വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന പോരാളിയെ കേരളം അറിഞ്ഞതും വിളിച്ചതും വി.എസ്. എന്ന രണ്ടക്ഷരപ്പേരിലായിരുന്നു. സമാനതകളില്ലാത്ത, ഒത്തുതീര്‍പ്പുകളില്ലാത്ത സമരജീവിതമായിരുന്നു വിഎസിന്റെത്. എന്നും പാര്‍ട്ടിയിലെ വിമത സ്വരം കൂടിയായിരുന്നു വിഎസ് എന്ന വിപ്ലവകാരി. അതുകൊണ്ട് തന്നെ 11 തവണയാണ് പാര്‍ട്ടി വിഎസിനെതിരെ അച്ചടക്ക നടപടിയെടുത്തത്.
1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ് മുതലാണ് വിഎസിന്റെ വിമത ശബ്ദം പാര്‍ട്ടി വേദികളില്‍ മുഴങ്ങിക്കേട്ടത്. പിന്നീടിങ്ങോട്ട് തിരുത്തലുകളുടെ കാര്‍ക്കശ്യക്കാരന്‍ കൂടിയായിരുന്നു വിഎസ്. ആ നിലപാട് തന്നെയായിരുന്നു വിഎസിനെ സ്വന്തം പാര്‍ട്ടിക്കപ്പുറത്തേക്കും പ്രസക്തിയുള്ള നേതാവാക്കി മാറ്റിയത്. കാരണം അതൊരു സാധാരണക്കാരന്റെ ശബ്ദം കൂടിയായി മാറിയിരുന്നു.
1965 ല്‍ ഇന്ത്യ-പാക് യുദ്ധം കൊടുമ്പിരികൊള്ളവേ ചൈനീസ് അനുഭാവികള്‍ എന്ന നിലയില്‍ സിപിഎം നേതാക്കളായ ഇകെ നായനാര്‍, എംവി രാഘവന്‍, വിഎസ് എന്നിവരെ കരുതല്‍ തടങ്കലില്‍ വച്ചിരുന്നു. അക്കാലം നൂറ് കണക്കിന് ഇന്ത്യന്‍ സൈനികര്‍ മരിച്ചു. ആയിരങ്ങള്‍ക്ക് പരുക്കേറ്റു. അന്ന് ചികിത്സയിലിരിക്കുന്നവര്‍ക്ക് രക്തം നല്‍കാന്‍ തടവുകാരോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി വിഎസ് അച്യുതാനന്ദന്‍ രക്തം കൊടുക്കാമെന്ന് തീരുമാനമെടുത്തത് പാര്‍ട്ടിയില്‍ അപസ്വരമുണ്ടാക്കി. ഇതേത്തുടര്‍ന്ന് വിഎസിന്, പാര്‍ട്ടി താക്കീത് നല്‍കിയിരുന്നതായി കേള്‍വിയുണ്ടെങ്കിലും രക്തം കൊടുക്കേണ്ടെന്ന് തന്നെയായിരുന്നു താന്‍ തീരുമാനിച്ചിരുന്നതെന്ന് പിന്നീട് വിഎസ് തന്നെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
പിന്നീട് 1988 ല്‍ അതിരപ്പിള്ളി വൈദ്യുതി പദ്ധതിയെ എതിര്‍ത്തതിന് വിഎസിന് പരസ്യ താക്കീത്. ജലവൈദ്യുത പദ്ധതിയെ എതിര്‍ത്ത് സൈലന്റ് വാലി പ്രക്ഷോഭ സമരത്തെയാണ് വിഎസ് പിന്തുണച്ചത്. അവിടെയും കേരള ജനത കണ്ടത് വിഎസിന്റെ വേറിട്ട ശബ്ദമായിരുന്നു.
1998 ല്‍ ആകട്ടെ പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിച്ചുവെന്ന പേരില്‍ വിഎസ് നേരിട്ടത് മറ്റൊരു പരസ്യ താക്കീതായിരുന്നു. 1996 ല്‍ മാരാരിക്കുളത്ത് തോറ്റതിനെ ‘തോറ്റതല്ല, തോല്‍പിച്ചതാണ്’ എന്ന വിഎസിന്റെ പരാമര്‍ശമായിരുന്നു നടപടിക്ക് കാരണമായത്.
