും നാസി ഹൈക്കമാന്‍ഡിന്റെയും ശ്രദ്ധ ആകര്‍ഷിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം ജനറല്‍ സ്റ്റാഫിലെ ഒരു യുവ ഓഫീസറായി അദ്ദേഹം ഉയര്‍ന്നു. അദ്ദേഹം അതുവരെ ദേശീയ സോഷ്യലിസത്തിന്റെ എതിരാളിയായിരുന്നില്ല. 1938-ലെ ജൂത വംശഹത്യകളാണ് റീഷിനെക്കുറിച്ച്(നാസി ജര്‍മ്മനി) അദ്ദേഹത്തിന്റെ മനസ്സില്‍ ആദ്യം സംശയങ്ങള്‍ ഉണര്‍ത്തിയത്, 1939-ലെ വേനല്‍ക്കാലത്ത് ഫ്യൂറര്‍ ഒരു നീണ്ട, ഭയാനകമായി മനുഷ്യജീവനുകള്‍ നഷ്ടപ്പെടുത്തുന്ന ഒരു യുദ്ധത്തിലേക്ക് ജര്‍മനിയെ നയിക്കുന്നതായി അദ്ദേഹം കണ്ടപ്പോള്‍ ഇത് വര്‍ദ്ധിച്ചു.
എന്നിരുന്നാലും, യുദ്ധം വന്നപ്പോള്‍ അദ്ദേഹം അതില്‍ മുഴുകി, ആറാമത്തെ പാന്‍സര്‍ ഡിവിഷനിലെ ഒരു സ്റ്റാഫ് ഓഫീസറായി പേരെടുത്തു. റഷ്യയില്‍ വച്ചാണ് സ്റ്റാഫെന്‍ബര്‍ഗ് തേര്‍ഡ് റീച്ചിന്റെ വിനാശകരമായ നയങ്ങളില്‍ പൂര്‍ണ്ണമായും നിരാശനായത്. ആക്രമണത്തിന് തൊട്ടുമുമ്പ്, 1940 ജൂണ്‍ ആദ്യം അദ്ദേഹത്തെ ആര്‍മി ഹൈകമാന്‍ഡിലേക്ക് (ഒകെഎച്ച്) മാറ്റി.
റഷ്യയിലെ എസ്.എസ്. ക്രൂരത, ബോള്‍ഷെവിക് കമ്മീഷണര്‍മാരെ വെടിവയ്ക്കാനുള്ള ഹിറ്റ്‌ലറുടെ ഉത്തരവ് എന്നിവ സ്റ്റാഫെന്‍ബര്‍ഗിന്റെ കണ്ണുകള്‍ തുറപ്പിച്ചു. അദ്ദേഹം നാസികള്‍ക്കെതിരെ ചിന്തിക്കാന്‍ തുടങ്ങി യാദൃശ്ചികമായി, പിന്നീട് ജൂലൈ പ്ലോട്ടിലെ മുഖ്യ ഗൂഢാലോചനക്കാരായ ജനറല്‍ വോണ്‍ ട്രെസ്‌കോയെയും ഷ്‌ലാബ്രെന്‍ഡോര്‍ഫിനെയും അദ്ദേഹം റഷ്യയില്‍ വെച്ച് കണ്ടുമുട്ടി. സ്റ്റാഫെന്‍ബര്‍ഗ് അവരുടെ ആളാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടതോട അദ്ദേഹം ഹിറ്റ്‌ലറെ വധിക്കാനുള്ള ഗൂഢാലോചനയില്‍ സജീവമായി.
ടുണീഷ്യയിലെ 10-ാമത് പാന്‍സര്‍ ഡിവിഷന്റെ ഓപ്പറേഷന്‍ ഓഫീസറായി സ്റ്റാഫെന്‍ബര്‍ഗ് നിയമിക്കപ്പെട്ടു. കാസറിന്‍ പാസിലെ യുദ്ധത്തിന്റെ അവസാന ദിവസങ്ങളില്‍ ഏപ്രില്‍ 7 ന് അദ്ദേഹത്തിന്റെ കാര്‍ ഒരു മൈന്‍ ഫീല്‍ഡിലേക്ക് ഇടിച്ചുകയറി. സ്റ്റാഫെന്‍ബെര്‍ഗിന് ഗുരുതരമായി പരിക്കേറ്റു. ഇടതുകണ്ണും വലതുകൈയും മറുവശത്തെ രണ്ട് വിരലുകളും നഷ്ടപ്പെട്ട അദ്ദേഹത്തിന് ഇടതു ചെവിക്കും കാല്‍മുട്ടിനും സാരമായ പരിക്കേറ്റു. പിന്നിട് ജീവിത കാലം മുഴുവന്‍ കാഴ്ച നഷ്ടമായ ഇടതുകണ്ണ് മറയ്ക്കാന്‍ കണ്ണില്‍ ഒരു പാച്ച് അദ്ദേഹം ധരിച്ചിരുന്നു.
ശാരീരികമായി വൈകല്യമുള്ളയാളാണെങ്കിലും, തനിക്ക് ഒരു പവിത്രമായ ദൗത്യം നിര്‍വഹിക്കാനുണ്ടെന്ന്. ‘ജര്‍മനിയെ രക്ഷിക്കാന്‍ ഞാന്‍ ഇപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നുന്നു,’ അദ്ദേഹം തന്റെ ഭാര്യ കൗണ്ടസ് നീനയോട് ആശുപത്രി കിടക്കയ്ക്കരികില്‍ വെച്ച് പറഞ്ഞു.
1943 സെപ്റ്റംബര്‍ അവസാനത്തോടെ, ജനറല്‍ ആര്‍മി ഓഫീസില്‍ ജനറല്‍ ഓള്‍ബ്രിച്ച്റ്റിന്റെ ചീഫ് ഓഫ് സ്റ്റാഫായും ലെഫ്റ്റനന്റ് കേണലായും സ്റ്റാഫെന്‍ബെര്‍ഗ് ആരോഗ്യവാനായി ബെര്‍ലിനില്‍ തിരിച്ചെത്തി. താമസിയാതെ, തന്റെ ഇടം കൈയുടെ മൂന്ന് വിരലുകള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് നിര്‍മ്മിത ബോംബുകള്‍ പൊട്ടിത്തെറിപ്പിക്കാന്‍ അദ്ദേഹം പരിശീലിച്ചു.
സ്റ്റാഫെന്‍ബെര്‍ഗ് വ്യക്തിത്വം, ആശയങ്ങളുടെ വ്യക്തത, ഒരു സംഘാടകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഴിവുകള്‍ എന്നിവ ഗൂഢാലോചനക്കാരില്‍ പുതിയൊരു ഉണര്‍വും ദൃഢനിശ്ചയവും പകര്‍ന്നു. വാസ്തവത്തില്‍, ഈ ഗൂഢാലോചനക്കാരില്‍ പലരും യുദ്ധക്കുറ്റങ്ങളിലും ഹോളോകോസ്റ്റിലും ഉള്‍പ്പെട്ടിരുന്നു. ജര്‍മന്‍ അധിനിവേശ സോവിയറ്റ് യൂണിയനില്‍ പതിനേഴാമത്തെ ആര്‍മിയെ നയിച്ചപ്പോള്‍, ജൂതന്മാരെ കൂട്ടക്കൊല ചെയ്ത സ്റ്റുള്‍പ്നാഗല്‍ ജൂലൈ പ്ലോട്ടില്‍ സഹകരിച്ചിരുന്നു. എന്നാല്‍ സര്‍വ്വര്‍നാശത്തില്‍ നിന്ന് ജര്‍മനിയെ രക്ഷിക്കുക എന്ന ലക്ഷ്യം ഇതിനെയെല്ലാം മറവിയില്‍ താഴ്ത്തി.
