ഏഷ്യയിലെ ഏറ്റവും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലൊന്നായ ഹിമാലയന്‍ മരുഭൂമിയില്‍, അതിശൈത്യത്തെയും വെല്ലുവിളികളെയും അതിജീവിച്ച് ഒരു കൂട്ടം സ്ത്രീകള്‍ പുതിയൊരു ചരിത്രം കുറിക്കുകയാണ്. ‘പര്‍വതങ്ങളിലെ പ്രേതങ്ങള്‍’ എന്നറിയപ്പെടുന്ന, പിടികിട്ടാപ്പുള്ളികളായ ഹിമപ്പുലികളെ സംരക്ഷിക്കാനുള്ള ദൗത്യമാണ് സ്പിതി താഴ്വരയിലെ കിബ്ബര്‍ ഗ്രാമത്തിലെ ഒരു കൂട്ടം സ്ത്രീകള്‍ ഏറ്റെടുത്തിരിക്കുന്നത്.
മധ്യ-ദക്ഷിണേഷ്യകളിലെ 12 രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്ന അതിവിശിഷ്ടമായ ഒരു ജീവിവര്‍ഗ്ഗമാണ് ഹിമപ്പുലികള്‍. ഹിമപ്പുലികളുടെ ആവാസകേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യം വിളിച്ചോതുന്നതാണ് 2023-ല്‍ നടന്ന രാജ്യവ്യാപകമായ സര്‍വേ. ഇന്ത്യയില്‍ ആദ്യമായി നടത്തിയ ഈ സമഗ്രമായ കണക്കെടുപ്പ് പ്രകാരം, രാജ്യത്ത് എഴുനൂറിലധികം ഹിമപ്പുലികള്‍ ഉണ്ട്.
ശത്രുവില്‍ നിന്ന് മിത്രത്തിലേക്ക്
തലമുറകളായി കന്നുകാലികളെ വേട്ടയാടുന്ന ഹിമപ്പുലികളെ ശത്രുക്കളായാണ് ഗ്രാമവാസികള്‍ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ആ മനോഭാവം മാറിക്കഴിഞ്ഞു. ഹിമപ്പുലി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഈ സ്ത്രീ സംഘങ്ങളെ ‘ഷെന്‍മോ’ എന്നാണ് വിളിക്കുന്നത് (പ്രാദേശിക ഭാഷയില്‍ ഹിമപ്പുലിക്ക് ‘ഷെന്‍’ എന്നാണ് പേര്). നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെയും (NCF) വനം വകുപ്പിന്റെയും പിന്തുണയോടെയാണ് പന്ത്രണ്ടോളം വരുന്ന ഈ തദ്ദേശീയ സ്ത്രീകളുടെ പ്രവര്‍ത്തനം. പര്‍വതങ്ങളുടെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ഹിമപ്പുലികള്‍ നിര്‍ണായകമാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞതോടെയാണ് ഇവയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നതെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യം
അതിരാവിലെ ഉണര്‍ന്ന് വീട്ടുജോലികളെല്ലാം വേഗത്തില്‍ തീര്‍ത്ത് ഈ സ്ത്രീകള്‍ ബേസ് ക്യാമ്പിലേക്ക് എത്തുന്നതോടെയാണ് സര്‍വേ ദിനങ്ങള്‍ ആരംഭിക്കുന്നത്. അവിടെ നിന്ന് വാഹനം പോകാവുന്ന ഇടം വരെ യാത്ര ചെയ്യും. തുടര്‍ന്ന് ദുര്‍ഘടമായ മലനിരകളിലൂടെ കിലോമീറ്ററുകള്‍ നീളുന്ന കാല്‍നടയാത്രയാണ്. സമുദ്രനിരപ്പില്‍ നിന്ന് 14,000 അടി ഉയരത്തില്‍, വായുവില്‍ ഓക്‌സിജന്‍ കുറഞ്ഞ കൊടും തണുപ്പിലാണ് ഇവരുടെ പ്രവര്‍ത്തനം. കനത്ത മഞ്ഞുവീഴ്ചയുള്ള ശൈത്യകാലത്താണ് ഇവരുടെ ജോലി കഠിനമാകുന്നത്.
പാറക്കെട്ടുകളില്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിക്കുക, മെമ്മറി കാര്‍ഡുകള്‍ മാറ്റുക, ബാറ്ററികള്‍ പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രധാന ജോലികള്‍. അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച സ്ത്രീകള്‍ പോലും ഇന്ന് കമ്പ്യൂട്ടറും പ്രത്യേക സോഫ്റ്റ്വെയറുകളും ഉപയോഗിച്ച് ഹിമപ്പുലികളുടെ ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നു. 2024ല്‍ ഹിമാചല്‍ പ്രദേശില്‍ നടന്ന സര്‍വേയില്‍ ഇവരുടെ പങ്ക് നിര്‍ണായകമായിരുന്നു. സംസ്ഥാനത്തെ ഹിമപ്പുലികളുടെ എണ്ണം 2021-ലെ 51ല്‍ നിന്ന് 83 ആയി ഉയര്‍ന്നതായി സര്‍വേ കണ്ടെത്തി.
