നിങ്ങള്‍ക്ക് ആഗ്രഹിക്കുമ്പോള്‍ അധോലോകം വിട്ടുപോകാന്‍ കഴിയില്ല; ഒരു പോലീസ് ഏറ്റുമുട്ടലിലൂടെയോ, എതിരാളികളായ സംഘങ്ങളിലൂടെയോ, അല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം സഹോദരന്മാരിലൂടെയോ മാത്രമേ നിങ്ങള്‍ക്ക് പോകാനാകൂ.
ഷബീര്‍ ഇബ്രാഹിം കസ്‌ക്കര്‍ എന്ന 26 കാരന്‍ ഗര്‍ഭിണിയായ തന്റെ ഭാര്യയോട് യാത്ര പറഞ്ഞ് ആ രാത്രി യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ സുന്ദരിയായ, അയാളുടെ ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ ഷഹനാസ് അയാളോട് വഴക്കിട്ടു. പ്രസവസംബന്ധമായ ചെക്കപ്പ് കഴിഞ്ഞ് ഡോക്ടറെ കണ്ട് അവര്‍ ഭര്‍ത്താവിനോടൊത്ത് വീട്ടില്‍ തിരികെ എത്തിയതേയുള്ളൂ. അപ്പോഴാണ് ഭര്‍ത്താവ് വീണ്ടും ആ രാത്രിയില്‍ പുറത്ത് പോകാന്‍ ഒരുങ്ങുന്നത്. ഈയിടെയായി തന്റെ ഭര്‍ത്താവ് രാത്രി കാലങ്ങളില്‍ അപ്രതൃക്ഷനാകുന്നു. ഇതേ ചൊല്ലി നിത്യവും ഷഹനാസ് തന്റെ ഭര്‍ത്താവായ ഷബീറുമായി വഴക്കടിച്ചു. പക്ഷേ, അയാള്‍ അത് കാര്യമാക്കാറില്ല. അന്നും അങ്ങനെയായി. ഭാര്യയുടെ ചീത്ത കേട്ടത് ‘വകവെയ്ക്കാതെ ഒരു കൊടുങ്കാറ്റു പോലെ അയാള്‍ ഇറങ്ങിപ്പോയി, താഴെയുള്ള തന്റെ വെള്ള പ്രീമിയര്‍ പത്മിനി കാറില്‍ കയറി വേഗത്തില്‍ ഓടിച്ചു പോയി.
1981 ഫെബ്രുവരി 12-ാം തീയതി, 45 വര്‍ഷം മുന്‍പുള്ള ആ രാത്രിയില്‍ ഷബീര്‍ എന്ന ചെറുപ്പക്കാരന്‍ ഉല്ലാസത്തോടെ കാറോടിച്ചു. ബോംബെയിലെ സൗത്ത് കോളനിയിലെ കോണ്‍ഗ്രസ് ഹൗസിലേക്കായിരുന്നു ആ യാത്ര. അവിടെ അയാളെ സുന്ദരിയായ തന്റെ കാമുകി കാത്തിരിക്കുന്നു.
ഒരു നൂറ്റാണ്ട് മുന്‍പ് ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന് നേതൃത്വം നല്‍കിയിരുന്ന കരുത്തരായ ബോംബയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ സമ്മേളിച്ചിരുന്ന കെട്ടിടമാണ് കോണ്‍ഗ്രസ്സ് ഹൗസ്. എന്നാല്‍ വിധിവൈപര്യം കൊണ്ട് ഇന്ന് അവിടെ സമ്മേളിക്കുന്നവര്‍ പാര്‍ട്ടിക്കാരല്ല, മറിച്ച് ശരീരം വില്‍ക്കുന്ന സുന്ദരികളായ സ്ത്രീകളാണ്. അത്തരത്തില്‍ സുന്ദരികളായ യുവതികളാല്‍ നിറഞ്ഞ ചുറ്റപ്പെട്ട ഒരു വേശ്യാലയമാണ് ഇന്നത്. പാര്‍ട്ടി ചര്‍ച്ചകള്‍ക്ക് പകരം അവിടെ നടക്കുന്നത് കാമവികാരമാവേശിച്ച സംഭാഷണങ്ങളാണ്.
1970 കളോടെ സമ്പന്നര്‍ക്ക് തിരഞ്ഞെടുക്കാവുന്ന സുന്ദരികളായ ഗണികകള്‍ താമസിക്കുന്ന ഒരു ഇടമായി കോണ്‍ഗ്രസ് ഹൗസ് മാറി. കാമാത്തിപുരയിലേയും ഫോക്ക് ലാന്റ് റോഡുകളിലേയും വേശ്യാലയങ്ങളില്‍ നിന്ന് ഇത് വ്യത്യസ്തമായിരുന്നു. ഇവിടത്തെ യുവതികള്‍ അതീവ സുന്ദരികളും ചുറുചുറുക്കുള്ളവരും, കാഴ്ചയില്‍ മേലേക്കിടയിലുള്ളവരാണ് എന്ന് തോന്നിപ്പിക്കുന്ന, ആകര്‍ഷണീയമായി അണിഞ്ഞൊരുങ്ങിയവരുമായിരുന്നു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സമ്പന്നര്‍ ഇഷ്ടപ്പെടുന്ന കുറെക്കൂടി നിലവാരുള്ള ഒരു വേശ്യാലയം.
ഇരുളടഞ്ഞ അതിലെ ചെറിയ മുറികളില്‍ യുവതികള്‍ രഹസ്യമായി ജീവിച്ചു. കുട്ടിക്കാലത്ത് അനാഥരായ, ബന്ധുക്കളോ ഉറ്റവരോ ഇല്ലാത്ത
20 വയസ്സ് തികഞ്ഞ പെണ്‍കുട്ടികളെ ദല്ലാളുമാര്‍ കൊണ്ടെത്തിച്ചതാണ് അവിടുത്തെ ഈ അന്തേവാസികളുടെ ചരിത്രം. അതില്‍ ചിലരെല്ലാം അവിടെ ജീവിച്ച് അവിടെ തന്നെ മരിച്ചു. മക്കളുള്ളവര്‍ അവരെ പുറത്ത് ബോര്‍ഡിംഗില്‍ താമസിപ്പിച്ച് പഠിപ്പിച്ചു. അമ്മയുടെ രഹസ്യജീവിതം ഒരിക്കലും അറിയാതെ മക്കള്‍ ചിലരെല്ലാം ജോലി നേടി രക്ഷപ്പെട്ട് പുറത്ത് ജീവിതമാരംഭിച്ചു.
ഈ യുവതികള്‍ തങ്ങളുടെ കസ്റ്റമേഴ്‌സിനെ തുറന്ന മനസോടെ സ്വീകരിക്കുന്നു. ഉയര്‍ന്ന ശ്രേണിയിലുള്ള, പണക്കാരാണധികവും അവിടെ എത്തുക. അവരില്‍ പലരും ചില യുവതികളെ തങ്ങളുടെ മാത്രമായി കാണുന്നു. അത്തരത്തിലുള്ള കേസുകളില്‍ ചില യുവതികള്‍ ചിലരെ തങ്ങളുടെ കാമുകന്മാരായി പരിഗണിച്ചു. അത്തരത്തിലെ രണ്ട് യുവ ഗണികകളായിരുന്നു ചിത്രയും നന്ദയും. ഒരു വേശ്യാലയത്തില്‍ ഒരിക്കലും സ്ഥാനമില്ലാത്ത ഒന്നായിരുന്നു അവരുടെ കാമത്തേക്കാള്‍ വലുതായ പ്രേമം.
തന്റെ ഭാര്യ ഷഹനാസ് അതീവ സുന്ദരിയാണെങ്കിലും വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിയും മുന്‍പ് ഷബീര്‍ കോണ്‍ഗ്രസ് ഹൗസിലെ ഒറ്റ സന്ദര്‍ശനത്തോടെ ചിത്രയെന്ന ഗണികയില്‍ മോഹിതനായി. ഭാര്യ ഷഹനാസ് രണ്ടാമതും ഗര്‍ഭണിയായതോടെ തന്റെ ശാരീകാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വന്നതോടെയാണ് അയാള്‍ കോണ്‍ഗ്രസ്സ് ഹൗസ് സന്ദര്‍ശിക്കാന്‍ പോയത്. ആദ്യം കണ്ട ചിത്രയുമായി അടുത്ത അയാള്‍ അവളെ കാമുകിയേപ്പോലെ കൊണ്ടു നടക്കാന്‍ തുടങ്ങി. സിനിമാ തിയേറ്ററിലും വില കൂടിയ റെസ്റ്റോറന്റുകളിലും ഷബീറിന്റെ ചിത്രയുമായുള്ള പ്രേമനാടകം അനുസ്യൂതം നടന്നു. ചുരുണ്ടമുടിക്കാരനായ ഷബീര്‍ ഉറുദു ഗസലുകളും കവിതകളും പാടി ചിത്രയെ വികാര തരളിതയാക്കി. ചിത്രയാകട്ടെ അയാളെ തന്റെ വശ്യതയിലും ശരീരം കൊണ്ടും എല്ലാ അര്‍ത്ഥത്തിലും ആനന്ദസാഗരത്തിലാറാടിപ്പിച്ചു. ചിത്രയേപ്പോലെ അടിച്ചമര്‍ത്തപ്പെട്ട ഗണികയായി മാറിയ ഒരു യുവതിക്ക് ഷബീറിനെപ്പോലെ ഒരു യുവാവിന്റെ കാമുകിപദം കിട്ടാവുന്നതിനപ്പുറത്തെ സൗഭാഗ്യങ്ങളൊന്നായിരുന്നു.
