യഥാർത്ഥ കേരള സ്റ്റോറി

ഫെബ്രുവരി 27-ന് "ദി കേരള സ്റ്റോറി 2" തിയേറ്ററുകളിലെത്തുമ്പോൾ, വിൽക്കാൻ ശ്രമിക്കുന്നത് വെറുപ്പാണ്

അദ്ധ്യായം – 1
വെള്ളിയാഴ്ച രാവിലെയുണ്ടായ അത്ഭുതം

ഫെബ്രുവരി 13, 2026 വെള്ളിയാഴ്ച രാവിലെ:
കോട്ടയം കുമാരനെല്ലൂർ മക്കാ മസ്ജിദിന്റെ മദ്രാസ ഹാളിൽ ഒരു അസാധാരണ കാഴ്ച. ധൂപവും ദീപവും കത്തുന്നു. ശംഖും ഘണ്ടയും മുഴങ്ങുന്നു. ഓം നമശ്ശിവായ എന്ന മന്ത്രോച്ചാരണം മുറിയിൽ നിറയുന്നു. നടുവിൽ പുഷ്പാലങ്കൃതമായ ശവമഞ്ചത്തിൽ 62 വയസ്സുള്ള ഹിന്ദു സ്ത്രീ ഓമന രാജേന്ദ്രന്റെ മൃതദേഹം.
മസ്ജിദിന് പുറത്ത് ശബ്ദമുയർത്തി “രാമ… രാമ…” എന്ന ജപവുമായി ബന്ധുക്കളും സുഹൃത്തുക്കളും. അകത്ത്, മസ്ജിദ് കമ്മിറ്റി അംഗങ്ങൾ വെള്ളവും മറ്റ് സൗകര്യങ്ങളും ക്രമീകരിക്കുന്നു.
ഇത് നടന്നത് ഫെബ്രുവരി 13-ന്, പ്രണയദിനത്തിന്റെ തലേന്നാൾ. പക്ഷേ ഇവിടെ പ്രകടമായത് മറ്റൊരു സ്നേഹമാണ്—മതത്തിനും ജാതിക്കും അതീതമായ മനുഷ്യത്വത്തിന്റെ സ്നേഹം.

ശരിക്കും എന്തായിരുന്നു അവിടെ നടന്നത്?
ഈ ചെറിയ ഗ്രാമത്തിന്റെ ഒരു കോണിൽ 62 വയസ്സുള്ള ഓമന രാജേന്ദ്രൻ താമസിച്ചിരുന്ന ചെറിയ വീട്. വ്യാഴാഴ്ച രാത്രി അവർ അന്തരിച്ചു. ഇടുങ്ങിയ വഴികളിലൂടെ അവരുടെ വീട്ടിലേക്ക് സഞ്ചരിക്കുക എളുപ്പമല്ല.
കുടുംബം പെട്ടെന്ന് ഒരു വലിയ പ്രശ്നം നേരിട്ടു. മൊബൈല്‍ ഫ്രീസര്‍ യൂണിറ്റോ സ്‌ട്രെച്ചറോ കൊണ്ടുവരാൻ പോലും സാധിക്കില്ല. വീട് ചെറുതായതിനാൽ അനേകം ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വീകരിക്കാൻ വേണ്ട സ്ഥലവുമില്ല. മൃതദേഹം എവിടെ സൂക്ഷിക്കും? എങ്ങനെ അന്തിമ കർമ്മങ്ങൾ നടത്തും?
വൈകുന്നേരമായപ്പോഴേക്കും ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയ അയൽക്കാരായ മക്കാ മസ്ജിദ് കമ്മിറ്റി അംഗങ്ങൾ സ്വമേധയാ എത്തുകയായിരുന്നു. പ്രസിഡന്റ് മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിൽ അവർ കുടുംബത്തോട് പറഞ്ഞു: “ഞങ്ങളുടെ മദ്രാസ ഹാൾ ഉപയോഗിക്കൂ. എത്ര നേരത്തേക്ക് വേണമെങ്കിലും. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങൾ ഒരുക്കാം.”
വ്യാഴാഴ്ച രാത്രി തന്നെ ഓമന രാജേന്ദ്രന്റെ മൃതദേഹം മക്കാ മസ്ജിദിന്റെ മദ്രാസ ഹാളിലേക്ക് മാറ്റി. കുടുംബാംഗങ്ങൾ അവരുടെ എല്ലാ ആചാരങ്ങളും പൂർണമായി പാലിച്ചു. വിളക്കുകൾ കത്തിച്ചു, ധൂപം കാട്ടി, ഭജനങ്ങൾ ആലപിച്ചു, രാമനാമജപം നടത്തി. മസ്ജിദ് അംഗങ്ങൾ അവശ്യസൗകര്യങ്ങളെല്ലാം ഒരുക്കികൊടുത്തു. ആവശ്യമെങ്കിൽ ശനിയാഴ്ച വരെ കുട്ടികളുടെ ക്ലാസുകൾ റദ്ദാക്കാമെന്ന് പ്രസിഡന്റ് മുഹമ്മദ് ഫൈസൽ അറിയിച്ചു.
“മതമോ ജാതിയോ നോക്കാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുക. അതാണ് ഒരു മതവിശ്വാസിയുടെ യഥാർത്ഥ കടമ.”—മക്കാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ഫൈസലിന്റേതാണ് ഈ വാക്കുകൾ.
പിന്നീട് മുട്ടമ്പലം ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. മസ്ജിദ് ഭാരവാഹികളോട് നന്ദി പറഞ്ഞ് വിടവാങ്ങുമ്പോൾ ഓമനയുടെ കുടുംബാംഗങ്ങളുടെ കണ്ണുകൾ നിറഞ്ഞു. ദുഃഖം അണപൊട്ടുമ്പോഴും നന്ദിയുടെയും സ്നേഹത്തിന്റെയും കണ്ണീരായിരുന്നു അത്.
ഇതല്ലേ യഥാർത്ഥ കേരള സ്റ്റോറി?