ഗൂഢാലോചനക്കാര്‍ ട്രെസ്‌കോവിന്റെ നേതൃത്വത്തില്‍ വധശ്രമങ്ങള്‍ പലതും നടത്തി. ഹിറ്റ്ലറുടെ സ്വകാര്യ വിമാനത്തില്‍ നിറച്ച ഫ്രഞ്ച് കോഞ്ഞ്യാക് കുപ്പികളുടെ കേസില്‍ ഒരു ബോംബ് സ്ഥാപിച്ചു. ഹിറ്റ്ലര്‍ വിമാനത്തില്‍ പറന്നുയരുമ്പോള്‍ ബോംബ് പൊട്ടുന്ന രീതിയില്‍ ക്രമീകരിച്ചിരുന്നു. എന്നാല്‍ താപനില താഴ്ന്നതിനാല്‍ പക്ഷേ ഡിറ്റണേറ്റര്‍ മരവിച്ച് ബോബ് പൊട്ടിത്തെറിച്ചില്ല. അത് പരാജയപ്പെട്ടു.
ഒരാഴ്ച കഴിഞ്ഞ് ബെര്‍ലിനില്‍ മറ്റൊരു ശ്രമം നടന്നു. ഹിറ്റ്ലര്‍ ‘ഹീറോസ് ഡേ’ റാലിയില്‍ പങ്കെടുക്കാനിരിക്കുമ്പോള്‍ ഓഫീസര്‍ റുഡോള്‍ഫ് ഗെര്‍സ്ഡോര്‍ഫ് ആത്മഹത്യാ ബോംബറായി സ്വയം ബലിയര്‍പ്പിക്കാന്‍ തയ്യാറായി, ഫ്യൂററുടെ വാഹനം കടന്നുപോകുമ്പോള്‍ തന്റെ ബെല്‍റ്റിലെ ബോംബ് പൊട്ടിത്തെറിപ്പിക്കാനായി കാത്ത് നിന്നു. എന്നിരുന്നാലും, ഗെര്‍സ്ഡോര്‍ഫ് ബോംബ് സജീവമാക്കിയപ്പോള്‍ ഹിറ്റ്ലര്‍ മറ്റൊരു വഴിയിലുടെ സഞ്ചരിച്ച് മാറിപ്പോയി.
ഹിറ്റ്ലറെ വിമാനത്തില്‍ വെച്ച് വധിക്കാനുള്ള പരാജയപ്പെട്ട ബോംബ് ശ്രമം നടത്തിയതിനുശേഷം, ഗൂഢാലോചനക്കാര്‍ ഒടുവില്‍ ‘ഓപ്പറേഷന്‍
വാല്‍കറി’ എന്ന നിലവിലുള്ള ഒരു കണ്ടിജന്‍സി പ്ലാനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജര്‍മനിയിലെ ആഭ്യന്തര കലാപങ്ങളെ സൈനികമായി നേരിടുന്നതിനാണ് ഈ ഓപ്പറേഷന്‍ വാല്‍ക്കിറി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒരു ആഭ്യന്തര കലാപം നടന്നാല്‍ റിസര്‍ച്ച് സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് വാല്‍ക്കറി. ജര്‍മന്‍ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുക, എസ്എസ് നിരായുധീകരിക്കുക, എന്നിവ ചെയ്യാന്‍ പ്രാപ്തമായ ഹിറ്റ്‌ലറുടെ അടിയന്തര നടപടിയാണ് ഓപ്പറേഷന്‍ വാല്‍ക്കറി.
ഫ്യൂററെ വധിക്കുക, ഒപ്പം പ്രധാന നാസി നേതാക്കളെ അറസ്റ്റ് ചെയ്യുക എന്നീ ഉദ്ദേശ്യത്തോടെ ഗൂഢാലോചനക്കാര്‍ സ്വന്തം ലക്ഷ്യങ്ങള്‍ക്കായി
ഈ പദ്ധതി പരിഷ്‌കരിച്ചു.
പദ്ധതിയുടെ ഭാഗമായി, കേണല്‍ സ്റ്റാഫെന്‍ബര്‍ഗ് കിഴക്കന്‍ പ്രഷ്യയിലെ ഹിറ്റ്ലറുടെ ആസ്ഥാനമായ ”വുള്‍ഫ്സ് ലെയര്‍ റിലേക്ക് പോകും, അവിടെ അദ്ദേഹം രണ്ട് ബോംബുകള്‍ അടങ്ങിയ ഒരു ബ്രീഫ്കേസ് കോണ്‍ഫറന്‍സ് ഹാളിലെ ഹിറ്റ്ലറുടെ ബ്രീഫിംഗ് ടേബിളിനടിയില്‍ വയ്ക്കും. സ്ഫോടനത്തില്‍ ഹിറ്റ്ലര്‍ മരിച്ചുകഴിഞ്ഞാല്‍, നാസി പാര്‍ട്ടി നടത്തിയ ഒരു അട്ടിമറി ശ്രമത്തിന്റെ ഭാഗമാണെന്ന് ഈ വധം എന്ന് അവകാശപ്പെടുകയും തുടര്‍ന്ന് ഓപ്പറേഷന്‍ വാല്‍ക്കറി നടപ്പിലാക്കുകയും ചെയ്യും.
റിസര്‍വ് ആര്‍മി ബെര്‍ലിനിലെ പ്രധാന സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുകയും വിശ്വസ്തരായ എസ്എസ് യൂണിറ്റുകളെ നിരായുധരാക്കുകയും ചെയ്യുമ്പോള്‍ ഗീബല്‍സ് ഉള്‍പ്പെടെയുള്ള ഉന്നത നാസി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യും. അതേസമയം, വാല്‍ക്കറി ഉത്തരവുകള്‍ ലഭിച്ചുകഴിഞ്ഞാല്‍, സ്റ്റുള്‍പ്നാഗല്‍ ഫ്രാന്‍സില്‍ സൈനിക ശക്തി ശക്തിപ്പെടുത്തും. ഹിറ്റ്ലറുടെ മരണത്തെത്തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തില്‍, ഗോറിംഗ്, ഹിംലര്‍, മറ്റ് പ്രധാന നാസി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഗോര്‍ഡെലര്‍ ചാന്‍സലറായും ബെക്ക് പ്രസിഡന്റായും ഒരു പുതിയ സര്‍ക്കാര്‍ സ്ഥാപിക്കുകയും ചെയ്യും. ജര്‍മനിക്ക് കൂടുതല്‍ ഉദാരമായ നിബന്ധനകളോടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു യുദ്ധവിരാമ ചര്‍ച്ച നടത്താന്‍ പുതിയ സര്‍ക്കാരിനെ ചുമതലപ്പെടുത്തും. ഇതായിരുന്നു ഹിറ്റ്‌ലറെ വധിക്കാന്‍ തയ്യാറാക്കിയ ജൂലൈ പ്ലോട്ടും ലക്ഷ്യങ്ങളും.