ചില നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കോണ്‍ഗ്രസ് ഹൗസില്‍ രാത്രി 12.30 ന് ശേഷം തങ്ങാന്‍ സാധിക്കില്ല. അതിനാല്‍ ഷബീര്‍ രാത്രികളില്‍ ചിത്രയെ കൊണ്ട് തന്റെ കാറില്‍ നീണ്ട സവാരിക്കായി പോകാറുണ്ടായിരുന്നു. അത്തരമൊരു സവാരിയാരംഭിച്ചപ്പോള്‍ ഷബീര്‍ ഉന്‍മേഷവാനായി. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്ന ചിത്ര തന്റെ പ്രണയലീലകളാല്‍ അയാളെ ഉത്തേജിതനാക്കിക്കൊണ്ടിരുന്നു. കാമാത്തിപുരം കഴിഞ്ഞ് ഒരു ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഒരു അംബാസിഡര്‍ കാര്‍ തങ്ങളുടെ പിന്നില്‍ വരുന്നത് അയാള്‍ റിയര്‍ വ്യൂ കണ്ണാടിയിലൂടെ കണ്ടു. അസാധാരണമായ ഒരു കാര്യവും അയാള്‍ ശ്രദ്ധിച്ചു. ആ കാറ് മുഴുവന്‍ പൂക്കള്‍് കൊണ്ട് അലങ്കരിച്ചിരുന്നു. ഒരു നവദമ്പതികളുടെ ആദ്യ യാത്രയാണ് എന്ന് വിചാരിച്ച് അയാള്‍ അര്‍ത്ഥം വെച്ച് ചിരിച്ചു.
പെട്ടെന്ന് ഷബീര്‍ ഇന്ധന സൂചനാ മീറ്ററിലേക്ക് നോക്കി. അയാള്‍ ഞെട്ടിപ്പോയി പെട്രോള്‍ തീരുകയാണ്. എത്രയും പെട്ടെന്ന് ഇന്ധനം നിറയ്ക്കണം. പല സ്ഥലത്തും അലഞ്ഞ് തിരിഞ്ഞ ശേഷവും അത് നടന്നില്ല. അപ്പോഴാണ് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പ്രഭാവതിയില്‍ ഒരു പെട്രോള്‍ പമ്പ് ഉള്ളത് അയാള്‍ ഓര്‍ത്തത്. അവിടംവരെ വാഹനം ഓടും എന്ന പ്രതീക്ഷയില്‍ നേരെ കാര്‍ അങ്ങോട്ട് വിട്ടു. പെട്ടെന്ന് അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചു. നേരത്തെ കണ്ട, അലങ്കരിച്ച ആ കാര്‍ തന്നെ പിന്‍തുടരുകയാണ്.
അല്‍പ്പ നിമിഷങ്ങള്‍ക്ക് ശേഷം തന്റെ മരണത്തിന്റെ ദൂതന്മാരാണ് ആ കാറില്‍ ഉള്ളതെന്ന് ഷബീര്‍ ചിന്തിച്ചതേയില്ല. പ്രദാദേവിയിലെ സര്‍വോ പെട്രോള്‍ പമ്പില്‍ തന്റെ കാറ് കയറ്റി നിറുത്തിയപ്പോഴേക്കും ആ വെള്ള അംബാസിഡര്‍ കാര്‍ പാഞ്ഞുവന്ന് തൊട്ട് നിന്നു. അപകടം മണത്ത ഷബീര്‍ കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ ചിത്രയോട് പറഞ്ഞു. ഭയന്നു വിറങ്ങലിച്ച് പോയ ഷബീര്‍ കാറിന്റെ ഡാഷില്‍ തന്റെ കൈതോക്ക് തിരയാന്‍ തുടങ്ങി.
വന്ന് നിന്ന വെളുത്ത കാറില്‍ നിന്ന് ഇറങ്ങിയ ബലിഷ്ഠന്മാരായ അഞ്ചു പേര്‍ കയ്യില്‍ തോക്കുകളുമായി ഷബീറിന്റെ കാറിനെ വളഞ്ഞു. അതിലൊരാള്‍ കാറിന്റെ വാതില്‍ തുറന്ന് ഭയന്നു വിറച്ച ചിത്രയെ പുറത്തിറക്കി. എന്താണ് സംഭവിക്കുന്നതെന്ന് ഷബീര്‍ മനസിലാക്കും മുന്‍പ് കാറിന്റെ വിന്‍ഡ് സ്‌ക്രീന്‍ തുളച്ചുകൊണ്ട് ആ അഞ്ചു പേരുടേയും തോക്കുകള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. അര്‍ദ്ധരാത്രിയിലെ ആ നിശ്ബദതയെ കീറിമുറിച്ച് തോക്കുകളില്‍ നിന്ന് ബുള്ളറ്റുകള്‍ ചീറിപ്പായുന്നതിന്റെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങി. ഒപ്പം ഷബീറിന്റെ നിലവിളിയും പ്രാണനു വേണ്ടിയുള്ള ആര്‍ത്തനാദവും ഉയര്‍ന്നു കേട്ടു. ആ ശക്തമായ ആക്രമണം ഏതിനും സെക്കന്റില്‍ തീര്‍ന്നു. ഷബീറിന്റെ ശരീരം ബുള്ളറ്റുകളാല്‍ ചിതറിത്തെറിച്ചു. സ്റ്റിയറിംഗ് വീലില്‍ തല വെച്ച് പ്രാണന്‍ പോയ ഷബീറിന്റെ കൈ ഘാതകരിലൊളാള്‍ കത്തി കൊണ്ട് നീളത്തില്‍ കുത്തിപ്പിളര്‍ന്നു. നിര മുറിയാതെ അയാളുടെ ചോര ധാരയായി ഒഴുകി. അയാളുടെ വിലപിടിച്ച വെളുത്ത ഷൂസുകള്‍ ചോരയില്‍ കുതിര്‍ന്നു. അവസാനമായി ഇരയുടെ പ്രാണന്‍ പോയി എന്ന് ഉറപ്പ് വരുത്തി ഘാതകര്‍, വന്ന കാറില്‍ തന്നെ വേഗത്തില്‍ പാഞ്ഞുപോയി. ഷബീര്‍ ഇബ്രാഹിം കസ്‌ക്കര്‍ എന്ന 26 കാരന്റെ ദാരുണവധം ബോംബെ നഗരത്തെ ആ രാത്രി അക്ഷരാര്‍ത്ഥത്തില്‍ നടുക്കി.
ബോംബെ പോലീസിന്റെ രേഖകളില്‍ ഏറ്റവും ഭീകരവും പൈശാചികവുമായി അക്രമം നടത്തിയ കൊലപാതകം എന്നാണ് ഈ വധത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. ഷബീറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഒമ്പത് ബുള്ളറ്റ് ആണെങ്കിലും കാറിന്റെ സീറ്റ്, കാര്‍പെറ്റ്, തുടങ്ങിയ പല ഭാഗങ്ങളില്‍ നിന്നും 19 ബുളറ്റുകള്‍ പോലീസ് വെറെ കണ്ടെടുത്തു.
വര്‍ഷങ്ങള്‍ക്ക് ശേഷവും ആ രാത്രിയില്‍ നടന്ന നിഷ്ഠൂരമായ കൊലയ്ക്ക് സാക്ഷിയായ ആ പെട്രോള്‍ പമ്പിലെ ജീവനക്കാരും ഓടിക്കൂടിയ സമീപവാസികളുമെല്ലാം ചിത്രയുടെ നിലവിളിയും തകര്‍ന്ന കാറിലെ ചോരയില്‍ കുതിര്‍ന്ന് ഛിന്നഭിന്നമായ ചെറുപ്പക്കാരന്റെ ശവശരീരത്തേയും ഞെട്ടലോടെ ഓര്‍ക്കുന്നു.
ആ നിഷ്ഠൂരമായ കൊലപാതകം ബോംബെ അധോലോകത്തില്‍ ക്രൂരവും പൈശാചികവുമായ ഒരു അലിഖിതമായ ഒരു രക്തം പുരണ്ട നിയമത്തിന് വഴിപാകി. തോക്കിന്‍ കുഴലിലൂടെ നീതി നടപ്പിലാക്കുക – വിരോധം പകയിലേക്കും പക കുടിപ്പകയിലേക്കും വഴിമാറി. കുടിപ്പക മൂത്ത് തെരുവില്‍ പട്ടാപ്പകല്‍ കൊലചെയ്ത് ചോരപ്പുഴകള്‍ ഒഴുക്കി കണക്കു തീര്‍ക്കുന്ന ബോംബെ അധോലോകത്തിന്റെ നീതി നടപ്പിലാക്കല്‍ അന്ന് ആരംഭിച്ചു.
