1950 ഫെബ്രുവരി 11ന് തമിഴ്നാട്ടിലെ സേലം സെന്‍ട്രല്‍ ജയിലില്‍ നടന്ന കൂട്ടവെടിവെയ്പില്‍ കൊല്ലപ്പെട്ട 22 കമ്മ്യൂണിസ്റ്റുകാരുടെ ഓര്‍മ്മയ്ക്ക് ജയിലിനോട് ചേര്‍ന്ന് തന്നെ സ്മാരക മന്ദിരമൊരുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അറിയിച്ചു. സേലത്ത് നടക്കുന്ന സി.പി.ഐയുടെ തമിഴ്നാട് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. ഇ.കെ.നായനാര്‍ കേരളത്തിലെ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തേ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കര്‍ഷകത്തൊഴിലാളികളെ ജയിലില്‍ വെടിവെച്ച് കൊന്ന സംഭവം തെക്കേ ഇന്ത്യയിലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല എന്നാണ് അറിയപ്പെടുന്നത്.
അക്കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ പ്രവശ്യയിലെ കിസാന്‍ സഭ കര്‍ഷക സംഘം തൊഴിലാളികളെയാണ് ജയിലില്‍ അടിച്ചത്. ജന്മിത്വത്തിനെതിരായി മലബാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച ദീര്‍ഘസമരങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടവരാണിവര്‍. ഇതില്‍ കാവുമ്പായി വെടിവെയ്പ്, തില്ലങ്കേരി കര്‍ഷക പ്രക്ഷോഭമെന്നിങ്ങനെ കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ സുപ്രധാനമായ ഏടുകളില്‍ പൊരുതി നിന്ന തൊഴിലാളി പ്രവര്‍ത്തകരായിരുന്നു ജയിലില്‍. ഇപ്പോഴത്തെ മലപ്പുറം, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നായി ധാരാളം പേര്‍ സേലം ജയിലില്‍ അടയ്ക്കപ്പെട്ടു.
ജയിലിടക്കയ്ക്കപ്പെട്ട രാഷ്ട്രീയ തടവുകാര്‍, ഇന്ത്യ റിപബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ട 1950 ജനവരി 26 മുതല്‍ സമരത്തിലായിരുന്നു. ജയിലില്‍ തുടരുന്ന ക്രൂരമര്‍ദ്ദനങ്ങള്‍ക്കും മനുഷ്യത്വവിരുദ്ധതകള്‍ക്കും എതിരെയായിരുന്നു നിരാഹാരസമരം. നിരാഹാര സമരം നടത്തിയിരുന്നവരെ റോഡ് റോളറില്‍ കെട്ടിയിട്ട് ചാട്ടയ്ക്കടിപ്പ് അത് വലിപ്പിക്കുക, ചാട്ടയുടെ അടിയേറ്റ് തടവുകാരുടെ മുതുകും കാലും ശരീരവും മുഴുവന്‍ പൊട്ടി ചോരയൊലിച്ചിട്ടും മര്‍ദ്ദനം തുടരുക തുടങ്ങിയ ക്രൂരതകളായിരുന്നു ജനവരി 26-ന് ജയില്‍ അധികൃതര്‍ ചെയതത്. തുടര്‍ന്ന് മുന്നൂറോളം രാഷ്ട്രീയ തടവുകള്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഫെബ്രുവരി 11ന് ജയിലധികൃതര്‍ തൊഴിലാളികളായ തടവുകാരെ വെടിവെച്ച് കൊന്നത്.
തില്ലങ്കേരി സമരത്തില്‍ പ്രതിയായിരുന്ന കുഞ്ഞിരാമന്‍ ഇതേ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നത് കെ.ബാലകൃഷ്ണന്റെ പഴശിയും കടത്തനാടും എന്ന മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകത്തിലുണ്ട്. ”ഞാനന്ന് പനി പിടിച്ച് കിടക്കുകയാണ്. രണ്ട് ദിവസമായി കലശലായ പനി. എന്തോ ശബ്ദം കേട്ട് ഞാന്‍ തലയുയര്‍ത്തി നോക്കി. കാന്തലോട്ടാണ് (കാന്തലോട്ട് കുഞ്ഞമ്പു) വാതിക്കല്‍, ജയിലുദ്യോഗസ്ഥനുമുണ്ട്…ബോധം വന്നത് തെറികേട്ടാണ്. ജയിലുദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ശവശരീരങ്ങള്‍ വലിച്ച് നീക്കുകയും വാരിക്കൂട്ടുകയുമാണ്. സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് വ്യക്തതയില്ലാത്ത സന്ദര്‍ഭം. ഇരുപത്തിരണ്ട് മൃതദേഹങ്ങള്‍ മാറ്റിയിട്ടിരിക്കുന്നു. കൈകാലുകള്‍ ചതയ്ക്കപ്പെട്ട് ചലനമറ്റ് പോയ നീലഞ്ചേരി നാരായണന്‍ നായര്‍, തൊണ്ടക്കുഴല്‍ പൊട്ടിപ്പോയ കര്‍ഷകരുടെ പ്രിയപ്പെട്ട കവി ഒ.പി.അനന്തന്‍ നമ്പ്യാര്‍, കുടല്‍ മാല പുറത്ത് ചാടിയ എന്‍.ബാലന്‍, തലയോട് തെറിച്ച് പോയ തളിയന്‍ രാമന്‍ നമ്പ്യാര്‍..”
കാന്തലോട്ട് കുഞ്ഞമ്പു, സി.കണ്ണന്‍, എം.കമ്മാരന്‍ തുടങ്ങിയ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ ഗുരുതരമായ പരിക്കുകളോടെ ആ വെടിവെയ്പിനെ അതിജീവിച്ചു. 17 പേര്‍ വെടിവെയ്പിലും അഞ്ചുപേര്‍ പോലീസിന്റെ തുടര്‍ അക്രമങ്ങളിലുമാണ് കൊല്ലപ്പെട്ടത്. 19 പേരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. രണ്ട് പേര്‍ തമിഴ്നാട്ടുകാരും ഒരാള്‍ ആന്ധ്ര സ്വദേശിയും. Salem Jail firing; Tamil Nadu government to build a memorial for the 22 communist martyrs who were killed
Content Summary; Salem Jail firing; Tamil Nadu government to build a memorial for the 22 communist martyrs who were killed
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.