അദ്ധ്യായം – 2
കള്ളക്കഥയുടെ രണ്ടാം പാർട്ട് വരുന്നു

ഫെബ്രുവരി 27-ന് “ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്” എന്ന സിനിമ തിയേറ്ററുകളിലെത്തും . ആദ്യഭാഗം 32,000 കേരള സ്ത്രീകൾ ഐ എസിൽ ചേർന്നുവെന്ന കെട്ടുകഥയുമായാണ് പുറത്തിറങ്ങിയത് . യാതൊരു തെളിവുമില്ലാത്ത ഈ കണക്ക് സുപ്രീം കോടതി വരെ നിരാകരിച്ചിരുന്നു.
സുപ്രീം കോടതി “ഇത് മൂന്ന് പേരുടെ കഥയാണ്” എന്ന് ഡിസ്ക്ലെയിമർ ചേർക്കാൻ നിർദ്ദേശിച്ചു
സിനിമക്കാർ സ്വയം സമ്മതിച്ചു: കണക്കുകൾ സാങ്കല്പികമാണ്.എന്തൊരു പാതകം !
ഇപ്പോൾ രണ്ടാം ഭാഗം “25 വർഷത്തിനകം ഇന്ത്യ ഇസ്ലാമിക രാജ്യമാകും” എന്ന ഭീകര സന്ദേശവുമായാണെത്തുന്നത്.പക്ഷേ യഥാർത്ഥ കേരള സ്റ്റോറി എന്താണെന്ന് കേരളത്തിന് വെളിയിലുള്ളവർ അറിയുന്നുണ്ടോ , ആവോ?