അതിനു തുടക്കമിട്ടത് കൊല്ലപ്പെട്ട ഷബീര്‍ ഇബ്രാഹിം കസ്‌ക്കര്‍ എന്ന ചെറുപ്പക്കാരന്റെ സഹോദരനാണ്. പിന്നീട് ലോകം ഭയത്തോടെ കണ്ട ആ ചെറുപ്പക്കാരന്റെ പേര് ദാവൂദ് ഇബ്രാഹിം കസ്‌ക്കര്‍ എന്നായിരുന്നു. അമേരിക്ക ആഗോള ഭീകരന്‍ എന്ന് പ്രഖ്യാപിച്ച ബോംബെയിലെ ഡോഗ്രിയില്‍ തുടങ്ങി ദുബായില്‍ എത്തി ഡി കമ്പനി സ്ഥാപിച്ച അധോലോക നായനായ ദാവൂദ് ഇബ്രാഹിം.
1975ലെ അടിയന്തരാവസ്ഥയില്‍ ഇന്ത്യയുടെ വാണിജ്യ നഗരമായ ബോംബെയില്‍ നടന്ന പ്രധാന സംഭവങ്ങളിലൊന്ന് നഗരം അടക്കിവാണ രണ്ട് അധോലോക നായകന്‍മാരായ ഹാജി മസ്താനെയും കരീം ലാലയെയും രാജ്യസുരക്ഷ നിയമത്തിന്റെയും കോഫോ പോസയിലൂടേയും (കണ്‍സേര്‍വേഷന്‍ ഓഫ് കേ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്റ് പ്രിവന്റീവ് ഓഫ് ബിംഗ് ആക്ട്) അകത്താക്കി എന്നതായിരുന്നു. ബോംബെ മാഫിയയിലെ 28 പേരെയാണ് ഇതുപോലെ ഭരണകൂടം അകത്താക്കിയത്. ചംബല്‍ കൊള്ളക്കാരുടെ പേരുകളും വീരകഥകളും കേട്ട, ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ ഹാജി മസ്താന്‍, കരിം ലാല, സകുര്‍ ബാഖിയ തുടങ്ങിയ ബോംബെ കള്ളക്കടത്തുകാരുടെ പേരുകള്‍ പല എം.പിമാരും അന്നാദ്യമായി കേട്ടു. മാധ്യമ സ്വാതന്ത്രവും മനുഷ്യാവകാശവുമൊക്കെ മരവിച്ച് ഇല്ലാതായ അടിയന്തരാവസ്ഥ ബോംബെ അധോലോകത്തിന് ഇരുട്ടടിയായി. പോലീസിന് കൂടുതല്‍ അധികാരം ഉള്ളതിനാല്‍ എവിടെയും കേറി ചെല്ലാം ഈ സാഹചര്യത്തില്‍ കള്ളക്കടത്ത് പോയിട്ട് മര്യാദയ്ക്ക് പുറത്തിറങ്ങാന്‍ അവര്‍ക്ക് പറ്റാത്ത സാഹചര്യമായി.
1975 സെപ്തംബര്‍ 17 മുതല്‍ ഡിസംബര്‍ 19 വരെ 90 ദിവസത്തോളം നിയമപ്രകാരം തടവിലായിരുന്ന ഹാജി മസ്താന് രാജ്യത്തെ മികച്ച ക്രിമിനല്‍ വക്കീലായ രാംജെത്ത് മലാനിയേപ്പോലുള്ളവരെ ഇറക്കി നോക്കിയെങ്കിലും അയാള്‍ക്ക് അടിയന്തിരാവസ്ഥക്കാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവന്നു. കോഫെപോസ തടവിലാക്കപ്പെട്ടിരുന്ന വ്യക്തിയെ തടവില്‍ വയ്ക്കുന്നതിന് കാരണം നല്‍കേണ്ട ആവശ്യമില്ല എന്ന് വ്യക്തതയുള്ള ഓര്‍ഡിനന്‍സ് 1975 ജൂലൈ ഒന്നിനു പുറത്തു
വന്നിരുന്നു.
അടിയന്തരാവസ്ഥ കഴിഞ്ഞ് തടവില്‍ നിന്ന് പുറത്തുവന്ന ഈ അധോലോക നായകന്‍മാരെ പ്രായാധിക്യം പിടികൂടിയിരുന്നു. പഴയകാല പ്രതാപത്തിന്റെ നിഴലില്‍ ഹാജി മസ്താനേയും കരിം ലാലയേയും മറികടന്നുകൊണ്ട് ബോംബെ അധോലോകത്ത് മറ്റു ചില സംഘങ്ങള്‍ കടന്നുവന്നു. അതിലെ പ്രമുഖരായിരുന്നു സബീര്‍ – ദാവൂദ് സംഘം.
മഹാരാഷ്ട്രയിലെ രത്‌നഗിരിയാലെ ഡോംഗ്രിയില്‍ ഒരു പോലീസുകാരനായ ഇബ്രാഹിം കസ്‌ക്കറുടെ രണ്ടാമത്തെ മകനാണ് ദാവൂദ്. ദാവൂദ് ഇബ്രാഹിമിന്റെ ഡി. കമ്പനിയിലേക്കുള്ള വളര്‍ച്ച വര്‍ഷങ്ങള്‍ കടന്ന് ചോരയിലും പ്രതികാരത്തിലും പകയിലും കൂടി കെട്ടിപ്പടുത്തതാണ്.
മാന്യനായ പോലീസുകാരന്‍ എന്നറിയപ്പെട്ട ഇബ്രാഹിം കസ്‌ക്കറെ പോലീസ് ഉദ്യോഗസ്ഥന്മാരും നാട്ടുകാരും ഒരേപോലെ ബഹുമാനിച്ചിരുന്നു. എന്നാല്‍ മക്കള്‍ നേരെ ചൊവ്വെ അല്ലായിരുന്നു. 14-ാം വയസില്‍ ഒരാളുടെ പണം തട്ടിയെടുത്തതാണ് ദാവൂദിന്റെ ആദ്യ കുറ്റകൃത്യം. പരാതി വന്നപ്പോള്‍ ഇബ്രാഹിം കസ്‌ക്കര്‍ മകനെ തല്ലിച്ചതച്ചു. പിന്നീട് കര്‍ശനമായി മകനെ പിതാവ് വരുതിയില്‍ കൊണ്ടുവന്നെങ്കിലും ദാവൂദിന്റെ വഴികള്‍ വെറെയായിരുന്നു. ഒരു പ്രാദേശിക ഗുണ്ടയായ ബാഷുവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് അയാളെയും അയാളുടെ താവളവും നിലംപരിശാക്കിയ ദാവൂദ് പ്രാദേശിക ഗുണ്ടാ ആധിപത്യം നേടി. സ്മഗിള്‍ ചെയ്ത വാച്ചുകള്‍ വില്‍ക്കലായിരുന്നു പണമുണ്ടാക്കാന്‍ അയാള്‍ കണ്ടെത്തിയ വഴി. ഒരു മാര്‍വാഡിയുടെ പണം കൊള്ളയടിച്ചതോടെ ദാവൂദ് എന്ന പേര് പത്രങ്ങളുടെ തലകെട്ടില്‍ ആദ്യമായി അച്ചടിച്ചു വന്നു.
ഇതിനകം ബോംബെ അധോലോകത്ത് കുപ്രസിദ്ധനായി മാറിയ സബീര്‍ – ദാവൂദ് സംഘം മറ്റൊരു സംഘമായ പത്താന്‍കാരുമായി ശത്രുതയിലായി. സ്വാഭാവികമായും അത് തെരുവിലെ ഏറ്റുമുട്ടലില്‍ എത്തി. പാക്കിസ്ഥാനിലെ പേഷവാറില്‍ നിന്ന് എത്തിയ പത്താനാണ് കരിം ലാല. ബോംബെ അധോലോകത്ത് 60 കളില്‍ വന്‍ ശക്തിയായിരുന്ന കരിംലാല അവിടെയുള്ള പത്താന്‍ സംഘത്തിന്റെ തലതൊട്ടപ്പനായിരുന്നു. ഒട്ടും കൂസലില്ലാത്ത പാരമ്പര്യ സ്വഭാവക്കാരായ പത്താന്‍മാരില്‍ അമീര്‍ സാദ, അലം സാഹിദ്, ഷെഹസാദ് എന്നിവരായിരുന്നു പത്താന്‍ സംഘത്തില്‍ പ്രമുഖര്‍.
തന്റെ പാരമ്പര്യം നിലനിറുത്താന്‍ ആണ്‍ മക്കളില്ലാത്ത ഹാജി മസ്താന്‍ ദാവൂദ് – സാബിര്‍ സംഘത്തിനെ കാര്യമായി പിന്‍തുണച്ചു. പത്താന്‍ സംഘവും – സാബിര്‍ – ദാവൂദ് കൂട്ടുകെട്ടും തമ്മിലുള്ള ശത്രുത ഒരു ചോരക്കളിക്ക് വഴിയൊരുക്കുന്നു എന്ന് മനസ്സിലാക്കിയ മുതിര്‍ന്ന അധോലോക നേതാക്കളായ ഹാജി മസ്താനും കരിം ലാലയും ഒരു വെടിനിറുത്തല്‍ ചര്‍ച്ചയ്ക്ക് ഇരു സംഘങ്ങളേയും വിളിച്ചു. തെരുവുയുദ്ധത്തില്‍ പോലീസ് ഇടപെട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഈ രണ്ടു കാരണവന്മാര്‍ക്കും ദീര്‍ഘകാലത്തെ അനുഭവം കൊണ്ടറിയാമായിരുന്നു. അതിനാല്‍ ഒരു ഗാംഗ് വാര്‍ പൊട്ടിപ്പുറപ്പെടരുത്.