എറിക് ഫെൽഗീബെല്ലും ചലചിത്രത്തിലെ ഫെൽഗീബെല്ലും
അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആസ്ഥാനമായ പ്രഷ്യയിലെ വൂള്‍ഫ് ലെയറിലെ ടെലികമ്യൂണിക്കേഷന്റെ ചുമതല വഹിക്കുന്ന ജനറലായ ഫ്രിറ്റ്‌സ് എറിക് ഫെല്‍ഗീബലിന്റെ പങ്കാളിത്തം ജൂലൈ പ്ലോട്ടില്‍ നിര്‍ണായകമായിരുന്നു. ഹിറ്റ്‌ലറിനോട് വളരെ അടുപ്പം ഉണ്ടായിരുന്നിട്ടും, അയാള്‍ വിമത ഗൂഢാലോചനയെ പിന്തുണച്ചു. ഗുഡാലോചനക്കാരുടെ ആവശ്യമനനുസരിച്ച് നിര്‍ണായക നിമിഷത്തില്‍ ടെലിഫോണ്‍ സ്വിച്ച്‌ബോര്‍ഡ് ലൈനുകള്‍ നിര്‍വീര്യമാക്കാന്‍ അയാള്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. 1939 മുതല്‍ ജര്‍മന്‍ സ്റ്റേറ്റിന്റെ സിഗ്‌നലുകളിലും ആശയവിനിമയ മേഖലകളിലും ഫെല്‍ഗീബെല്‍ ഒരു ഒഴിച്ചുകൂടാനാവാത്ത വിദഗ്ദ്ധനായിരുന്നു.
കേണല്‍ സ്റ്റാഫെന്‍ബര്‍ഗ് പദ്ധതി നടപ്പിലാക്കിയ ആ സെക്കന്റില്‍ വുള്‍ഫ്‌സ് ലെയര്‍ ആര്‍മി ടെലികമ്മ്യൂണിക്കേഷനുകള്‍ കടന്നുപോയ സമീപത്തുള്ള രണ്ട് ‘റിപ്പീറ്റര്‍ സ്റ്റേഷനുകളായ’ റാസ്റ്റന്‍ബര്‍ഗിലെയും ആംഗര്‍ബര്‍ഗിലെയും ഔട്ട്ഗോയിംഗ് സന്ദേശങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ട്, സൈനിക ശൃംഖലയില്‍ നിന്ന് വുള്‍ഫ്‌സ് ലെയറിനെ ഫെല്‍ഗീബെല്‍ വിച്ഛേദിക്കും. അതാണ് പദ്ധതി, അതിലൂടെയാണ് വുള്‍ഫ്‌സ് ലെയര്‍ ആര്‍മി ടെലികമ്മ്യൂണിക്കേഷനുകള്‍ കടന്നുപോകുന്നത്.
ഒടുവില്‍ എല്ലാം തയ്യാറായി. വധശ്രമത്തിന് തിരഞ്ഞെടുത്ത ദിവസം
1944 ജൂലൈ 20-ന്, ജര്‍മന്‍ സംസ്ഥാനമായ ഈസ്റ്റ് പ്രഷ്യയിലെ വുള്‍ഫ്‌സ് ലെയറില്‍ ഹിറ്റ്ലര്‍ തന്റെ ജനറല്‍മാരുടെ ഒരു യോഗം വിളിച്ചു. രണ്ട് ചെറിയ ബോംബുകള്‍ അടങ്ങിയ ഒരു ബ്രീഫ്‌കേസുമായി സ്റ്റാഫെന്‍ബര്‍ഗ് ബെര്‍ലിനില്‍ നിന്ന് ഹിറ്റ്‌ലറുടെ വൂള്‍ഫ് ലെയറില്‍ എത്തി. യൂണിഫോം മാറ്റണമെന്ന വ്യാജേന, ഡിറ്റണേറ്ററുകള്‍ ബോംബില്‍ സ്ഥാപിക്കാന്‍ അടുത്തുള്ള ഒരു മുറിയിലേക്ക് അദ്ദേഹം പോയി, ഇവിടെയാണ് അദ്ദേഹത്തിന്റെ ശാരീരിക വൈകല്യങ്ങള്‍ ഒരു പ്രശ്‌നമായി മാറിയത്. മുന്‍പ് വടക്കേ ആഫ്രിക്കയില്‍ നടന്ന ഒരു അപകടത്തില്‍ പരിക്കേറ്റതിനാല്‍, അദ്ദേഹത്തിന് ഒരു കണ്ണും വലതുകൈയും ഇടതുകൈയിലെ രണ്ട് വിരലുകളും നഷ്ടപ്പെട്ടിരുന്നു. സമയക്കുറവ് മൂലം ഒരു ബോംബ് മാത്രമെ സ്റ്റാഫെന്‍ബര്‍ഗിന് സജീവമാക്കാന്‍ സാധിച്ചുളളൂ. അത് ബ്രീഫ്‌കേസില്‍ വെച്ചു. ഇവിടെയാണ് വിധി ആദ്യം ഇടപെട്ടത്. രണ്ട് ബോംബും വെയ്ക്കാന്‍ സ്റ്റാഫെന്‍ബര്‍ഗിന് കഴിഞ്ഞെങ്കില്‍ ചരിത്രം മറ്റൊന്നായേനെ. മുന്‍പൊരിക്കല്‍ സ്റ്റാഫെന്‍ബര്‍ഗ് വുള്‍ഫ് ലെയറിലെ കോണ്‍ഫ്രന്‍സ് ഗാളില്‍ ബോംബ് വെയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഹെന്റിച്ച് ഹിംലര്‍ മീറ്റിങ്ങിന് വരാത്തതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു.
ആ മീറ്റിംഗ് ദിവസത്തെ പ്രഭാതം ചൂടും ഈര്‍പ്പവും നിറഞ്ഞതായിരുന്നു. മുന്‍ നിശ്ചയമനുസരിച്ച് വലിയ കോണ്‍ക്രീറ്റ് ബങ്കറുകളിലൊന്നിനുള്ളിലാണ് ഈ സൈനിക യോഗം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ചൂട് വര്‍ദ്ധിച്ചതിനാല്‍ മീറ്റിംഗ് അവിടെ നിന്ന് മറ്റൊരു ഹാളിലേക്ക് മാറ്റി. ആ മുറിയില്‍ ചൂട് കുറയ്ക്കാന്‍ തുറക്കാവുന്ന ജനാലകളുള്ളതിനാല്‍ നിര്‍മാണഘടനയുടെ സ്വഭാവം കാരണം ബോംബ് പൊട്ടിത്തെറിച്ചാല്‍ പോലും സ്‌ഫോടനശക്തി ദുര്‍ബലമായിരിക്കും. ഇതറിഞ്ഞെങ്കിലും സ്റ്റാഫെന്‍ബര്‍ഗ് പക്ഷേ, ദൗത്യം ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു.
ഹിറ്റ്‌ലറും സൈനിക മേധാവികളും കോണ്‍ഫറന്‍സ് ടേബിളിന് ചുറ്റും സമ്മേളിച്ചപ്പോള്‍, ഹാളില്‍ പ്രവേശിച്ച സ്റ്റാഫെന്‍ബര്‍ഗ്, ഹിറ്റ്‌ലറുടെ അരികിലായി താഴെ തന്റെ ബ്രീഫ്കേസ് മരമേശയ്ക്കടിയില്‍ വച്ചു. അപ്പോള്‍ സമയം ഉച്ചയ്ക്ക് 12.30 ആയിരുന്നു. ബോംബ് പത്ത് മിനിറ്റിനുള്ളില്‍ പൊട്ടിത്തെറിക്കും. അപ്പോള്‍ ബ്രീഫ് കേസും ഹിറ്റ്‌ലറും തമ്മിലുള്ള ദൂരം ആറടി മാത്രമായിരുന്നു.
