December 09, 2024 |

സ്വയംമരണം: ബില്ലിന് ഇം​ഗ്ലണ്ടിൽ അം​ഗീകാരം; തീരുമാനം ചർച്ചകൾക്കൊടുവിൽ

മാരകരോഗങ്ങള്‍ മൂലം വലയുന്ന പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് സ്വയം മരണം വരിക്കാനുള്ള അവകാശം നല്‍കുന്നതാണ് പുതിയ നിയമം

അസിസ്റ്റഡ് ഡൈയിങ് ബില്‍ പാസാക്കി ബ്രിട്ടീഷ് പാര്‍ലമെന്റ്. മാരകരോഗങ്ങള്‍ മൂലം വലയുന്ന പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് സ്വയം മരണം വരിക്കാനുള്ള അവകാശം നല്‍കുന്നതാണ് പുതിയ നിയമം. അസിസ്റ്റഡ് ഡൈയിങ് നിയമവിധേയമാക്കുന്നതിന് കോമണ്‍സ് പാര്‍ലമെന്റില്‍ നിരവധി എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്തു. 275 നെതിരെ 330 വോട്ടിനാണ് ബില്‍ പാസായത്. assisted dying

അതേസമയം, പ്രമുഖ പാര്‍ട്ടികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും ലേബര്‍ പാര്‍ട്ടിയിലും ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും എംപിമാര്‍ രംഗത്തുവന്നിരുന്നു. മരണാസന്നരായ രോഗികള്‍ക്ക് അവരുടെ മരണം സ്വയം തിരഞ്ഞെടുക്കാനുള്ള അവസരമാണ് നിയമം നല്‍കുന്നതെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞു. എന്നാല്‍ പുതിയ നിയമം സാമ്പത്തികമായി ദുര്‍ബലരായ ആളുകളെ ചികിത്സ തേടുന്നതിന് പകരം ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതിന് കാരണമാകുമെന്ന് നിയമത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.

സീനിയര്‍ ലേബര്‍ എംപി കിം ലീഡ്ബീറ്ററാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും മുന്‍ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് എംപിയുമായ ഋഷി സുനക്കും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. പുതിയ കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക്ക്, ലേബര്‍ മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രി ഏഞ്ചല റെയ്നര്‍, വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തു.

യുകെയില്‍ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് അസിസ്റ്റഡ് ഡൈയിങ്. ആദ്യഘട്ടം പാസായെങ്കിലും സൂക്ഷ്മപരിശോധനക്കും ചര്‍ച്ചകള്‍ക്കും ശേഷമായിരിക്കും നിയമം നടപ്പിലാക്കുകയെന്നും പാര്‍ലമെന്റ് അറിയിച്ചു. നിയമം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള പ്രധാന വ്യവസ്ഥകളും പാര്‍ലമെന്റ് മുന്നോട്ടുവച്ചിട്ടുണ്ട്.

ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 18 വയസിന് മുകളിലുള്ളവരായിരിക്കണം. മരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെച്ചപ്പെട്ട മാനസികശേഷി ഉള്ളവരും സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സ്വന്തം അറിവോടെ ആഗ്രഹം പ്രകടിപ്പിച്ചവരും ആയിരിക്കണം. രോഗംമൂലം ആറുമാസത്തിനകം മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും വേണം. മരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ താത്പര്യത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തി ഒപ്പിട്ട രണ്ട് വ്യത്യസ്ത പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടാകണം. മാത്രമല്ല രണ്ട് സ്വതന്ത്ര ഡോക്ടര്‍മാര്‍ രോഗി മരണത്തിന് യോഗ്യനാണെന്ന് സ്ഥിരീകരിക്കുകയും വേണം. ജീവിതം അവസാനിപ്പിക്കാന്‍ ഒരു വ്യക്തി അഭ്യര്‍ത്ഥന നടത്തിയാല്‍ ഒരു ഹൈക്കോടതി ജഡ്ജിയുടെ അനുമതിയും വേണ്ടി വരും. വിധി വന്നതിന് ശേഷം ഒരു രോഗിക്ക് മരിക്കാന്‍ 14 ദിവസം കാത്തിരിക്കണം. assisted dying

×