രണ്ട് കൂട്ടരും ഇസ്ലാം വിശ്വാസികളായതിനാല്‍ മതത്തിന്റെ പേരില്‍ ഇവരെ ഒന്നിപ്പിക്കാന്‍ ഹാജി മസ്താന്‍ ശ്രമം നടത്തി. ‘ഒരേ മതത്തില്‍ പെട്ടവര്‍ നമ്മള്‍ എന്തിന് വഴക്കടിക്കണം? അയാള്‍ പറഞ്ഞു രക്തച്ചൊരിച്ചല്‍ ഒരു ബിസിനസിനും നല്ലതല്ല. ഹാജി മസ്താന്‍ തന്റെ നിലപാട് വ്യക്തമാക്കി.
”ഞങ്ങളല്ല യുദ്ധം ആദ്യം തുടങ്ങിയത്. ഞങ്ങളെ ഇവര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു.” സബീര്‍ പറഞ്ഞു.
ഞങ്ങളുടെ മേല്‍ക്കോയ്മ നിങ്ങള്‍ അംഗീകരിക്കുന്നില്ല. ബോംബെയിലെ ഞങ്ങളുടെ സ്വാധീനം നിങ്ങള്‍ക്ക് ദഹിക്കുന്നില്ല. അമീര്‍ സാദ തിരിച്ചടിച്ചു. തുടര്‍ന്ന് ഇരുവരും വലിയ പൊട്ടിത്തെറിയുടെ വക്ക് വരെ എത്തിയെങ്കിലും ഹാണ്ടി മസ്താന്റെയും കരിം ലാലയുടെയും നയപരമായ ഇടപെടല്‍ ഒരു വലിയ സംഘര്‍ഷം ഒഴിവാക്കി. ഒടുവില്‍ ഖുറാനില്‍ – തൊട്ട് ഇരുകൂട്ടരും സന്ധിയിലെത്തി. സംഘങ്ങളുടെ നഗരത്തിലെ പ്രവര്‍ത്തന അതിര്‍ത്തി നിശ്ചയിക്കുകയും കാര്യങ്ങളില്‍ വ്യക്ത വരുത്തിയ സമാധാന ഉടമ്പടി നിലവില്‍ വരികയും ചെയ്തു. ഒരിക്കല്‍ കൂടി തന്റെ അധോലോക പദവി വിജയം കണ്ടതില്‍ ഹാജി മസ്താന്‍ സന്തോഷിച്ചു.
കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കള്ളക്കടത്തിലൂടെ ദാവൂദ് സംഘം വന്‍ വളര്‍ച്ച നേടി. സംഘത്തിലെ ബുദ്ധിമാനായ ഖാലിദ് പെഹല്‍വാന്‍ എന്നയാള്‍ സംഘടിതമായ രീതിയില്‍ നവീനാശയങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണ്ണം, വെള്ളി, ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍ എന്നിവ വിജയകരമായി കള്ളക്കടത്ത് നടത്തി. അതിലൂടെ ദാവൂദ് വന്‍ രീതിയില്‍ പണം നേടി. ദുബായില്‍ വരെ അയാള്‍ കള്ളക്കടത്ത് നടത്താന്‍ പിടിവള്ളി നേടി. സമുദ്രം വഴിയുള്ള കള്ളക്കടത്ത് ഉപേക്ഷിച്ച് സമയവും കുറഞ്ഞ അദ്ധ്വാനവുമുള്ള വിമാന മാര്‍ഗം അയാള്‍ തന്റെ ഓപ്പറേഷനുകള്‍ നടത്തി. വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് തുടങ്ങിയതാടെ പതിന്മടങ്ങ് ലാഭം അയാള്‍ക്ക് ലഭിച്ചു. ദാവൂദിന് വേണ്ടി സ്വര്‍ണ്ണം കടത്താന്‍ അസഖ്യം ചെറുപ്പക്കാര്‍ രംഗത്ത് വന്നു. കസ്റ്റംസുകാര്‍ക്കിടയിലും പോലീസിലും മറ്റു ഉദ്യോഗസ്ഥരുടെ ഇടയിലും തന്റെ പണമെറിഞ്ഞ് കൊണ്ട് ഇതിനകം സ്വാധീനമുണ്ടാക്കിയതിനാല്‍ കള്ളക്കടത്ത് സുഗമമായി നടന്നു. ചില എയര്‍പ്പോര്‍ട്ട് ഉദ്യോഗസ്ഥരെ തന്നെ അയാള്‍ വിലയ്‌ക്കെടുത്തു. ദാവൂദിന്റെ ധൈര്യവും ചങ്കുറ്റവും പഹല്‍വാന്റെ ബുദ്ധിയും ചേര്‍ന്നതോടെ ഓപ്പറേഷനുകള്‍ ഒന്നൊന്നായി വിജയം കണ്ടു. കുപ്രസിദ്ധമായ
ഡി കമ്പനിയിലേക്കുള്ള വളര്‍ച്ച ആരംഭിച്ചത് ഇവിടം മുതലായിരുന്നു.
അധികൃതരുടെ ഒത്താശയോടെ ദാവൂദ് സ്വര്‍ണക്കടത്തിന്റെ ഇന്ത്യയിലെ മൊത്തക്കച്ചവടക്കാരനാവുകയായിരുന്നു. ഒരുപാട് ചെറുകിടകടത്തുകാര്‍ രംഗത്ത് ഉണ്ടായാല്‍ റവന്യൂ ഇന്റലിജന്‍സിന് കാര്യങ്ങള്‍ നിയന്ത്രിക്കാനാവുമായിരുന്നില്ല. ഒരേയൊരു കുത്തകക്കടത്തുകാരന്‍ എന്ന ആശയം അധികൃതര്‍ തന്നെ പ്രോത്സാഹിപ്പിച്ചതിന് കാരണം ഇതായിരുന്നു. എണ്‍പതുകളിലെ കാര്യമാണിത്. സ്വര്‍ണക്കടത്തില്‍ ദാവൂദ് കൊള്ളലാഭം കൊയ്തത് എങ്ങനെയെന്ന് പത്രപ്രവര്‍ത്തകനായ പ്രദീപ് ഷിന്‍ഡെ വിവരിക്കുന്നു: ”മുംബൈയിലെ വിപണിയിലേക്കുള്ള മഞ്ഞലോഹത്തിന്റെ വരവ് നിയന്ത്രിക്കുക വഴി അതിന്റെ വില ഉയര്‍ത്താനും താഴ്ത്താനുമുള്ള അവകാശവും അയാള്‍ക്കു കൈവന്നു. ലാളിത്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പ്രക്രിയ. മുംബൈയിലെ സിന്‍ഡിക്കേറ്റുകള്‍ സ്വര്‍ണത്തിന് ഓര്‍ഡര്‍ നല്കിക്കഴിഞ്ഞാല്‍ അത് വിപണിയിലേക്കെത്തിക്കുക കള്ളക്കടത്തുകാരന്റെ ചുമതലയാണ്. വിവാഹ സീസണായ ഏപ്രില്‍-ജൂണ്‍ മാസങ്ങളിലും ഉത്സവകാലമായ ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലുമാണ് വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാരേറുക.
ഇക്കാലത്ത് എത്ര ഉയര്‍ന്ന വിലയാണെങ്കിലും ആളുകള്‍ സ്വര്‍ണം വാങ്ങും. കള്ളക്കടത്തുകാര്‍ക്കു ചാകരയാണ് ഈ കാലയളവ്. എതിരാളികളായ കടത്തുകാരുടെ ചെലവിലായിരിക്കും പലപ്പോഴും കുത്തകകടത്തുകാരന്‍ വിപണിയില്‍ വിലക്കയറ്റമുണ്ടാക്കുക. ദാവൂദ് സമര്‍ത്ഥമായി പ്രയോഗിച്ച തന്ത്രം ഇതുതന്നെയായിരുന്നു. ദുബായില്‍നിന്ന് എതിരാളികള്‍ സ്വര്‍ണം കടത്തുന്ന വിവരം രഹസ്യമായി അധികൃതര്‍ക്ക് അയാള്‍ ചോര്‍ത്തിക്കൊടുക്കും. അഞ്ചു മുതല്‍ പത്തുവരെ കോടി വിലയുള്ള സ്വര്‍ണം രണ്ടോ മൂന്നോ തവണ പിടിയിലാവുന്നതോടെ വിപണിയില്‍ ക്ഷാമമായി. അപ്പോഴേക്കും വില ആകാശത്തോളമുയര്‍ന്നിട്ടുണ്ടാവും. ഈ അവസരം മുതലാക്കി ദാവൂദ് ഇബ്രാഹിം, തന്റെ കൈവശമുള്ള സ്വര്‍ണം വിപണിയിലെത്തിക്കും. പലപ്പോഴും മൂന്നിരട്ടിയോളമായിരിക്കും ലഭിക്കുന്ന ലാഭം. അവരുടെ എതിരാളികള്‍ക്കു കനത്ത നഷ്ടം സംഭവിക്കുമെന്നുമാത്രമല്ല, പലപ്പോഴും അവര്‍ അഴികള്‍ക്കുള്ളിലാവും.