നേരത്തെ തയാറാക്കിയ പദ്ധതി അനുസരിച്ച് വന്ന ടെലിഫോണ്‍ കോള്‍ എടുക്കാന്‍ സ്റ്റാഫെന്‍ബര്‍ഗ് ഹാളില്‍ നിന്ന് പുറത്ത് വന്ന് ഫോണ്‍ അറ്റന്റഡ് ചെയ്യാന്‍ പോയി. നിര്‍ണ്ണായകരമായ ഒരു വഴിത്തിരിവ് അവിടെ സംഭവിച്ചു. താഴെ ബോംബ് അടക്കം ചെയ്ത ബ്രീഫ്കേസ് ചെരിഞ്ഞ് വീണത് ശ്രദ്ധിച്ച കേണല്‍ ബ്രാന്‍ഡ് അത് മേശക്കാലിന്റെ എതിര്‍വശത്തേക്ക് മാറ്റി വച്ചു. ആ ഒറ്റ കൃത്യം മതിയായിരുന്നു ബോംബിന്റെ ലക്ഷ്യം തെറ്റാന്‍.
നിമിഷങ്ങള്‍ക്കുശേഷം ആ കെട്ടിടത്തെ വിറപ്പിച്ചു കൊണ്ടു ബോംബ് പൊട്ടിത്തെറിച്ചു. കോണ്‍ഫറന്‍സ് റൂം പാടെ നശിപ്പിക്കപ്പെട്ടു. നാല് പട്ടാള ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഹിറ്റ്ലര്‍ അവിശ്വസനീയമാംവിധം ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ കീറിപ്പറഞ്ഞു. തലമുടിക്ക് തീപിടിച്ചുവെന്ന് ഒരു ദൃക്‌സാക്ഷി പിന്നീട് പറഞ്ഞു.
ഓപ്പറേഷന്‍ വാല്‍ക്കറി ഏകോപിപ്പിക്കാന്‍ സ്റ്റാഫെന്‍ബര്‍ഗ് ബെര്‍ലിനിലേക്ക് മടങ്ങി. സ്‌ഫോടനത്തെക്കുറിച്ച് ഫോണില്‍ ബെര്‍ളിനില്‍ ജനറല്‍ ഫ്രെഡറിക് ഓള്‍ബ്രിച്ചിന്റെ ഓഫിസിലെ കേണല്‍ വോണ്‍ ക്വിര്‍ണ്‍ഹൈംനോട് ഒരു വാചകത്തില്‍ പറഞ്ഞ ശേഷം ഫോണ്‍ വെച്ചു. ഹിറ്റ്ലറുടെ ആസ്ഥാനത്തെ ടെലിഫോണടക്കമുള്ള എല്ലാ ഔദോഗിക ആശയവിനിമയങ്ങളും എറിക് ഫെല്‍ഗീബല്‍ ഉടനെ വിച്ഛേദിച്ചു. എന്നാല്‍ ബെര്‍ളിനില്‍ ഫോണ്‍ വഴി കേട്ടത് വോണ്‍ ക്വിര്‍ണ്‍ഹൈംന് വ്യക്തമായി മനസിലായില്ല.
ബെര്‍ളിനിലേക്ക് വിമാനം കയറാന്‍ പോകുന്ന വഴിയില്‍, റോഡരികിലെ കാട്ടില്‍ രണ്ടാമത്തെ ബോംബ് സ്റ്റാഫെന്‍ബര്‍ഗിന്റെ കൂടെയുള്ള സെക്രട്ടറി എറിഞ്ഞ് കളഞ്ഞു. ആ ബോംബ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച ബ്രീഫ്‌കേസില്‍ ഉണ്ടായിരുന്നെങ്കില്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരെയും കൊല്ലാന്‍ തക്ക തീവ്ര സ്‌ഫോടനം നടക്കുമായിരുന്നു. ഈ ബോംബ് പിന്നീട് വുള്‍ഫ് ലെയറിലെ പട്ടാളം വഴിയിലെ കാട്ടില്‍ നിന്ന് കണ്ടെടുത്തു.
ബെര്‍ളിനില്‍ സംഭവിച്ച ആശയ വിനിമയക്കുഴപ്പം വിമതരുടെ പദ്ധതിയുടെ എല്ലാ വിജയ സാധ്യതയും തകര്‍ത്തു. ഹിറ്റ്‌ലറുടെ മരണം ഉറപ്പാക്കാതെ ബെര്‍ളിനില്‍ ഓപ്പറേഷന്‍ വാല്‍കിറി നടപ്പിലാക്കാന്‍ ജനറല്‍ ഫ്രെഡറിക് ഓള്‍ബ്രിറ്റ് വൈകിയത് വലിയ പിഴവായി. പക്ഷേ കാലതാമസം, ആശയക്കുഴപ്പം, ഗൂഡാലോചനക്കാരുടെ മോശം ആശയവിനിമയം എന്നിവ സൈനിക അട്ടിമറിയുടെ പ്രയോജനം ഇല്ലാതാക്കി.
ബെര്‍ളിനില്‍ എത്തിയ സ്റ്റാഫെന്‍ബര്‍ഗ് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. നാസി ജര്‍മനിക്ക് നിരവധി വ്യത്യസ്ത സംഘടനകളും അധികാര കേന്ദ്രങ്ങളും ആശയവിനിമയങ്ങളും ഉണ്ടായിരുന്നു. സൈന്യത്തിന്റെ ആഭ്യന്തര ആശയവിനിമയ സംവിധാനം ഏറ്റെടുക്കാനും, ബെര്‍ലിനിലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് പുറപ്പെടുന്ന ആധികാരിക ഉത്തരവുകള്‍ പുറപ്പെടുവിക്കാനും, വ്യത്യസ്ത ജില്ലകളിലെ അവരുടെ നിരവധി കോണ്‍ഫെഡറേറ്റുകളുടെ സഹായത്തോടെ, നിയന്ത്രണം ഏറ്റെടുക്കാനും സ്റ്റാഫെന്‍ബര്‍ഗും കൂട്ടാളികളും ശ്രമം ആരംഭിച്ചു.
ആദ്യ ഘട്ടത്തില്‍, റിസര്‍വ് ആര്‍മി നടപടിയെടുക്കാന്‍ തുടങ്ങിയതോടെ ഓപ്പറേഷന്‍ വാല്‍കിറി സുഗമമായി നടക്കുന്നതായി തോന്നി. ബെര്‍ളിനിലെ ഗസ്റ്റപ്പോ, നാസി ഓഫിഷ്യലുകള്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ബെര്‍ലിനിലെ യുദ്ധ കാര്യാലയത്തിലെ റിസര്‍വ് ആര്‍മി ചീഫ് ജനറല്‍ ഫ്രോം ഹിറ്റലറുടെ നയങ്ങളോട് എതിര്‍പ്പുള്ള ഉന്നതനായിരുന്നെങ്കിലും ഹിറ്റ്‌ലര്‍ കൊല്ലപ്പെട്ടത് വിശ്വസിക്കാന്‍ തയാറായില്ല. സ്റ്റാഫെന്‍ബര്‍ഗ്ടക്കമുള്ള വിമതരുടെ കൂടെ ചേരാന്‍ അയാള്‍ വിസമ്മതിച്ചു. ജനറല്‍ ഫ്രോമിനെ വിമതര്‍ അറസ്റ്റ് ചെയ്തു.
