January 18, 2025 |

ആവർത്തിക്കുന്ന ഫഹദ്‌

കോളിവുഡിൽ എസ്‌ ജെ സൂര്യ പിന്തുടരുന്ന സമാനമായ രീതിയാണ്‌ ഫഹദ്‌ ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്‌

അല്ലു അർജുൻ – ഫഹദ്‌ ഫാസിൽ ചിത്രം, പുഷ്‌പ2 ദി റൂളിന്‌  സമ്മിശ്ര പ്രതികരണമാണ്‌ ലഭിക്കുന്നത്‌. ലോകത്താകാമാനം 1200 സ്‌ക്രീനുകളിലാണ്‌ ചിത്രം റിലീസ്‌ ചെയ്‌തത്‌. കേരളത്തിൽ 500 സ്‌ക്രീനുകളിൽ സിനിമ റിലീസ്‌ ചെയ്‌തു. അല്ലു അർജുന്റെ പ്രകടനവും സ്വാഗുമൊക്കെ പുഷ്‌പ ദി റൈസ്‌ മുതലേ ചർച്ച ചെയ്യുന്നതാണ്‌. അതിനൊപ്പം പലയിടങ്ങളിലും ഉയർന്ന്‌ കേട്ടത്‌ ഫഹദ്‌ ഫാസിലിന്റെ പേരായിരുന്നു. ഒരുപക്ഷേ പാൻ ഇന്ത്യ ലെവലിൽ ഫഹദ്‌ ഫാസിലിനെ ചർച്ച ചെയ്യാൻ തുടങ്ങിയതും 2021ൽ പുറത്തിറങ്ങിയ പുഷ്‌പക്ക്‌ ശേഷമായിരിക്കും. Fahad Fasil

എന്നാൽ കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ഫഹദ്‌ ഫാസിൽ പിന്തുടരുന്നത്‌ ഒരേ രീതിയാണ്‌. പലതും ആവർത്തന വിരസത തോന്നുന്ന കഥാപാത്രങ്ങൾ. അൽപമെങ്കിലും മാറ്റമുണ്ടായത്‌ ആവേശത്തിലാണ്‌. അതിന്‌ മുൻപ്‌ വരെ കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയുടെ കഥാപാത്രത്തിന്‌ സാമ്യം തോന്നുന്നതായിരുന്നു തിരഞ്ഞെടുത്തവയെല്ലാം. ഒരു സൈക്കോ വില്ലൻ. പുഷ്‌പ ദി റൈസിൽ കുറച്ച്‌ സീനുകളിൽ മാത്രം വന്നത്‌ കൊണ്ടാവാം പൂർണമായും ഷമ്മിയെ ഓർമപ്പെടുത്തിയില്ല. എന്നാൽ പുഷ്‌പ 2( Pushpa 2: The Rule) വിലേക്ക്‌ വരുമ്പോൾ ക്യാരക്ടറൈസേഷനിൽ വ്യത്യാസം വരുത്തിയത്‌ പോലെ അനുഭവപ്പെട്ടു. ആരോടും സഹതാപമില്ലാത്ത ക്രൂരനായ ഭൻവാർ സിങ്‌ ഷെഖാവത്ത്‌ എന്ന പോലീസ്‌ ഓഫീസറായിരുന്നു ഒന്നാം ഭാഗത്തിലെ ഫഹദിന്റെ കഥാപാത്രം. രണ്ടാം ഭാഗത്തിൽ ഈ കഥാപാത്രത്തിൽ പ്രകടമായ സൈക്കോ സ്വഭാവം കാണാൻ സാധിക്കുന്നുണ്ട്‌. ചിലയിടങ്ങളിൽ കോമാളിയായി മാറിയതായും തോന്നി.

പുഷ്‌പയെ തകർക്കാൻ എല്ലാ വഴികളും നോക്കുന്ന ഷെഖാവത്തിനെയാണ്‌ പുഷ്‌പ ദി റൂളിൽ കാണാൻ സാധിക്കുന്നത്‌. എല്ലാ അവസരങ്ങളിലും ഈ കഥാപാത്രം പരാജയപ്പെടുന്നുമുണ്ട്. മാരകമായ അഭിനയമാണ്‌ പുഷ്‌പ 2 വിൽ ഫഹദ്‌ കാഴ്‌ചവെച്ചിരിക്കുന്നതെന്ന്‌ ചില കുറിപ്പുകൾ അവകാശപ്പെടുന്നു. എന്നാൽ എടുത്ത്‌ പറയത്തക്ക വിധം ഒന്നും തന്നെയില്ല എന്നതാണ്‌ വാസ്‌തവം. കോളിവുഡിൽ എസ്‌ ജെ സൂര്യ പിന്തുടരുന്ന സമാനമായ രീതിയാണ്‌ ഫഹദ്‌ ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്‌. ഹൈപ്പറായ, സൈക്കോയായ വില്ലനെ വളരെ മനോഹരമായി പല തവണ എസ്‌ ജെ സൂര്യ തന്നെ അവതരിപ്പിച്ചതാണ്‌. ഇപ്പോഴും അതിൽ മാറ്റം വരുത്തിയിട്ടില്ലെന്ന്‌ മാത്രം. അടുത്ത വർഷങ്ങളിലായി പുറത്തിറങ്ങിയ മാർക്ക്‌ ആന്റണിയിലും സരിപോധ ശനിവാരത്തിലുമെല്ലാം ഇത്‌ ആവർത്തിക്കുന്നുമുണ്ട്‌.

ഇത്‌ തന്നെയാണ്‌ ഫഹദ്‌ ചെയ്യുന്ന കഥാപാത്രങ്ങളുടേയും രീതി. എല്ലാത്തിലും ഒരുപോലത്തെ മാനറിസങ്ങളും ആക്ഷനും ഡയലോഗ്‌ ഡെലിവറിയും. ഫഹദ്‌ ഫാസിൽ ഒരു മികച്ച അഭിനേതാവാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ആവർത്തിക്കപ്പെടുന്ന കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മടുപ്പുണ്ടാക്കുന്നുണ്ട്. കയ്യടിച്ച് സ്വീകരിച്ച വേഷങ്ങളെ വ്യത്യസ്തമായ കഥാസന്ദർഭത്തിൽ അവതരിക്കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. Fahad Fasil

Content summary: The recurring character types portrayed by Fahad Fasil in his movies Pushpa 2: The Rule

Post Thumbnail
ഗുരുവും സനാതനധര്‍മ്മ വിവാദവുംവായിക്കുക

 

fahad fasil latestnews nasriyanazim cinemanews movienews pushpa2

fahad fasil sj surya kumbalangi nights pushpa2 

×