June 03, 2026 |
Share on

കൊട്ടാരത്തിലെ അത്താഴവിരുന്നിന് എപ്സ്റ്റീന്റെ പെണ്‍സുഹൃത്തുക്കള്‍; ആന്‍ഡ്രൂവിനെ കുരുക്കി ഇമെയിലുകളും ചിത്രങ്ങളും

രഹസ്യ സ്വഭാവമുള്ള സര്‍ക്കാര്‍ രേഖകള്‍ ജെഫ്രി എപ്സ്‌റ്റൈന് കൈമാറി

അന്തരിച്ച വിവാദ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്‌റ്റൈനുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ, മുന്‍ ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍-വിന്‍ഡ്സറിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. പൊതു ഓഫീസിലെ ദുഷ്പെരുമാറ്റം സംശയിച്ചാണ് കസ്റ്റഡിയിലെടുത്തത്.

തന്റെ 66-ാം ജന്മദിനത്തിലാണ് ആന്‍ഡ്രൂ അറസ്റ്റിലായത് എന്നത് ശ്രദ്ധേയമാണ്. യുകെ വ്യാപാര ദൂതനായിരുന്ന കാലഘട്ടത്തില്‍ രഹസ്യ സ്വഭാവമുള്ള സര്‍ക്കാര്‍ രേഖകള്‍ ജെഫ്രി എപ്സ്‌റ്റൈന് കൈമാറി എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം.

നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വുഡ് ഫാമില്‍ വച്ചാണ് അറസ്റ്റ് നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ട് സിവില്‍ വേഷധാരികളായ ഉദ്യോഗസ്ഥരും തിരിച്ചറിയല്‍ അടയാളങ്ങളില്ലാത്ത ആറ് പോലീസ് വാഹനങ്ങളും രാവിലെ തന്നെ സാന്‍ഡ്രിംഗ്ഹാമില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ബെര്‍ക്ക്ഷെയറിലെയും നോര്‍ഫോക്കിലെയും അദ്ദേഹത്തിന്റെ വസതികളില്‍ പോലീസ് പരിശോധന തുടരുകയാണ്.

‘അന്വേഷണത്തിന്റെ ഭാഗമായി, പൊതു ഓഫീസിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് ആന്‍ഡ്രൂ രാജകുമാരനെ നോര്‍ഫോക്കില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് തേംസ് വാലി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് അറസ്റ്റിലായ ആളുടെ പേര് വെളിപ്പെടുത്തില്ല.’

അന്വേഷണത്തിന്റെ സമഗ്രതയും വസ്തുനിഷ്ഠതയും സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ഒലിവര്‍ റൈറ്റ് വ്യക്തമാക്കി.

2019-ല്‍ ജയിലില്‍ മരിച്ച ജെഫ്രി എപ്സ്‌റ്റൈനുമായുള്ള ആന്‍ഡ്രൂവിന്റെ ദീര്‍ഘകാല സൗഹൃദം നേരത്തെ തന്നെ വലിയ വിവാദമായിരുന്നു. ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജകീയ പദവികള്‍ നേരത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ച പുറത്തുവന്ന ചില പുതിയ വെളിപ്പെടുത്തലുകളാണ് ആന്‍ഡ്രുവിന്റെ അറസ്റ്റിലേക്ക് എത്തിച്ചത്. യുകെ വ്യാപാര ദൂതനായിരുന്ന സമയത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ആന്‍ഡ്രൂ എപ്സ്‌റ്റൈന് രഹസ്യ രേഖകള്‍ കൈമാറി എന്നതിന് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആന്‍ഡ്രൂ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും, എപ്സ്‌റ്റൈനുമായുള്ള സൗഹൃദത്തില്‍ അദ്ദേഹം മുന്‍പ് ഖേദം പ്രകടിപ്പിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനും നിലവിലെ ചാള്‍സ് രാജാവിന്റെ സഹോദരനുമായ ആന്‍ഡ്രൂവിന്റെ അറസ്റ്റ് ബ്രിട്ടീഷ് രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയാണ്.