അദ്ധ്യായം – 3
ഉമ്മ എന്ന് വിളിച്ച ഹിന്ദു മകൻ

മലപ്പുറം കാളികാവ്. തെന്നാടൻ സുബൈദ എന്ന മുസ്ലീം സ്ത്രീയുടെ വീട്ടിൽ ജോലിചെയ്യുന്ന ചക്കി എന്ന ദലിത് സ്ത്രീ പ്രസവസമയത്ത് മരിച്ചു. കുഞ്ഞും രക്ഷപ്പെട്ടില്ല. അവശേഷിച്ചത് മൂന്ന് ചെറിയ കുട്ടികൾ. രമണി, ലീല, വെറും ഒരു വയസ്സുള്ള ശ്രീധരൻ.
സുബൈദയും ഭർത്താവ് അബ്ദുൾ അസീസ് ഹാജിയും ഒരു നിമിഷം പോലും ആലോചിച്ചില്ല. ഇതിനകം രണ്ട് സ്വന്തം മക്കളുണ്ടായിട്ടും, ചക്കിയുടെ മൂന്നു കുട്ടികളെയും വീട്ടിലേക്ക് കൊണ്ടുവന്നു.
പക്ഷേ ഇവിടെയാണ് ഈ കഥയുടെ യഥാർത്ഥ മഹത്വം: അവർ ആ കുട്ടികളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചില്ല!
സുബൈദയുടെ സ്വന്തം മക്കൾ മദ്രസയിൽ പോയി ഖുറാൻ വായിക്കുമ്പോൾ,ശ്രീധരനും സഹോദരിമാരും ക്ഷേത്രത്തിൽ പോയി ഭഗവാനോട് പ്രാർത്ഥിച്ചു. അവരുടെ നെറ്റിയിൽ വിഭൂതിയും കുങ്കുമവും തൊടാൻ സുബൈദ സ്വയം സഹായിച്ചു. അവർക്ക് ഹിന്ദു ആചാരപ്രകാരം വിദ്യാഭ്യാസം നൽകി, വിവാഹം കഴിപ്പിച്ചു.
പിന്നീട് ശ്രീധരൻ പറയുമായിരുന്നു:
“ഞങ്ങൾ താഴ്ന്ന ജാതിക്കാരായിരുന്നു. സുബൈദ ഉമ്മ ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം അടിമത്തത്തിലാകുമായിരുന്നു. അവർ ആരുടെയും മുന്നിൽ തലകുനിക്കാതിരിക്കാൻ പഠിപ്പിച്ചു.”
വർഷങ്ങളേറെ കഴിഞ്ഞ് 2019-ൽ സുബൈദ മരിച്ചു. ശ്രീധരൻ ഫേസ്ബുക്കിൽ എഴുതി: “എന്റെ ഉമ്മ മരിച്ചു.”
ഒരു ഹിന്ദു പുരുഷൻ മുസ്ലീം സ്ത്രീയെ ‘ഉമ്മ’ (അമ്മ) എന്ന് വിളിക്കുന്നത് കണ്ട് ലോകം അതിശയിച്ചു. അങ്ങനെയാണ് ഈ കഥ വൈറലായത്. BBC പോലും ഈ സംഭവം റിപ്പോർട്ട് ചെയ്തു. ഈ യഥാർത്ഥ കഥയുടെ പേരിൽ പിന്നീട് സിനിമ പുറത്തിറങ്ങി. “എന്നു സ്വന്തം ശ്രീധരൻ”.
സുബൈദ മരിച്ചപ്പോൾ അടുത്തുള്ള ചർച്ചിലെ വികാരിയച്ഛൻ സുബൈദയ്ക്കായി മണി മുഴക്കി പ്രാർത്ഥന നടത്തി. ഒരു മുസ്ലീം സ്ത്രീക്കായി ക്രിസ്ത്യൻ പ്രാർത്ഥന!
മതം അവരെ നിർവചിച്ചില്ല.സ്നേഹമാണ് അവരെ നിർവചിച്ചത്.

അദ്ധ്യായം – 4
പാനൂർ നെച്ചോളിയിലെ മേനോൻ പള്ളി

സെപ്തംബർ 2011: പാനൂർ നെച്ചോളി ഗ്രാമത്തിൽ തൃശൂർ സ്വദേശിയായ അഡ്വ. സി.കെ. മേനോൻ പണികഴിപ്പിച്ച മുസ്‌ലിം പള്ളിയുടെ ഉദ്ഘാടനമാണ്. 150 വർഷം പഴക്കമുള്ള, 35 പേർക്ക് മാത്രം പ്രാർത്ഥനാ സൗകര്യമുണ്ടായിരുന്ന പഴയ മസ്ജിദിനെ പുതുക്കിപ്പണിത്, ആറര സെന്റ് സ്ഥലത്തിന് പുറമെ ഏഴര സെന്റ് കൂടി വാങ്ങി, 500 പേർക്ക് നിസ്കാര സൗകര്യമുള്ള 5085 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള പള്ളി നിർമിച്ചു നൽകിയത് ഹിന്ദു മതവിശ്വാസിയായ അഡ്വ. സി.കെ. മേനോനാണ്.
വൈകുന്നേരം അസർ നമസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പള്ളിയുടെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ, സി.കെ. മേനോനും പള്ളിക്കകത്തുണ്ടായിരുന്നു. ഉദ്ഘാടനം കഴിഞ്ഞയുടൻ നാട്ടുകാരായ വിശ്വാസികൾ അദ്ദേഹത്തെ പ്രസംഗിക്കാൻ മിമ്പറിനടുത്ത് നിർത്തി. (മസ്ജിദിൽ പ്രസംഗം നടത്തുന്ന ആത്മീയമായ വേദിയാണ് മിമ്പർ). മാനവസ്നേഹം തുടിച്ച നിമിഷങ്ങൾ! സി.കെ. മേനോൻ “അസ്സലാമു അലയ്ക്കും” എന്ന് പറഞ്ഞുകൊണ്ട് സ്നേഹത്തിന്റെ ഭാഷയിൽ സംസാരിച്ചു. പുറത്തിറങ്ങുമ്പോൾ ആളുകൾ അദ്ദേഹത്തെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു.
ഇതും കേരള സ്റ്റോറിയുടെ മറ്റൊരധ്യായം. ഇതുപോലെ കേരളത്തിലെ പല ഗ്രാമങ്ങൾക്കും പറയാനുണ്ട്, പല കാലങ്ങളിലെ സ്നേഹഗാഥകൾ!