കേണല്‍ ക്ലോസ് സ്റ്റാഫന്‍ബെര്‍ഗ് കേണല്‍ ജനറല്‍ ലുഡ്വിഗ് ബെക്ക്, ഡോ. കാള്‍ ഗോര്‍ഡെലര്‍, ജനറല്‍ ഫ്രെഡറിക് ഓള്‍ബ്രിച്ചിന്റെ അഡ്മിറല്‍ വില്‍ഹെം കാനറിസ്, ആല്‍ഫ്രഡ് ഡെല്‍പ്, ഹാന്‍സ് വോണ്‍ ഡോനാനി, ഡോ. കാള്‍ ഗോര്‍ഡെലര്‍, തുടങ്ങിയ ഉന്നതര്‍ ചേര്‍ന്ന വിമത സംഘം ബെര്‍ലിന്‍ നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചു.
പക്ഷേ, വിമതര്‍ ശ്രദ്ധിക്കാതെ പോയ പ്രധാന കാര്യം ഹിറ്റ്ലറുടെ ഫോര്‍വേഡ് മിലിട്ടറി ആസ്ഥാനമായ വുള്‍ഫ്സ് ലെയറില്‍, അതിന്റെ വിവിധ ആശയവിനിമയങ്ങള്‍ നന്നായി സംരക്ഷിക്കപ്പെട്ടിരുന്നു എന്നതാണ്. ഒരു ബോംബാക്രമണം നടത്തി നശിപ്പിച്ചാല്‍ പോലും അവ പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര പദ്ധതികള്‍ അവിടെ നിലവിലുണ്ടായിരുന്നു. ഗൂഢാലോചനക്കാര്‍ ഒരു നെറ്റ്വര്‍ക്കില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. തീര്‍ച്ചയായും മറ്റ് നെറ്റ്വര്‍ക്കുകള്‍ ഉണ്ടായിരുന്നു. വൂള്‍ഫ് ലെയറില്‍ ഉന്നത നാസി ബ്യൂറോക്രാറ്റായ മാര്‍ട്ടിന്‍ ബൂര്‍മാന് സ്വന്തമായി അതീവ സുരക്ഷിതമായ ടെലിഫോണ്‍ കണക്ഷന്‍ ഉണ്ടായിരുന്നു. അതീവ രഹസ്യമായി ഘടിപ്പിച്ച സമാന്തര ടെലിഫോണുകള്‍ ഹിറ്റ്‌ലറുടെ രക്ഷക്കെത്തി. ഇതിനെ തടയാന്‍ എറിക് ഫെല്‍ഗീബലിന് ഒന്നും ചെയ്യാനായില്ല.
നാല് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കറ്റു. ഭാഗ്യം തുണച്ച ഹിറ്റ്‌ലര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രം പറ്റി. പ്രാഥമിക ചികിത്സക്ക് ശേഷം തന്റെ മന്ത്രിയായ ശക്തനായ ജോസഫ് ഗീബല്‍സുമായി ഫ്യൂറര്‍ ടെലിഫോണില്‍ ബന്ധപ്പെട്ടു. വധശമം പാളിയത് വിധി തന്റെ പക്ഷത്താണെന്ന ഒരു പുതിയ ബോധവും ശക്തിയും ഹിറ്റ്ലര്‍ക്ക് നല്‍കി.
സ്റ്റാഫന്‍ബെര്‍ഗിന്റെ ഉത്തരവ് പ്രകാരം മന്ത്രിയും ഏറ്റവും ഉന്നത നാസി നേതാവുമായ ജോസഫ് ഗീബല്‍സിനെ അറസ്റ്റ് ചെയ്യാന്‍ വന്ന ബെര്‍ളിന്‍ സൈനിക കമാണ്ടന്റ് മേജര്‍ ഓട്ടോ ഏണസ്റ്റ് റീമര്‍റോട് ഗീബല്‍സിന്റെ ഓഫിസിലെ ഫോണില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ സംസാരിച്ചു. ‘ ഫ്യൂറര്‍ ഒരു കല്‍പ്പന മാത്രം പറഞ്ഞു, ‘ ഈ രാജ്യദ്രോഹികളെ ജീവനോടെ പിടികൂടി എന്റെ മുന്നില്‍ ഹാജരാക്കുക’ ഫ്യൂററുടെ ആജ്ഞ കേട്ട റീമര്‍ ഉടനെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ തന്റെ സേനയുമായി വിമതരുടെ ആസ്ഥാനമായ ബെന്‍ഡല്‍ ബ്ലോക്കിലേക്ക് കുതിച്ചു.
അപ്പോള്‍ റേഡിയോവിലുടെ രാജ്യത്തെ അഭിസംബോധന ചെയ്ത് ഹിറ്റലര്‍ സംസാരിക്കാന്‍ ആരംഭിച്ചിരുന്നു. അതോടെ ഗൂഡാലോചനക്കാരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. പരാജയപ്പെട്ട വധശ്രമത്തെക്കുറിച്ച് സ്വന്തം സ്വരത്തില്‍ സംസാരിച്ച ഹിറ്റലറുടെ പ്രക്ഷേപണം വ്യാജമാണെന്നും സ്‌ഫോടനം നടന്നത് താന്‍ നേരിട്ട് കണ്ടെതാണെന്നും സ്റ്റാഫന്‍ബെര്‍ഗ് തറപ്പിച്ച് പറഞ്ഞിട്ടും അത് ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പ്ലോട്ട് പരാജയമടഞ്ഞു എന്ന് അവര്‍ മനസിലാക്കി.
മേജര്‍ റീമറുടെ നേതൃത്വത്തില്‍ സൈന്യം സംഘടിച്ച് ബര്‍ലിനിലെ റീച്ച് സെര്‍കമാന്റ്‌സിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും ആസ്ഥാനമായി പ്രവര്‍ത്തിച്ച ബെന്‍ഡല്‍ ബ്ലോക്ക് വളഞ്ഞു. ഒരു ചെറിയ വെടിവയ്പ്പിന് ശേഷം കീഴടങ്ങിയ സ്റ്റാഫെന്‍ബര്‍ഗിനെയും കൂട്ടാളികളേയും വളരെ വേഗം അറസ്റ്റ് ചെയ്തു. ജര്‍മന്‍ സൈന്യത്തിന്റെ സുപ്രീം ഹൈക്കമാന്‍ഡിന്റെ നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ബെന്‍ഡ്ലര്‍ ബ്ലോക്കില്‍ ജനറല്‍ ഓള്‍ ബ്രിറ്റ്, ബെക്ക്, കേണല്‍ വോണ്‍ ക്വിര്‍ണ്‍ഹൈം,സ്റ്റാഫെന്‍ബര്‍ഗിന്റെ സെക്രട്ടറി ഫസ്റ്റ് ലെഫ്റ്റനന്റ് വെര്‍ണര്‍ വോണ്‍ ഹെഫ്റ്റന്‍ എന്നിവരെ റീമറുടെ സൈന്യം പിടികൂടി.
