June 04, 2026 |

ചൈന-അമേരിക്ക വ്യാപാര യുദ്ധം അയയുമ്പോൾ; ട്രംപിന്റെ തീരുമാനത്തിന് പിന്നിൽ യുഎസിന്റെ പ്രതിസന്ധിയോ ?

വ്യവസായ യുദ്ധം മുറുകിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ ജനീവയിൽ വച്ച് നടന്നു

കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടയിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത തീരുവ ചുമത്തിയ ട്രംപ് നയം ആ​ഗോള സമ്പദ് വ്യവസ്ഥയെ ആകെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ അവിചാരിതമായി ഈ തീരുമാനത്തിൽ നിന്ന് ട്രംപ് പിൻവാങ്ങിയതും ചർച്ചയാവുകയാണ്. ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനം തീരുവ യുഎസ് ചുമത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം സ്തംഭിച്ചു. ഉത്പന്നങ്ങളുടെ ഇറക്കുമതിയ്ക്കായി ഇതോടെ അമേരിക്ക മെക്സിക്കോയേയും വിയറ്റ്നാമിനെയും കൂടുതലായി ആശ്രയിക്കാനും തുടങ്ങി. ചൈനീസ് നിർമ്മാണ കമ്പനികളെ ഇത് കാര്യമായി ബാധിക്കാൻ തുടങ്ങി. എന്നാൽ ആഴ്ചകൾക്ക് ശേഷം തീരുവ യുദ്ധം അമേരിക്കയുടെ വ്യവസായ മേഖലയെ സ്തംഭനാവസ്ഥയിലാക്കാമെന്ന തിരിച്ചറിവോടെയാണ് ഈ തീരുവ നയത്തിൽ നിന്ന് അമേരിക്ക പിൻമാറുന്നത്.

വ്യവസായ യുദ്ധം മുറുകിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ ഈ വാരാന്ത്യത്തിൽ ജനീവയിൽ വച്ച് നടന്നു. ഉൽപ്പന്നങ്ങൾക്ക് മേലുള്ള കടുത്ത നികുതി കുറയ്ക്കുന്നതിനുള്ള ഒരു കരാറിൽ വേണ്ടിയായിരുന്നു ചർച്ച. ചൈനീസ് ഇറക്കുമതികൾക്ക് 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയ്ക്കാനും അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന 125 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കാനും തീരുമാനമായി. ജനീവ കരാ‌‍ർ താരിഫ് യുദ്ധത്തിൽ നിന്നുള്ള യുഎസിന്റെ പിൻവാങ്ങലിനെയാണ് സൂചിപ്പിക്കുന്നതെന്ന വിലയിരുത്തലുകളുമുണ്ട്. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ പ്രതിസന്ധിയാണ് ട്രംപിനെ ഈ താരിഫ് യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചതെന്ന വിലയിരുത്തലുകളുണ്ട്. ചൈനയ്ക്ക് മേലുള്ള പരസ്പര താരിഫുകൾ വഴി ചൈനയെ വെട്ടിലാക്കെന്നായിരുന്നു ട്രംപിന്റെ ഉദ്ദേശമെങ്കിലും അത് അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയായേക്കാമെന്ന തിരിച്ചറിവാണ് ചർച്ചയിലേക്ക് നയിച്ചത്. ചർച്ചയിലൂടെ ഇരു രാജ്യങ്ങളും പൊതുവായ ധാരണയിലെത്തിയതായി ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ജനീവയിൽ വച്ച് നടന്ന ചർച്ചയ്ക്ക് ശേഷം പറയുകയുണ്ടായി. വ്യാപാരയുദ്ധവും തീരുവ പ്രഖ്യാപനവും ചൈനയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് വാദിച്ചിരുന്ന ബെസന്റിന്റെ വാക്കുകൾ വിരൽചൂണ്ടുന്നത് അമേരിക്കയുടെ ​പ്രതിസന്ധിയിലേക്കാണ്. ചൈനയുടെ സമ്പദ് വ്യവസ്ഥയെ തീരുവ നയം പ്രതിസന്ധിയിലാക്കിയെന്നത് തീർച്ചയാണെങ്കിലും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും അവ വിനാശകരമായി തന്നെയാണ് ബാധിച്ചത്. വിലക്കയറ്റത്തിന്റെയും ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവിന്റെയും രൂപത്തിൽ ഉപഭോക്താക്കൾക്ക് വരാനിരിക്കുന്ന ദുരിതങ്ങളെക്കുറിച്ച് അമേരിക്കൻ കമ്പനികൾ മുന്നറിയിപ്പ് നൽകാൻ തുടങ്ങിയിരുന്നു. ചൈനയിൽ നിന്ന് അമേരിക്കയിലേക്കുള്ള സുപ്രധാന ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണമാണ് അമേരിക്കയ്ക്ക് ഏറ്റ ആദ്യ പ്രഹരം. ചൈനയ്ക്ക് മേലുള്ള തീരുവ കുറയ്ക്കുന്നത് അമേരിക്കയ്ക്ക് തെല്ല് ആശ്വാസം നൽകിയേക്കാം എന്നാൽ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ഇത് സഹായിക്കുമോ എന്നത് കണ്ടറിയണം.

ചൈനയിൽ നിന്നുള്ള ചരക്കുകളുടെ വരവ് കുറയുകയും യുഎസ് തുറമുഖങ്ങളിൽ ഇവ ഇറക്കുമതി ചെയ്യുമ്പോൾ ഈടാക്കുന്ന തുകയിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്തത് അമേരിക്കയ്ക്ക് തിരിച്ചടിയായിരുന്നു. ഇത് അമേരിക്കൻ ഉത്പന്നങ്ങളുടെ വിലകൾ വർദ്ധനവിനും കാരണമായി തീർന്നു. ഇതോടെയാണ് വ്യാപാരനയങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനത്തിലേക്ക് അമേരിക്ക എത്തിയതെന്നാണ് സൂചന. ട്രംപിന്റെ വ്യാപാര യുദ്ധം മൂലം വർഷാവസാനത്തോടെ രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഇരട്ടിയായി 4 ശതമാനമാകുമെന്ന് ഗോൾഡ്മാൻ സാച്ച്സ് വിശകലന വിദഗ്ധർ കഴിഞ്ഞ ആഴ്ച അവസാനം പറഞ്ഞിരുന്നു, ഇത് ഭരണകൂടത്തിന് ഒരു വെല്ലുവിളിയാണ്.

ഈ തീരുവ യുദ്ധം തുടരുന്നത് യുഎസിന് വെല്ലുവിളിയാണ്. ചൈനയുമായുള്ള ട്രംപിന്റെ വ്യാപാരയുദ്ധം വർദ്ധിച്ചുവരുന്നതിന്റെ ആഘാതം ഇതിനകം തന്നെ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ കുത്തനെ ഇടിവ് വന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാൾമാർട്ട്, ടാർഗെറ്റ് തുടങ്ങിയ വ്യാപാരികളും ഉത്പന്നങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുമെന്നും വിലക്കയറ്റം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ ഉയർന്ന താരിഫുകൾ ചൈനയുടെ ഉൽപ്പാദന മേഖലയെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരുന്നു. 16 മാസങ്ങൾക്കിടയിൽ ആദ്യമായാണ് ചൈനയുടെ ഉത്പാദനമേഖല അനിശ്ചിതത്തിലായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും ചർച്ചയ്ക്കൊരുങ്ങിയത്.

content summary: China and the United States held talks about the trade war the U.S. made this decision largely due to the economic challenges it was facing

Leave a Reply

Your email address will not be published. Required fields are marked *

×