അദ്ധ്യായം – 5
കശ്മീർ മുൻ മുഖ്യമന്ത്രി കേരളത്തെ ആലിംഗനം ചെയ്യുമ്പോൾ

വെറും ദിവസങ്ങൾക്ക് മുമ്പ് ഫെബ്രുവരി 17 ന് , തിരുവനന്തപുരത്ത് വികാരാധീനനായ 90 വയസ്സുള്ള ഫാറൂഖ് അബ്ദുള്ള – ജമ്മു കശ്മീരിന്റെ മുൻ മുഖ്യമന്ത്രി – കേരളത്തെ പുകഴ്ത്തി സംസാരിച്ചു.
“കേരളത്തിന്റെ സാമൂഹിക സൗഹാർദ്ദവും ഐക്യവും അഭിനന്ദനാർഹം”. അദ്ദേഹം ഇത് പറയുമ്പോൾ കണ്ണുകൾ നനഞ്ഞു, കണ്ഠമിടറി .”ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സാമൂഹിക സൗഹാർദ്ദത്തിന്റെ മാതൃക നൽകുന്നു,”
മുഖ്യമന്ത്രി പിണറായി വിജയൻ അബ്ദുള്ളയെ ഊഷ്മളമായി ആലിംഗനം ചെയ്തു. രണ്ടു വ്യത്യസ്ത സംസ്ഥാനങ്ങൾ, രണ്ടു വ്യത്യസ്ത പാർട്ടികൾ, പക്ഷേ ഒരേ സന്ദേശം – ഐക്യവും സ്നേഹവും.

                    അദ്ധ്യായം - 6

കേരളത്തിന്റെ ‘സീക്രട്ട്’ ഫോർമുല:സൗഹൃദ മതിൽ പങ്കിടുന്ന മതങ്ങൾ

പാളയം, തിരുവനന്തപുരം: ഒരു ജുമാ മസ്ജിദ് ഒരു ഗണപതി ക്ഷേത്രവുമായി മതിൽ പങ്കിടുന്നു. റോഡിന്റെ മറുവശത്ത് കൃസ്ത്യൻ ചർച്ച്. മൂന്നു മതങ്ങളുടെ ആരാധനാലയങ്ങൾ ! ഒരേ സ്ഥലത്ത് പതിറ്റാണ്ടുകളായി സമാധാനത്തോടെ അവർ പ്രാർത്ഥിക്കുന്നു.
കാട്ടിലപീടിക, കോഴിക്കോട്: ശ്രീ ഹംസകുളങ്ങര ശിവക്ഷേത്രവും ബദർ ജുമാ മസ്ജിദും 50 വർഷമായി മതിൽ പങ്കിടുന്നു. ക്ഷേത്ര ആനകൾക്ക് സ്ഥലം വേണ്ടപ്പോൾ മസ്ജിദ് അധികാരികൾ സൗജന്യമായി സ്ഥലം നൽകി.
വെഞ്ഞാറമൂട്, തിരുവനന്തപുരം: ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രവും പറയിൽ മസ്ജിദും ഒരേ കവാടം പങ്കിടുന്നു! നെയിംബോർഡ് ഇരുവശത്തും .ഒരു വശത്ത് ഓം, മറുവശത്ത് ചന്ദ്രക്കലയും നക്ഷത്രവും.
എലവരംകുഴി, കൊല്ലം: ജുമാ മസ്ജിദും മഹാദേവ ക്ഷേത്രവും ഒരേ പ്ലാറ്റ്‌ഫോമിൽ വഴിപാട് പെട്ടികൾ സ്ഥാപിച്ചു. “മത സൗഹാർദ്ദ കവാടം” നിർമ്മിച്ചു. ക്ഷേത്രോത്സവത്തിൽ മസ്ജിദ് അംഗങ്ങൾ അന്നദാനം നടത്തുന്നു!
മമ്പുറം ദർഗയും കാളിയറ്റക്കാവ് ക്ഷേത്രവും, മലപ്പുറം: 100 വർഷത്തിലേറെയായി സഹകരിക്കുന്നു. ക്ഷേത്രോത്സവം ആരംഭിക്കുന്നത് ദർഗയിൽ നിന്ന് അനുഗ്രഹം വാങ്ങിയാണ്!