വിമതരുടെ പിടിയിലായിരുന്ന ജനറല്‍ ഫ്രോം അതോടെ മോചിതനായി. വിമതര്‍ തന്റെ പങ്കാളിത്തം വെളിപ്പെടുത്തുമെന്ന് ഭയന്ന സ്റ്റാഫെന്‍ബര്‍ഗിന്റെ മേധാവിയുമായ ജനറല്‍ ഫ്രോം ഭയപ്പെട്ടു. തന്റെ ഭാഗം ന്യായികരിക്കാന്‍ ബെര്‍ലിനിലെ ആര്‍മി ആസ്ഥാനത്ത് വെച്ച് ഫ്രോം ഒരു കോര്‍ട്ട് മാര്‍ഷ്യല്‍ നടത്തി പിടികൂടിയ ഗൂഢാലോചനക്കാര്‍ക്ക് മരണ ശിക്ഷ വിധിച്ചു( കുറ്റവാളിള്‍ക്ക് അവരുടെ കുടുംബത്തിന് അവസാന സന്ദേശം നല്‍കാന്‍ ഫ്രോം അവസരം നല്‍കി എന്നു മാത്രം).
എന്നാല്‍ ഗൂഡാലോചനക്കാരെ പിടി കൂടിയ മേജര്‍ റീമര്‍ അതിനെ എതിര്‍ത്തു. ജീവനോടെ കുറ്റക്കാരെ ഹാജരാക്കാനാണ് തനിക്ക് ലഭിച്ച നിര്‍ദേശം എന്ന് അയാള്‍ വാദിച്ചെങ്കിലും ജനറല്‍ ഫ്രോം വഴങ്ങിയില്ല. കാര്യങ്ങള്‍ വേഗത്തില്‍ തീര്‍ക്കാന്‍ അയാള്‍ തിടുക്കം കാണിച്ചു. നാസി ഹൈക്കമാന്‍ഡിന് മുന്നില്‍ കുറ്റവാളികള്‍ എത്തിയാല്‍ വിമതര്‍ ഓപ്പറേഷന്‍ വാല്‍കിറി നടപ്പിലാക്കിയതുള്‍പ്പടെ കുറ്റാരോപണങ്ങള്‍ തനിക്ക് നേരെ തിരിയുമെന്ന് ഫ്രോം ഭയന്നു(ഓപ്പറേഷന്‍ വാല്‍ക്കിറി നടപ്പിലാക്കാന്‍ ഉത്തരവിടാന്‍ റിസര്‍വ് ആര്‍മി ചീഫായ ഫ്രോമിനെ കഴിയു. അതിനാല്‍ അയാള്‍ അറിയാതെ ഫ്രോമിന്റെ ഒപ്പ് അനുകരിച്ചാണ് ജനറല്‍ ഓള്‍ ബ്രിറ്റ് അത് നടപ്പിലാക്കിയത്).
ഓപ്പറേഷന്‍ വാല്‍കീറി ആരംഭിച്ചതു മുതല്‍ ഇന്‍ഫന്‍ട്രി ജനറല്‍ ഫ്രെഡറിക് ഓള്‍ബ്രിച്ചിന്റെ നേതൃത്വത്തില്‍, നാസി ഭരണകൂടത്തിനെതിരായ സൈനിക പ്രതിരോധത്തിന്റെ കേന്ദ്രമായിരുന്നു പശ്ചിമ ബെര്‍ലിനിലെ ടിയര്‍ ഗാര്‍ട്ടിന് തെക്കുഭാഗത്തുള്ള കെട്ടിടം
ബെന്‍ഡ്‌ലര്‍ ബ്ലോഗിന്റെ മുറ്റത്ത് 1944 ജൂലൈ 20-ന് ആ സംഭവ ബഹുലമായ ദിവസം രാത്രി ഒരു ഫയറിംഗ് സ്‌ക്വാഡ് വധശിക്ഷ നടപ്പിലാക്കാന്‍ തയ്യാറെടുത്തു. കേണല്‍ ക്ലോസ് വോണ്‍ സ്റ്റാഫെന്‍ബര്‍ഗ്, ഫസ്റ്റ് ലെഫ്റ്റനന്റ് വെര്‍ണര്‍ വോണ്‍ ഹെഫ്റ്റന്‍, ജനറല്‍ ഫ്രെഡറിക് ഓള്‍ബ്രിച്ച്, കേണല്‍ ആല്‍ബ്രെക്റ്റ് റിട്ടര്‍ മെര്‍ട്ട്‌സ് വോണ്‍ ക്വിര്‍ണ്‍ഹൈം എന്നിവരെ നിരത്തി നിര്‍ത്തി ഒരോത്തരെയായി സൈനികര്‍ നിറയൊഴിച്ചു വധിച്ചു. അവസാനം ഫയറിംഗ് സ്‌ക്വാഡിനെ അഭിമുഖീകരിച്ച സ്റ്റാഫെന്‍ബര്‍ഗ് വെടിയേറ്റ് വീഴാന്‍ പോകുമ്പോള്‍ തലയുയര്‍ത്തി വിളിച്ചുപറഞ്ഞു, ‘വിശുദ്ധ ജര്‍മനി നീണാള്‍ വാഴട്ടെ!’
ഗുഡാലോചനയിലെ അംഗമായ ജനറല്‍ ലുഡ്വിഗ് വോണ്‍ ബെക്കിനെ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യാന്‍ ഫ്രോം അനുവദിച്ചു. വൂള്‍ഫ് ലെയറിലെ ടെലി കമ്യൂണിക്കേഷന്‍ മേധാവി എറിക് ഫെല്‍ഗീബെല്ലിനെ മൂന്നാഴ്ച കഴിഞ്ഞ് അറസ്റ്റ് ചെയ്തു വിചാരണ ചെയ്തു ഓഗസ്റ്റില്‍ വധിച്ചു.
എന്നാല്‍ വിചാരണ നടത്തി കുറ്റവാളികളെ വധിച്ച് ഇല്ലാതാക്കിയ നടപടി ജനറല്‍ ഫ്രോമിന് വിനയായി. ഗൂഡാലോചനയില്‍ പങ്കാളിയെന്ന് ആരോപിച്ച് രാജ്യദ്രോഹിയായി മുദ്ര കുത്തി ജോസഫ് ഗീബല്‍സിന്റെ ഉത്തര നുസരിച്ച് ജനറല്‍ ഫ്രോമിനെ വെടിവെച്ച് കൊന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍, മാസങ്ങളോളം നീണ്ടുനിന്ന വന്‍തോതില്‍ ഗൂഢാലോചനക്കാരെ പിടികൂടാന്‍ ഹിറ്റ്ലര്‍ ഉത്തരവിട്ടു. ഈ അന്വേഷണ വേട്ടയില്‍ മിക്ക ഗൂഢാലോചനക്കാരെയും പിടികൂടി. ചിലരെ പിയാനോ വയര്‍ വരെ ഉപയോഗിച്ച് തൂക്കിലേറ്റി, അവരുടെ മരണം ഹിറ്റ്ലര്‍ കാണാന്‍ വേണ്ടി ഫിലിമില്‍ ചിത്രീകരിച്ചു.
