June 17, 2026 |
Share on

ആന്‍ഡ്രൂവിന്റെ അറസ്റ്റും അന്വേഷണവും

പൊതുപദവി ദുരുപയോഗം ചെയ്യുക എന്ന കുറ്റത്തിന് ബ്രിട്ടീഷ് നിയമപ്രകാരം ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാം

ബ്രിട്ടീഷ് രാജകുടുംബാംഗവും മുന്‍ ഡ്യൂക്ക് ഓഫ് യോര്‍ക്കുമായ ആന്‍ഡ്രൂ രാജകുമാരനെ (ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍-വിന്‍ഡ്‌സര്‍) യുകെ ട്രേഡ് എന്‍വോയ് (വ്യാപാര പ്രതിനിധി) ആയിരുന്ന കാലത്തെ പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ വ്യാഴാഴ്ച്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജീവനൊടുക്കിയ വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ നടപടി. വ്യാഴാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തെ അന്വേഷണവിധേയമായി വിട്ടയച്ചുവെന്നും എന്നാല്‍ അന്വേഷണം തുടരുമെന്നുമാണ്‌ പോലീസ് അറിയിച്ചിരിക്കുന്നത്‌.

അറസ്റ്റിന് കാരണങ്ങള്‍

പൊതുപദവി ദുരുപയോഗം ചെയ്തു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ആന്‍ഡ്രൂവിനെ അറസ്റ്റ് ചെയ്തത്. യുകെയുടെ വ്യാപാര പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് അതീവ രഹസ്യസ്വഭാവമുള്ള സര്‍ക്കാര്‍ രേഖകളും വാണിജ്യ വിവരങ്ങളും ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന് കൈമാറി എന്നതാണ് അദ്ദേഹത്തിന് നേരെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട ഫയലുകളിലാണ് ഈ വിവരങ്ങളുള്ളത്. എന്നാല്‍ താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്.

വെളിപ്പെടുത്തലുകള്‍

2001 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലാണ് ആന്‍ഡ്രൂ യുകെയുടെ വ്യാപാര പ്രതിനിധിയായി പ്രവര്‍ത്തിച്ചത്. ഈ പദവി ഉപയോഗിച്ച് ലോകമെമ്പാടുമുള്ള പ്രമുഖ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ബിസിനസ് പ്രമുഖരുമായും ബന്ധപ്പെടാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. 2010 ഒക്ടോബറില്‍ സിംഗപ്പൂര്‍, വിയറ്റ്‌നാം, ചൈന എന്നിവിടങ്ങളിലേക്ക് നടത്തിയ ഔദ്യോഗിക സന്ദര്‍ശനങ്ങളുടെ വിവരങ്ങളും അതിനുശേഷം ഈ സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകളും അദ്ദേഹം എപ്സ്റ്റീന് അയച്ചുകൊടുത്തതായി രേഖകള്‍ സൂചിപ്പിക്കുന്നു. തന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ആന്‍ഡ്രൂ അവ എപ്സ്റ്റീന് കൈമാറിയതായാണ് കണ്ടെത്തല്‍.

കൊട്ടാരത്തിലെ അത്താഴവിരുന്നിന് എപ്സ്റ്റീന്റെ പെണ്‍സുഹൃത്തുക്കള്‍; ആന്‍ഡ്രൂവിനെ കുരുക്കി ഇമെയിലുകളും ചിത്രങ്ങളും

കൂടാതെ, അഫ്ഗാനിസ്ഥാനിലെ സ്വര്‍ണ്ണ, യുറേനിയം ഖനന മേഖലകളിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഹെല്‍മണ്ട് പ്രവിശ്യയിലെ ഉയര്‍ന്ന മൂല്യമുള്ള വാണിജ്യ സാധ്യതകളെക്കുറിച്ചുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ രഹസ്യ ബ്രീഫിംഗും ആന്‍ഡ്രൂ എപ്സ്റ്റീന് നല്‍കിയതായി പറയപ്പെടുന്നു. ഔദ്യോഗിക ചട്ടപ്രകാരം, ഒരു വ്യാപാര പ്രതിനിധി ഇത്തരം രഹസ്യവിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലാത്തതാണ്.