2007 ല്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് സസ്‌പെന്‍ഷന്‍. മാധ്യമങ്ങളിലൂടെ പരസ്യ പ്രസ്താവന നടത്തിയെന്ന പേരിലായിരുന്നു വിഎസിനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും സസ്‌പെന്‍ഷന്‍ നേരിട്ടത്.
2009 ല്‍ വീണ്ടും പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കപ്പെട്ടു. മുഖ്യമന്ത്രിയായിരിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പരസ്യ പ്രസ്താവനകള്‍ നടത്തി എന്നതായിരുന്നു നടപടിക്ക് കാരണമായത്.
2011 ല്‍ ലോട്ടറി കേസില്‍ പരസ്യ താക്കീത്. ധനമന്ത്രി തോമസ് ഐസക്കിനെ പ്രതിസന്ധിയിലാക്കി എന്നതായിരുന്നു കാരണം. അന്യസംസ്ഥാന ലോട്ടറി വിവാദം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായിരുന്നു അതൃപ്തിയിലേക്ക് നയിച്ചത്.
2012 ല്‍ ടിപി ചന്ദ്രശേഖരന്റെ വധത്തിന് പിന്നാലെ ഒഞ്ചിയത്തെ ടിപിയുടെ വസതി സന്ദര്‍ശിച്ചതിനായിരുന്നു വിഎസിനെതിരായ പാര്‍ട്ടിയുടെ നടപടി. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വിഎസ് കെകെ രമയെ സന്ദര്‍ശിക്കാന്‍ പോയതും വിഎസ് എന്ന വിപ്ലവകാരിയുടെ നിലപാടിനെയാണ് എടുത്തുകാണിച്ചത്.
അതേവര്‍ഷം വര്‍ഷം തന്നെ വീണ്ടും വിഎസ് പാര്‍ട്ടിയുടെ അതൃപ്തിക്ക് കാരണക്കാരനായി. 2012 ല്‍ കൂടംകുളം ആണവനിലം സന്ദര്‍ശിച്ച ശേഷമുള്ള പരസ്യപ്രസ്താവനയായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. കൂടംകുളം നിലയത്തിനായുള്ള റിയാക്ടറുകള്‍ ഇന്ത്യ യുഎസ് ആണവ കരാറിനു വളരെ മുന്‍പേ റഷ്യയില്‍നിന്നു വാങ്ങിയ സാഹചര്യത്തില്‍ കൂടംകുളം നിലയത്തെ രാജ്യത്തെ മറ്റ് ആണവനിലയ പദ്ധതികളില്‍നിന്നു വേറിട്ടുകാണണമെന്നായിരുന്നു സിപിഎം നിലപാട്. എന്നാല്‍, കൂടംകുളമെന്നല്ല ആണവനിലയങ്ങളൊന്നുംതന്നെ പാടില്ലെന്നാണ് വിഎസ് വാദിച്ചത്.
2013 ല്‍ അച്ചടക്ക ലംഘനത്തിന് പോളിറ്റ് ബ്യൂറോയുടെ പരസ്യശാസനയും വിലക്കും നേരിട്ടു വിഎസ്. ലാവ്‌ലിന്‍ വിഷയത്തിലെ പാര്‍ട്ടിയുടെ നിലപാടിനെ വിമര്‍ശിച്ചതായിരുന്നു വിഎസിനെ പാര്‍ട്ടിക്കുള്ളില്‍ അപ്രിയനാക്കിയത്.
2017 ല്‍ അച്ചടക്ക ലംഘനത്തിന് വിഎസിനെതിരെ കേന്ദ്ര കമ്മിറ്റി പരസ്യ താക്കീത് നല്‍കി. പാര്‍ട്ടിയുടെ തീരുമാനങ്ങളെ ലംഘിച്ചുള്ള നീക്കങ്ങളാണ് വിഎസിന്റെതെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തല്‍.
മതമേലധ്യക്ഷന്‍മാരെയും സാമുദായിക നേതാക്കളെയും വിമര്‍ശിക്കാന്‍ വിഎസ് മടികാണിച്ചിരുന്നില്ല. ആ ഉറച്ച ശബ്ദമായിരുന്നു സാധാരണക്കാരുടെ ഹൃദയത്തിലേക്ക് വിഎസിനെ ചേര്‍ത്തുനിര്‍ത്താനും ഇടയാക്കിയത്. The leader of resistance against unpleasant truths and acts of indiscipline
Content Summary: The leader of resistance against unpleasant truths and acts of indiscipline