June 04, 2026 |
Share on

ചൂട് പിടിച്ച് തമിഴ് രാഷ്ട്രീയം: ആറ് സീറ്റില്ലെങ്കില്‍ ഒറ്റയ്‌ക്കെന്ന് സിപിഎം; അനുനയ നീക്കവുമായി സ്റ്റാലിന്‍

ഡിഎംകെയുടെ അസ്ഥിരത മുതലെടുക്കാന്‍ അണ്ണാ ഡിഎംകെയും ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സില്‍ (SPA) സീറ്റ് വിഭജന ചര്‍ച്ചകള്‍ പ്രതിസന്ധിയിലേക്ക്. സഖ്യകക്ഷികളായ സിപിഐ എമ്മും വിസികെയും തങ്ങളുടെ സീറ്റുകളുടെ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതാണ് സഖ്യത്തെ അസ്ഥിരമാക്കുന്നത്. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്ത കക്ഷികളെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കടുത്ത നിലപാടില്‍ സിപിഎം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആറ് സീറ്റുകളില്‍ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്ന നിലപാടിലാണ് സിപിഐഎം. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍, ആറ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വിവരം ഡിഎംകെ നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ഒരു സംസ്ഥാന കമ്മിറ്റി അംഗം വെളിപ്പെടുത്തിയതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിസികെയെ അനുനയിപ്പിക്കാന്‍ സ്റ്റാലിന്‍

സഖ്യത്തിലെ മറ്റൊരു പ്രധാന കക്ഷിയായ വിടുതലൈ ചിരുതൈഗല്‍ കക്ഷിയുമായി സ്റ്റാലിന്‍ രണ്ടാമതും കൂടിക്കാഴ്ച നടത്തി. വിസികെയുടെ വര്‍ദ്ധിച്ചുവരുന്ന വോട്ട് വിഹിതവും സംസ്ഥാന പാര്‍ട്ടി പദവിയും പരിഗണിച്ച് എട്ട് സീറ്റുകള്‍ അവര്‍ക്ക് നല്‍കാമെന്ന് ഡിഎംകെ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, സിപിഎമ്മിനെ സഖ്യത്തില്‍ നിലനിര്‍ത്താന്‍ വിസികെയ്ക്ക് നല്‍കിയ വാഗ്ദാനത്തില്‍ നിന്ന് ഒരു സീറ്റ് കുറയ്ക്കാന്‍ സ്റ്റാലിന്‍ തിരുമാവളവനോട് അഭ്യര്‍ത്ഥിച്ചു. ഈ ഒരു സീറ്റ് സിപിഎമ്മിന് നല്‍കി അവരെ തൃപ്തിപ്പെടുത്താനാണ് ഡിഎംകെയുടെ നീക്കം. എന്നാല്‍, വിസികെ ഇപ്പോള്‍ ഒരു അംഗീകൃത സംസ്ഥാന പാര്‍ട്ടിയാണ്. അതുകൊണ്ട് തന്നെ സ്വന്തം ചിഹ്നത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുക എന്നത് അവരുടെ അഭിമാനപ്രശ്‌നമാണ്.

കമല്‍ഹാസനും ‘ടോര്‍ച്ച് ലൈറ്റും’

നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം (MNM) സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ചിഹ്നത്തിന്റെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നു. ഡിഎംകെയുടെ ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം എംഎന്‍എം തള്ളി. പാര്‍ട്ടിയുടെ സ്വത്വം നിലനിര്‍ത്താന്‍ സ്വന്തം ചിഹ്നമായ ‘ടോര്‍ച്ച് ലൈറ്റില്‍’ തന്നെ മത്സരിക്കുമെന്ന് എംഎന്‍എം ജനറല്‍ സെക്രട്ടറി അരുണാചലം വ്യക്തമാക്കി. രണ്ട് സീറ്റുകളാണ് നിലവില്‍ ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസിനെതിരെ അതൃപ്തി

സഖ്യത്തിനുള്ളിലെ ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസിന്റെ അമിതമായ സീറ്റ് മോഹമാണെന്ന് ഒരു മുതിര്‍ന്ന ഡിഎംകെ നേതാവ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നെങ്കില്‍ ചര്‍ച്ചകള്‍ സുഗമമാകുമായിരുന്നു എന്നാണ് ഡിഎംകെയുടെ പക്ഷം. എന്നാല്‍, പണ്ട് 100 സീറ്റുകളില്‍ മത്സരിച്ചിരുന്ന തങ്ങള്‍ ഇപ്പോള്‍ 28 സീറ്റുകളിലേക്ക് ചുരുങ്ങിയെന്നും, മറ്റ് കക്ഷികള്‍ തങ്ങളുടെ അവസ്ഥ മനസ്സിലാക്കണമെന്നുമാണ് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സെല്‍വപെരുന്തഗൈയുടെ മറുപടി.

ഡിഎംകെ സഖ്യത്തിലെ ഈ അസ്ഥിരത മുതലെടുക്കാന്‍ അണ്ണാ ഡിഎംകെയും ബിജെപിയും ശ്രമിക്കുന്നുണ്ട്. സഖ്യം വിട്ടുവരുന്നവര്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന സൂചനകള്‍ പ്രതിപക്ഷം നല്‍കുന്നു. അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പായതിനാല്‍, ചെറിയ സഖ്യകക്ഷികളെ പിണക്കുന്നത് വോട്ട് ചോര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഡിഎംകെ ഭയപ്പെടുന്നു.

ഇതിനെല്ലാം പുറമെയാണ് തമിഴ്‌നാടിന്റെ ദ്രാവിഡ മണ്ണില്‍ മാറ്റം കൊണ്ടുവരാന്‍ നടന്‍ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകത്തിന്റെ നിര്‍ണായ നീക്കങ്ങള്‍. യുവാക്കളുടെ വോട്ടുകള്‍ വിജയ് പിടിച്ചടക്കുമോ എന്ന ഭയം ഡിഎംകെ സഖ്യത്തിനുണ്ട്. ഇത് സീറ്റ് വിഭജനത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഡിഎംകെയെ പ്രേരിപ്പിക്കാം. അതേസമയം, വിജയ് ബിജെപിയുമായി സന്ധി ചേരുമോ എന്ന ചോദ്യവും തമിഴ്‌നാടിന്റെ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നതാണ്.

Content Summary: crisis in DMK camp: CPM refuses to budge on seat demands; stalin mediates to prevent split

Leave a Reply

Your email address will not be published. Required fields are marked *

×