2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലം. മലമ്പുഴയില്‍ മത്സരിക്കുന്ന വി എസ് പ്രചാരണത്തിനായി നിയോജക മണ്ഡലത്തില്‍പ്പെടുന്ന ചന്ദ്രനഗറില്‍ വീട് വാടകയ്ക്കെടുത്തു താമസിക്കുന്നു. പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മലമ്പുഴ മണ്ഡലത്തിലല്ലെങ്കിലും അവിടെ നിന്ന് പലരും വി എസിനെ വീട്ടില്‍ പോയി കണ്ടു, ഇഷ്ടവും ആരാധനയുമാണ് കാരണം. പ്രിന്‍സിപ്പല്‍ ഡോ. കുലാസിന്റെ മകളും പ്രിയ കൂട്ടുകാരിയുമായ ഡോ. റോഷ്നിയുമൊത്ത് ഞാനും പോയി. റോഷ്നി കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ട്യൂട്ടറാണ്. കോളേജില്‍ വന്ന കാലം മുതല്‍ ഉള്ള ബന്ധം. റോഷ്നിയും ദീപക്കും ഡോ. ലാലുവും ഞാനുമടങ്ങുന്ന സംഘം വി എസിനെ കാണാന്‍ പോയി. അദ്ദേഹത്തിന് തിരക്കാണ് എന്നറിയാം. ദൂരെ നിന്നെങ്കിലുമൊന്നു കാണാന്‍ കഴിഞ്ഞാല്‍ സന്തോഷമായി. കൈയുയര്‍ത്തി ഒരു അഭിവാദ്യം കൂടിയെങ്ങാനും കിട്ടിയാല്‍, അടുത്തു ചെന്ന് ഒരു ഫോട്ടോയെടുക്കാന്‍ കഴിഞ്ഞാല്‍പ്പിന്നെ പറയാനുമില്ല. അതിനിടയില്‍ മറ്റൊരു കാര്യം ചെയ്തു. സുഹൃത്തായ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകന്‍ ആര്‍ അജിത്കുമാറിനോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹം വി എസിന്റെ മകന്‍ അരുണ്‍കുമാറിനോട് സൂചിപ്പിക്കുകയും ചെയ്തു.
ചെന്നപ്പോള്‍ വി.എസ്. പ്രചാരണ പരിപാടികളിലാണ്, എത്താന്‍ വൈകും. എത്രനേരവും കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാര്‍. നല്ല മഴയായിരുന്നു. അകത്തേക്കിരിക്കാം എന്ന് അരുണ്‍കുമാര്‍ പറഞ്ഞു. ഞങ്ങള്‍ സ്വീകരണ മുറിയില്‍ കാത്തിരുന്നു. ഒമ്പത് മണിക്ക് വി എസ് എത്തി. പാലക്കാട് മെഡിക്കല്‍ കോളേജ് സ്റ്റാഫാണ് കാണാന്‍ വന്നതെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. ഞങ്ങളാകെ പകപ്പിലും അത്ഭുതത്തിലുമായിരുന്നു – വി എസിന് മുന്നില്‍.
ചെറുചിരിയോടെ, നിങ്ങള്‍ക്കൊന്നും വോട്ട് ഇവിടെയല്ലല്ലോ അല്ലേ എന്ന് ആദ്യ ചോദ്യം: ആ ശബ്ദം തൊട്ടടുത്ത്. എവിടെയാണെങ്കിലും എല്ലാവരും വോട്ട് ചെയ്യണം എന്ന് പറഞ്ഞു. ഞങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ നിന്നുതന്നു. ശേഷം വി എസ് അകത്തേക്ക് നടക്കുമ്പോള്‍ കൂടെയുള്ളവരില്‍ ആരോ ചോദിച്ചു, ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടോ സഖാവിന്റെ ബിപി ഒന്ന് നോക്കാന്‍. നാലു പേരില്‍ ലാലുവും റോഷ്നിയും എംബിബിഎസുകാര്‍. ബിപി അപ്പാരറ്റസുമായി വി എസിന്റെ സ്റ്റാഫിലാരോ വന്നു. ഞാന്‍ പതുക്കെ റോഷ്നിയെ മുന്നോട്ട് നീക്കി നിര്‍ത്തി. അപ്പാരറ്റസ് കൊണ്ടുവന്ന ആള്‍ അത് റോഷ്നിയുടെ നേരെ നീട്ടി.