സാമൂഹിക മാറ്റത്തിന്റെ വക്താക്കള്‍
2023 ലാണ് ഈ സ്ത്രീകള്‍ ക്യാമറ-ട്രാപ്പിംഗ് പദ്ധതിയുടെ ഭാഗമാകുന്നത്. പ്രകൃതി സംരക്ഷണമെന്ന ലക്ഷ്യത്തേക്കാള്‍, സ്പിതി താഴ്വരയിലെ നീണ്ട ശൈത്യകാലത്തെ ഒഴിവുസമയങ്ങളായിരുന്നു അതിന് അവരെ പ്രേരിപ്പിച്ചത്. കൃഷിപ്പണികള്‍ ഒന്നുമില്ലാതെ ശൈത്യകാലം ശാന്തമാകുമ്പോള്‍, എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള താല്പര്യമാണ് അവരെ ഈ ദൗത്യത്തിലേക്ക് എത്തിച്ചത്.
വെറും ഡാറ്റ ശേഖരണത്തില്‍ ഒതുങ്ങുന്നതല്ല ഇവരുടെ പ്രവര്‍ത്തനം. ഗ്രാമവാസികള്‍ക്ക് കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനും, വേട്ടക്കാരില്‍ നിന്ന് കന്നുകാലികളെ സംരക്ഷിക്കുന്ന പ്രത്യേക തൊഴുത്തുകള്‍ നിര്‍മ്മിക്കാനും ഇവര്‍ നേതൃത്വം നല്‍കുന്നു.
”എനിക്ക് അഞ്ചാം ക്ലാസ് വരെയേ വിദ്യാഭ്യാസമുള്ളൂ. തുടക്കത്തില്‍ കമ്പ്യൂട്ടറിനെ വലിയ പേടിയായിരുന്നു. എന്നാല്‍ പതിയെ ഞങ്ങള്‍ക്ക് കീബോര്‍ഡും മൗസും വഴങ്ങി. ഇന്ന് ഭയമില്ലാതെ ഞങ്ങളത് ഉപയോഗിക്കാന്‍ പഠിച്ചിരിക്കുന്നു” സ്ത്രീകളില്‍ ഒരാളായ ചെറിംഗ് ലാന്‍സം തന്റെ അനുഭവം ബിബിസിയോട് പങ്കുവെച്ചു.
”നേരത്തെ ക്യാമറകള്‍ സ്ഥാപിക്കാന്‍ പുരുഷന്മാര്‍ മാത്രമാണ് പോയിരുന്നത്. എന്തുകൊണ്ട് ഞങ്ങള്‍ക്ക് അത് ചെയ്തുകൂടാ എന്ന ചിന്തയാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്,” പ്രാദേശിക കോര്‍ഡിനേറ്ററായ ലോബ്‌സാങ് യാങ്‌ചെന്‍ പറയുന്നു. ആദ്യം വരുമാനത്തിന് വേണ്ടിയാണ് ഈ ജോലിയില്‍ പ്രവേശിച്ചതെങ്കിലും ഇന്ന് ഹിമപ്പുലികളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ഈ സ്ത്രീകള്‍ തിരിച്ചറിയുന്നു.
പ്രതിദിനം 500 മുതല്‍ 700 രൂപ വരെ ഈ ജോലിയിലൂടെ ഇവര്‍ക്ക് വരുമാനമായി ലഭിക്കുന്നുണ്ട്. എന്നാല്‍ വെറുമൊരു സാമ്പത്തിക നേട്ടത്തിനപ്പുറം, ഹിമപ്പുലികളെന്ന വന്യമൃഗത്തെ സമൂഹം നോക്കിക്കാണുന്ന രീതിയില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ ഈ ദൗത്യത്തിന് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം.
സംരക്ഷണം സുസ്ഥിരമാകുമ്പോള്‍
കാലാവസ്ഥാ വ്യതിയാനം ഹിമാലയന്‍ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമ്പോള്‍, പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ‘സമൂഹങ്ങള്‍ നേരിട്ട് പങ്കാളികളാകുമ്പോള്‍ വന്യജീവി സംരക്ഷണം കൂടുതല്‍ സുസ്ഥിരമാകും,’ എന്ന് എന്‍.സി.എഫ് പ്രോഗ്രാം മാനേജര്‍ ദീപ്ശിഖ ശര്‍മ്മ അഭിപ്രായപ്പെട്ടു.
യുനെസ്‌കോയുടെ ‘കോള്‍ഡ് ഡെസേര്‍ട്ട് ബയോസ്ഫിയര്‍ റിസര്‍വി’ന്റെ ഭാഗമായ സ്പിതി താഴ്വരയില്‍, ഈ സ്ത്രീകള്‍ വെറും നിരീക്ഷകരല്ല. വന്യജീവി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുക്കുന്ന പരിശീലകര്‍ കൂടിയാണ്.
Content Summary: The Shenmos of Spiti: The women protecting the ghosts of the Mountains
This post was last modified on February 6, 2026 6:56 pm
Leave a Comment