അദ്ധ്യായം – 7
2018 വെള്ളപ്പൊക്കം – മനുഷ്യത്വത്തിന്റെ പരീക്ഷണം

2018 ഓഗസ്റ്റ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തെ കീഴടക്കി. ആയിരക്കണക്കിന് ആളുകൾക്കാണ് വീടുകൾ നഷ്ടമായത് . എവിടെ പോകണമെന്ന് അറിയാതെ അവർ പകച്ച് നിന്നു.
അപ്പോൾ കേരളം കാണിച്ചത് അതിന്റെ യഥാർത്ഥ മുഖമായിരുന്നു.
ക്ഷേത്രങ്ങൾ, ചർച്ചുകൾ , മസ്ജിദുകൾ , എല്ലാ ആരാധനാലയങ്ങളും എല്ലാ മതക്കാർക്കും വാതിൽ തുറന്നു. മഴവെള്ളം മതഭേദം നോക്കിയില്ല, മനുഷ്യത്വവും നോക്കിയില്ല.
തിരുവനന്തപുരത്തെ ഒരു മസ്ജിദിൽ ഹിന്ദു കുടുംബങ്ങൾ താമസിച്ചു. കൊല്ലത്തെ ഒരു ക്ഷേത്രത്തിൽ മുസ്ലീം കുടുംബങ്ങൾ അഭയം പ്രാപിച്ചു. എറണാകുളത്തെ ഒരു ചർച്ചിൽ എല്ലാ മതക്കാരും ഒരുമിച്ച് പ്രാർത്ഥിച്ചു. ഭക്ഷണം പങ്കിട്ടു, വസ്ത്രം പങ്കിട്ടു, കണ്ണീർ തുടച്ചു, പ്രതീക്ഷ പകർന്നു.
അതായിരുന്നു യഥാർത്ഥ കേരള സ്റ്റോറി.
കേരളത്തിലെ കോടിക്കണക്കിന് മതാതീത സൗഹൃദങ്ങൾ പരത്തുന്ന വെളിച്ചം ഒരു സിനിമയ്ക്കും കെടുത്താനാകില്ല.
ഫെബ്രുവരി 27-ന് “ദി കേരള സ്റ്റോറി 2” തിയേറ്ററുകളിലെത്തുമ്പോൾ, അവർ വിൽക്കാൻ ശ്രമിക്കുന്നത് വെറുപ്പാണ്. പക്ഷേ കേരളം സൗജന്യമായി നൽകുന്നത് സ്നേഹമാണ്.
അവർ കണക്കുകൾ കെട്ടിച്ചമയ്ക്കുമ്പോൾ, നമ്മുടെ കയ്യിൽ കഥകളുണ്ട് .ജീവിക്കുന്ന, ശ്വസിക്കുന്ന, സത്യസന്ധമായ കഥകൾ.

Content Summary: The real Kerala story is not what is shown in the movie 

മന്‍സൂര്‍ പള്ളൂര്‍

എ ഐ സി സിയുടെ  ഓവർസീസ് കോൺഗ്രസ്സ് വിഭാഗത്തിൽ മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ . ആനുകാലിക, വിദേശകാര്യ വിഷയങ്ങളെക്കുറിച്ച് എഴുതാറുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ? എന്ന പുസ്തകം അന്തർദ്ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്

More Posts

This post was last modified on February 19, 2026 6:17 pm

മന്‍സൂര്‍ പള്ളൂര്‍: എ ഐ സി സിയുടെ  ഓവർസീസ് കോൺഗ്രസ്സ് വിഭാഗത്തിൽ മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ . ആനുകാലിക, വിദേശകാര്യ വിഷയങ്ങളെക്കുറിച്ച് എഴുതാറുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ? എന്ന പുസ്തകം അന്തർദ്ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്
Leave a Comment