ഗൂഢാലോചനക്കാരില്‍ പലരും കുപ്രസിദ്ധമായ നാസി പീപ്പിള്‍സ് കോടതികള്‍ക്ക് മുന്നില്‍ വിചാരണകള്‍ക്കായി ഹാജരായി, ആര്‍ക്കെവ്‌സ് രേഖകള്‍ പ്രകാരം 7,000-ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തു, 4,980 പേരെ വധിച്ചു, അതോടെ ജൂലൈ 20 പ്ലോട്ടിലെ അവസാന പ്രതിരോധവും ഇല്ലാതായി. ഓസ്ട്രിയയിലെ നാസി വിരുദ്ധ പ്രതിരോധം രേഖപ്പെടുത്തുന്ന ആര്‍ക്കൈവുകള്‍ അനുസരിച്ച്, ജര്‍മന്‍ സൈനിക കോടതികള്‍ 70,000-ത്തിലധികം ആളുകളെ വധശിക്ഷയ്ക്ക് വിധിച്ചു, അവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ജര്‍മ്മന്‍ സേനയിലെ അംഗങ്ങളായിരുന്നു. ജൂലൈ പ്ലോട്ടിന്റെ ബാക്കി പത്രം ഇതായിരുന്നു.
ബര്‍ലിനിലെ ബെന്‍ഡ്ലര്‍ബ്ലോക്കിന്റെ മുറ്റത്ത്, ഒരു നഗ്‌നനായ മനുഷ്യന്റെ പ്രതിമയും ഒരു ഫലകവും ഉണ്ട്: മുഴുവന്‍ ജര്‍മന്‍ പ്രതിരോധത്തിനും രക്തസാക്ഷികളുടെ ഓര്‍മ്മക്കായ് സ്ഥാപിച്ച ഒരു സ്മാരകമാണത്. ആ ഫലകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
‘നിങ്ങള്‍ നാണക്കേട് സഹിച്ചില്ല. സ്വാതന്ത്ര്യത്തിനും നീതിക്കും ബഹുമാനത്തിനും വേണ്ടി നിങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ട് നിങ്ങള്‍ ചെറുത്തുനിന്നു.’
1970-ല്‍ പുറത്തിറങ്ങിയ പീറ്റര്‍ ഹോഫ്മാന്റെ ‘ദി ഹിസ്റ്ററി ഓഫ് ദി ജര്‍മന്‍ റെസിസ്റ്റന്‍സ്’, 1933-1945 എന്ന പുസ്തകമാണ് ജൂലൈ 20 പ്ലോട്ടിനെ കുറിച്ച് ഏറ്റവും സമഗ്രവും ശ്രദ്ധേയവുമായ പുസ്തകം. എന്നാല്‍ ഹിറ്റ്ലറെ കൊല്ലാനുള്ള നാല് നാടകീയ ഗൂഢാലോചനകളില്‍ താന്‍ എങ്ങനെ പങ്കെടുത്തുവെന്ന് പറയുന്ന സൈനികനായ ഫിലിപ്പ് വോണ്‍ ബോസെലെഗര്‍ എഴുതിയ Operation Valkyrie The Plot to Kill Hitler എന്ന ഓര്‍മകുറിപ്പ് കുറെക്കൂടി ആധികാരികമാണ്.
ജൂലൈ 20 പ്ലോട്ടിലെ സ്‌ഫോടക വസ്തുക്കള്‍ ഗൂഡാലോചനക്കാര്‍ക്ക് നല്‍കുകയും ഏറെ നാള്‍ അഞ്ജ്ഞാതനായി കഴിയുകയും പിന്നീട് വര്‍ഷങ്ങളോളം തന്റെ രഹസ്യങ്ങള്‍ മറച്ചുവെക്കുകയും ചെയ്ത ലെഫ്റ്റനന്റ് ഫിലിപ്പ് വോണ്‍ ബോസെലെഗര്‍ തന്റെ ശ്രദ്ധേയമായ ജീവിതകഥ പിന്നീട് വെളിപ്പെടുത്തി. ഹിറ്റ്ലറെ കിഴക്കന്‍ പ്രഷ്യന്‍ ആസ്ഥാനത്ത് സ്ഫോടനത്തിലൂടെ വധിക്കാന്‍ ചെയ്യാന്‍ ക്ലോസ് വോണ്‍ സ്റ്റാഫെന്‍ബര്‍ഗ് നടത്തിയ ശ്രമത്തില്‍ ഫിലിപ്പ് വോണ്‍ ബോസെലെഗര്‍ അടുത്ത പങ്കാളിയായിരുന്നു.
ജൂലൈ 20 പ്ലോട്ടിലെ ബോംബ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കള്‍ വാങ്ങുന്നതിനും വിതരണം ചെയ്തതും ബോയ്സെലാഗറായിരുന്നു. 2008-ല്‍ അദ്ദേഹം മരിക്കുന്നതിന് മുമ്പ്, ഫിലിപ്പ് വോണ്‍ ബോയ്സെലാഗര്‍ ജൂലൈ 20 പ്ലോട്ടിലെ ജീവിച്ചിരിക്കുന്ന അവസാന അംഗമായിരുന്നു. അതിനാല്‍ ഓര്‍മക്കുറിപ്പുകള്‍ അദ്ദേഹത്തിന്റെയും സഹോദരന്റെയും ജീവിതത്തിന്റെ ഒരു രേഖ മാത്രമല്ല, പ്ലോട്ടിന്റെ മൊത്തത്തിലുള്ള അവസാന സാക്ഷ്യവുമാണ്. ഹിറ്റ്ലറെ വധിക്കാനുള്ള നിരവധി ഗൂഢാലോചനകളില്‍ അദ്ദേഹവും സഹോദരന്‍ ജോര്‍ജും എങ്ങനെ ഉള്‍പ്പെട്ടിരുന്നു എന്നത് പുസ്തകത്തില്‍ പറയുന്നു.
നാസികളെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്ന അട്ടിമറിയില്‍ പങ്കെടുക്കാന്‍ ഫിലിപ്പും സഹോദരനും ബെര്‍ലിനിലേക്ക് അവരുടെ കുതിരപ്പട യൂണിറ്റുകളെ നയിക്കേണ്ടതായിരുന്നു. ജൂലൈ 20 പ്ലോട്ട് വിജയിച്ചിരുന്നെങ്കില്‍ 1944-ല്‍ യുദ്ധം അവസാനിക്കുമായിരുന്നു, ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കപ്പെടുമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫിലിപ്പിന്റെ യുദ്ധവീരകൃത്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിവായത്. ഫിലിപ്പ് വോണ്‍ ബോയ്സെലാഗറിന് 2004 ല്‍ ധീരതക്ക് ഫ്രഞ്ച് പദവിയായ ‘ലെജിയന്‍ ഡി’ഓണര്‍’ലഭിച്ചു.
തന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അദ്ദേഹം 2007 ല്‍90 വയസ്സുള്ളപ്പോള്‍ മരിച്ചു. സ്ഥാനം തെറ്റിയ ആ ബ്രീഫ്‌കേസ് ഹിറ്റ്‌ലറിന്റെ അടുത്തായിരുന്നെങ്കില്‍ ചരിത്രം എങ്ങനെ മാറ്റപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പലപ്പോഴും ചിന്തിച്ചിരുന്നു.
ജൂലൈ 20 പ്ലോട്ട് കഴിഞ്ഞ് 8 മാസത്തിന് ശേഷം അഡോള്‍ഫ് ഹിറ്റ്‌ലര്‍ ബെര്‍ലിനിലെ തന്റെ ബങ്കറില്‍ ആത്മഹത്യ ചെയ്തു.