ലൈംഗിക ആരോപണങ്ങള്‍

പൊതുപദവി ദുരുപയോഗം ചെയ്‌തെന്ന കുറ്റത്തിനാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നതെങ്കിലും, ഈ അന്വേഷണത്തിനിടയില്‍ ലൈംഗിക അതിക്രമ ആരോപണങ്ങളെക്കുറിച്ചും പോലീസിന് ചോദ്യം ചെയ്യാന്‍ സാധിക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് ബിഷപ്പ് പീറ്റര്‍ ബാളിന്റെ കേസില്‍ സംഭവിച്ചതുപോലെ, ഒരാള്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ലൈംഗിക താല്പര്യങ്ങള്‍ സംരക്ഷിച്ചുവെന്ന് തെളിയിക്കപ്പെട്ടാല്‍ അതും ഈ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരാം. എന്നാല്‍ എപ്സ്റ്റീന്‍ ഫയലുകളില്‍ പേര് വന്നതുകൊണ്ട് മാത്രം ഒരാള്‍ കുറ്റക്കാരനാകില്ലെന്നും ആന്‍ഡ്രൂ മുന്‍പേ തന്നെ ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആന്‍ഡ്രൂ എന്ന തലവേദന കൊട്ടാരത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍…

പോലീസ് നിലപാട്

അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ പേര് പോലീസ് നേരിട്ട് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നോര്‍ഫോക്കില്‍ നിന്നുള്ള അറുപതുകളില്‍ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായാണ് തേംസ് വാലി പോലീസ് പ്രസ്താവനയില്‍ പറഞ്ഞത്. കേസ് ഇപ്പോള്‍ നിയമപരമായ നടപടികളിലേക്ക് കടന്നിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് കോടതി അലക്ഷ്യമാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ബെര്‍ക്ക്‌ഷെയറിലെയും നോര്‍ഫോക്കിലെയും വസതികളില്‍ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. നിലവില്‍ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചിട്ടുണ്ടെങ്കിലും അന്വേഷണം തുടരുകയാണ്.

ശിക്ഷാ നടപടികളും സങ്കീര്‍ണ്ണതകളും

പൊതുപദവി ദുരുപയോഗം ചെയ്യുക എന്ന കുറ്റത്തിന് ബ്രിട്ടീഷ് നിയമപ്രകാരം ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാം. ഒരു പൊതുപ്രവര്‍ത്തകന്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തുകയോ പൊതുജനവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോഴാണ് ഈ കുറ്റം ചുമത്തുന്നത്.

കൊട്ടാരവും പദവികളും എല്ലാം നഷ്ടമായി; ഇനി രാജകുമാരനല്ല, വെറും ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്സര്‍

എങ്കിലും, ഈ നിയമം പലപ്പോഴും അവ്യക്തമാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ നിയമം പരിഷ്‌കരിക്കാനോ റദ്ദാക്കാനോ ഉള്ള ആലോചനകള്‍ യുകെ ഗവണ്‍മെന്റിന്റെ പരിഗണനയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇരുന്നൂറോളം പേര്‍ക്കെതിരെ ഈ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും അതില്‍ ഭൂരിഭാഗവും പോലീസുകാരോ ജയില്‍ ഉദ്യോഗസ്ഥരോ ആയിരുന്നു. ഉയര്‍ന്ന പദവിയിലിരിക്കുന്നവര്‍ക്കെതിരെ ഇത്തരം കേസുകളില്‍ ശിക്ഷാവിധി ഉണ്ടാകുന്നത് വളരെ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട പുതിയ ബില്ലുകള്‍ ചര്‍ച്ചയിലുണ്ട്.

Content Summary: What was former Prince Andrew Mountbatten-Windsor arrested for?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×