1980 ല്‍ ബോംബെ സാന്താക്രൂസ് വിമാനത്താവളത്തില്‍ നിന്ന് 25 ലക്ഷം രൂപയുടെ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഇന്ത്യന്‍ കസ്റ്റംസ് പിടികൂടി. ഇതില്‍ ഉള്‍പ്പെട്ട ചില എയര്‍പോര്‍ട്ട് ജീവനക്കാരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച ഉത്തരം ഒന്നായിരുന്നു. എല്ലാ പെട്ടികളും ഒരാള്‍ക്കുള്ളതാണ്, ദാവൂദ് ഭായിക്ക് !ഏറെ താമസിയാതെ കോഫോ പോസ അനുസരിച്ച് ദാവൂദിനെ അറസ്റ്റ് ചെയ്തു. അധോലോക നായകന്റെ ആദ്യത്തെ നിയമപരമായ അറസ്റ്റ്. പക്ഷേ, മൂന്നു വര്‍ഷത്തിന് ശേഷം കേസില്‍ നിന്ന് അയാള്‍ വിമുക്തനായി. തെളിവുകളും സാക്ഷികളും പണം എറിഞ്ഞ് ദാവൂദ് അപ്രതീക്ഷമാക്കി. അത്രയ്ക്ക് സ്വാധീനം അയാള്‍ നേടിക്കഴിഞ്ഞിരുന്നു.
ബോംബെ അധോലോകം ചെറുതാവുകയും ദാവൂദ് ഇബ്രാഹിം എന്ന നായകന്‍ വലുതാവുകയും ചെയ്തപ്പോള്‍, സമാന്തരമായി ശത്രുക്കളുടെ എണ്ണം പെരുകി.
തങ്ങളുടെ എതിരാളി രാക്ഷസരൂപം പൂണ്ട് വലുതാകുന്നത് കണ്ട പത്താന്‍ സംഘത്തിന് വിറളി പിടിച്ചു. തങ്ങളും ദാവൂദും വെടിനിറുത്തല്‍ കരാറില്‍ എത്തിയ ശേഷം, ദാവൂദ് വളര്‍ന്ന് പടര്‍ന്നു പന്തലിച്ച് വന്‍ വൃക്ഷമായി. തങ്ങള്‍ നിന്നയിടത്ത് തന്നെ. ദുബായ് കണക്ഷനുകളും മറ്റ് വന്‍ ബന്ധങ്ങളും ഇതിനകം നേടിയ ദാവൂദ് തങ്ങളുടെ പ്രവര്‍ത്തന കേന്ദ്രമായ ഗുജറാത്തില്‍ വരെ കള്ളക്കടത്ത് വഴി പണം വാരുന്നു. ഉടമ്പടി തട്ടിപ്പായിരുന്നുവെന്നും തങ്ങളെ ദാവൂദും സഹോദരനും വിശുദ്ധ ഉടമ്പടി ലംഘിച്ചു എന്നും പത്താന്‍ ഗ്യാംഗ് വിശ്വസിച്ചു. അവരെ തകര്‍ക്കണം. ഒന്നുകില്‍ ദാവൂദ് – അല്ലെങ്കില്‍ ഷബീര്‍ ഒരാള്‍ ഇല്ലാതാകണം. രക്തത്തില്‍ മുണ്ടിയ ഒരു ചേരിപ്പോരിന്റെ തുടക്കം ആരംഭിക്കുകയായിരുന്നു.
അതോടെ, ദാവൂദിന്റെയും സാബീറിന്റെയും നീക്കങ്ങള്‍ പത്താന്‍ ഗ്യാംഗ് നിരീക്ഷിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസ്സ് ഹൗസില്‍ ഷബീര്‍ നിത്യ സന്ദര്‍ശകനാണ് എന്ന് മനസിലാക്കിയ പത്താന്‍ അമിര്‍ സാദ അവിടെ സന്ദര്‍ശിച്ചു. കാര്യങ്ങള്‍ പെട്ടെന്ന് നടന്നു. അമീര്‍ സാദ ചിത്രയുടെ കൂട്ടുകാരി നന്ദയെന്ന യുവതിയുമായി അടുത്തു. ചിത്രയും ഷബീറുമായുള്ള പ്രണയത്തില്‍ കുറച്ച് അസൂയ തോന്നിയിരുന്ന നന്ദയ്ക്ക് തന്നെ പ്രണയിക്കാന്‍ വന്ന ആ സുന്ദരനായ പത്താനെ ഏറെ ഇഷ്ടപ്പെട്ടു. തനിക്കും വന്ന സൗഭാഗ്യമായി ഈ ബന്ധത്തെ അവള്‍ കരുതി. അമീര്‍ സാദ അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതോടെ നന്ദ ആനന്ദസാഗരത്തിലായി.
തന്റെ പഴയ ശത്രു, എതിരാളി നന്ദയുമായി അടുത്തതും അമീര്‍ അവിടെ സ്ഥിരമായി സന്ദര്‍ശിക്കുന്നതും ഷബീര്‍ പെട്ടെന്ന് തന്നെ മനസിലാക്കി. പക്ഷേ, അയാള്‍ അത് കാര്യമായി എടുത്തില്ല. കഴിഞ്ഞ കാര്യങ്ങളായി അയാള്‍ അതൊക്കെ തള്ളി. അമീര്‍ സാദയാകട്ടെ നന്ദ വഴി ഷബീറിന്റെ കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞു കൊണ്ടിരുന്നു. പറ്റിയ അവസരത്തിന് അയാള്‍ കാത്തിരുന്നു. ഒടുവില്‍ അത് വന്നെത്തി.
1981 ഫെബ്രുവരി 12 ന് രാത്രി അമീര്‍ നന്ദയെ ഫോണില്‍ വിളിച്ച് ഇന്ന് രാത്രി തന്റെ കൂടെ കഴിയണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ സന്തോഷമടക്കാന്‍ കഴിയാതെ ആ യുവതി ഫോണിലൂടെ നടത്തിയ പ്രേമ സംഭാഷണങ്ങള്‍ക്കിടയില്‍, ഈ രാത്രി തങ്ങള്‍ പോകുന്ന പോലെ കുട്ടുകാരി ചിത്രയും അവളുടെ കാമുകന്‍ ഷബീറും പുറത്ത് പോകുന്നുണ്ടെന്ന് അമീര്‍ സാദയോട് അവള്‍ പറഞ്ഞു. നിര്‍ണ്ണായകമായ ആ വിവരം ലഭിച്ച ഉടന്‍ അമീര്‍ സാദ ഫോണ്‍ വെച്ചു. ഒടുവില്‍ തങ്ങള്‍ കാത്തിരുന്ന, പറ്റിയ അവസരം മുന്നിലെത്തി.
ഉടനെ പത്താന്‍മാര്‍ സമ്മേളിച്ചു. അമീര്‍ സാദ, ആലം സേബ് തുടങ്ങിയ പത്താന്‍ സംഘത്തിലെ പ്രമുഖര്‍ ആക്രമണത്തിനായി ആയുധമെടുത്ത് ചോരക്കളിക്ക് തയ്യാറായി. കൂട്ടത്തിലുണ്ടായിരുന്ന മന്യ സുര്‍വ്വേ പ്ലാന്‍ തയ്യാറാക്കി. ജെയിംസ് ഹാഡ്ലി ചേസ് അപസര്‍പ്പക നോവലുകളുടെ ആരാധകനായ മന്യ നോവലുകളില്‍ നിന്ന് തനിക്ക് ലഭിച്ച ആശയങ്ങളില്‍ നിന്ന് കടമെടുത്ത് ഒരു ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തു. പൂക്കള്‍ കൊണ്ട് അലങ്കരിച്ച ഒരു കാറില്‍ പോയി വേണം തങ്ങളുടെ ശത്രുവിനെ കാലപുരിക്കയക്കാന്‍. അത്തരമൊരു കാറാകുമ്പോള്‍ ആര്‍ക്കും സംശയം തോന്നില്ല.
അതാണ് ഈ നിഷ്ഠൂരമായ കൊലപാതത്തിന്റെ പിന്നിലുള്ള കഥ. ഷബീര്‍ റിയര്‍ വ്യൂ കണ്ണാടിയിലൂടെ കണ്ട, അസാധാരണമായ പൂക്കള്‍ കൊണ്ട് അലങ്കരിച്ച ആ കാറില്‍ അവര്‍ അയാളെ പിന്‍തുടര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. അതോടെ, പക അത് തീര്‍ക്കാനുള്ളതാണെന്ന അലിഖിത നിയമവാഴ്ച ബോംബെ അധോലോകത്തില്‍ നിലവില്‍ വന്നു. തെരുവുകളില്‍ പട്ടാപ്പകല്‍ ചോരപ്പുഴകള്‍ രൂപംകൊള്ളാന്‍ തുടങ്ങി.
1981 ഫെബ്രുവരിയില്‍ ഷബീര്‍ മരിക്കുമ്പോള്‍, ദാവൂദ് ഒരു ചെറിയ ഗുണ്ടാസംഘത്തിലെ പ്രുമുഖന്‍ മാത്രമായിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ഇന്ത്യയുടെ ‘അല്‍ കപോണ്‍’ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. ഈ പ്രതിച്ഛായാ മാറ്റം എങ്ങനെയാണ് സംഭവിച്ചത്? ആ അപ്രധാന ഗുണ്ട എങ്ങനെയാണ് ഒരു പ്രധാന ക്രിമിനല്‍ വ്യക്തിയായി കണക്കാക്കപ്പെട്ടത്? പരിവര്‍ത്തനത്തിന് കാരണമായ ഒരു ഘടകം തുടര്‍ന്ന് നടന്ന പകപോക്കലുകളിലൂടെയാണ്.