2008 ജനുവരിയില്‍ ‘വാല്‍കിറി’യെന്ന പേരില്‍ ചലച്ചിത്രമായതാടെ ഹിറ്റ്‌ലറെ വധിക്കാനുള്ള ജൂലൈ 20-ലെ ഗൂഢാലോചനയുടെ കഥ ലോകവ്യാപകമായി ശ്രദ്ധയാകര്‍ഷിച്ചു. ജൂലൈ 20 പ്ലോട്ടിന്റെ ചലച്ചിത്ര പുനരാഖ്യാന്യം വളരെ പ്രശംസിക്കപ്പെട്ടു. ഒരു കൂട്ടം മികച്ച അഭിനേതാക്കളുടെ പിന്തുണയോടെ കേണല്‍ ക്ലോസ് വോണ്‍ സ്റ്റാഫെന്‍ബെര്‍ഗായി ടോം ക്രൂസ് മികച്ച അഭിനയം കാഴ്ചവച്ചു.
ബ്രയാന്‍ സിംഗര്‍ സംവിധാനംചെയ്ത, നഥാന്‍ അലക്‌സാണ്ടറും ക്രിസ്റ്റഫര്‍ മക്വറിയും ചേര്‍ന്ന് എഴുതിയ ഈ ചിത്രത്തില്‍ കെന്നത്ത് ബ്രനാഗ്, ബില്‍ നൈഗി, എഡ്ഡി ഇസാര്‍ഡ്, ടെറന്‍സ് സ്റ്റാമ്പ്, ടോം വില്‍ക്കിന്‍സണ്‍ എന്നിവരാണ് പ്രധാന സഹതാരങ്ങള്‍.
ചിത്രീകരണത്തിന് മുന്‍പ് ജര്‍മനിയില്‍ സംശയാസ്പദമായി വീക്ഷിക്കപ്പെടുന്ന സയന്റോളജിയില്‍ തല്‍പ്പരനായ നടന്‍ ടോം ക്രൂസ് ജര്‍മന്‍ രാഷ്ട്രീയക്കാര്‍ക്കും, വോണ്‍ സ്റ്റാഫന്‍ബര്‍ഗ് കുടുംബത്തിലെ അംഗങ്ങള്‍ക്കും സ്റ്റാഫെന്‍ബെര്‍ഗായി അഭിനയിക്കുന്നത് സമ്മതമല്ലായിരുന്നു. ആ കാസ്റ്റിംഗ് ഒരു വിവാദത്തിന് കാരണമായി. യാദൃശ്ചികമായ സംഭവമാണെങ്കിലും യഥാര്‍ത്ഥ സ്റ്റാഫെന്‍ബര്‍ഗും സിനിമയില്‍ വേഷമിടുന്ന ടോം ക്രുസും തമ്മിലുള്ള രൂപ സാദൃശ്യം അത്ഭുതകരമായിരുന്നു. നടനെ തീരുമാനിച്ച ശേഷമാണ് ചിത്രത്തിന്റെ ശില്‍പികള്‍ അക്കാര്യം ശ്രദ്ധിച്ചതു തന്നെ.
ഈ സിനിമയുടെ ഗൗരവമേറിയ ഉദ്ദേശ്യത്തെക്കുറിച്ച് ജര്‍മന്‍ ഗവണ്‍മെന്റിന് ബോധ്യപ്പെട്ടപ്പോള്‍, ജര്‍മന്‍ യുദ്ധ നായകനായ വോണ്‍ സ്റ്റാഫന്‍ബെര്‍ഗിന്റെ കഥയും സഹഓഫീസര്‍മാരുടെ വീരകൃത്യങ്ങളെയും കുറിച്ചുള്ള ചരിത്രവും അവബോധവും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിനായി അവര്‍ പൂര്‍ണമായും ചിത്രത്തെ പിന്തുണച്ചു.
‘ജര്‍മനിയില്‍ നാസികളെ എതിര്‍ത്ത് ജീവന്‍ നഷ്ടപ്പെടുത്തിയ വ്യക്തികളുണ്ടെന്ന വസ്തുത വിദേശ രാജ്യങ്ങളിലെ ആളുകളെ ധരിപ്പിക്കുക എന്നത് അസാധ്യമാണ് എന്നത് എന്നെ എപ്പോഴും വേദനിപ്പിച്ചിട്ടുണ്ട്,’ ജര്‍മ്മന്‍ പത്രപ്രവര്‍ത്തകനും ഉപന്യാസകാരനും എഴുത്തുകാരനുമായ ഫ്രാങ്ക് ഷിര്‍മക്കര്‍ പറഞ്ഞു.
വോണ്‍ സ്റ്റാഫെന്‍ബെര്‍ഗിന് ഒരു മുഖം നല്‍കാനുള്ള തന്റെ തീരുമാനത്തിലൂടെ, ടോം ക്രൂസ് ജര്‍മന്‍കാരായ നമ്മളെക്കുറിച്ചുള്ള ലോകത്തിന്റെ പ്രതിച്ഛായ മാറ്റും.” ഷിര്‍മക്കര്‍ പറഞ്ഞു. പിന്നിട് ജര്‍മന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കി. ബെര്‍ലിനിലെ ചരിത്രപ്രസിദ്ധമായ ബെന്‍ഡ്‌ലര്‍ബ്ലോക്ക് പോലുള്ള സുപ്രധാന സ്ഥലങ്ങളിലേക്ക് ചിത്രീകരണത്തിന് പ്രവേശനം ലഭിച്ചു. ജര്‍മന്‍ പത്രങ്ങളും ചലച്ചിത്ര നിര്‍മാതാക്കളും സിനിമയെയും വോണ്‍ സ്റ്റാഫന്‍ബര്‍ഗിന്റെ കഥയെക്കുറിച്ചുള്ള ആഗോള അവബോധവും പ്രചരിപ്പിക്കാനുള്ള അതിന്റെ ഉദ്ദേശ്യത്തെയും പിന്തുണച്ചു.
ബെന്‍ഡ്‌ലര്‍ബ്ലോക്കില്‍ വോണ്‍ സ്റ്റാഫെന്‍ബെര്‍ഗിന്റെ വധശിക്ഷ നടപ്പാക്കുന്ന രംഗം ചിത്രീകരിക്കുന്നതിന് തൊട്ടു മുമ്പ്, ടോം ക്രൂസിന്റെ നേതൃത്വത്തില്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഒരു നിമിഷം മൗനം ആചരിച്ചു. ‘ഈ സ്ഥലത്തോടുള്ള ബഹുമാനവും അവിടെ വധിക്കപ്പെട്ട ഈ വ്യക്തികളുടെ ജീവിതത്തോടുള്ള ആദരവുമാണ് ഇതിന് കാരണണം’ വോണ്‍ ക്വിര്‍ണ്‍ഹൈം എന്ന കഥാപാത്രമായി അഭിനയിച്ച നടന്‍ ക്രിസ്റ്റ്യന്‍ ബെര്‍ക്കല്‍ ഇതേ കുറിച്ച് പറഞ്ഞു.
75 മില്യണ്‍ ഡോളര്‍ നിര്‍മ്മാണ ബജറ്റില്‍ നിര്‍മിച്ച പടം 201 മില്യണ്‍ ഡോളര്‍ വരുമാനം നേടി. വന്‍ വിജയമായി. ടോം ക്രൂസിന്റെ മികച്ച അഭിനയ പ്രകടനമുള്ള ഈ സിനിമ ഒരൊറ്റ ഓസ്‌കര്‍ പോലും നേടിയില്ല എന്നതാണ് മറ്റൊരത്ഭുതം.
Content Summary; Operation Valkyrie: The boldest Nazi plot to assassinate Hitler and why it failed. July 20 plot. Adolf Hitler 80th death anniversary
This post was last modified on April 30, 2026 2:47 pm
Leave a Comment