പ്രിന്‍സ് ആന്‍ഡ്രൂവും ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഇമെയില്‍ സന്ദേശങ്ങളും ചിത്രങ്ങളും ഇപ്പോള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന വിരുന്നുകളില്‍ എപ്സ്റ്റീന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയിരുന്നതായും ആന്‍ഡ്രൂവിന്റേതെന്ന് കരുതുന്ന വിട്ടുവീഴ്ചാപരമായ ചിത്രങ്ങള്‍ അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ പക്കലുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊട്ടാരത്തിലെ വിരുന്നും എപ്സ്റ്റീന്റെ നിര്‍ദ്ദേശവും

2010 സെപ്റ്റംബറില്‍ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടക്കാനിരുന്ന അത്താഴവിരുന്നില്‍ എപ്സ്റ്റീന്‍ നേരിട്ട് ഇടപെട്ടിരുന്നതായി ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. വിരുന്നിന്റെ സ്വഭാവം മാറ്റാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് എപ്സ്റ്റീന്‍ ആന്‍ഡ്രൂവിന് അയച്ച ഇമെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഒരു റഷ്യന്‍ മോഡല്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ വിരുന്നിന് കൂടെ കൊണ്ടുവരാമെന്ന് എപ്സ്റ്റീന്‍ ഇമെയിലില്‍ വാഗ്ദാനം ചെയ്തു. ‘ഞാന്‍ അവരെയെല്ലാം കൊണ്ടുവരണോ? കുറച്ച് ജീവന്‍ നല്‍കാന്‍ എന്നായിരുന്നു എപ്സ്റ്റീന്റെ ചോദ്യം. ഇതിന് ആന്‍ഡ്രൂ രാജകുമാരന്‍ സമ്മതം മൂളിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് 2008-ല്‍ ശിക്ഷിക്കപ്പെട്ട ശേഷവും എപ്സ്റ്റീന് കൊട്ടാര കാര്യങ്ങളില്‍ ഇത്രയേറെ സ്വാധീനമുണ്ടായിരുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

അതേസമയം, യുഎസ് നീതിന്യായ വകുപ്പിന്റെ പക്കലുള്ള എപ്സ്റ്റീന്‍ ഫയലുകളില്‍ പ്രിന്‍സ് ആന്‍ഡ്രൂവിന്റെ അതീവ ഗുരുതരമായ ചിത്രങ്ങളുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഒരു അജ്ഞാത സ്ത്രീയുമായി സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്ന ആന്‍ഡ്രൂവിനെ ഈ ചിത്രങ്ങളില്‍ കാണാം. ചില ഫോട്ടോകളില്‍ നിലത്ത് കിടക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ ആന്‍ഡ്രൂ സ്പര്‍ശിക്കുന്നതായും മറ്റൊന്നില്‍ അദ്ദേഹം നേരിട്ട് ക്യാമറയിലേക്ക് നോക്കുന്നതായും കാണപ്പെടുന്നു. ഈ ദൃശ്യങ്ങള്‍ ആന്‍ഡ്രൂവിനെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ക്കും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന കേസിനും കൂടുതല്‍ ബലം നല്‍കുന്നവയാണ്.

ഈ തെളിവുകള്‍ കൂടി പുറത്തുവന്നതോടെ ആന്‍ഡ്രൂവിന്റെ അറസ്റ്റിന് പിന്നിലെ ഗൗരവം വര്‍ദ്ധിച്ചിരിക്കുകയാണ്. രഹസ്യരേഖകള്‍ കൈമാറിയെന്ന ആരോപണത്തിന് പുറമെ, എപ്സ്റ്റീന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ആന്‍ഡ്രൂവിന് നേരിട്ട് പങ്കുണ്ടോ എന്ന കാര്യവും ബ്രിട്ടീഷ് പോലീസ് അന്വേഷിക്കുന്നുണ്ട്. രാജകുടുംബം ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Summary: Epstein file controversy: former British prince Andrew arrested

Leave a Reply

Your email address will not be published. Required fields are marked *

×