ഷബീറിന്റെ പൂക്കളാല്‍ അലങ്കരിച്ച ശവപ്പെട്ടി താമസസ്ഥലമായ മുസാഫിര്‍ഖാനയില്‍ കൊണ്ടുവന്നപ്പോള്‍ ദാവൂദ് ആകെ തകര്‍ന്നുപോയി. സഹോദരന്റെ അഭാവം സൃഷ്ടിച്ചത് തന്റെ നിലനില്‍പ്പ് ഇല്ലാതാകലാണെന്ന ചിന്തകളേക്കാള്‍, സബീറിന്റെ മരണത്തിന്റെ ദുഃഖമാണ് അയാളെ പിടികൂടിയത്. സഹോദരന്റെ മരണവുമായി പൊരുത്തപ്പെടാന്‍ അയാള്‍ പാടുപെട്ടു. ദുഃഖം തളംകെട്ടിയ മുസാഫിര്‍ഖാനയിലെ വസതിയില്‍, അമ്മയുടേയും നാല് സഹോദരിമാരുടേയും അലമുറകള്‍ ഉയരുന്നത് കേട്ട് തരിച്ച് ദാവൂദ് നിന്നു.
വലിയ ജനക്കുട്ടം അനുഗമിച്ച സഹോദരന്റെ വിലപയാത്ര അവിടെ നടന്നു. സമീപത്തെ കടകളെല്ലാം അടഞ്ഞുകിടന്നു. അതുപക്ഷേ, പരേതനോടുള്ള ബഹുമാനം കൊണ്ടായിരുന്നില്ല മറിച്ച്, ക്രമസമാധാന നില തകരുമോയെന്ന് ഭയന്നായിരുന്നു. കൊല്ലപ്പെട്ടത് ഒരു അധോലോക നായകന്റെ സഹോദരനാണ്. തീര്‍ച്ചയായും അതിന്റെ പ്രത്യാഘാതം ഉടനെ ഉണ്ടാകുമെന്നതിനാല്‍ തെരുവില്‍ അധികൃതര്‍ പോലീസ് സേനയെ വിന്യസിച്ചു.
സഹോദരന്റെ ശവസംസ്‌കാരം കഴിഞ്ഞശേഷം ദാവൂദ് തന്റെ സമനില വീണ്ടെടുത്തു. ഇതിനകം സബീറിന്റെ കൊലയ്ക്ക് പിന്നിലാരാണെന്ന് അയാള്‍ അറിഞ്ഞു കഴിഞ്ഞിരുന്നു. പത്താന്‍ സംഘത്തിനോടുള്ള പക കനലായി അയാളുടെ മനസ്സില്‍ ജ്വലിക്കാന്‍ തുടങ്ങി. പിന്നീടുള്ള നാളുകളില്‍ അത് മാത്രമായിരുന്നു ദാവൂദിന്റെ ചിന്ത. പ്രതികാരം മാത്രമല്ല, ഷബീറിന്റെ മരണത്തിനുള്ള പകരംവീട്ടല്‍ മാത്രമല്ല. നിശ്ചയമായും ലോകത്തിനു ഒരു സന്ദേശം നല്കുകയും വേണം. ദാവൂദ് വെല്ലുവിളിക്കപ്പെടാന്‍ പാടില്ലാത്തവനാണെന്ന് അധോലോകമറിയണം.
ദാവൂദ് വികാരാധീനനായതിനാല്‍ പ്രതികാരത്തിന്റെ പാതയിലേക്ക് നീങ്ങുകയായിരുന്നു. ‘ഷബീറിനോട് എനിക്ക് അതിയായ അടുപ്പമുണ്ടായിരുന്നു. ഞാന്‍ അവനെ വളരെ സ്‌നേഹിച്ചിരുന്നു,’ വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അവര്‍ എന്നെ വെറുതെ വിട്ടില്ല. അതിനാല്‍ ഞാന്‍ അവരെയും വെറുതെ വിടാന്‍ ഉദേശിച്ചില്ല.’ മനസ്സില്‍ കണക്കുകൂട്ടി, ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങളായിരുന്നു അയാളുടേത്.
പോലീസ് അമീര്‍ സാദയെ പിടിക്കും മുന്‍പ് അയാളെ വകവരുത്തണമെന്ന് ദാവൂദ് നിശ്ചയിച്ചു. നേരിട്ട് ചെയ്യാതെ വാടക കൊലയാളി വഴി അവനെ കൊല്ലുക. അങ്ങനെയായാല്‍ കുറ്റത്തില്‍ തനിക്ക് നേരിട്ട് പങ്ക് വരില്ല. തല്‍ക്കാലം പോലിസിന്റെ നോട്ടപ്പുള്ളിയാകാന്‍ ദാവൂദ് തയ്യാറായിരുന്നില്ല. വളരുന്ന തന്റെ സാമ്രാജ്യത്തിലെ ഏക അവകാശിക് അയാള്‍ ദീര്‍ഘവീക്ഷത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയായിരുന്നു.
അമീര്‍ സാദയെ കൊല്ലാനുള്ള ദൗത്യം എത്തിച്ചേര്‍ന്നത് മലയാളിയായ രാജന്‍ നായരിലായിരുന്നു. മലയാളിയായ രാജന്‍ നായര്‍ ആദ്യകാലത്ത് ഒരു റെഡിമെയ്ഡ് കമ്പനിയില്‍ തുന്നല്‍ക്കാരനായിരുന്നു. ഒരു മോഷണക്കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച് പുറത്തുവന്ന രാജന്‍ നായര്‍ ഘട്‌കോപറില്‍ ‘ഗോള്‍ഡന്‍ ഗാങ്’ എന്ന സംഘം രൂപീകരിച്ചു. ഘട്‌കോപാര്‍, ചെംബരൂര്‍, വിക്രോളി, മന്‍കുര്‍ഡ്, ബനൂപ് തുടങ്ങിയ ബോംബെയിലെ വടക്കു-കിഴക്കന്‍ പ്രദേശങ്ങളില്‍ ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കച്ചവടക്കാര്‍, റെസ്റ്റാറന്റ് ഉടമകള്‍, ടാക്സി ഡ്രൈവര്‍മാര്‍, റിക്ഷാ ഡ്രൈവര്‍മാര്‍ തുടങ്ങിയവരില്‍നിന്ന് പണം പിടിച്ചുപറിക്കലായിരുന്നു പ്രധാന പണി. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജന്‍ പ്രബലനായിത്തീര്‍ന്നു. ഗോള്‍ഡന്‍ ഗാങ് ശക്തമായി. എഴുപതുകളുടെ മധ്യത്തില്‍ വടക്കുകിഴക്കന്‍ ബോംബെയിലെ ചെമ്പൂരിലെ തിലക് നഗറില്‍ ചെറുകിട കുറ്റവാളികളുടെയും തൊഴിലില്ലാത്ത യുവാക്കളുടെയും നേതാവായി വാഴുകയായിരുന്നു അയാള്‍. ബഡാ രാജന്‍ എന്നറിയപ്പെട്ട രാജന്‍ നായര്‍ പെട്ടെന്ന് പ്രാദേശിക ദാദയായി ഉയര്‍ന്നുവന്ന ആളാണ്. അതേ നഗരപ്രാന്തത്തിലെ ബ്ലാക്ക്മാര്‍ക്കറ്റ് റാക്കറ്റിനെ നിയന്ത്രിച്ചത് പിന്നീട് രാജനായിരുന്നു. ഘാട്കോപ്പറിലെ ഒഡിയോണ്‍ പോലുള്ള അടുത്തുള്ള സിനിമാശാലകളിലേക്ക് തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചപ്പോള്‍, അവിടത്തെ പ്രാദേശിക ദാദാകളുമായി അയാള്‍ ഏറ്റുമുട്ടി.
താമസിയാതെ അബ്ദുല്‍ കുഞ്ഞെന്നൊരാള്‍ ഈ സംഘത്തില്‍ ചേര്‍ന്നു. അയാള്‍ രാജന്റെ വളരെ വിശ്വസ്തനായി മാറി. എല്ലാ കാര്യത്തിലും രാജന്‍ കുഞ്ഞിനെ ആശ്രയിക്കാന്‍ തുടങ്ങി. പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ കുഞ്ഞ് രാജനേക്കാള്‍ മുന്നിലായിരുന്നു. പക്ഷേ, പിന്നീട് രാജനുമായി അയാള്‍ തെറ്റി. അബ്ദുള്‍ കുഞ്ഞ് തിലക് നഗറിലെ ഷെന്‍ കോളനിയില്‍ സ്വന്തമായി ഒരു സബ് ഗ്യാങ് രൂപീകരിച്ചു. താമസിയാതെ ശക്തനായിത്തീര്‍ന്ന അയാള്‍ മുന്‍ നേതാവായ രാജനെപ്പോലും വെല്ലുവിളിച്ചു. ദാവൂദിന്റെ ആവശ്യപ്രകാരം രാജന്‍ നായര്‍ പര്‍ദേശിയെന്നൊരു ചെറുപ്പക്കാരനെ കണ്ടെത്തി അമീര്‍ സാദയെ വധിക്കാന്‍ നിയോഗിച്ചു. ഷബീറിനെ കൊന്നതിന് ഇതിനകം പോലീസ് അമീര്‍ സാദയെ അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത ആരോരുമില്ലത്ത ഒരാളായിരുന്നു പര്‍ദേശി.