അമ്പരപ്പു വിടാതെ നിന്ന റോഷ്നിയെ ഞാനൊന്ന് വീണ്ടും തട്ടി. റോഷ്നി വി എസിന്റെ ബിപി നോക്കി. റോഷ്നിയെ കൗതുകത്തോടെ, മുത്തച്ഛനെപ്പോലെ നോക്കിയിരിക്കുന്ന വി എസിന്റെ നിറവാര്‍ന്ന ചിത്രം. പ്രിന്‍സിപ്പലിന്റെ മകളാണെന്ന് പരിചയപ്പെടുത്തി. പിന്നെ യാത്ര പറഞ്ഞിറങ്ങിയതും റോഷ്നി എന്നെ കെട്ടിപ്പിടിച്ചു. ആ ശരീരം വിറയ്ക്കുന്നത് ഞാന്‍ അറിഞ്ഞു – സന്തോഷം, അത്ഭുതം, ആരാധന. ഇതില്‍പ്പരം എന്ത് ഭാഗ്യമാണ് എനിക്കുണ്ടാവുക എന്ന് റോഷ്നി പറഞ്ഞു. വീട് എത്തുന്നതുവരെ പല തവണ ഇത് തന്നെ ആവര്‍ത്തിച്ചു. ഫ്ളാറ്റിലെത്തി പ്രിന്‍സിപ്പലിനെ ഫോട്ടോ കാണിച്ച് ഇത് പറയുമ്പോഴും ശരീരത്തിന്റെ വിറയല്‍ മാറുന്നില്ലെന്ന് അവള്‍ അത്ഭുതപ്പെടുന്നുണ്ടായിരുന്നു.
ഒന്നു കാണുക, പറ്റുമെങ്കില്‍ ഒരു ഫോട്ടോ ഇത്രയായിരുന്നു റോഷ്നിയുടെ ആഗ്രഹം. പക്ഷേ, വി എസ്സിനെ ‘തൊട്ടു’, അദ്ദേഹത്തിന്റെ സ്നേഹനോട്ടം അനുഭവിച്ചു. ശരിയാണ്, ഇതില്‍പ്പരം എന്തു ഭാഗ്യമാണ് വി എസ് ജീവിച്ച കാലത്ത് ജീവിച്ച, ഒരു കൊച്ചുഡോക്ടര്‍ പെണ്‍കുട്ടിക്ക് കിട്ടാനുള്ളത്; അത് റോഷ്നിയുടെ ഓര്‍മയില്‍ എന്നും ഏറ്റവും മിഴിവുള്ള നിമിഷമാണ് എന്ന് വീണ്ടും വീണ്ടും അറിയുന്നതില്‍പ്പരം എന്തു സന്തോഷമാണ് ഞങ്ങള്‍ക്കുള്ളത്.
കണ്ണേ, കരളേ വി എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ എന്നു വിളിക്കുന്നവര്‍ക്ക് തൊണ്ട ഇടറുന്നത് എന്തുകൊണ്ടാണെന്നും കണ്ണുകള്‍ നിറയുന്നത് എന്തുകൊണ്ടാണെന്നും അതിനുശേഷമെനിക്ക് കൂടുതല്‍ നന്നായി മനസ്സിലാകാറുണ്ട്. The story of the doctor girl who touched VS
Content Summary: The story of the doctor girl who touched VS
This post was last modified on July 22, 2025 6:52 am
Leave a Comment