July 13, 2025 |
Share on

നിലമ്പൂരിൽ അൻവർ എഫക്ട്

അൻവർ ഫാക്ടർ അങ്ങനെയൊന്നും നിലമ്പൂരിൽ മായില്ല

സിപിഎമ്മുമായി ഇടഞ്ഞു, കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങിയിറങ്ങി, ഒടുക്കം തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തേക്ക്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചുറ്റിത്തിരിഞ്ഞ് രാഷ്ട്രീയ പോര് കടുത്തപ്പോൾ അക്ഷരാർത്ഥത്തിൽ പിവി അൻവർ ഒറ്റയാൾ പട്ടാളം തന്നെയായിരുന്നു. തന്റെ പെട്ടിക്കുള്ളിൽ വീഴുന്ന വോട്ടുകളുടെ എണ്ണത്തിന് അൻവറിന്റെ രാഷ്ട്രീയ ജീവിതം തന്നെ മാറ്റിമറിക്കാൻ ശക്തിയുണ്ടായിരുന്നു. ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ അൻവർ സ്വരൂപിച്ച 19,760 വോട്ടുകൾ തെളിയിച്ചതാകട്ടെ ഇടത്-വലത് മുന്നണികൾ തള്ളിക്കളഞ്ഞ അൻവർ ഫാക്ടർ അങ്ങനെയൊന്നും നിലമ്പൂരിൽ മായില്ല എന്ന് തന്നെയാണ്.

എൽ.ഡി.എഫിനെ പരാജയപ്പെടുത്തി, തന്റെ കരുത്തറിയിക്കുക എന്ന അൻവറിന്റെ ലക്ഷ്യവും നിറവേറിയ സ്ഥിതിക്ക് തന്റെ ഈ നേട്ടം മുൻനിർത്തിയാകും അൻവർ ഇനി ഒരു വിലപേശൽ നടത്തുക എന്നത് തീർച്ചയാണ്. യുഡിഎഫിനൊപ്പം മുന്നോട്ടുപോകാനുള്ള സാഹചര്യം ഉണ്ടായാല്‍ അത് ആലോചിക്കുമെന്ന് ഈ വേളയിലും അന്‍വര്‍ പറയുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്. അൻവറിനെ ഇനിയും പിണക്കി നിർത്തിയാൽ അത് തിരിച്ചടിക്കുമെന്ന വീണ്ടുവിചാരത്തിലാണ് കോൺഗ്രസ് ഉള്ളതും, അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്.

അന്‍വറിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ തുടക്കം 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട്ടില്‍ ആയിരുന്നു. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഉണ്ടായിട്ടും സിപിഐഎമ്മിന്റെ രാഷ്ട്രീയ പിന്തുണ അന്‍വര്‍ സ്വന്തമാക്കി. മത്സരത്തില്‍ മുസ്ലീം ലീഗിന്റെ പികെ ബഷീര്‍ ജയിച്ചെങ്കിലും പിവി അന്‍വര്‍ നേടിയത് 47,452 വോട്ടുകള്‍ ആയിരുന്നു. 11,246 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ബഷീറിനുണ്ടായിരുന്നത്. 2014 ല്‍ അന്‍വര്‍ കളത്തിലിറങ്ങിയത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. വയനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച് അന്‍വര്‍ സ്വന്തമാക്കിയത് 37,123 വോട്ടുകള്‍. ലോക്‌സഭയില്‍ ഒരു സ്വതന്ത്രനെ സംബന്ധിച്ച് സാധാരണ ഗതിയില്‍ നേടാന്‍ ആകുന്ന വോട്ടുകളായിരുന്നില്ല അത് എന്ന് കൂടി ഓര്‍ക്കണം. ചരിത്രപരമായി നിലമ്പൂര്‍ യഥാര്‍ത്ഥത്തില്‍ ഒരു യുഡിഎഫ് മണ്ഡലം ആണ്. 1967 മുതലുളള ചരിത്രം പരിശോധിച്ചാല്‍ സിപിഐഎമ്മിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ അവിടെ വിജയം നേടിയത് കെ കുഞ്ഞാലി മാത്രം ആയിരുന്നു. പിന്നീട് ഇടത് സ്വതന്ത്രനായി ഒരിക്കല്‍ ടികെ ഹംസയും രണ്ട് തവണ പിവി അന്‍വറും വിജയിച്ചു.

നിയമസഭയില്‍ ആയാലും ലോക്‌സഭയില്‍ ആയാലും തന്റെ വരവ് അപ്പോഴും അന്‍വര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും അത് അൻവർ ആവർത്തിച്ചു. ഇടത് വലത് മുന്നണികൾ അങ്ങേയറ്റം വാശിയോടെ മത്സരിച്ച ഒരു മണ്ഡലത്തിൽ ഒറ്റക്ക് നിന്ന് ഇത്രയേറെ വോട്ടുകൾ നേടാനാവുകയെന്നത് ഒട്ടും കുറച്ചുകാണാനാകില്ല. വിധി വന്നതിന് തൊട്ടുപിന്നാലെ യുഡിഎഫ് പ്രവേശന ചർച്ചകൾക്ക് തുടക്കിമിടാൻ കഴിഞ്ഞതും അൻവറിന്റെ രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

content summary: PV Anvar factor worked in Nilambur

Leave a Reply

Your email address will not be published. Required fields are marked *

×