1983 സെപ്റ്റംബര്‍ 6 ന് സെഷന്‍സ് കോടതി മുറിയില്‍ രാവിലെ 11.30 ആയിരുന്നു സമയം. വെള്ള ടീ-ഷര്‍ട്ടും നീല ട്രൗസറും ധരിച്ച തടിച്ച അമീര്‍സാദ, തിരക്കേറിയ കോടതിക്കുള്ളിലെ തടവുകാരന്റെ സ്ഥാനത്ത് നില്‍ക്കുകയായിരുന്നു. ജാഫര്‍ ജമാല്‍ സിദ്ദിഖ് എന്ന സഹായിയും അയാളുടെ കൂടെ ഉണ്ടായിരുന്നു. സെഷന്‍സ് ജഡ്ജി എസ്.വി. ജോഷി നടപടികള്‍ ആരംഭിക്കുന്നതിനായി അഭിഭാഷകര്‍ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരാള്‍ പോലീസ് വലയം മറികടന്ന് കോടതിയിലേക്ക് പ്രവേശിച്ചത്. മെലിഞ്ഞ ആ യുവാവ് ഏകദേശം 15 ചുവടുകള്‍ മുന്നോട്ട് നടന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഐസക് ഭഗവനെ മറികടന്ന് വേഗത്തില്‍ നീങ്ങി.
പെട്ടെന്ന്, ആ യുവാവ് 180 ഡിഗ്രി തിരിഞ്ഞ് തന്റെ ഷര്‍ട്ടിനടിയില്‍ നിന്ന് .38 കാലിബര്‍ റിവോള്‍വര്‍ പുറത്തെടുത്ത് അമിര്‍സാദയ്ക്ക് നേരെ വെടിയുതിര്‍ത്തു. നെഞ്ചിലും വയറിലും കഴുത്തിന്റെ മുകള്‍ ഭാഗത്തുമായി മൂന്ന് വെടിയുണ്ടകള്‍ ഏറ്റ അമിര്‍സാദ രക്തത്തില്‍ കുളിച്ച് തല്‍ക്ഷണം വീണ് മൃതിയടഞ്ഞു. കോടതി മുറി ആകെ പ്രക്ഷുബ്ധമായി. ആളുകള്‍ ബഹളം വെച്ചു കൊണ്ട് കോടതിമുറിയില്‍ നിന്ന് ഓടി. കൊലയാളി ജനക്കൂട്ടത്തെ മറികടന്ന് ജനാലയിലേക്ക് നീങ്ങുകയായിരുന്നു. അയാള്‍ ഒന്നാം നിലയില്‍ നിന്ന് ചാടാന്‍ ശ്രമിക്കവെ ഇന്‍സ്‌പെക്ടര്‍ ബാഗ്വാന്‍ പെട്ടെന്ന് തന്റെ .38 സര്‍വീസ് റിവോള്‍വറില്‍ നിന്ന് വെടിയുതിര്‍ത്തു. വെടിയുണ്ട കൊലയാളിയുടെ വലതു തുടയില്‍ തുളച്ചുകയറി. താമസിയാതെ അയാള്‍ അവിടെ വീണു.
അമീര്‍സാദയെ വെടി വെച്ച് ജനലില്‍ കൂടി ചാടി രക്ഷപ്പെടാനാണ് രാജന്‍ നായര്‍ അയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. രക്ഷപ്പെടാന്‍ താഴെ ജീപ്പുമായി രാജന്‍ നായരുടെ സംഘത്തിലുള്ളവര്‍ കാത്ത് നിന്നിരുന്നു. എന്നാല്‍ പര്‍ദേശിക്ക് വെടിയേറ്റു അയാള്‍ മരിച്ചെന്ന് കരുതി താഴെ നിന്നവര്‍ സ്ഥലം വിട്ടു. പോകുന്നതിന് മുന്‍പ് തങ്ങളുടെ ലക്ഷ്യം നിറവേറ്റിയത് അവര്‍ കണ്ടു ഉറപ്പു വരുത്തിയിരുന്നു. ചോരയ്ക്ക് ചോര എന്ന അധോലോക പ്രമാണം അങ്ങനെ ദാവൂദ് നടപ്പിലാക്കി. വെടിയേറ്റെങ്കിലും പര്‍ദേശി ജീവനോടെ രക്ഷപ്പെട്ടു. പിന്നീട് അയാള്‍ പോലീസ് സാക്ഷിയായി മാറി. ദാവൂദിനും രാജന്‍ നായര്‍ക്കെതിര തെളവ് നല്‍കി. അതോടെ അമീര്‍ സാദയുടെ കൊലയ്ക്ക് പിന്നില്‍ ദാവൂദും, രാജന്‍ നായരുമാണെന്ന് പുറത്ത് വന്നു.
പക, അത് വീട്ടാനുള്ളതാണെന്ന ചൊല്ല് ബോംബെ അധോലോകത്തില്‍ എന്നും നടപ്പിലായിട്ടുണ്ട്. ഒരു സാധാരണക്കാരന്‍ തോക്കുമായി കോടതി മുറിയില്‍ അമീര്‍ സാദയെ വെടിവെച്ച് കൊല്ലുക എന്നത് പത്താന്‍ സംഘത്തിന് ചിന്തിക്കാന്‍ പോലും സാധിച്ചില്ല. ദാവൂദ് സംഘത്തിന്റെ ക്വട്ടേഷനാണ് എന്നാണ് അവര്‍ കരുതിയെങ്കിലും, പരദേശിയെന്ന അജ്ഞാതനെ ഏര്‍പ്പാടാക്കിയത് ഒരു ചെറുകിട ഗുണ്ടയായ രാജന്‍ നായരാണെന്ന് അറിഞ്ഞപ്പോള്‍ അവരുടെ സമനില നഷ്ടപ്പെട്ടു. പക ആളിക്കത്തി. അമീര്‍ സാദയുടെ മരണത്തിന് പകവീട്ടാനായി ഉടനെ അവര്‍ ഒരുങ്ങിയെങ്കിലും പത്താന്‍ സംഘത്തിന്റെ തല തൊട്ടപ്പനായ കരിം ലാല അത് തടഞ്ഞു. പോലീസിന്റെ ശ്രദ്ധ മുഴുവനും തങ്ങളിലാണ്. അതിനാല്‍ അത് അപകടമാണ്. പകരം മറ്റൊരു വഴി ദാവൂദ് ഏര്‍പ്പാടാക്കിയവനെ കൊല്ലാന്‍ തങ്ങളും മറ്റൊരാളെ ഏര്‍പ്പാടാക്കുക.
അത് വേഗത്തില്‍ നടന്നു. രാജന്‍ നായരുടെ പഴയ കിങ്കരനും പിന്നീട് ആ ജന്മശത്രുവായി മാറിയ അബ്ദുള്‍ കുഞ്ഞിനെ ഏല്‍പ്പിക്കുക. അത് ഉറപ്പിച്ചു. തന്റെ ബന്ധശത്രുവിനെ വക വരുത്താന്‍ അവസരം നോക്കിയിരുന്ന അബ്ദുള്‍ കുഞ്ഞിന് പ്രബലരായ പത്താന്‍കാരുടെ പിന്‍തുണ കിട്ടിയതാടെ അയാള്‍ പദ്ധതിയൊരുക്കി.
ബുദ്ധിമാനായ അബ്ദുള്‍ കുഞ്ഞ് ആ ജോലി സ്വയം ചെയ്യാതെ മറ്റൊരാളെ ഏല്‍പ്പിച്ചു. പോലീസിന്റെ പിടിയില്‍ പെടാന്‍ 100 ശതമാനം സാധ്യതയുള്ള പണിയാണ് അത്. അയാള്‍ രാജന്‍ നായരെ കഠിനമായി വെറുത്ത ഒരു ശത്രുവിനെ കണ്ടെത്തി. രാജന്‍ നായര്‍ക്ക് ‘ഹാഫ്ത’ യായി (ഗുണ്ടാ പിരിവ്) കൊടുക്കുന്ന ഒരു ഓട്ടോ റിക്ഷക്കാരനായ ചന്ദ്രകാന്ത് സഫലിക എന്നൊരാളായിരുന്നു അത്. അയാളുടെ സഹോദരിയെ രാജന്‍ നായരുടെ സംഘത്തിലെ ഒരാള്‍ നിരന്തരം ശല്യം ചെയ്ത് അപമാനിച്ചിരുന്നു. നിസ്സഹായനായ അയാള്‍ ഒന്നും ചെയ്യാനാവാതെ അമര്‍ഷം കടിച്ചമര്‍ത്തി കഴിയുകയായിരുന്നു.
കോടതിയില്‍ വെച്ച് തന്നെ കണക്കുതീര്‍ക്കാന്‍ അബ്ദുള്‍ കുഞ്ഞ് തീരുമാനിച്ചു. പക്ഷേ, ഇത്തവണ കാര്യങ്ങള്‍ ഏളപ്പമല്ലായിരുന്നു. അമീര്‍ സാദയെ കോടതിമുറിയില്‍ വെടിവെച്ച് കൊന്ന സംഭവം സര്‍ക്കാരിനും മൊത്തം ബോംബൈ പോലീസ് സേനയ്ക്കും നാണക്കേടുണ്ടാക്കി. പത്രങ്ങള്‍ പോലീസ് സേനയുടെ നിഷ്‌ക്രിയത്വത്തില്‍ അവര കൊന്നു കൊലവിളിച്ചു. വിമര്‍ശനങ്ങളില്‍ സഹികെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ആന്തുലെ ആഭ്യന്തര വകുപ്പിന് ശക്തമായ താക്കീത് നല്‍കി. അതിനാല്‍ പോലീസ് സേന അത്യന്തം ജാഗ്രതയിലായിരുന്നു. അമീര്‍ സാദ കൊല്ലപ്പെട്ട് 24 നാളുകള്‍ക്ക് ശേഷം 1983 സെപ്റ്റബര്‍ 30 ന് റിമാന്റില്‍ കഴിയുന്ന പ്രതി രാജന്‍ നായരെ കോടതി വിചാരണയ്ക്ക് ഹാജരാക്കി. കോടതി മുറിയില്‍ പോലീസ് അങ്ങേയറ്റം ജാഗ്രത പാലിച്ചു. ഒരു പഴുതും ആര്‍ക്കും കൊടുക്കാത്ത വിധം അവര്‍ അണിനിരന്നു.
കോടതി മുറിയില്‍ ആകെ സംഭ്രമമായിരുന്നു. എപ്പോള്‍ എന്ത് നടക്കുമെന്ന ഭീതിയില്‍ എല്ലാവരും അസ്വസ്ഥരായി. പക്ഷേ, പിരിയും വരെ കോടതിയില്‍ ഒന്നും സംഭവിച്ചില്ല. പിരിമുറുക്കങ്ങള്‍ ഇല്ലാതായി. സാവധാനത്തില്‍ രാജന്‍ നായരെ പോലീസ് ജീപ്പില്‍ കയറ്റുന്നത് കോടതി വളപ്പില്‍ എല്ലാവരും നോക്കി നില്‍ക്കെ ഒരു നേവല്‍ ഓഫീസര്‍ ജീപ്പില്‍ കയറാന്‍ നില്‍ക്കുന്ന പോലീസ് സംഘത്തിനും രാജന്‍ നായര്‍ക്കും അടുത്തെത്തി. നേവല്‍ യൂണിഫോമിലായതിനാല്‍ പോലീസ് നടന്നു വരുന്നയാളിനെ സംശയിച്ചില്ല. അടുത്തെത്തിയ അയാള്‍ തോക്കെടുത്ത് രാജന്‍ നായര്‍ക്ക് നേരെ നാല് തവണ വെടിവെച്ചു. പോലീസിന് ഒന്നും ചെയ്യാനായില്ല. നെറ്റിയിലും, നെഞ്ചിലും, മുഖത്തും വെടിയേറ്റ രാജന്‍ നായര്‍ അവിടെ വീണു മരിച്ചു. വെടി വെച്ചയാള്‍ തോക്ക് താഴെയിട്ടു ഒന്നും സംഭവിക്കാത്ത പോലെ നിന്നു. രക്ഷപ്പെടാന്‍ ഒരു ശ്രമവും അയാള്‍ നടത്തിയില്ല. അത് ചന്ദ്രശേഖര്‍ സഫാലിയയായിരുന്നു. കാശിന് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുത്ത ഒരു സാദാ ഓട്ടോറിക്ഷാ തൊഴിലാളി.
ചോരയ്ക്ക് ചോര എന്ന പ്രക്രിയ തുടര്‍ന്നു. ഷബീര്‍ മുഹമ്മദിന്റെ കൊലപാതകം ബോംബെ കൊലപാതക പരമ്പരകള്‍ക്ക് തുടക്കമിട്ടു. അധോലോക നായകന്മാരുടെ നീതി നടപ്പിലാക്കല്‍ ആസൂത്രിതമായ കൊലപാതങ്ങളില്‍ അധിഷ്ഠിതമായ ഒരു കലയായി മാറി. ഉന്നം പിഴക്കാതെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ മുതല്‍ സഫാലിയെപ്പോലെ സാദാ ഓട്ടോ ഡ്രൈവര്‍മാര്‍ വരെ ഈ കൊലപാതകങ്ങളില്‍ പങ്കെടുത്തു.
കഥ തുടര്‍ന്നുകൊണ്ടിരുന്നു. രാജന്‍ നായരുടെ വധം മറ്റൊരു രാജന്റെ ഉദയത്തിന് കാരണമായി. ബഡാരാജന്റെ ശിഷ്യന്‍ ചോട്ടാ രാജന്‍ രംഗത്ത് വന്നു. ‘തന്റെ ഗുരുവിനെ വകവരുത്തിയ അബ്ദുള്‍ കുഞ്ഞിനെ അയാള്‍ വിടാതെ പിന്‍തുടര്‍ന്നു. മൂന്ന് വര്‍ഷത്തോളം അയാളെ വധിക്കാന്‍ അനേകംശ്രമങ്ങള്‍ നടന്നു. അബ്ദുള്‍ കുഞ്ഞ് ഓരോ തവണയും രക്ഷപ്പെട്ടു. ഒടുവില്‍ ചെമ്പൂരിലെ ഒരു ക്രിക്കറ്റ് മൈതാനത്ത് വെച്ച് അബ്ദുള്‍ കുഞ്ഞിനെ ചോട്ടാ രാജന്റെ ആളുകള്‍ വെട്ടിനുറുക്കി.
അധോലോകത്തിന്റെ പക ഒരിക്കലും ഇല്ലാതാകില്ല. ഓരോ നിഷ്ഠൂരമായ വധത്തിനും ഓരോ കഥകള്‍ പറയാനുണ്ടാവും. അത് വഞ്ചനയുടേതോ, ചതിയുടേയോ കഥകളാവാം – ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഉടമ തക്കിയുദ്ദീന്‍ അബ്ദുള്‍ വാഹിദ്, കാസെറ്റ് രാജാവായ ഗുല്‍ഷന്‍കുമാര്‍ എന്നീ പ്രശസ്തരൊക്കെ അധോലോക നായകന്മാരുടെ പകയുടെയും, ലാഭനഷ്ടങ്ങളുടേയും ഇരകളായി ക്രൂരമായി കൊല്ലപ്പെട്ടവരാണ്. ബോംബെ അധോലോകത്തെ യഥാര്‍ത്ഥ വസ്തുതകള്‍ എന്താണെന്ന് ഒരു കാലത്ത് ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷേ ഒരു കാര്യം ഉറപ്പാണ്: ദാവൂദ് ഇബ്രാഹിമിന്റെ ശത്രുക്കള്‍ ഒന്നിനുപുറകെ ഒന്നായി നിഗൂഢമായി അപ്രത്യക്ഷരായിക്കൊണ്ടിരുന്നു. അധോലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ഇന്‍ഷുറന്‍സ് മാത്രമേയുള്ളൂ. ദാവൂദ് ഇബ്രാഹിം, അവനോട് കൂറ് പുലര്‍ത്തുക. ചോദ്യം ചെയ്യപ്പെടാത്തതുമായ കൂറ്.
ഒരു കാലത്ത് എല്ലാവരും ഭയപ്പെട്ട ദാവൂദ് ഇബ്രാഹിമിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ഇതിനകം എഴുതപ്പെട്ട പുസ്തകങ്ങളിലോ സിനിമകളിലോ ഒതുങ്ങുന്നില്ല. ഇപ്പോള്‍ പാക്കിസ്ഥാനില്‍ രഹസ്യ ജീവിതം നയിക്കുന്ന അയാള്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ ശത്രുവുമാണ്. 1930 കളില്‍ അമേരിക്കന്‍ മാഫിയ രാജാവ് അല്‍ കപ്പോണിന്റെ വാഴ്ച്ചയ്ക്ക് അന്ത്യം കുറിച്ച ട്രഷറി ഏജസ്‌റ് എലിയറ്റ് നെസ്സിനെ കുറിച്ചുള്ള സിനിമ ”The Untouchables’ (1987) എന്ന സിനിമയില്‍ ന്യൂയോര്‍ക്കിലെ പോലീസ് സേനയിലുള്ള മാലോണ്‍ ഒരു കപ്പോണിന്റെ ഒരു താവളം റെയ്ഡ് ചെയ്യാനായി പോകുമ്പോള്‍ നെസ്സിനോട് ന്യൂ യോര്‍ക്കിലെ കപ്പോണിന്റെ അധോലോക സാമ്രാജ്യത്തെ കുറിച്ച് പറയുന്നുണ്ട്. ‘അപകടരമായ ലോകത്തേക്കാണ് നിങ്ങള്‍ കാല് വെയ്ക്കുന്നത്. അവിടെ ഒരിക്കല്‍ കാല് കുത്തിയാല്‍ പിന്നെ തിരിച്ചു പോക്കില്ല’. ബോംബെ അധോലോകത്തിലും, എല്ലാ കാലത്തും ഇത് പാലിക്കപ്പെടുന്നു.
Content Summary: The rise and reign of Dawood Ibrahim: inside the bloody history of the Bombay underworld
This post was last modified on March 20, 2026 2:18 pm
Leave a Comment